ഇന്ത്യയെ ക്ഷേമരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ, പൊതുതെരഞ്ഞെടുപ്പിന്റെ ഒരുക്കത്തിലാണ് എല്ലാ രാഷ്ട്രീയപാർട്ടികളും.
ക്ഷേമ ഘടകങ്ങൾ പരിശോധിച്ചാൽ ഇന്ത്യ പാകിസ്ഥാനും പിന്നിലാണ്. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യകരമായ ജീവിതം, സാമൂഹിക പിന്തുണ, ഉദാരത എന്നീ ക്ഷേമഘടകങ്ങളെ മാനദണ്ഡമാക്കിയാണ് രാജ്യങ്ങളുടെ സന്തോഷനില അളക്കുന്നത്.
ലക്ഷ്യം ഇന്ത്യയെ ക്ഷേമരാഷ്ട്രമാക്കുകയാണെങ്കിൽ കൃത്യമായ നയവും രാഷ്ട്രീയവും പാർട്ടികൾക്ക് ഉണ്ടാകണം. ഈ നാടിനെ പിറകിൽ നിന്ന് കുത്തിയവരെ കുടിയിരുത്തിയ പാർട്ടികളിൽ നിന്ന് സമ്മതിദായകന് അത് പ്രതീക്ഷിക്കാമോ? വെറുപ്പിന്റെ, വർഗീയതയുടെ കാർഡ് ഇറക്കി കളിക്കുന്നവരെ ഭരണം ഏൽപ്പിച്ചാൽ അവർക്ക് സന്തോഷനിലയുടെ മുൻനിരയിലേക്ക് രാജ്യത്തെ എത്തിക്കാനാകുമോ?
വർഷംതോറും കൂടുന്ന ഇന്ത്യൻ പൗരന്റെ ദുഃഖം, വോട്ടു ചെയ്താൽ കുറയുമോ എന്ന ചോദ്യവും ഇതിനൊപ്പം ഉയരേണ്ടതാണ്. യുഎന്നിന്റെ ഈ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരുടെ സന്തോഷം മുന്‍ വര്‍ഷത്തേക്കാള്‍ ഏഴു സ്ഥാനങ്ങള്‍ ഇടിഞ്ഞു. ഈ വര്‍ഷം ഇന്ത്യ നൂറ്റിനാല്പതാം സ്ഥാനത്തായി.
നാടിന്റെ അവസ്ഥ പരിതാപകരം തന്നെയെന്നു വിലപിക്കുകയാണോ, കാരണം മനസ്സിലാക്കി പ്രവർത്തിക്കുകയാണോ വേണ്ടത്? സന്തോഷനില വിലാപങ്ങൾക്കപ്പുറമാണ്. അപ്പോൾ കാരണം മനസ്സിലാക്കുക; നാടിന്റെ അവസ്ഥ പരിതാപകരമായതിന്റെ കാരണം.
രാജ്യത്തെ മോശം അവസ്ഥ
വികലമായ ഭരണകൂടം എപ്പോഴും സ്വാതന്ത്ര്യം ഹനിക്കും. ഇതിൽ വ്യക്തിസ്വാതന്ത്ര്യം മുതൽ കലാ-സാംസ്കാരിക സ്വാതന്ത്ര്യം വരെ ഉൾപ്പെടും.
വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നു, ഒപ്പം നാടുകടത്തൽ ഭീഷണിയും.
ആരോഗ്യകരമായ ജീവിതം സ്വപ്നമായി അവശേഷിക്കുന്നു. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാൻ ബിജെപി-ആർഎസ്എസ് ടീം നയിക്കുന്ന ഭരണകൂടംതന്നെ പദ്ധതികൾ (രാമ ജന്മഭൂമി-ബാബരി മസ്ജിദ് വിഷയം പോലെ) നടപ്പാക്കുന്നു.
രണ്ടു വാദങ്ങൾ
സമീപ കാലത്തെ രണ്ടു വാദങ്ങൾ ഇവയാണ്: ഒന്ന്: ബിജെപി സഖ്യത്തെ ഭരണം തുടരാൻ അനുവദിക്കുക.രണ്ട്: കോൺഗ്രസ്സ് നേതൃത്വത്തിലുള്ള സഖ്യത്തെ പകരമായി പരീക്ഷിക്കുക.
ഒന്നാം പരീക്ഷണം (എൻഡിഎ ഭരണം) നാം അനുഭവിക്കുന്നുണ്ട്. രണ്ടാം പരീക്ഷണം (കോൺഗ്രസ്സ് ഭരണം) ജനത്തിന് ഏറെ കഷ്ടപ്പാട് നൽകിയത് ചരിത്രമാണ്.
എന്‍ഡിഎ വന്നതിനുശേഷം വർഗീയകലാപങ്ങളിലും കന്നുകാലിക്കടത്തും കശാപ്പും ബന്ധപ്പെടുത്തി നടന്ന കൊലപാതകങ്ങളിലും രാജ്യം വലഞ്ഞു. പട്ടിണി സംബന്ധിച്ച 2017ലെ ലോകറിപ്പോര്ട്ട് പ്രകാരം, പട്ടിണി സൂചികയില്‍ 118 രാജ്യങ്ങളുടെ പട്ടികയില്‍ നൂറാം സ്ഥാനം എന്ന അപകീര്‍ത്തിയും ഇന്ത്യക്കുണ്ടായി.
മനുഷ്യവികസനം അളക്കുന്ന മനുഷ്യമൂലധനസൂചികയില് ഇന്ത്യ ഇപ്പോള്‍ പരിതാപകരമായ 115-ാം സ്ഥാനത്താണ്. ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളാകട്ടെ യഥാക്രമം 46, 48 എന്ന സ്ഥാനങ്ങള്‍ നേടി വളരെ മുമ്പിലാണെന്നും കാണാം.
കഴിഞ്ഞ വർഷം, വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യത്തെ അവലോകനംചെയ്തു പുറത്തുവന്ന ലോകജനാധിപത്യസൂചിക നോക്കുക. ഇന്ത്യയെ “വികല ജനാധിപത്യം” നിലനില്‍ക്കുന്ന രാജ്യങ്ങളൂടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്!
അഴിമതി അടിമുടി
യുപിഎയിലൂടെ നാം ഈ ‘വികല ജനാധിപത്യം’ അനുഭവിച്ചുകഴിഞ്ഞത് പറഞ്ഞു. അഴിമതിയില്‍ അടിമുടി മുങ്ങിക്കുളിച്ചാണ് യുപിഎ സര്‍ക്കാര്‍ പുറത്തുപോയത്. സ്പെക്ട്രം അഴിമതി സര്‍ക്കാറിനുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്.
വിലക്കയറ്റത്തിന് കാരണമെന്താണ്? ഇന്ധന വിലനിയന്ത്രണം എടുത്തുകളഞ്ഞ് കമ്പനിക്കള്‍ക്ക് കുത്തകലാഭം ഉണ്ടാകാൻ അവസരം ഉണ്ടാക്കിയത് ആരാണ്?
കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ. കുടുംബ രാഷ്ട്രീയത്തിൽ അഭിരമിക്കുന്ന രാഷ്ട്രീയമായിരുന്നു എന്നും കോണ്‍ഗ്രസിന്റേത്.
1991ലെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ നടപ്പിലാക്കിയശേഷം സാമ്പത്തിക അസമത്വം കുതിച്ചുയർന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ മുകള്‍ത്തട്ടിലെ ഒരു ശതമാനം പണക്കാരായ വ്യക്തികള്‍ രാജ്യത്തെ മൊത്തം ആസ്തിയുടെ 73% കൈവശം വെച്ചിരിക്കുകയാണ് എന്ന് ഓക്സ്ഫാം ഗവേഷണ സ്ഥാപനം കണ്ടെത്തിയിട്ടുണ്ട്. കുടുംബരാഷ്ട്രീയം, വർഗീയരാഷ്ട്രീയം പോലെതന്നെ വികല ജനാധിപത്യമാണ്. അപ്പോൾ അവരുടെ നയവും വികലമാകാതെ തരമില്ല.
നേരത്തെ പറഞ്ഞ രണ്ടു വാദങ്ങൾ രണ്ട് പരീക്ഷണങ്ങളായിരുന്നു. രണ്ടിൽ നിന്നും ഒരു പാഠം നമ്മൾ പഠിച്ചു – കോൺഗ്രസ്സും ബിജെപിയും തമ്മിൽ അടിസ്ഥാനപരമായി ഒന്നാണെന്ന്!