തിരുവനന്തപുരം. സംസ്ഥാനത്തെ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്ന്.

ത്രികോണ മത്സരത്തിന്റെ എല്ലാ വെറും വാശിയും അവിടെയുണ്ട്. ഇപ്പോൾ ആ മണ്ഡലത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ ഇംഗ്ലീഷ് പാണ്ഡിത്യമല്ല. മൽസ്യത്തോടുള്ള അദ്ദേഹത്തിന്റെ ഓക്കാനം വരുന്ന അനാസക്തിയുമല്ല.

മറിച്ച്,‌ രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയവിശ്വാസ്യതയെക്കുറിച്ചാണ്. കോൺഗ്രസ്സുകാരും എൽഡിഎഫുകാരും ഒരുപോലെ ആശങ്കപ്പെടുന്നത് ഈ ഒരു കാര്യത്തിൽ മാത്രം.

ഈ ചർച്ച പുരോഗമിക്കണമെന്നു ഈ രണ്ടു കൂട്ടരും ആഗ്രഹിക്കുന്നില്ല. കാരണം ഒന്നുമാത്രം. രമേശ് ചെന്നിത്തലയുടെ വിശ്വാസ്യത നഷ്ടപ്പെണമെന്നും അതേക്കുറിച്ചുള്ള ചർച്ച തുടരണമെന്ന് ആഗ്രഹിക്കുന്നതും ബിജെപിക്കാർ മാത്രമാണ്.

തരൂരിന്റെ പരാതിയും കോൺഗ്രസ്സിന്റെ വോട്ടുകച്ചവടവും

തിരുവനന്തപുരത്തെ പ്രചാരണത്തിൽ ഏകോപനമില്ലെന്നാണ് കഴിഞ്ഞ ദിവസം തരൂർ ഹൈക്കമാൻഡിനു പരാതി നൽകിയത്. അതിനുമുമ്പ് ഡിസിസി ഭാരവാഹി ഫേസ്ബുക്ക് കുറിപ്പിട്ടു. ചില നേതാക്കൾ കോൺഗ്രസ്സിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു കുറിപ്പ്. യൂത്തു കോൺഗ്രസ്സിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ മറ്റൊരു പോസ്റ്റും വന്നു. അതിങ്ങനെ പറയുന്നു:

‘കുമ്മനത്തെ ജയിപ്പിക്കാൻ തരൂർജിയെ കാലുവരാൻ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചാൽ അവരെ കോൺഗ്രസ് പ്രവർത്തകർ തന്നെ ഓടിച്ചിട്ട് തള്ളുന്ന ദിവസം അത്ര വിദൂരമല്ലെന്നു അറിഞ്ഞോളൂ. അത് ഏതു താക്കോൽസ്ഥാനത്തിരിക്കുന്ന തലകൾ ആയാലും.’

സംഗതി ക്ലിയറാണ്. തരൂരിനെ ജയിപ്പിക്കാനല്ല മറിച്ച്‌ കുമ്മനത്തെ പാർലമെന്റിലേക്ക് അയക്കാനാണ് മുൻ കെപിസിസി പ്രസിഡന്റും മുൻ ആഭ്യന്തര മന്ത്രിയുമായ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് വ്യക്തം.

കോൺഗ്രസ്സിനെ സ്നേഹിക്കുന്ന കോൺഗ്രസ്സുകാർക്ക് ഇതിൽക്കൂടുതൽ പറയാനുണ്ട്.

മൂന്നുവർഷംമുമ്പ് രാജഗോപാൽ എന്ന ബിജെപിക്കാരനെ നിയമസഭയിലെത്തിക്കാൻ നേമത്തു പയറ്റിയ അതേ തന്ത്രം, രമേഷ്ജി തിരുവനന്തപുരത്തും പയറ്റുകയാണെന്നാണ് കോൺഗ്രസ്സുകാർ കരുതുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നിത്തല മത്സരിച്ച ഹരിപ്പാട്ട് ബിജെപിയുടെ വോട്ട് ഉറപ്പിച്ചുകൊണ്ടാണ് നേമത്തു കോൺഗ്രസ് വോട്ടുകൾ രാജഗോപാലിന് കൈമാറിയത്.

കോൺഗ്രസ്സിന്റെ വോട്ടുകളിലുള്ള ചോർച്ച ഈ വോട്ടു കച്ചവടത്തിന്റെ കഥ കൃത്യമായി പറയും. എൽഡിഎഫ് മന്ത്രിസഭയിൽ അംഗമായിരുന്ന സുരേന്ദ്രൻ പിള്ളയെ സ്ഥാനാർത്ഥിയാക്കിയത് ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.

തിരുവനന്തപുരത്തേക്കുതന്നെ തിരിച്ചുവരാം. മുകുൾ വാസ്നിക്കിനു തരൂർ നൽകിയ പരാതി ഹൈക്കമാൻഡ് ഗൗരവത്തോടെയാണ് കണ്ടത്. ഉടൻ തന്നെ നിർദേശം വന്നു. ശിവകുമാറിനെ ചുമതലയിൽനിന്ന് മാറ്റാം. സാക്ഷാൽ ചെന്നിത്തലയെ തന്നെ തെരഞ്ഞെടുപ്പിന്റെ പൂർണ ചുമതല നൽകാം.

തരൂരിന്റെ പ്രതികരണം ഒട്ടും വൈകിയില്ല! ദറാർ പറഞ്ഞു: ‘ഞാൻ അങ്ങനെയൊരു പരാതി തന്നിട്ടേ ഇല്ലെന്നു കൂട്ടിക്കോളൂ. ചെന്നിത്തലയ്ക്ക് ദയവ് ചെയ്തു ചുമതല നൽകരുത്’.

ഒരു തരൂരിയൻ സ്കീമിഷ് നിഷേധം!