ഫെബ്രുവരി 16 ശനിയാഴ്ച, പുൽവാമയിൽ ഭീകരാക്രമണം നടന്നതുമുതൽ രാജ്യതലസ്ഥാനവും രാജ്യത്തെ വിവിധ പ്രദേശങ്ങളും നിരവധിയായ സംഭവവികാസങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. രാജ്യമാകെ കാശ്മീരി വിദ്യാര്‍ഥികള്‍ അപമാനിക്കപ്പെടുന്നതും ശാരീരികമായി ആക്രമിക്കപ്പെടുന്നതുമായുള്ള റിപ്പോര്‍ട്ടുകള്‍ രാവിലെ മുതല്‍ തന്നെ പ്രവഹിച്ചുതുടങ്ങി. ഡെറാഡൂണില്‍ കാശ്മീര്‍ പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റൽ ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞതുപോലെ നിരവധിയായ സംഭവങ്ങൾ.
സാമൂഹ്യമാധ്യമങ്ങളിൽനിന്നുമായിരുന്നു കാര്യമായും അക്രമാഹ്വാനങ്ങൾ. പ്രതികാര ആഹ്വാനമായിരുന്നു ഇതെല്ലാം! ഏതോ രാഷ്ട്രീയ അജണ്ടയിലേക്ക് സമൂഹത്തെ ഒന്നാകെ ആട്ടിത്തെളിക്കൽ ലക്ഷ്യമിട്ടപോലെ. ശ്രദ്ധാപൂര്‍വ്വമുളള ട്വിറ്റര്‍ ഉപയോഗം ഉറപ്പുവരുത്തണമെന്ന് കാശ്മീരിലെ നേതാക്കളായ ഒമര്‍ അബ്ദുളള, മെഹബൂബ മുഫ്തി എന്നിവര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാൽ, പുല്‍വാമയില്‍ നടന്നത് തീവ്രവാദികളുടെ ബുദ്ധിമോശമാണെന്നും ഇതിന് അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി ഭീകരാക്രമണത്തിനുശേഷം പുറത്തു വിട്ട ആദ്യസന്ദേശത്തിൽ പ്രഖ്യാപിച്ചു. അതിനു ചുവടുപിടിച്ചായിരുന്നു സോഷ്യൽമീഡിയയിലെ പ്രതികാര ആഹ്വാനങ്ങൾ.
ചാനല്‍ ഷോയില്‍ നിന്നുളള സിദ്ധുവിന്റെ പുറത്താകല്‍
സോണി ടിവിയുടെ ഹാസ്യപരിപാടിയായ ‘കപില്‍ ശര്‍മ്മ ഷോയില്‍’ കോണ്‍ഗ്രസ്സ് നേതാവുകൂടിയായ നവജ്യോത് സിംഗ് സിദ്ധു ആയിരുന്നു അവതാരകൻ. നവജ്യോത് സിംഗ് സിദ്ധു മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു കാര്യം പറഞ്ഞു. വളരെ സാധാരണവും ജനാധിപത്യസ്വരത്തിലുള്ളതുമായ പ്രസ്താവന ഇങ്ങനെയായിരുന്നു:
‘ഭീകരരുടെ ക്രൂരകൃത്യങ്ങള്‍ക്ക് രാജ്യങ്ങള്‍ ഉത്തരവാദികളല്ല. ഭീകരര്‍ക്ക് ജാതിയോ സമുദായമോ ഇല്ല. നല്ലതും മോശവും വളരെ മോശവുമായ ആളുകളുണ്ട്. എല്ലാ സ്ഥാപനങ്ങളിലും അവരുണ്ട്. എല്ലാ രാജ്യങ്ങളിലും അവരുണ്ട്. വളരെ മോശമായവരെ ശിക്ഷിക്കണം.’
ഇതുതന്നെ പ്രകോപനമായിരുന്നു സോഷ്യൽ മീഡിയക്ക്. അടുത്ത പരാമർശംകൂടി വന്നതോടെ സിദ്ധുവിനെതിരെ ട്രോൾ പ്രളയവുമായി!
ഇതായിരുന്നു സിധുവിന്റെ തുടർപരാമർശം:
‘എപ്പോഴെല്ലാം യുദ്ധങ്ങളും ഇത്തരം സംഭവങ്ങളുമുണ്ടാകുന്നുവോ അപ്പോഴും ചര്‍ച്ചതുടരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ സ്ഥിരമായ പരിഹാരമാണ് വേണ്ടത്. ഭീകരര്‍ക്ക് ജാതിയോ മതമോ രാജ്യമോ ഇല്ല. പാമ്പുകടിച്ചാല്‍ മറുമരുന്നായി നല്‍കുന്നത് പാമ്പിന്‍ വിഷം തന്നെയാണ്’.
#Boycottsidhu, #Boycottkapilsharmashow, #Boycottsonytv എന്നിങ്ങനെ മൂന്ന് ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ പ്രചരിച്ചു. ബിജെപി വക്താവായ തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ തുടങ്ങിയവര്‍ വ്യക്തിപരമായി സിദ്ധുവിനെയും സോണി ടിവിയെയും അധിക്ഷേപിക്കുകയും വാക്കുകള്‍ കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടർന്നുനടന്നതെല്ലാം നാടകീയമായിരുന്നു. പെട്ടെന്നുതന്നെ ഷോയില്‍ നിന്ന് സിദ്ധുവിനെ മാറ്റുന്നു; പകരം അര്‍ച്ചന പുരാണ്‍ സിംഗ് അവതാരകയായി വരുന്നു.
സിദ്ധുവിന്റെ പരാമര്‍ശങ്ങള്‍ ‘ജനം’ നല്ല രീതിയിലല്ല സ്വീകരിച്ചതെന്നും പരിപാടിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സോണി ടി വി ചാനല്‍ അധികൃതർ പിന്നാലെ വിശദീകരണവും ഇറക്കി. ഇതിനോടകംതന്നെ ഏതാനും എപ്പിസോഡുകള്‍ അര്‍ച്ചനയെ വച്ച് ഷൂട്ട് ചെയ്‌തിട്ടുണ്ടെന്നും സിദ്ധുവിനെ മാറ്റിയതിൽ അസ്വാഭാവികതയില്ലെന്നും സോണി അധികൃതർ വിശദീകരിച്ചു.
ഇന്റലിജന്‍സിന്റെ ജാഗ്രതാ നിര്‍ദ്ദേശങ്ങളുണ്ടായിട്ടും ജവാന്മാരെ ക്യാംപിലേക്ക് റോഡ് വഴി അയച്ചതെന്തിനെന്നും ആകാശമാര്‍ഗ്ഗം അയക്കാഞ്ഞതെന്തുകൊണ്ടെന്നും സിദ്ധു ആരാഞ്ഞിരുന്നു. എന്നാല്‍ അതിനൊരു പ്രതികരണവും സിദ്ധുവിനെ ട്രോളിയ മാധ്യമങ്ങളിൽ ഉണ്ടായില്ല.ചുരുക്കത്തിൽ, ഒരു ജനാധിപത്യ നിലപാടെടുത്തതിന് സിദ്ധുവിന്റെ തല വെട്ടി വീഴ്ത്തുകയായിരുന്നു സോഷ്യൽ മീഡിയ. ആൾക്കൂട്ടഭ്രാന്തിനു സോണി ടിവി അധികൃതർ കൂട്ടുനിൽക്കുകയും ചെയ്തു.
‘ദേശസ്നേഹം’ വിതറി നഷ്ടപരിവേഷം തിരിച്ചു പിടിക്കാൻ സോനു നിഗം
സമീപവർഷങ്ങളിൽ പിന്നണിഗാന രംഗത്ത് വലിയ നേട്ടമൊന്നും അവകാശപ്പെടാനില്ലാത്ത ഗായകനെന്നതാണ് സോനു നിഗമിന്റെ സമകാലിക ‘കീർത്തി’. പ്രസിദ്ധി പിടിച്ചുപറ്റാനും തന്റെ ദേശസ്‌നേഹം സമര്‍ത്ഥിക്കാനും സോനു നിഗം ഇതൊരവസരമാക്കി. ‘രോഷാകുല’നായി പരിഹാസപൂര്‍വ്വം സോനു നിഗം ഒരു സെല്‍ഫ് വീഡിയോ പോസ്റ്റ് ചെയ്തു.
സൈനികരുടെ മരണത്തില്‍ മതേതരവാദികള്‍ കരയുന്നതെന്തിന് എന്ന ചോദ്യവുമായാണ് വീഡിയോയിലൂടെ സോനു നിഗമിന്റെ ‘പുനർവരവ്’. അഭിനേതാക്കളായ അനുപം ഖേർ, പരേഷ് റാവല്‍ എന്നിവരും പാക്കിസ്ഥാനെതിരെ വിദ്വേഷം തുളുമ്പുന്ന പരാമര്‍ശങ്ങള്‍ ട്വിറ്ററിൽ കുറിച്ച് പ്രതികാരാഹ്വാനങ്ങൾക്ക് താളം പകർന്നു.
അനുശോചനത്തിനായുളള ക്ഷണം, മൊബൈല്‍വഴി തുരുതുരാ
മരിച്ച ജവാന്മാരോടുളള ആദരസൂചകമായി മെഴുകുതിരി കത്തിച്ചു പ്രകടനങ്ങള്‍ നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുളള മൊബൈല്‍ സന്ദേശങ്ങളായിരുന്നു തൊട്ടുപിന്നാലെ. വടക്കേ ഇന്ത്യയിലെ വീടുകളിളെല്ലാം ഈ സന്ദേശമെത്തി. മരിച്ചവര്‍ക്കുളള ആദരാഞ്ജലി അര്‍പ്പണമെന്ന തരത്തിലുളള നിരവധി പ്രകടനങ്ങള്‍ക്ക് വൈകുന്നേരം ആറിനും എട്ടിനും ഇടയില്‍ വടക്കേ ഇന്ത്യ സാക്ഷ്യം വഹിച്ചു. മുതിര്‍ന്നവരും കുട്ടികളും കൈകളില്‍ മെഴുകുതിരികളുമായി നിരന്നു.
ഇതുവരെ സ്വാഭാവികമെന്നു കരുതാമെങ്കിലും പിന്നത്തെ പടി സോഷ്യൽ മീഡിയയുടെ സ്ക്രിപ്റ്റ് ഏറ്റെടുക്കലായിരുന്നു. പാക്കിസ്ഥാനെതിരെ പ്രതികാരം ചെയ്യണമെന്ന് വിളിച്ചുപറയുന്നതിലേക്കും യുദ്ധത്തിനായുളള ആക്രോശങ്ങള്‍ മുഴക്കുന്നതിലേക്കും ദേശാഭിമാനപ്രകടനങ്ങൾ വ്യാപകമായി വഴിമാറി. രാജ്യതലസ്ഥാനത്തെ പൊതുഇടങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങി മാളുകള്‍ വരെയും, നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ പ്രാന്തപട്ടണങ്ങളും പ്രതികാരം വമിക്കുന്ന ശബ്ദങ്ങള്‍കൊണ്ട് നിറഞ്ഞു.വര്‍ഗ്ഗീയമുദ്രാവാക്യങ്ങള്‍ കൊണ്ട് സമൃദ്ധമായി മിക്ക പ്രകടനങ്ങളും. ബാക്കി ഭാഗം ബിജെപിക്ക് പൂരിപ്പിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. സമാപനപൊതുയോഗങ്ങൾ ബിജെപി യോഗങ്ങളായും മാറി.
രാഷ്ട്രീയ നേട്ടം ബിജെപിക്ക്
പുല്‍വാമ ആക്രമണം രാഷ്ട്രത്തിനുണ്ടാക്കിയ ഷോക്ക് മനസ്സിലാക്കാം. എന്നാൽ, മനസ്സിലാക്കാനാവാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, രാജ്യത്തെ ജനതയോട് സമാധാനം പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിക്കാത്തത് എന്തുകൊണ്ടാണ്? കാശ്മീരി വംശജരെ വ്യാപകമായി ആക്രമിക്കുന്നത് തടയാൻ സംസ്ഥാന സർക്കാരുകളോട് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണ്?
ഇത്രമാത്രമല്ല. കേന്ദ്രസർക്കാരിന്റേയോ തന്റെയോ നടപടികളിലെ തത്വദീക്ഷയില്ലായ്മയെ ആരെങ്കിലും വിമർശിക്കുന്നുവെന്നിരിക്കട്ടെ, അവരെയെല്ലാം സംഘപരിവാറിന്റെ ഇന്റർനെറ്റ് ട്രോൾ ഉരുട്ടി ‘ശരിയാക്കുന്ന’ രീതിയായിരിക്കുന്നു ഇന്ന് പൊതുതത്വം.
ആർക്കും അതിൽനിന്നും ഇളവില്ല.നവജ്യോത് സിംഗ് സിദ്ധു ഒരു ഇര മാത്രം. മോദിയുടെ ട്രോൾ യന്ത്രങ്ങൾ കൂടുതൽ ‘വിമർശക ഇര’കളെ നേരിടാൻ സുസജ്ജമായി കാത്തിരിക്കുന്നു.