ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികൾക്കും സാമ്രാജ്വത്വ വിരുദ്ധ പ്രസ്ഥാനങ്ങൾക്കും വിപ്ലവകാരികൾക്കും എക്കാലവും ആവേശമായിരുന്ന മഹാനായ നേതാവ് സഖാവ് ഫിദൽ കാസ്ട്രോ വിടവാങ്ങിയിട്ട് ഇന്ന് ആറു വർഷം തികയുന്നു.1959 ലെ മഹത്തായ ക്യൂബൻ വിപ്ലവത്തിലൂടെ ഏകാധിപതിയും സാമ്രാജ്യത്വ രാജ്യങ്ങളുടെ കളിപ്പാവയുമായിരുന്ന ബാറ്റിസ്റ്റയുടെ ദുഷ്ഭരണകൂടത്തെ അട്ടിമറിച്ചാണ് ഫിദൽ കാസ്ട്രോക്യൂബൻ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്ക് സ്ഥാപിച്ചത്.ക്യൂബയെ ഒരു സമ്പൂർണ്ണ സോഷ്യലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ച അദ്ദേഹം ഭൂപരിഷ്കരണത്തിലൂടെയും ദേശസാൽക്കരണത്തിലൂടെയും തദ്ദേശവാസികളുടെ ജീവിതത്തിൽ അഭൂതപൂർവമായമാറ്റമുണ്ടാക്കി.കർഷകരുടെയും സാധാരണ മനുഷ്യരുടെയും പ്രതീക്ഷയായിരുന്നു കാസ്ട്രോയുടെ ജീവിതം.ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളുടെ മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങൾക്ക് എന്നും അദ്ദേഹം നേതൃത്വം വഹിച്ചു.അര നൂറ്റാണ്ടിലേറെക്കാലം സാമ്രാജ്വത്വ രാജ്യങ്ങളുടെ ഭീഷണികളെയും അട്ടിമറികളെയും വെല്ലുവിളിച്ചുകൊണ്ട് ക്യൂബയെ വികസന പാതയിൽ നയിക്കാനും ലോകത്തിന് മാതൃകയാക്കി മാറ്റാനും അദ്ദേഹത്തിനായി.1965ൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായ ഫിദൽ എക്കാലവും അമേരിക്കൻ നയങ്ങളെ വിമർശിക്കുകയും അവരുടെ വധ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു.അനശ്വര വിപ്ലവകാരി ചെഗുവേരയുമായി ചേർന്ന് ലോകമെങ്ങുമുള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആവേശവും പ്രചോദനവുമാകാൻ ഫിദൽ കാസ്ട്രോയുടെ ജീവിതത്തിനായി.സമാനതകളില്ലാത്ത ആ വിപ്ലവ ജീവിതം ഇനിയും നൂറ്റാണ്ടുകളോളം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്തേകും.അദ്ദേഹത്തിൻ്റെ ഓർമ്മകൾ എക്കാലവും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആവേശമായി നിലനിൽക്കും.