അമേരിക്കയുടെ അധിനിവേശത്തിന്റെയും മനുഷ്യാവകാശ ധ്വംസനത്തിന്റെയും ഉത്തമ ഉദാഹരണങ്ങളിൽ ഒന്നാണ് ഡീഗോ ഗാർഷ്യ.അമേരിക്കൻ സൈന്യത്തിന്റെ താല്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭരണകൂടം ഡീഗോ ഗാർഷ്യയെ തങ്ങളുടെ സൈനിക താവളമാക്കി മാറ്റുകയായിരുന്നു. എന്തായിരുന്നു ഡീഗോ ഗാർഷ്യയെ അമേരിക്കൻ സൈന്യത്തിന് അത്രയും പ്രിയപ്പെട്ടതാക്കാൻ കാരണം?ഇന്ത്യൻ മഹാ സമുദ്രത്തിലെ ഈ ചെറു ദ്വീപിനെ ഒരു തന്ത്ര പ്രധാനമായ മേഖലയായി കാണാനായിരുന്നു അമേരിക്ക ശ്രമിച്ചത്.ഭൂമിശാസ്ത്രപരമായ അതിൻ്റെ പ്രത്യേകത എപ്പോഴും പ്രതിരോധ വിദഗ്‌ധരെ ആകർഷിച്ചിരുന്നു.ജിയോ ഫിസിക്കലായും മെറ്റിരിയോളജിക്കലുമായ പ്രത്യേകതകൾ വേറെ.കൂടാതെ ഉഷ്ണമേഖലാ മഴക്കാടുകളുടെ സ്വാധീനവും ഡീഗോ ഗാർഷ്യയെ തന്ത്ര പ്രധാനകേന്ദ്രമായി കാണാൻ അമേരിക്കൻ സൈന്യത്തെ സഹായിച്ചു.
അമേരിക്കൻ താല്പര്യങ്ങളുടെ ഫലം യഥാർത്ഥത്തിൽ അനുഭവിച്ചതും ബാധിക്കാൻ തുടങ്ങിയതും യഥാർത്ഥത്തിൽ തദ്ദേശീയരായ ആദിമ നിവാസികളായിരുന്നു.നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആ ചെറിയ സംസ്കാരത്തെ അമേരിക്കൻ സേനയുടെ അധിനിവേശം പൂർണ്ണമായും ഇല്ലാതാക്കി.അധിനിവേശം നടത്തുമ്പോൾ ഏകദേശം ആയിരത്തി അഞ്ഞൂറിൽ അധികം ആളുകളായിരുന്നു ദ്വീപിൽ ഉണ്ടായിരുന്നത്.മൗറീഷ്യസിൽ നിന്നുമുള്ള കുടിയേറ്റം ദ്വീപിലേക്ക് നടന്നിരുന്നു.തെങ്ങിൽ നിന്നുമുള്ള പ്രധാന വരുമാന മാർഗ്ഗങ്ങളായിരുന്നു പ്രധാനമായും ദ്വീപു നിവാസികൾ ഉപജീവനത്തിനായി ആശ്രയിച്ചിരുന്നത്.കൊപ്ര കളങ്ങളിൽ തൊഴിലാളികളായി എത്തിയ മനുഷ്യരുടെ അഞ്ചോ ആറോ തലമുറകൾ ദ്വീപിൽ അധിവസിച്ചിരുന്നു.കൊളോണിയൽ ഭരണം നിലനിന്ന സമയങ്ങളിൽ ആഫ്രിക്കയിൽ നിന്നും പ്രധാനമായും മൊസാംബിക്കിൽ നിന്നുമുള്ള അടിമകളെയും ദ്വീപിൽ കൊണ്ടുവന്നിരുന്നു.അങ്ങനെ വ്യത്യസ്തവും സങ്കരവുമായ ഒരു ജന സമൂഹം കാലാ കാലങ്ങളായി അധിവസിച്ചിരുന്ന ഡീഗോ ഗാർഷ്യയുടെ മണ്ണിലേക്ക് അമേരിക്കൻ സേന എത്തുന്നതോടെ അവിടെ ഉണ്ടായിരുന്ന ജനങ്ങളുടെ മൗലികമായ എല്ലാ അവകാശങ്ങളും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി.
ജനവാസമില്ലാത്ത ഒരു പ്രദേശത്തിനായി തിരയുകയിരുന്ന പെന്റഗൺ പതിയെ ജനവാസമുള്ളതും എന്നാൽ താരതമ്യേനെ കീഴടക്കാൻ എളുപ്പമുള്ളവരുമായ ദ്വീപിനെ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള കേന്ദ്രമായി കണ്ടു.സൈനിക ആവശ്യങ്ങൾ നിറവേറ്റാൻ ദ്വീപ് നിവാസികളെ കുടിയൊഴിപ്പിക്കുക എന്നതായിരുന്നു അവരുടെ ആദ്യ ലക്‌ഷ്യം.വളരെ പതിയെ അവർ ആ ലക്‌ഷ്യം പൂർത്തിയാക്കി .നിരവധി മനുഷ്യർ അഭയാർഥികളായി മാറ്റപ്പെട്ടു.തങ്ങൾ ജീവിച്ചുവന്ന ഭൂമിയിൽ നിന്നും ആട്ടിപ്പുറത്താക്കപ്പെട്ടവരായി അവർ മാറി.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രശ്നമായി ഇന്നും അതുനിലനിൽക്കുന്നു .
ReplyForward |