മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് എഴുപത്തി അഞ്ചുവർഷങ്ങൾ തികയുമ്പോൾ ഇന്ത്യ പ്രത്യേക്ഷമായി ഒരു ഫാസിസ്റ്റ് ഹിന്ദു രാഷ്ട്ര സങ്കല്പത്തിലേക്ക് നയിക്കപ്പെടുകയാണ്.വർഗ്ഗീയ ലഹളകളിലൂടെ കൊലചെയ്യപ്പെട്ട അനേകം മനുഷ്യരുടെ ചോരയിൽ ചവിട്ടി നിന്നാണ് ഇന്ത്യ ഇന്ന് ഭരിക്കപ്പെടുന്നത്.ഗാന്ധിയുടെ കൊല അതിൻ്റെ തുടക്കമായിരുന്നു.അനേക ലക്ഷം മനുഷ്യരുടെ വംശീയ ഉന്മൂലനം ലക്ഷ്യമാക്കി ഹിന്ദു ഭീകരർ തങ്ങളുടെ പ്രത്യേയ ശാസ്ത്ര പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു.വംശീയതയും ന്യൂനപക്ഷ വിരോധവും അവർ മനുഷ്യരിലേക്ക് കടത്തുന്നു.ഗാന്ധി ഹിന്ദുത്വ ഭീകരതയുടെ ഇര മാത്രമായിരുന്നില്ല ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന്റെ ആദ്യത്തെ അജണ്ടകളിൽ ഒന്നായിരുന്നു.ഗാന്ധി ഹിന്ദുവായിരുന്നു പക്ഷെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യേയ ശാസ്ത്രങ്ങളും വംശീയതയും ഗാന്ധിയെ സ്വാധീനിച്ചില്ല മാത്രമല്ല നഖ ശിഖാന്തം ഗാന്ധി അതിനെ എതിർത്തുകൊണ്ടിരുന്നു.വിഭജനത്തെ എതിർക്കുക മാത്രമല്ല മുസ്ലിം വിഭാഗക്കാർക്ക് വിഭജനാനന്തരം കിട്ടേണ്ട നീതിക്കുവേണ്ടി പോരാടി.മുസ്ലിം വിഭാഗമല്ല ഗാന്ധി തന്നെയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് പ്രഖ്യാപിച്ച ഹിന്ദുത്വ ഭീകര സംഘടനകൾ എഴുപതു കഴിഞ്ഞ വായോ വൃദ്ധന് നേരെ നിരവധി വധശ്രമങ്ങളാണ് നടത്തിയത്.ഒടുവിൽ അവർ അതിൽ വിജയിക്കുകയും ചെയ്തു.കപടമായ ആർഷ സംസ്കാരം എത്രത്തോളം ഹിംസാത്മകമാണെന്ന യാഥാർഥ്യമാണ് ഗാന്ധിയുടെ കൊലപാതകം വ്യക്തമാക്കുന്നത് .
മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിച്ചത് ഗുജറാത്തിലെ പോർബന്തറിൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു.ബനിയ വിഭാഗത്തിൽപ്പെട്ട ഗാന്ധിയുടെ കുടുംബം ഗുജറാത്തിലെ കത്തിയവാർ പ്രദേശത്തിൽ നിന്നും കുടിയേറി പാർത്തവരായിരുന്നു.ഒരു സാധാരണ മനുഷ്യനിൽ നിന്നും അസാധാരണമായൊരു സമര ജീവിതത്തിലേക്ക് ഗാന്ധി നടന്നത് തൻ്റെ ജീവിതവീക്ഷണങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ടാണ്.അഹിംസയും അക്രമരാഹിത്യവും ഗാന്ധിയെ അദ്ദേഹത്തിൻ്റെ നേർക്കുള്ള മറ്റുള്ള വിമർശനങ്ങൾക്ക് അതീതമായി രാഷ്ട്ര പിതാവ് എന്ന സ്ഥാനത്തിന് അർഹനാക്കി.ഒരേ തലത്തിൽ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിനൊപ്പം മത വീക്ഷണവും ഗാന്ധിക്കുണ്ടായിരുന്നു.
ഹിന്ദു മുസ്ലിം ഐക്യത്തിനുവേണ്ടിയുള്ള ഗാന്ധിയുടെ ഇടപെടലുകൾ എക്കാലവും തീവ്ര ഹിന്ദുത്വ സംഘടനകളുടെ അപ്രീതിക്ക് കാരണമായി പ്രത്യേകിച്ചും ഹിന്ദു മഹാ സഭയും അവരെ നിയന്ത്രിച്ചിരുന്ന ആർ എസ് എസും ഗാന്ധിയെ വധിക്കാനുള്ള ശ്രമങ്ങൾ നിരവധി നടത്തുകയും 48 ജനുവരി 30 വൈകുന്നേരത്തെ ശ്രമം വിജയിക്കുകയും ചെയ്തു.ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന യാഥാർഥ്യത്തെ പിൽക്കാലത്തിൽ മറച്ചുപിടിക്കാൻ സംഘപരിവാർ ശ്രമിക്കുന്നുണ്ട് എങ്കിലും ഗാന്ധി വധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് എന്ന ചരിത്ര വസ്തുത ഒരിക്കലും ആർ എസ് എസിന് നിഷേധിക്കാൻ കഴിയില്ല.
ഗാന്ധിയുടെ കൊലപാതകം നടത്തിയ നാഥൂ റാമും പ്രതിചേർക്കപ്പെട്ട സവർക്കറും ഇന്ന് ബിജെപിയുടെ ആരാധ്യരായ പോരാളികളാണ്.കമ്മ്യൂണിസ്റ്റുകളെയും മുസ്ലിങ്ങളെയും ലക്ഷ്യമിട്ട് പ്രചരണം നടത്തുകയും ബ്രിട്ടീഷ് ഭരണകൂടത്തോട് വിധേയത്വം കാണിക്കുകയും ചെയ്ത ആർ എസ് എസ് ഗോൾവാൾക്കറെപ്പോലെയുള്ള ഫാസിസ്റ്റ് വ്യക്തികളിൽ നിന്നും ഉണ്ടാക്കിയെടുത്ത വെറുപ്പിന്റെ പ്രത്യേയ ശാസ്ത്രങ്ങൾ ഇന്നും ഈ രാഷ്ട്രത്തിനുമേൽ പ്രയോഗിക്കുന്നു.
ഗാന്ധിവധം ആർ എസ് എസിന്റെ ത്രീവ്ര വലതുപക്ഷ രാഷ്ട്രീയ പ്രയോഗമായിരുന്നു.വൃദ്ധനായ ഹിന്ദു സംസ്കാരത്തെ അനുവർത്തിച്ചു ജീവിച്ച ഒരു മനുഷ്യനെ ഇല്ലാതാക്കാൻ നടത്തിയ ഗൂഢാലോചന കൃത്യമായ ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗമായിരുന്നു.
ക്വിറ്റ് ഇന്ത്യാ സമരക്കാലത്ത് ഹിന്ദു മഹാസഭ ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കി. മുസ്ലീം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താൻ ഗാന്ധിജി ഹിന്ദു താല്പര്യങ്ങളെ ബലികഴിക്കുന്നു എന്ന് അവർ ചിത്രീകരിച്ചു.ഇന്ത്യാവിഭജനക്കാലത്തെ വർഗീയലഹളകളിൽ ഹിന്ദുക്കൾ കൊല്ലപ്പെട്ടതിനു് ഗാന്ധിജിയാണുത്തരവാദിയെന്നു് അവർ പ്രചരിപ്പിച്ചു.ഇത്തരം പ്രചാരണങ്ങളായിരുന്നു ഗാന്ധി വിരുദ്ധതക്കും മുസ്ലിം വിരുദ്ധതക്കും മാർഗ്ഗമായി അവർ കണ്ടിരുന്നത്.
1948 ജനുവരി 30 ആം തീയതി വൈകീട്ട് 5.17 നു ഡൽഹിയിലെ ബിർളാ ഹൗസിൽ നിന്നും ഒരു പ്രാർത്ഥനക്കായി അനുചരരോടൊപ്പം ഗാന്ധി പുറത്തേക്കു വരുകയായിരുന്നു.ജനക്കൂട്ടത്തിൽ നിന്നും പുറത്തേക്കു വന്ന ഗോഡ്സെ കയ്യിൽ ഒളിപ്പിച്ചു പിടിച്ച തോക്കിൽ നിന്നും ഗാന്ധിജിയുടെ നെഞ്ചിലേക്ക് മൂന്നു തവണ നിറയൊഴിച്ചു.ഉടൻ തന്നെ അദ്ദേഹം ജീവൻ വെടിയുകയും ചെയ്തു.ഗാന്ധിജിയുടെ കൊലപാതകസമയത്ത്, ഗോഡ്സേയും സഹോദരങ്ങളും, ആർ.എസ്സ്.എസ്സിന്റെ അംഗങ്ങളായിരുന്നുവെന്ന്, ഗോഡ്സേയുടെ സഹോദരൻ ഗോപാൽ ഗോഡ്സേ പിന്നീട് പ്രസ്താവിക്കുകയുണ്ടായി.രാഷ്ട്രീയപരമായി ഗാന്ധിയെ ഇല്ലാതാക്കി രാഷ്ട്രീയ ലക്‌ഷ്യം സ്ഥാപിക്കുകയായിരുന്നു ആർ എസ് എസിന്റെ ലക്‌ഷ്യം.ആർ എസ് എസ് ജനസംഘമായും ബിജെപിയായും രൂപം മാറുകയും ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന് വേണ്ടി അജണ്ടകൾ രൂപപ്പെടുത്തുകയും .ഗാന്ധിയെ വധിക്കാൻ കൂട്ടുനിന്ന സവർക്കർ ഇതിഹാസമായി അവതരിപ്പിക്കപ്പെടുകയും ഗോഡ്‌സെ ആരാധിക്കപ്പെടുകയും ചെയ്യുന്ന ഒരു ഇന്ത്യൻ സാഹചര്യത്തിലേക്ക് ആർ എസ് എസ് നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ കൊണ്ടുചെന്നെത്തിച്ചു എന്നത് അവരുടെ പ്രൊപ്പഗണ്ടകളെ കരുതിയിരിക്കണമെന്ന് രാഷ്ട്രത്തെ ബഹുസ്വര സമൂഹത്തെ വീണ്ടും ഓർമ്മപ്പെടുത്തുന്നുണ്ട്.
ReplyForward |