ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനമാണ്.1948-ലാണ് യുഎന്‍ ജനറല്‍ അസംബ്ലി (UN) അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) അംഗീകരിച്ച് ഈ ദിനം ആചരിച്ചു തുടങ്ങിയത്.

ലോകത്തൊട്ടാകെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തിൽ  ഭരണകൂടങ്ങളും  സാമ്രാജ്യത്വനയങ്ങളും മത മൗലിക വാദവും നടത്തുന്ന നിരന്തര ഇടപെടലുകൾ സ്വതന്ത്രമായും മാന്യമായും ജീവിക്കാനുള്ള മനുഷ്യന്റെ അവകാശത്തിന്മേലുള്ള കൈകടത്തലാണ്.വംശീയ ഉന്മൂലനങ്ങളും യുദ്ധങ്ങളും ലിംഗപരമായ അസമത്വങ്ങളും ഇതിന്റെ ഭാഗം തന്നെയാണ്.കോളനി വൽക്കരണത്തിന് ശേഷമുണ്ടായ ലോകക്രമത്തിലും ചൂഷണങ്ങൾ പരോക്ഷമായ രീതിയിൽ ലോകത്തെ ജനങ്ങളുടെ ജീവിതത്തിൽ ഇടപെടലുകൾ നടത്തി.

അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ മധ്യേഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും നടത്തിയ ഇടപെടലുകളും യുദ്ധങ്ങളും രാഷ്ട്രീയ അട്ടിമറികളും പിൽക്കാല സാഹചര്യത്തിൽ തദ്ദേശീയരായ മനുഷ്യരുടെ ജീവിതത്തിലുണ്ടാക്കിയ ആഘാതം എത്രയോ വലുതായിരുന്നുവെന്നതാണ് ചരിത്രം.

ആഗോളവൽക്കരണ കാലത്തിനുശേഷമുള്ള ലോക സാഹചര്യത്തിൽ സാമ്പത്തിക അസമത്വത്തിൻ്റെയും അസ്ഥിരതയുടെയും  നിരക്ക് മുൻപുള്ള സാഹചര്യത്തേക്കാൾ വർദ്ധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ ഹെയ്തിയും രാഷ്ട്രീയ അസ്ഥിരതയുടെ ഭാഗമായി സമ്പദ്ഘടനയും ആഭ്യന്തര സമാധാനവും തകർന്ന മെഡിറ്ററേനിയൻ രാജ്യങ്ങളുമെല്ലാം അമേരിക്കയുടെ പ്രത്യേക്ഷവും പരോക്ഷയുമായ ഇടപെടലുകളുടെ ഭാഗം തന്നെയാണ്.

ഏറ്റവുമൊടുവിൽ റഷ്യയുമായി ഒരു യുദ്ധത്തിലേക്ക് ഉക്രൈനെ കൊണ്ടുചെന്നെത്തിച്ചതും അമേരിക്കയുടെ താല്പര്യങ്ങളാണ്.അഫ്‌ഗാനിലും,പലസ്തീനിലും,ഇറാഖിലും ഇതുകാണാം.

ഇന്ത്യയിലും സ്ഥിതിവ്യത്യസ്തമല്ല

മോദി ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം,ന്യൂനപക്ഷങ്ങൾക്കും ദളിത് വിഭാഗങ്ങൾക്കും എതിരെ നടക്കുന്ന  ഭരണകൂട പ്രാർത്തനങ്ങൾ മുതൽ രാജ്യത്തെ പൊതുവായ പ്രശ്നങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുകയും അടിച്ചമർത്തപ്പെട്ട സാധാരണ മനുഷ്യരുടെയും ശബ്ദമായി മാറിയ മനുഷ്യാവകാശ പ്രവർത്തകരെ ജയിലിലടക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സർക്കാർ ഇടപെടൽ വരെ ശക്തമായ  മനുഷ്യാവകാശ പ്രശ്ങ്ങളായി നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നു.

വിചാരണ കാത്തും,കെട്ടിച്ചമച്ച കുറ്റങ്ങൾ ആരോപിക്കപ്പെട്ടും നിരവധി മനുഷ്യർ ഇന്ത്യൻ ജയിലുകളിൽ കഴിയുന്നുണ്ട്.പലപ്പോഴും നിയമ വ്യവസ്ഥയും ഭരണകൂടവും അവരോട് കാണിക്കുന്ന നീതി നിഷേധവും മനുഷ്യാവകാശ ലംഘനങ്ങളും രാജ്യാന്തര തലത്തിൽ തന്നെ ഇന്ത്യയുടെ മുഖത്തുണ്ടാകുന്ന ആഘാതം ചെറുതല്ല.

ഹിന്ദുത്വ വാദവും ഫാസിസ്റ്റ് നിലപാടുകളും കഴിഞ്ഞ ഒരു ദശകമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ജീവിതത്തിലും ദളിതരുടെ ജീവിതത്തിലുമുണ്ടാക്കിയ ദുരിതങ്ങൾ  തുടർന്നു പോവുകയാണ്.എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ സർക്കാരിന് പിന്തുണ നൽകുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ വർഗ്ഗീയ അജണ്ടകൾ ഉപയോഗിക്കപ്പെടുന്നു.

മാവോ ബന്ധവും ഇസ്ലാമിസ്റ്റ് ഭീകരവാദവുമാണ് ഇന്ത്യൻ  ഭരണകൂടം പല നിരപരാധികളെയും ജയിലിലടക്കാനുള്ള മാർഗ്ഗമായി കണ്ടെത്തുന്നത്.കെട്ടിച്ചമച്ച കുറ്റങ്ങൾ കാരണം അറസ്റ്റിലാവുകയും ജയിലിൽ കൊല്ലപ്പെടുകയും ചെയ്ത സ്റ്റാൻ സ്വാമിയെപ്പോലുള്ളവർ മനുഷ്യാവകാശ ധ്വസനത്തിന്റെ രക്തസാക്ഷികളാണ് .

കാശ്മീരിലെയും ഗുജറാത്തിലെയും ഉത്തർ പ്രദേശിലെയും അടക്കം ഇന്ത്യയിലെ അനേക ലക്ഷം മനുഷ്യരുടെ ആശങ്കകൾ അവസാനിക്കുന്നില്ല.വീണ്ടുമൊരു മനുഷ്യാവകാശ ദിനമെത്തുമ്പോൾ നമ്മൾ വീണ്ടും ഓർക്കേണ്ടതും  അവരെ തന്നെയാണ്.

ReplyForward

By Editor

Leave a Reply

Your email address will not be published. Required fields are marked *