മതേതരത്വത്തിന്റെ മേൽമുണ്ട് അണിഞ്ഞുകൊണ്ടാണ് മുസ്ലിംലീഗ് എന്നും സമൂഹമധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. മതത്തിന്റെ പേരിൽ പിറവിയെടുത്ത മുസ്ലിംലീഗിന്റെ വികൃതമായ മുഖം മതേതരത്വമെന്ന പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം വരുത്താൻ ലീഗ് ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ജന്മവും കർമ്മവും പിഴച്ച അവരുടെ ചരിത്രം പഠിക്കുന്നതും പരിശോധിക്കുന്നതും നന്നായിരിക്കും.

1906 ഡിസംബർ 30നാണ് സർവ്വേന്ത്യാ മുസ്ലിംലീഗ് പിറവിയെടുക്കുന്നത്. നവാബ് സലീമുള്ളയുടെ നേതൃത്വത്തിൽ ഇന്നത്തെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിൽ വിളിച്ചുചേർത്ത കുബുദ്ധികളായ മുസ്ലിംങ്ങളുടെ സമ്മേളനമാണ് ഈ സംഘടനയ്ക്ക് രൂപംനൽകിയത്. ഇന്ത്യയിലെ ആദ്യത്തെ ദേശീയപ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ജന്മംകൊണ്ട അതേ ദിവസംതന്നെ ഇന്ത്യയിലെ ആദ്യത്തെ വർഗ്ഗീയപ്രസ്ഥാനമായ മുസ്ലിംലീഗിനും രൂപംനൽകിയപ്പോൾ അതിലെ വഞ്ചനയുടെ ധ്വനി തിരിച്ചറിയാൻ അന്ന് പലർക്കും സാധിച്ചില്ല. ഹിന്ദു – മുസ്ലീം ഐക്യം ഉയർത്തിപ്പിടിച്ച് കോൺഗ്രസ്സ് മുന്നേറിയപ്പോൾ, ബംഗാളിനെ ഹിന്ദു ബംഗാൾ എന്നും മുസ്ലിം ബംഗാൾ എന്നും രണ്ടായി വിഭജിച്ച് കോൺഗ്രസ്സിനെ തകർക്കാൻ 1905-ൽ കഴ്സൺ പ്രഭു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ആ ദൗത്യം ഏറ്റെടുക്കാൻ മുസ്ലിംലീഗ് എന്ന വർഗ്ഗീയ രാഷ്ട്രീയപ്രസ്ഥാനം പിറവിയെടുക്കുകയായിരുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിംങ്ങൾ മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ സംഘടന രൂപീകരിച്ചപ്പോൾ തീവ്രവർഗ്ഗീയസ്വഭാവമുള്ള ഏതാനും ഹിന്ദുക്കൾക്ക് അത് പ്രചോദനമായി. അതാണ് 1915ൽ ഹിന്ദു മഹാസഭയുടെ രൂപീകരണത്തിന് കാരണമായത്. ഈ സംഘടനയാണ് പിന്നീട് ജനസംഘമായും ജനതാ പാർട്ടിയായും ഇപ്പോൾ ഭാരതീയ ജനതാ പാർട്ടിയായും രൂപമാറ്റം സംഭവിച്ച് വിവിധ പരിണാമഘട്ടങ്ങൾക്കൊടുവിൽ ഫാസിസ്റ്റ് ശക്തിയായി മാറിയത്. ഇന്ന് ഇന്ത്യയ്ക്ക് ഭീഷണിയായി മാറിയ ഫാസിസ്റ്റ് ഭീകരതയുടെ ഇന്നലകളിലേക്ക് കടന്നുചെല്ലുമ്പോൾ മുസ്ലിം ലീഗെന്ന ആദ്യ വർഗ്ഗീയസംഘടനയുടെ സംഭാവനകൾ കാണാതിരിക്കാൻ ആവില്ല.

ഏതൊരു പ്രസ്ഥാനത്തിനും അതിന്റെ ജന്മദിനം അഭിമാനകരമായ ഓർമ്മയാണ്. വളരെ വിപുലമായ രീതിയിലാണ് ഒരോ സംഘടനയും അതിന്റെ ജന്മദിനാചരണം സംഘടിപ്പിക്കുക. എന്നാൽ 1906ൽ ജനിച്ച മുസ്ലിം ലീഗ് 42 കൊല്ലക്കാലം രാജ്യദ്രോഹപരമായ നിലപാടുകൾ കൈക്കൊണ്ടു എന്ന് തുറന്നുസമ്മതിച്ചുകൊണ്ട്, 1948 ൽ കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരിയിൽ ജന്മംകൊണ്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗ് എന്ന് ഒരല്പം കുറ്റബോധത്തോടെതന്നെ ലീഗ് തുറന്നു സമ്മതിക്കുകയാണ്. അതുകൊണ്ട് 1947 ആഗസ്റ്റ് 15 വരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ലീഗിന് പങ്കില്ല എന്ന് അവർ സ്വയം സമ്മതിക്കുകയാണിവിടെ.

ജിന്നയും അബുൽ കലാം ആസാദും

1940കളിൽ ജിന്നയുടെ നേതൃത്വത്തിലുള്ള ലീഗ് അതിന്റെ തീവ്രനിലപാട് കൂടുതൽ കടുപ്പിക്കുന്നതാണ് നാം കണ്ടത്. ഒരു ഫാർസി മതവിശ്വാസിയായിരുന്ന ജിന്ന തന്റെ സ്വാർത്ഥതയുടെ പൂർത്തീകരണത്തിന് അതിതീവ്രതയുടെ വക്താവായി മാറിയതിന് ചരിത്രം സാക്ഷിയാണ്. തികഞ്ഞ മതവിശ്വാസിയും അതിലേറെ മതേതരവാദിയുമായിരുന്ന അബുൽ കലാം ആസാദിന്റെ ഇന്ത്യയിലെ സാന്നിധ്യമാണ് ജിന്നയെ വർഗ്ഗീയതയുടെ വക്താവാക്കി മാറ്റിയത്. ജിന്നയെ ഗാന്ധിജിക്കും നെഹ്രുവിനും ആസാദിനോടുണ്ടായ അടുപ്പവും മൗലാനയുടെ പാണ്ഡിത്യവും സൗമ്യതയും വ്യക്തിത്വവും ജിന്നയ്ക്ക് വർഗ്ഗീയനിലപാടുകളോട് സന്ധിചെയ്യാൻ കാരണങ്ങളായി മാറി.

ജർമ്മനിയിലും ഇറ്റലിയിലും ഹിറ്റ്ലറും മുസ്സോളിനിയും പിന്തുടർന്ന ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പായി ജിന്നയും മുസ്ലിംലീഗും അതിവേഗം മാറുകയായിരുന്നു. ന്യൂനപക്ഷങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കും തൊഴിലാളിവർഗ്ഗങ്ങൾക്കുമെതിരെ ഫാസിസം വളർന്നപ്പോൾ മുസ്ലിങ്ങൾക്ക് ഒരു രാജ്യമെന്ന അതിവൈകാരികമായ ഒരു മുദ്രാവാക്യവുമായി ജിന്ന ജനങ്ങളെ തെരുവിലേക്ക് ഇറക്കുകയായിരുന്നു. ‘പാകിസ്ഥാൻ യാ ഖബർസ്ഥാൻ’ എന്ന മുദ്രാവാക്യം മുസ്ലിങ്ങൾ ഏറ്റുപിടിച്ചു. ‘അഞ്ചിഞ്ച് കത്തി കൊണ്ട് കുത്തി വാങ്ങും പാകിസ്ഥാ’നെന്ന് ജിന്ന ഭീഷണി മുഴക്കി. ഇന്ത്യയുടെ തെരുവോരങ്ങൾ യുദ്ധക്കളമായി മാറി. കത്തിക്കുത്തിലും കല്ലേറിലും ഇരുപക്ഷത്തുമായി എത്രയോ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹിന്ദുക്കളും മുസ്ലീംങ്ങളും പരസ്പരം സംശയത്തോടെയും ഭയത്തോടെയും നോക്കിത്തുടങ്ങി.ദുഃഖത്തിന്റെ കരിമ്പടം പുതച്ച ഭാരതത്തിന്റെ തെരുവോരങ്ങളിൽ ശാന്തിമന്ത്രം ഉരുവിട്ടുകൊണ്ട് ഊന്നുവടിയുമായി ഗാന്ധി നടത്തിയ ശാന്തിയാത്ര ചരിത്രത്തിന്റെ ഭാഗമാണ്.

1947 ൽ ആഗസ്റ്റ് 14ന് ജിന്നയുടെ സ്വപ്നരാജ്യമായ പാകിസ്ഥാൻ യാഥാർഥ്യമായി. ജിന്ന പാകിസ്ഥാന്റെ ആദ്യ രാഷ്ട്രപതിയായി. അങ്ങനെ ഒരു ദുരന്തം നടന്നില്ലായിരുന്നുവെങ്കിൽ 40% മുസ്ലിം ജനസംഖ്യയുള്ള ഒരു രാജ്യമായി ഇന്ത്യ മാറുമായിരുന്നു. പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രണ്ട് അവികസിത രാജ്യങ്ങൾ ലോകഭൂപടത്തിൽ ഉണ്ടാകുമായിരുന്നില്ല.

ലോക രാജ്യങ്ങളിലേക്ക് തീവ്രവാദം മാത്രം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാൻ എന്ന ഒരു ഭൂപ്രദേശം ഉദയംചെയ്തത് ജിന്നയുടെ സ്വാർത്ഥതക്കുവേണ്ടി മാത്രമായിരുന്നു. വിഭജനാനന്തരം ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തം ചാലിട്ടൊഴുകിയ തെരുവോക്കാഴ്ചകൾ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യമനസ്സുകളെയാകെ വേദനിപ്പിച്ചപ്പോൾ, മുഹമ്മദലി ജിന്നക്ക് അത് ആത്മനിർവൃതിയുടെ ഉല്ലാസ നാളുകളായിരുന്നു.

ചരിത്രസത്യങ്ങളുടെ തമസ്കരണങ്ങൾ

തുടക്കംതൊട്ടിന്നോളം രാജ്യത്തിനോ സമുദായത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത മുസ്ലിംലീഗ് പലപ്പോഴായി പല നല്ലതിന്റെയും പിതൃത്വം അവകാശപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളുടെ പങ്ക് പറ്റാൻ ലീഗ് ശ്രമിച്ചിട്ടുള്ളത് ഇന്നലെകളിലെ യാഥാർഥ്യമാണ്.

2018ൽ എഴുപതാം വാർഷികം ആഘോഷിച്ച മുസ്ലിം ലീഗ്, മലബാർ കലാപത്തിന്റെ തൊണ്ണൂറാംവാർഷികം വർഷങ്ങൾക്ക് മുമ്പ് ആഘോഷിച്ചത് ചരിത്രത്തെ കൊഞ്ഞനം കുത്തിക്കൊണ്ടായിരുന്നു. എകെജിയും കൃഷ്ണപിള്ളയും കേളപ്പജിയും മന്നത്ത് പത്മനാഭനും മുന്നിൽനിന്ന് നയിച്ച ഗുരുവായൂർ സത്യഗ്രഹത്തിന്റെ വാർഷികം, ദലിത് ലീഗിന്റെ ബാനറിൽ ലീഗ് ആഘോഷിച്ചതിനും സാക്ഷരകേരളം സാക്ഷിയായി. ബ്രിട്ടിഷ് പട്ടാളത്തിന്റെ തീതുപ്പുന്ന പീരങ്കികൾക്ക് മുമ്പിൽ വിരിമാറുകാട്ടിയ മാപ്പിളമാരുടെ പാരമ്പര്യം അവകാശപ്പെടുന്ന ലീഗ് നേതാക്കളുടെ പ്രസംഗം ചരിത്രബോധമില്ലാത്ത ലീഗണികൾക്ക് ആവേശം ജനിപ്പിക്കുന്നതിനുവേണ്ടി ആയിരിക്കാം. എന്നാൽ, അത് ചരിത്രസത്യത്തെ തമസ്കരിക്കുന്നതാണെന്ന് അവർ തിരിച്ചറിഞ്ഞില്ല. വാരിയംകുന്നനെ വാരിപ്പുണർന്നതും കട്ടിലശ്ശേരിയുടെ പേരിൽ ആവേശം കൊള്ളുന്നതുമൊക്കെ നാം ഒരുപാട് കണ്ടതും കേട്ടതുമാണ്.

സമുദായത്തിന്റെ പേരിൽ സംസാരിക്കുകയും ഇരുമുന്നണികളുടെയും ഓരംപറ്റി ആനുകുല്യങ്ങൾ നേടുകയും ഒട്ടേറെ സ്‌കൂൾ മാനേജർമാരെയും ഇടപ്രഭുക്കന്മാരെയും സൃഷ്ടിക്കുകയുമല്ലാതെ സമുദായത്തിനായി ഒന്നുംതന്നെ ലീഗ് ചെയ്തിട്ടില്ല. അമ്പതുവർഷം പൂർത്തിയായ മലപ്പുറം ജില്ലക്ക് സ്വാഭാവികമായുണ്ടായ വളർച്ചക്കപ്പുറം മറ്റൊരു പരിണാമവും സംഭവിച്ചില്ല. പത്തുവർഷം കേന്ദ്രത്തിലും ഒട്ടേറെ തവണ കേരളത്തിലും ഭരണത്തിന്റെ പങ്കുപറ്റിയിട്ടും പത്തുപേർക്ക് തൊഴിലവസരമുണ്ടാക്കാനുള്ള ഒരു വ്യവസായം മലപ്പുറത്തെങ്കിലും തുടങ്ങാൻ ലീഗിന് സാധിച്ചില്ല. പാലോളി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിന്റെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ഒരു അലിഗഡ് ഓഫ്-കാമ്പസ് അല്ലാതെ, കേന്ദ്ര സർക്കാറിന്റെ ഏതെങ്കിലും ഒരു വിദ്യാഭ്യാസസ്ഥാപനം മലപ്പുറത്തേക്ക് എത്തിക്കാൻ ലീഗിന് കഴിഞ്ഞിട്ടില്ല.

മതേതരത്വത്തിന്റെ വക്താക്കളായി, നന്മയുടെ മുഖംമൂടി അണിഞ്ഞുകൊണ്ടാണ് ലീഗ് സമൂഹമധ്യത്തിൽ എന്നും പ്രത്യക്ഷപ്പെടാറുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ പേരിൽപോലും അണികളെ ആവേശംകൊള്ളിക്കാൻ സ്വാതന്ത്ര്യാനന്തരം ജനിച്ച ലീഗ് ശ്രമിക്കാറുണ്ട്. ലീഗിന്റെ തീവ്രവാദവിരുദ്ധ നിലപാട് ഉയർത്തിക്കാട്ടുന്നതിനായി ബാബരി പള്ളിയുടെ പേരിൽ സുലൈമാൻ സേട്ടിനെ തള്ളിപ്പറഞ്ഞ കഥ പ്രസംഗവേദികളിൽ ലീഗ് എടുത്തുപറയാറുണ്ട്. ഭരണത്തിലുള്ള കോൺഗ്രസ്സിനെ തള്ളിപ്പറഞ്ഞ് സുഖസൗകര്യങ്ങൾ നഷ്ടപ്പെടുത്തുന്നതിനുപകരം, സേട്ടിനെ തള്ളിപ്പറയുകയായിരുന്നു ലീഗ് അന്നു ചെയ്തത്. മണ്ഡലം കാണാതെ, ജയിലിൽക്കിടന്ന് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇസ്മായിൽ സാഹിബ് ജയിച്ചുപോയ ചരിത്രം പറയുന്ന ലീഗ്, മണ്ഡലത്തിൽ നിറഞ്ഞാടിയിട്ടും അര ലക്ഷം വോട്ടിന് തോറ്റത് കർമ്മഫലം കൊണ്ടായിരുന്നു.

എസ്ഡിപിഐ ചർച്ചയ്ക്ക് പിന്നിൽ

മതനിരപേക്ഷതയുടെ മുഖംമൂടി അണിയുന്ന ലീഗ് എന്നും തീവ്രവാദത്തെയും വർഗീയതയെയും വാരിപ്പുണരാറുണ്ട്. എസ്ഡിപിഐ എന്ന കക്ഷിയെ വേറിട്ടൊരു രാഷ്ട്രീയ പാർട്ടിയായി കാണാൻ കഴിയില്ല. അത് കേവലം മുസ്ലിംലീഗിന്റെ ബി-ടീം മാത്രമാണ്. ആവശ്യമുള്ളപ്പോഴൊക്കെ എടുത്തണിയാൻ പാകത്തിലുള്ള ഒരു ഓവർകോട്ട് മാത്രമാണ് മുസ്ലിംലീഗിന് എസ്ഡിപിഐയും പോപ്പുലർ ഫണ്ടും. 2014ലെ തെരഞ്ഞെടുപ്പിൽ 45000 വോട്ട് നേടിയ എസ്ഡിപിഐ, കഴിഞ്ഞ മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയെപ്പോലും നിർത്താതെ വോട്ടുകൾ മുസ്ലിംലീഗിന് പതിച്ചുനൽകുകയായിരുന്നു.

മാറ്റിക്കുത്തിയാൽ മാറ്റമുണ്ടാവും എന്ന പുതുതലമുറയുടെ തിരിച്ചറിവ് ലീഗിനെ വല്ലാതെ ഭയപ്പെടുത്തുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് അസ്ലംബി മണ്ഡലങ്ങളിൽനിന്നായി രണ്ടായിരത്തോളം വോട്ട് മാത്രമാണ് യുഡിഎഫിന്റെ ഭൂരിപക്ഷം എന്നത് ലീഗിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. അതിനിടയിലാണ് കോൺഗ്രസ്സ് കാരണവരും കെപിസിസി അംഗവുമായ എം. എൻ. കുഞ്ഞഹമ്മദ് ഹാജിയെ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി പി. വി. അൻവറുമായി സംസാരിച്ചെന്ന പേരിൽ യൂത്ത് ലീഗുകാർ തടഞ്ഞതും, പ്രായം പോലും വകവെക്കാതെ അസഭ്യവർഷം ചൊരിഞ്ഞതും. അൻവറിന്റെ പിതാവും എഐസിസി അംഗവും ആയിരുന്ന ഷൗക്കത്തലി സാഹിബിന്റെ സുഹൃത്തുകുടിയായ എം. എൻ. കുഞ്ഞഹമ്മദ് ഹാജിക്കാണ് ലീഗ് അണികളിൽ നിന്നും ദുരനുഭവം. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിത്തീരുമെന്ന ഭയത്തിൽനിന്നാണ് ലീഗ്-എസ്ഡിപിഐ രഹസ്യചർച്ചയ്ക്ക് വേദി ഒരുങ്ങിയത്.

എസ്ഡിപിഐയുടെ സംസ്ഥാന-ജില്ലാ പ്രസിഡണ്ടുമാരുമായാണ് കുഞ്ഞാലിക്കുട്ടിയും ഇ. ടി. ബഷീറും ചർച്ചനടത്തിയത്. കണ്ടപ്പോൾ സംസാരിച്ചതാണ് എന്ന് കുഞ്ഞാലിക്കുട്ടിയും, സംസാരിക്കാനായിത്തന്നെ കണ്ടതാണെന്ന് എസ്ഡിപിഐ നേതാവും മലപ്പുറത്തെ സ്ഥാനാർത്ഥിയുമായ മജീദ് ഫൈസിയും പറയുന്നു. കുഞ്ഞാലിക്കുട്ടി വിളിച്ചിട്ടാണ് പോയതെന്നാണ് മജീദ് ഫൈസി പറഞ്ഞത്. പൊന്നാനിയിൽ സഹായിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടുവെന്ന് എസ്ഡിപിഐ തുറന്നുസമ്മതിക്കുമ്പോൾ അത്തരം ഒരു ചർച്ചതന്നെ നടത്തിയിട്ടില്ലെന്ന് ഹൈദരലി തങ്ങൾ പറയുന്നു. ആരാണ് ഇക്കാര്യത്തിൽ കളവ് പറയുന്നതെന്ന് മതത്തിന്റെ പേരിൽ വാ പൊളിക്കുന്ന ഇകൊറ്റാർക്കു മാത്രമേ അറിയൂ.

മുസ്ലിംലീഗിന്റെ തീവ്രവാദ മുഖമാണ് എസ്ഡിപിഐ. ഇവർ രണ്ടും രണ്ടല്ല. ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം മുസ്ലിംലീഗ് ഭാരതത്തെ കുത്തിപ്പിളർത്തി മതേതരത്വത്തിന്റെ നെഞ്ചകം പിളർത്തിയപ്പോൾ, എസ്ഡിപിഐ അതിന്റെ അതിതീവ്ര നിലപാടുകളിലൂടെ ജനമനസ്സിൽ ഭീതിയും ഭയവും സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ബിജെപിക്ക് ആർഎസ്എസ് പോലെയാണ് ലീഗിന് എസ്ഡിപിഐ. ഇതു നാം തിരിച്ചറിയണം.

ഈ കച്ചവടം സമുദായവഞ്ചന

നാട്ടിൽ സമാധാനം ആഗ്രഹിക്കുന്ന ആർക്കും ഈ പുതിയ ബന്ധത്തെ അംഗീകരിക്കാൻ കഴിയില്ല. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാൻ സാധിക്കൂ എന്ന് ലീഗ് തിരിച്ചറിയണം. ലീഗ് എന്തിനാണെന്ന് ലീഗണികളും തിരിച്ചറിയണം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിമാനം വൈകിയതും, മുത്തലാഖ് ബില്ലിന്റെ ചർച്ചാവേളയിൽ കല്യാണത്തിൽ പങ്കെടുത്തതുമൊക്കെ എങ്ങിനെയാണ് ന്യായീകരിക്കപ്പെടുക! മുസ്ലിംലീഗിനെ ഭാരതത്തിന്റെ വൈറസായി ചിത്രീകരിക്കുമ്പോൾ പ്രതികരിക്കാൻ പോലും പ്രയാസപ്പെടുന്ന വാർത്തമാനകാലത്ത്, ലക്ഷ്യങ്ങളിൽ നിന്നകന്ന്, സമൂഹത്തിൽ ഒറ്റപ്പെട്ട്, നിലനിൽപ്പിനായി എസ്ഡിപിഐയുമായി കച്ചവടം ഉറപ്പിക്കാൻ ഇറങ്ങിയ നേതാക്കൾ ഒരു സമുദായത്തെയാണ് വഞ്ചിക്കുന്നത്.

മുസ്ലിം ലീഗും പോപ്പുലർ ഫ്രണ്ടും ഒരുമിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷതയുടെ പക്ഷത്ത് അണിചേരാൻ നമുക്ക് സാധിക്കണം. സംഘപരിവാർ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ ചെറുത്തുതോൽപ്പിക്കാൻ, നിലപാടുകളുടെ പക്ഷത്ത് നിലയുറപ്പിച്ച ഇടതുപക്ഷത്തെ നെഞ്ചേറ്റാൻ നമുക്ക് സാധിക്കണം. സമയം കിട്ടുമ്പോൾ മാത്രം സഭയിൽ ഹാജരാവുന്നവർക്കു പകരം, സഭയിൽ എത്താൻ സമയം കണ്ടെത്തുന്നവരെ തെരഞ്ഞെടുക്കാൻ ഇതാ, സമയമായി. വോട്ട് നമ്മുടെ അവകാശമാണ്. മതേതരത്വത്തിന്റെ കാവലാളായി മുന്നേറണമെങ്കിൽ ഹിന്ദു-മുസ്ലിം വർഗ്ഗീയതയ്ക്കും തീവ്രവാദത്തിനും എതിരാവട്ടെ നമ്മുടെ വോട്ട്.