അഡ്വക്കേറ്റ്:കെ അനില്‍ കുമാര്‍

 
എങ്ങനെയാണ് സിംഹങ്ങള്‍ അലറുന്നത്.സിംഹങ്ങളുടെ ശാന്ത സ്വഭാവം എങ്ങനെയാണ് നഷ്ടപ്പെടുന്നത്.യഥാര്‍ത്ഥത്തില്‍ ഒരരക്ഷിതാവസ്ഥ ജീവികള്‍ക്ക് തോന്നുമ്പോഴാണ് അവര്‍ അലറുക കരയുക തുടങ്ങിയ ജൈവികമായ പ്രതികരണങ്ങളിലേക്ക് പോകുന്നത്.സുരക്ഷിതത്വമുള്ള സ്ഥലങ്ങളില്‍ ജീവജാലങ്ങളുടെ പൊതു രീതി ശാന്ത സ്വഭാവമാണ്.അതുകൊണ്ടുതന്നെ സാരാനാഥ് അശോക സ്തംഭം വളരെ സുപ്രസിദ്ധമാണ്.രണ്ടായിരത്തി മുന്നൂറു കൊല്ലങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ടതാണ്.അതിലെ സിംഹങ്ങളെ സംബന്ധിച്ച് ദാര്‍ശനിക തലത്തില്‍ ധാരാളം ആഖ്യാനങ്ങള്‍ വന്നിട്ടുണ്ട്.അതു നമ്മുടെ സമൂഹത്തില്‍ രണ്ടായിരത്തി മുന്നൂറു കൊല്ലങ്ങളിലേറെയായി പകര്‍ന്നു കൊടുക്കുന്ന അംശങ്ങള്‍ നമ്മുടെ രാജ്യത്തിന്‍റെ ഭരണഘടനയില്‍ പതാകയില്‍ സഹസ്രാബ്ദങ്ങളായുള്ള ജനകീയ ജീവിതങ്ങളില്‍ എല്ലാം ഇടപെട്ടു പോന്നിട്ടുണ്ട്.ഇന്ത്യാ രാജ്യത്ത് എന്തെല്ലാം കലഹങ്ങളും കോലാഹലങ്ങളും യുദ്ധങ്ങളും വെട്ടിപ്പിടുത്തങ്ങളും ഉണ്ടായിരുന്നപ്പോഴും മഹാഭാരതത്തിലെ ശാന്തി പര്‍വംപോലെ ഏതു യുദ്ധങ്ങളുടെയും അവസാനം സമാധാനമുണ്ടാകണം ശാന്തിയുണ്ടാകണമെന്ന തത്വത്തില്‍ നിന്നുകൊണ്ടാണ് ഭാരതം സഞ്ചരിച്ചു പോന്നത്.സാരാനാഥിലെ അശോക സ്തംഭത്തില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യാ രാജ്യത്തിന്‍റെ പാര്‍ലമെന്റിനുമുന്നില്‍ പുതുതായി സ്ഥാപിക്കാന്‍ പോകുന്ന ഒരു സ്തംഭത്തിലെ സിംഹങ്ങള്‍ ശാന്തത കൈവെടിഞ്ഞ് അലറി വിളിക്കുമ്പോള്‍ ഭരണകൂടത്തിന്‍റെ അലര്‍ച്ചയല്ല ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ അലര്‍ച്ചയാണ് അതില്‍നിന്നും വെളിവാകുന്നത്.അതിന്‍റെ ദര്‍ശനത്തെയും പ്രയോഗികതയേയും കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഇന്ന് നമ്മുടെ സമൂഹത്തില്‍ കേട്ടുകൊണ്ടിരിക്കുന്നത് കോലാഹലങ്ങളാണ്.മത നിന്ദ നടക്കുന്നു.ദൈവിക ബിംബങ്ങളെ ആക്രമിക്കുന്നു.പ്രതികരണങ്ങളുണ്ടാകുന്നു.വീടുകള്‍ പൊളിച്ചിടുന്നു.കടകള്‍ തകര്‍ക്കപ്പെടുന്നു.അരക്ഷിതാവസ്ഥയാണ്.ഈ അരക്ഷിത ജീവിതം ആരാണ് ഇഷ്ടപ്പെടുന്നത്.നമ്മുടെ രാജ്യത്തില്‍ ജനങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നിപതിപ്പിക്കുന്നു എന്നതാണ് ഇന്നത്തെ വര്‍ത്തമാനകാല യാഥാര്‍ഥ്യം.യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റിലെ സിംഹങ്ങളുടെ അലര്‍ച്ച ജനങ്ങളില്‍ ഈ പ്രത്യേയശാസ്ത്രമുണ്ടാക്കുന്ന വിഭജന പ്രത്യേയശാസ്ത്രമുണ്ടാക്കുന്ന പ്രതികരണങ്ങളുടെ ബഹിസ്ഫുരണമാണ് എന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ നമുക്ക് കാണാനാകുന്നത്.അത്രത്തോളം അസ്വസ്ഥമാണ് ഇന്ത്യാ രാജ്യം.നമ്മുടെ ഭരണഘടനയെ തൊട്ട് സത്യം ചെയ്ത രാജ്യത്തിന്‍റെ പ്രധാനമന്ത്രി എണ്‍പതും ഇരുപതും തമ്മിലുള്ള മത്സരമാണ് രാജ്യത്ത് നടക്കേണ്ടത് എന്നാണ് ഉത്തര്‍ പ്രദേശ്‌ തെരഞ്ഞെടുപ്പിനു മുന്‍പ് വ്യക്തമാക്കുകയുണ്ടായി.അതിനര്‍ത്ഥം ഗുജറാത്തില്‍ എന്താണോ തന്‍റെ അധികാര സ്ഥാനത്തിരുന്ന് നടത്തിയിരുന്നത് ഗുജറാത്തിലെ തങ്ങളുടെ തട്ടകത്തില്‍ നടന്നത് ഇന്ത്യയില്‍ എവിടെയും നടക്കാം.യുപി അതിന് മുഖ്യ കേന്ദ്രമാകാം.അങ്ങനെ പുതിയ അഭ്യന്തര യുദ്ധത്തിന്‍റെ കുരുക്ഷേത്രമായി ഉത്തര്‍പ്രദേശിനെയും ഹിന്ദി ഹൃദയഭൂമികളെയും മാറ്റിത്തീര്‍ക്കാനുള്ള ഭരണകൂട പ്രത്യേയശാസ്ത്രത്തിന്‍റെ പ്രായോഗികത കടന്നുവരുന്ന സന്ദര്‍ഭത്തിലാണ് ഇപ്രകാരമുള്ള പ്രതീകങ്ങള്‍ പ്രതിരൂപങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്.അറിയാതെ തന്നെ ജനങ്ങളില്‍ പടര്‍ന്നിരിക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതിബിംബങ്ങളായിട്ടാണ് അലറുന്ന സിംഹങ്ങള്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നതെങ്കില്‍ എന്താണ് സാരാനാഥ് നല്‍കിയ സന്ദേശം,ശാന്ത സ്വരൂപികളായ സിംഹങ്ങള്‍ നല്‍കിയ സന്ദേശമെന്ന് നാം ചരിത്രത്തില്‍ നിന്നും ചിന്തിക്കേണ്ടതുണ്ട്.സാരാനാഥിലെ സിംഹങ്ങളുടെ മൂന്നുപ്രധാനപ്പെട്ട പ്രത്യേകതകള്‍,അവ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു.ധൈര്യത്തെ പ്രതിനിധാനം ചെയ്യുന്നു.ആത്മവിശ്വാസത്തെ പ്രതിനിധാനം ചെയ്യുന്നു.ശക്തി എന്നുപറയുന്നത് കായിക ശക്തിയല്ല.’സംഘം ശരണം ഗച്ചാമി’ അത് ഐക്യത്തിന്‍റെ ശക്തിയാണ്.ആരെയും അകറ്റിക്കളയാതെ ചേര്‍ത്തു നിര്‍ത്തുക എന്ന മഹത്തായ മാനവിക ഐക്യത്തിന്‍റെ ഒരു സന്ദേശമാണ് വെറുപ്പില്ലായ്മയാണ് നിങ്ങളുടെ ശക്തിയുടെ അടയാളമെന്ന്‍ സാരാനാഥിലെ സിംഹങ്ങളില്‍ ഒന്ന്‍ നമ്മളോട് പറയുമ്പോള്‍ ധൈര്യം സംഭരിക്കണമെന്നാണ് മറ്റൊന്ന് നമ്മളോട് ആവശ്യപ്പെടുന്നത്.
നിങ്ങള്‍ക്കൊരു ധൈര്യമുണ്ടാകുന്നത് എപ്പോഴാണ്?മറ്റൊരാളെ അഭിസംബോധന ചെയ്യാന്‍ മറ്റൊരാളെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ ഭീരുവാകുന്നത് എപ്പോഴാണ്? നിങ്ങള്‍ക്ക് നിങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണ്.പ്രൊഫൌണ്ട് പീസ്‌ ഒരു സ്ഥിത പ്രജ്ഞയുടെ ആഴങ്ങളിലേക്കോ ഉയരങ്ങളിലേക്കോ മനുഷ്യ മനസ്സിനെ ഉയര്‍ത്തുക.ആ ബുദ്ധ ചിന്തയുടെ കരുത്തു നില്‍ക്കുന്നത് ആശക്തിയിലും ധൈര്യത്തിലും ആത്മ വിശ്വാസത്തിലുമാണ്.അതൊരു ജനതയില്‍ സ്ഥാപിക്കാനാണ് രണ്ടായിരത്തി മുന്നൂറു കൊല്ലക്കാലത്തെ  ഇന്ത്യന്‍ പാരമ്പര്യം നമ്മളോട് പറയുന്നതെങ്കില്‍ സഹജീവിയെ ഉള്‍ക്കൊള്ളാനുള്ള ധൈര്യത്തെ വെടിയുക സഹജീവിയെ വെറുക്കാനുള്ള ആസുരതയാണ് നിങ്ങളില്‍ ഉണ്ടാകേണ്ടതെന്നാണ് ഇന്ന്‍ ഈ സിംഹങ്ങള്‍ അലറുമ്പോള്‍ ഇന്നത്തെ വര്‍ത്തമാന കാലം നമ്മളോട് പറയുന്നത്.സിംഹങ്ങള്‍ വാ പിളര്‍ക്കുന്നത് വെറുതെയല്ല ഇന്ത്യാ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതി വിപ്ലവത്തിന്‍റെ അടയാളമാണ് എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.
സാരാനാഥിലെ മൂന്നാം സിംഹത്തിന്‍റെ സ്വാഭിമാന ബോധം എന്നുപറയുന്നത് തനിക്ക് തന്നിലുള്ള ആത്മ വിശ്വാസമാണ്.അത് സാത്വിക ഭാവമുള്ള ഒരു സിംഹത്തിന് ചുറ്റുപാടും എന്തുനടന്നാലും ആത്മവിശ്വാസം പ്രകടിതവുമാണ്.അതിനെ അലറുന്ന സിംഹമായി മാറ്റിത്തീര്‍ക്കുമ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടൊരു ജനത അതിന്‍റെ ഭാഗമായി പരസ്പരം ഭയപ്പെടുന്നൊരു ജനത അയല്‍ക്കാരനെ വേട്ടയാടുന്നൊരു ജനത.നമുക്ക് ശ്രീലങ്കയിലേക്ക് പോയാല്‍ നരേന്ദ്ര മോഡി ഇന്നു പറയുന്ന എണ്‍പതും ഇരുപതിന്‍റെയും ആവര്‍ത്തനങ്ങള്‍ ഒരു നാലു പതിറ്റാണ്ടിലേറെ കണ്ടു തളര്‍ന്നൊരു ശ്രീലങ്കയെ കാണാം.അവിടെ തമിഴ് വംശീയതയും സിംഹള വംശീയതയും പരസ്പരം രണ്ട് ദേശീയതകള്‍ എന്ന നിലക്ക് ഏറ്റു മുട്ടിയിരുന്നപ്പോള്‍ ആ വംശീയ പോരാട്ടത്തില്‍ ആരാണ് വിജയിച്ചത് ആരാണ് തകര്‍ന്നത്.തകര്‍ന്നതാരാണെന്ന ചോദ്യത്തിന് പരാജയപ്പെട്ടത് ശ്രീലങ്കയാണ്.ശ്രീലങ്കയിലെ ജനങ്ങളാണ്.യുപി തെരഞ്ഞെടുപ്പിലെ എണ്‍പതും ഇരുപതും തമ്മിലുള്ള യുദ്ധം നാളെ ഇന്ത്യ മുഴുവന്‍ ആവര്‍ത്തിക്കാന്‍ നരേന്ദ്ര മോഡി തയ്യാറാകുമ്പോള്‍ നമ്മുടെ രാജ്യം എണ്‍പതും ഇരുപതിലുമുള്ള ശ്രീലങ്കന്‍ തമിഴ് യുദ്ധത്തിന്‍റെ മറ്റൊരാവര്‍ത്തന കേന്ദ്രമായി മാറാന്‍ പോകുകയാണ്.നിപതിക്കാന്‍ പോകുകയാണ്.അതുകൊണ്ട് അലറി വിളിക്കുന്ന സിംഹങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടാന്‍ പോകുന്ന നിശ്ശംശയതയാണ് നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.നമ്മുടെ രാജ്യത്തിന് സമ്മാനിക്കുന്ന രാഷ്ട്രീയമേത് എന്നാലോചിക്കണം.യഥാര്‍ത്ഥത്തില്‍ നമ്മുടെ രാജ്യത്തിന്‍റെ പൌരാണിക ചരിത്രത്തോട് നീതിപുലര്‍ത്തുന്ന പ്രത്യേയശാസ്ത്രമല്ല ഇത്.അഭിമാനകരമായ സിന്ധൂ നദീതട സംസ്കാരത്തെക്കുറിച്ചും മോഹന്‍ ജദാരോയെയും പറ്റി അഭിമാനം കൊള്ളാന്‍ അവര്‍ തയ്യാറാകുന്നില്ലല്ലോ.ബുദ്ധ ജൈന പാരമ്പര്യങ്ങളെക്കുറിച്ചോ ഷഡ് ദര്‍ശന പാരമ്പര്യങ്ങളെക്കുറിച്ചോ അഭിമാനം കൊള്ളാന്‍ ഇവരാരും തയ്യാറല്ല.ഇന്ത്യയല്ല ഇന്ത്യന്‍ ദര്‍ശനത്തെയല്ല ഇവര്‍ക്കുവേണ്ടത്.അതിന്‍റെ ഭാഗമായി അവര്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രത്യേയശാസ്ത്രമെന്നു പറയുന്നത് ഇത്തിള്‍ക്കണ്ണി പ്രത്യേയ ശാസ്ത്രമാണ്.ഒരു ചാതുര്‍ വര്‍ണ്യ സംസ്കൃതിയുടെ  മുകളില്‍ നിന്നുകൊണ്ട് മേല്‍ത്തട്ടില്‍ നിന്നുകൊണ്ട് ത്രൈവര്‍ണ്ണികര്‍ നേടിയെടുത്തിരുന്ന ഇത്തിള്‍ക്കണ്ണി രാഷ്ട്രീയമെന്തോ ആ രാഷ്ട്രീയത്തിന്‍റെ പുനവതാരമാണ് ഇന്ന്‍ ബിജെപി ഇന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്നത്.1925ല്‍ രൂപപ്പെട്ട ആര്‍ എസ് എസ് ആകട്ടെ അവര്‍ രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തില്ല.ഭരണ ഘടനാ നിര്‍മ്മാണത്തില്‍ പങ്കെടുത്തില്ല.ഈ രാജ്യത്തിന്‍റെ വികാസത്തില്‍ പങ്കെടുത്തില്ല.ഇന്നത്തെ രാജ്യത്തിന്‍റെ അഭിമാനകരമായ പൊതുമേഖലാ വികസനത്തില്‍ പങ്കെടുത്തില്ല.നെഹ്രുവിന്‍റെ മന്ത്രിസഭയില്‍ നിന്നും ജനസംഘമുണ്ടാക്കാന്‍ രാജിവെച്ച ശ്യാമപ്രസാദ് മുഖര്‍ജിയുടെ ചരിത്രമാണ് ഇന്ത്യാ രാജ്യത്ത് ജനസംഘത്തിനുള്ളത് ഹിന്ദു പരിവാര സംഘത്തിനുള്ളത്.പൊതുമണ്ഡലത്തില്‍ നിന്നും അകന്നിരുന്നുകൊണ്ട് ഇന്നുകാണുന്ന ഒരു വികസനത്തിനും ശാസ്ത്രത്തിലില്ല,ചരിത്രത്തിലില്ല,സമൂഹത്തിലില്ല അതാണ്‌ ആര്‍ എസ് എസ്.
യഥാര്‍ത്ഥത്തില്‍ അതിന്‍റെയെല്ലാം മേലെവന്ന്‍ ഇത്തിള്‍ക്കണ്ണി വളരുംപോലെ.ഇത്തിള്‍ക്കണ്ണി രാഷ്ട്രീയമാണ് ബിജെപി ഇന്ത്യയില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്.ഇന്ന്  മനുഷ്യരുടെ തലച്ചോറിലേക്ക് ആ ഇത്തിള്‍ക്കണ്ണി കടന്നു വന്നാലുള്ള അവസ്ഥ എന്താണ് എന്നുള്ളത് നമ്മുടെ നാട്ടില്‍ നാം തിരിച്ചറിയേണ്ടതുണ്ട്.ഇങ്ങനെ മറ്റൊരാളുടെ പ്രത്യേയ ശാസ്ത്രത്തെ സ്വാധീനിക്കാന്‍ അതിനുകഴിയുന്നു.ഇതില്‍ അടിപ്പെട്ടുപോകുന്ന ഒരു ഇന്ത്യക്കാരനായി നമ്മളെ മാറ്റുക എന്ന തരത്തിലേക്ക് ലക്ഷ്യമുണ്ട്.അത്തരത്തിലുള്ള പാരസൈറ്റ് അധിനിവേശം നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് നാം ഈ സന്ദര്‍ഭത്തില്‍ മനസ്സിലാക്കണം.ഇവിടെയാണ്‌ നാം രാമായണത്തിലേക്ക് കടന്നു പോകേണ്ടത്.രാമായണത്തിന്‍റെ പ്രത്യേകത അതുമുന്നോട്ടു വയ്ക്കുന്ന ദര്‍ശനമാണ്.വെട്ടിപിടിക്കുന്നതില്‍ അല്ല ജീവിതമെന്ന് അതുപ്രഖ്യാപിക്കുന്നുണ്ട്.ലക്ഷ്മണ സാന്ത്വനമെന്ന മഹത്തായ വാല്മീകി തത്വമാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്.ഈ സാന്ത്വനം നഷ്ടപ്പെടുകയും സഹോദരനെയും പിതാവിനെയും ബന്ധിക്കുന്ന ഒരു തത്വശാസ്ത്രം അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യാരാജ്യത്തെ എവിടെക്കാണ്‌ നയിക്കുന്നത് എന്നത് നാം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയാണ്.ആ പാരസൈറ്റ് രാഷ്ട്രീയം നമ്മുടെ നീതി ശാസ്ത്ര വ്യവസ്ഥയെയും ബോധത്തെയും എങ്ങനെ ബാധിച്ചു എന്നത് സമീപകാലത്തെ ടീസ സെതല്‍ വാദിന്‍റെയും ആര്‍ ബി ശ്രീകുമാറിന്‍റെയും ജയില്‍വാസം കൂടി അടിവരയിടുന്നുണ്ട് എന്നുനാം തിരിച്ചറിയണം.ഇന്ത്യന്‍ രാഷ്ട്രീയം ബിജെപിയുടെയും ആര്‍ എസ് എസിന്‍റെയും ഇത്തിള്‍ക്കണ്ണി രാഷ്ട്രീയത്തിന്‍റെ ഇരകളായി ഭരണകൂടത്തിന്‍റെ എല്ലാ ഘടകങ്ങളും മാറിക്കൊണ്ടിരിക്കുന്നു.തൂണുകള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നത് അപകടകരമായ വസ്തുതയാണ്.ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേകത രാഷ്ട്രപതിയായി ദ്രൌപദി മുര്‍മു എത്തി എന്നതാണ് ആദിവാസി വിഭാഗത്തില്‍ ഗവര്‍ണ്ണറായിരുന്ന വനിതയായിരുന്നത് ഒട്ടും നിസ്സാരമായ കാര്യമായിരുന്നില്ല.രാം നാഥ് കോവിന്ദ് അഞ്ചു വര്‍ഷംമുന്‍പ് നേടിയ ഓട്ടിംഗ് ശതമാനത്തിന്‍റെ അടുത്ത് മുര്‍മുവിന് എത്താന്‍ കഴിഞ്ഞില്ല എന്നത് ഒട്ടും നിസ്സാരമായ കാര്യമല്ല .ബിജെപിയുടെ യാത്ര ഉയരങ്ങളിലേക്കല്ല പതനങ്ങളിലേക്കാണ് എന്ന് രാം നാഥ് കോവിന്ദില്‍ നിന്നും ദ്രൌപദി മുര്‍മുവിലേക്കുള്ള വോട്ടിംഗ് നിലയുടെ അകലം സൂചിപ്പിക്കുന്നുണ്ട്.
പ്രശ്നമെന്താണ്?.ദളിത്‌ സ്വത്വത്തെ അടയാളപ്പെടുത്തി പ്രസിഡന്‍റ് സ്ഥാനത്തേക്കുവന്ന രാം നാഥ് കോവിന്ദ് പടിയിറങ്ങുമ്പോള്‍ ഇന്ത്യാ രാജ്യത്തെ പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ജീവിത നിലവാരത്തില്‍ എന്തുമാറ്റമുണ്ടായി എന്നതിനാണ് ഉത്തരം പറയേണ്ടത്.അവരുടെ ജീവിതത്തെ കൂടുതല്‍ തകര്‍ക്കുകയും അതിന്‍റെ പ്രതിരോധമായി പ്രതീകങ്ങളെ രാഷ്ട്രത്തിനുമേല്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബിംബങ്ങള്‍ യാഥാര്‍ഥ്യത്തെ മറക്കാന്‍ വേണ്ടിയുള്ളതുമാത്രമാണെന്ന് രാം നാഥ് കൊവിന്ദിലൂടെ തെളിഞ്ഞു.ഒരു ദുര്‍ബല പ്രതികരണം പോലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു പ്രസിഡന്റും ഒരിക്കലും നടത്തിയിട്ടില്ല എന്നല്ല .ധാരാളം പ്രതികരണങ്ങള്‍ മുന്‍പ് വന്നിട്ടുണ്ട്.പക്ഷെ രാം നാഥ് കൊവിന്ദ് അത്തരം ഒരു പ്രതികരണവും തന്‍റെ രാഷ്‌ട്രപതി കാലയളവില്‍ നടത്തിയിട്ടില്ല.അത്തരമൊരു പ്രത്യേകതളും അദ്ദേഹത്തിന് ബാക്കിവയ്ക്കാനായില്ല.കാല്‍ലക്ഷം ആദിവാസികള്‍ ജീവന്‍ കൊടുത്ത സാന്താള്‍ പോരാട്ടത്തെ വിസ്മൃതമാക്കുന്ന നൃത്തങ്ങള്‍ അരങ്ങേറുമ്പോള്‍ ആ പഴയ രക്ത രൂക്ഷിത വിപ്ലവകാലം തുടച്ചുമാറ്റപ്പെടുന്നു.ഇന്ത്യന്‍ ആദിവാസിക്ക് ആയിരത്തി എണ്ണൂറ്റി ആറുമുതല്‍ ഉണ്ടായിരുന്ന രക്ത ഭരിതമായ ഭൂതകാലം ഇന്നെവിടെ എത്തി നില്‍ക്കുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന വനവാസ നിയമത്തെ ദുര്‍ബലപ്പെടുത്താനുള്ള നിയമങ്ങളിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്റ് മുന്നോട്ട്പോകുന്നു.അതിലൊപ്പിടാന്‍ ഇന്ത്യന്‍ ആദിവാസികളുടെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം പിന്താങ്ങിയ രണ്ടായിരത്തി നാലിലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനവാസ നിയമം വെള്ളം ചേര്‍ക്കുന്നതില്‍ ബിജെപി വരുന്നു. ആദിവാസികള്‍ക്കനുകൂലമായ വനവാസ നിയമത്തില്‍  ദ്രൌപദി മുര്‍മു ഒപ്പിടുന്നതോടുകൂടി ഇന്ത്യന്‍ പ്രതിവിപ്ലവത്തിന്‍റെ മറ്റൊരു മുഖം കൂടി സൃഷ്ടിക്കപ്പെടുകയാണ്.ആരു രാഷ്ടപതി ആകുന്നു എന്നല്ല രാഷ്ടപതി ഒരു സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ഇന്ത്യക്ക് നല്‍കുന്ന സന്ദേശമെന്താണ് എന്നുള്ളതാണ്.ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമോ ,പ്രന്തവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തുമോ ധാരാളം ചോദ്യങ്ങള്‍ ബാക്കിയാകുന്നു ഓരോ ചോദ്യങ്ങള്‍ ബാക്കിയാകുമ്പോഴും ഉത്തരമില്ലാത്ത ഒരിന്ത്യയിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ രാജ്യത്തെ പ്രഥമ പൌര എന്നനിലയില്‍ വളര്‍ത്തിയെടുക്കപ്പെട്ട അല്ലെങ്കില്‍ ഉയര്‍ത്തപ്പെട്ട  ദൌപതി മുര്‍മു ഒരു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ല എന്നുപറഞ്ഞാല്‍ ഇന്ത്യാ രാജ്യത്തെ പ്രധാനമന്ത്രിക്കില്ലാത്ത ഉത്തരം രാഷ്ട്രപതിയില്‍ നിന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല.അതു തന്നെയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ ജനാധിപത്യരാഹിത്യത്തിന്‍റെ വര്‍ത്തമാനം.










ReplyForward

By Editor

Leave a Reply

Your email address will not be published. Required fields are marked *