നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകളിൽ കാണാതായവരെ കണ്ടെത്തുന്നതിൽ ഏറ്റവും മികച്ച റെക്കോർഡ് കേരളത്തിന്. കേരളത്തിൽ കാണാതായവരിൽ 86 ശതമാനം പേരെയും കണ്ടെത്തി എന്നാണ് എൻസിആർബിയുടെ “ക്രൈം ഇൻ ഇന്ത്യ 2021” റിപ്പോർട്ടിൽ നിന്ന് ലഭ്യമാകുന്ന കണക്കുകൾ കാണിക്കുന്നത്. പഞ്ചാബിൽ ഇത് വെറും 16.6 ശതമാനമാണ്. കാണാതായവരിൽ കണ്ടെത്തിയവരുടെ ശതമാനകണക്ക് ഡൽഹിയിൽ 33.5 ശതമാനവും ഗോവയിൽ 35.4 ശതമാനവും ഉത്തർപ്രദേശിൽ 39.5 ശതമാനവുമാണ്. ഏറ്റവും കൂടുതൽ ആളുകളെ കാണാതാകുന്നത് പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലാണ്. രാജ്യത്ത് രേഖപ്പെടുത്തിയ മിസ്സിംഗ് കേസുകളിൽ ഇപ്പോഴും കണ്ടെത്താൻ കഴിയാത്തവരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം പേരും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്.
കാണാതായ കുട്ടികളെ കണ്ടെത്തുന്നതിലും മുന്നിൽ നിൽക്കുന്നത് കേരളമാണ്. കേരളത്തിൽ കാണാതായ കുട്ടികളിൽ 93.3 ശതമാനം പേരെയും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിൽ ഇത് വെറും 22.4 ശതമാനമാണ്. കാണാതായ കുട്ടികളിൽ കണ്ടെത്തിയവരുടെ ശതമാനകണക്ക് ഗോവയിൽ 32.6 ശതമാനവും ബിഹാറിൽ 44.4 ശതമാനവും ഡൽഹിയിൽ 48.6 ശതമാനവും ഉത്തർപ്രദേശിൽ 52.2 ശതമാനവുമാണ്.