ദരിദ്രകുടുംബങ്ങൾക്ക് മാസം പന്ത്രണ്ടായിരം രൂപവെച്ച് മിനിമം വരുമാനം നൽകാൻ പുറപ്പെട്ടാൽ ഇന്ത്യ സോഷ്യലിസ്റ്റ് രാജ്യമാകില്ലേ?ഇന്ത്യയിൽ സാധാരണക്കാർക്കിടയിൽ വരുമാനം എന്ന കണക്കിൽപ്പെടുന്നത് സർക്കാർ വേതനം മാത്രമാണ്. ബാക്കിയുള്ളവ ‘വരുമാനം’ അല്ല. വരുമാന നികുതി നൽകാനുള്ള ശേഷിയാണ് ആണ് മറ്റൊരു വരുമാന മാനദണ്ഡം.
അങ്ങനെ നോക്കുമ്പോൾ 25 കോടിയല്ല രാജ്യത്തെ അറുപതുകോടി കുടുംബങ്ങൾക്ക് വർഷം 72000 രൂപവീതം നൽകേണ്ടി വരും! 432 ദശലക്ഷം കോടി വർഷത്തിൽ ഇങ്ങനെ കൊടുക്കാൻ കാണണം. അതിന്റെ ഇരട്ടി റവന്യൂ വരവുണ്ടായാലേ ഇത് സാധിക്കൂ.
ഇന്ത്യയുടെ റവന്യു വരുമാനം ഇന്ന് ഇതിന്റെ നാലിരട്ടിയുണ്ട്! എന്നാൽ ഇത് കൃത്യമായി പിരിച്ചെടുക്കാനും വിതരണം ചെയ്യാനും രാജ്യത്തിന് ‘സാധിക്കു’ന്നില്ല. പക്ഷെ കോർപറേറ്റ് തോഴൻ രഘുറാം രാജൻ (സബ്സിഡി നിർത്തണമെന്ന് അഭിപ്രായപ്പെട്ട റിസർവ്വ് ബാങ്ക് ഗവർണർ ) പിന്തുണച്ച സ്ഥിതിക്ക് ഇത്ര ഭീമമായ സംഖ്യ അറുപതുകോടി രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ സാധിക്കുമായിരിക്കും.
ഇത് സാധിക്കും. എങ്ങനെ? മാർക്സിയൻ സോഷ്യലിസ്റ്റ് എക്കണോമിയിൽ ഇത് സാധ്യമാണ്.വിഭവങ്ങളുടെ കൃത്യമായ വിതരണം എന്ന മാർക്സിയൻ സമ്പദ് ശാസ്ത്രത്തിൽ ഇതിനുള്ള വഴികൾ മാത്രമേ പറയുന്നുള്ളൂ.
പക്ഷെ, ഇന്ത്യ ഇന്ന് പിന്തുടരുന്നത് ശതകോടീശ്വരൻമാരെയും അതിദരിദ്രരെയും സൃഷ്ടിക്കുന്ന മുതലാളിത്ത സമ്പദ്ഘടന ആണല്ലോ. ആയതിനാൽ സാമ്പത്തികരംഗം പൊളിച്ചെഴുതിയാൽ മാത്രമേ ഇതുനടക്കൂ. അത് കോൺഗ്രസ്സിന്റെ പരിപാടിയിൽ പെട്ടതല്ലല്ലോ.
യഥാർത്ഥത്തിൽ കോൺഗ്രസ്സ് സ്വീകരിച്ചത് മിശ്ര സമ്പദ്ഘടനാ നയമായിരുന്നു. (1991ലെ നരസിംഹറാവു സർക്കാരിനു മുമ്പുവരെ. റാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻസിങ് തുറന്നവാതിൽ നയം സ്വീകരിച്ചു). രാഹുൽഗാന്ധി നെഹ്രുവിയൻ നയത്തിലേക്ക് തിരിച്ചുപോയി കോൺഗ്രസിന്റെ ആദർശമായ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ (ആവഡി സമ്മേളനപ്രമേയം) പുനഃസ്ഥാപിച്ചാൽ മാത്രമേ മേൽപറഞ്ഞ റവന്യൂ വരുമാനം രാജ്യത്തെ അറുപതുകോടി കുടുംബങ്ങളിൽ ശരിയായ രീതിയിൽ, കൃത്യമായി വിതരണം ചെയ്യൽ സാധ്യമാകൂ.
നടന്നാൽ, അതൊരു വിപ്ലവാത്മക തീരുമാനമാകും. അങ്ങനെ വരുമ്പോൾ ‘ഗരീബീഹഠാവോ’ പ്രാവർത്തികമാകും. രാജ്യവും കോൺഗ്രസും രക്ഷപ്പെടും.
രാഹുലിനെ അതുചെയ്യാൻ കോർപറേറ്റുകൾ സമ്മതിക്കുമോ?അതിനുള്ള ചങ്കുറപ്പ് രാഹുലിനുണ്ടോ?രഘുറാം രാജൻ സഹായിക്കുമോ?മൻമോഹൻജി സഹായിക്കുമോ? കോർപറേറ്റ് ഫണ്ട് പറ്റുന്ന കോൺഗ്രസുതന്നെ വെട്ടിലാകില്ലേ?ദാരിദ്യനിർമാർജ്ജനം എന്ന നന്മ ലക്ഷ്യംവെച്ചാണെങ്കിലും എത്രകാലം സർക്കാറുകൾ ഇങ്ങനെ 12000 രൂപ എക്കൗണ്ടിലേക്ക് ഇട്ടു നൽകും?
രാഹുൽ ഗാന്ധി ഇവയായിരുന്നില്ല പ്രഖ്യാപിക്കേണ്ടിയിരുന്നത്! ഭൂപരിഷ്കരണം. ഭൂരഹിത കർഷകർക്കടയിൽ നിലം വീതിക്കൽ, സാർവ്വത്രിക തൊഴിൽ, സ്വയം പര്യാപ്ത ഗ്രാമങ്ങൾ, സാർവ്വത്രിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ സൗകര്യം, കുടിവെള്ള പദ്ധതി, ആദിവാസി മേഖലകളിലെ ഖനന നിരോധനം, സ്ത്രീ സുരക്ഷ, കാർഷികോൽപന്നങ്ങൾക്ക് താങ്ങുവിലയും സബ്സിഡിയും, കർഷകർക്ക് പലിശരഹിത വായ്പ ഇങ്ങനെ തുടങ്ങി കാതലായ എന്തെല്ലാം പ്രശ്നങ്ങൾ!
വെറുതെ ശമ്പളം നൽകുന്നത് ഭൂഷണമോ? ഭാവിയിൽ അത് ദോഷംചെയ്യില്ലേ?രാഹുൽജി തെരഞ്ഞെടുപ്പുസമയത്ത് ഇത്തരം മണ്ടത്തരം എഴുന്നള്ളിച്ച് സ്വയം അപഹാസ്യനാകണോ?
ആ റഫാൽ രേഖ എൻ. റാമിന്റെ കയ്യിലുണ്ടെങ്കിൽ അതുവാങ്ങി ബിജെപിക്കെതിരെ ആഞ്ഞടിക്കുകയെങ്കിലും ചെയ്യൂ. ഇങ്ങനെ തമാശകൾ പറഞ്ഞു ഞങ്ങളെ ചിരിപ്പിക്കരുത്.
ഞങ്ങൾക്കിവിടെ ചിരിക്കാനൊന്നും നേരമില്ല, സോറി.