ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സമത്വത്തെ ഉയർത്തിപ്പിടിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധിക്കെതിരെ മാസങ്ങൾ നീണ്ട അക്രമ സമരം നടന്ന നാട്ടിൽ, ഇന്നിതാ മറ്റൊരു സംരക്ഷണത്തിന്റെ പേരിൽ, അതുപോലൊരു ആഭാസ സമരത്തിന്, അതെ ശക്തികൾ, കേരളത്തിലെ ആനപ്രേമികൾ എന്ന പേരിൽ രംഗത്തിറങ്ങിയിരിക്കുകയാണ്. തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന വൃദ്ധനും, രോഗിയും, കൊലയാളിയുമായ ആനയെ ഉപാധികളോടെ എഴുന്നള്ളിക്കാൻ കളക്ടർ അനുമതി നൽകിയതോടെ ആനപ്രേമികൾ എന്നവകാശപ്പെടുന്നവർ ഒന്നടങ്ങുമെങ്കിലും അവരുടെ മൃഗസ്നേഹത്തിനു പിന്നിലെ കാപട്യങ്ങളും വീരസ്യങ്ങളും ഇനിയും നാം ചർച്ച ചെയ്യേണ്ടതുണ്ട്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയവും ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളും ചർച്ചയാകേണ്ട കാലത്തു, തിടമ്പേറ്റിയ ആന എന്ന സവർണ ബിംബത്തെക്കുറിച്ചു മലയാളികൾ വാചാലരാകുന്നതിനെ കുറിച്ചു അപ്പ് ഫ്രന്റ് സ്റ്റോറീസ് പരിശോധിക്കുന്നു.