കെ മുരളീധരൻ പ്രസംഗിക്കുമ്പോൾ അവസാനംവരെ കേട്ടിരിക്കാൻ തോന്നും. കേരളത്തിലെ മറ്റു കോൺഗ്രസ്സ് നേതാക്കളുടെ പ്രസംഗത്തിലൊന്നും കാണാത്ത തീവ്രതയുണ്ട് മുരളീധരന്റെ വാക്കുകൾക്ക്. തീക്കൊള്ളികൊണ്ട് തലചൊറിയരുത്, മലർപ്പൊടിക്കാരന്റെ സ്വപ്നം തുടങ്ങിയ മുന തേഞ്ഞുപോയ പ്രയോഗങ്ങൾ അലസമായി ആവർത്തിക്കുന്ന അറുപഴഞ്ചൻ ചെന്നിത്തലയൻ ശൈലിയല്ല മുരളിയുടേത്. എതിരാളികളുടെ നെഞ്ചിൽ തറയ്ക്കുന്ന പ്രസംഗം. അതിൽ കറുത്ത ഹാസ്യമുണ്ട്; കേരളത്തിന്റെ സമീപഭൂതകാല രാഷ്ട്രീയ ചരിത്രമുണ്ട്.

കരുണാകരൻ പ്രസംഗം കൊണ്ടല്ല കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നത്; തന്ത്രങ്ങൾകൊണ്ടായിരുന്നു. ഒട്ടും ആകർഷണീയമല്ലായിരുന്നു ലീഡറുടെ പ്രസംഗശൈലി. ചില ആംഗ്യങ്ങൾ, കണ്ണിറുക്കലുകൾ എന്നിവകൊണ്ടൊക്കെ പറഞ്ഞുതുടങ്ങിയ ആശയങ്ങളെ പൂരിപ്പിക്കും, പൊതുയോഗത്തിലായാലും പത്രസമ്മേളനത്തിലായാലും, ലീഡർ. ചാരക്കേസിൽ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞശേഷം പുത്തരിക്കണ്ടം മൈതാനത്ത് ഐ ഗ്രൂപ്പ് പൊതുയോഗത്തിൽ ഉമ്മൻചാണ്ടിക്കെതിരായ രോഷമത്രയും കോരിച്ചൊരിഞ്ഞ പ്രസംഗമൊഴിച്ചാൽ എടുത്തുപറയാൻ തക്ക ആവേശകരമായ പ്രസംഗങ്ങൾ കുറവ്.

മുരളീധരനിലെത്തുമ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. പ്രസംഗത്തിന്റെ ശക്തി മുഴുവൻ കണ്ടത് ഡിഐസിയുടെ രൂപീകരണകാലത്താണ്. അന്ന് മുരളിയുടെ അമ്പ് കൊള്ളാത്ത കോൺഗ്രസ്സ് നേതാക്കൾ ഇല്ല. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നുവരെ വിശേഷിപ്പിക്കാൻ മുരളിക്ക് ഒരു ബോധ്യക്കുറവുമുണ്ടായില്ല. ഉരുക്കുമനുഷ്യനായി വിശേഷിപ്പിക്കപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നാട്ടിൽനിന്നു വരുന്ന അഹമ്മദ് പട്ടേലിന് അലുമിനിയത്തിന്റെ ശക്തിയേ ഉള്ളൂ എന്ന് കോൺഗ്രസ്സുകാർക്കൊക്കെ ബോധ്യപ്പെട്ട കാലത്തായിരുന്നു കുറിക്കുകൊള്ളിച്ച് മുരളിയുടെ കൊള്ളിവാക്ക്.

ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എ ഗ്രൂപ്പിന് വേണ്ടി കളം നിറഞ്ഞു കളിച്ച രാജ്മോഹൻ ഉണ്ണിത്താനും എതിരെ നടത്തിയ ആക്രമണങ്ങൾ രാഷ്ട്രീയകേരളം ഉദ്വേഗത്തോടെ കണ്ടുനിന്നു. വടക്കാഞ്ചേരിയിൽ, കൊടുവള്ളിയിൽ എല്ലാം എ ഗ്രൂപ്പുകാർ ‘വാരിത്തോൽപ്പി’ച്ചപ്പോൾ കുറേക്കാലം നിശബ്ദനായി. ആദ്യം ഡിഐസിയെ നയിച്ച് എൽഡിഎഫുമായി തെരഞ്ഞെടുപ്പ് സഖ്യത്തിലേർപ്പെട്ടു. ഡിഐസി വേണ്ടെന്നുവച്ച് അച്ഛനെക്കൂട്ടാതെ എൻസിപിയിൽ പോയി. ഒടുവിൽ ഏറെ അവഹേളനങ്ങൾ നേരിടേണ്ടിവന്നെങ്കിലും കൂസാതെ തിരികെ മാതൃസംഘടനയിൽ.

കോൺഗ്രസ്സിന് പുറത്തുള്ളപ്പോഴും അകത്തുള്ളപ്പോഴും ലീഗുകാരെ ആക്ഷേപിക്കാൻ മടി കാട്ടിയില്ല. അപ്പോഴും, കോഴിക്കോട് ഉൾപ്പെടെ, മലബാറിലെയാകെ, മുസ്ലിം ജനസാമാന്യവുമായി അടുപ്പം നിലനിർത്തി, അച്ഛന്റെ അതേ മാതൃകയിൽ പുത്രൻ. എല്ലാ ഹൈന്ദവ സാമുദായിക സംഘടനാനേതൃത്വങ്ങളുമായും അടുത്ത ബന്ധം പാലിച്ചു. അതേസമയം, ആർ എസ് എസ്സിനും അപ്രാപ്യനല്ലെന്ന തോന്നലും സൃഷ്ടിച്ചു. അച്ഛനോളം ഭക്തനായി അറിയപ്പെട്ടില്ലെങ്കിലും നായർമലയാളവും ഉചിതമായ അവസരങ്ങളിലൊക്കെ നെറ്റിയിൽ പതിക്കുന്ന ചന്ദനക്കുറിയും വ്യക്തമായ ഹിന്ദു അപ്പീൽ ഉണ്ടാക്കി. കോൺഗ്രസ്സ് പ്രവർത്തകർ മുരളിയേട്ടൻ എന്ന് വിളിക്കുന്നിടത്തൊക്കെ പോകാൻ തയ്യാറായി.

ബിജെപിക്ക് സ്തുതി പാടാനും ബിജെപി നേതാക്കളുമായി നല്ലബന്ധം ഉണ്ടാക്കാനും രമേശ് ചെന്നിത്തലയെപ്പോലുള്ള കോൺഗ്രസ്സ് നേതാക്കളും മത്സരിച്ചപ്പോൾ ബിജെപിക്കെതിരെ മുരളീധരൻ നടത്തിയ പ്രസംഗങ്ങൾ വൈറലായി. ബ്രിട്ടീഷുകാർ ഷൂസിൽ അല്പം വിഷം പുരട്ടിയിരുന്നെങ്കിൽ സംഘപരിവാറുകാരെക്കൊണ്ടുള്ള ശല്യം എന്നേ തീരുമായിരുന്നു എന്നായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ട ആ പ്രസംഗത്തിന്റെ ഹൈലൈറ്റ്.

വടകരയിലെ സ്ഥാനാർത്ഥിത്വം ഉമ്മൻചാണ്ടിയുടെയോ മുല്ലപ്പള്ളിയുടെയോ പേരിൽ വരവ് വെക്കാനുള്ള ശ്രമം കേരളത്തിലാരും വിശ്വസിക്കാൻ പോകുന്നില്ല. നാലരനാൾ നീണ്ട തർക്കത്തിനൊടുവിൽ രാഹുൽഗാന്ധി തന്നെയാണ് മുരളീധരനെ വടകര മണ്ഡലത്തിലേക്ക് നിയോഗിച്ചത്. തർക്കം തീർക്കൽ അതിലെ അടിയന്തരലക്ഷ്യം മാത്രം. ആത്യന്തികലക്ഷ്യം കേരളത്തിലെ കോൺഗ്രസ്സിനെ ഒന്നു വെളുപ്പിച്ചെടുക്കലാണെന്നത് വ്യക്തം. വേണ്ടിവന്നാൽ അടുത്ത മുഖ്യമന്ത്രിസ്ഥാനാർത്ഥിയെവരെ രാഹുൽ ഇതിന്റെ തുടർച്ചയായി മുരളീധരനിൽ കണ്ടെടുത്തേക്കും.

ആരുകണ്ടില്ലെങ്കിലും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം കോൺഗ്രസ്സ് തലപ്പത്തുള്ളവർക്കെല്ലാം ആ നിലക്കുള്ള മുരളിയുടെ ‘മാസ്സ് എൻട്രി’യുടെ അർത്ഥം പിടികിട്ടും. ഇവരെല്ലാം കൂടി ഒരുമ്പെട്ടാൽ കോടിയേരി ബാലകൃഷ്ണൻ പ്രവചിച്ചപോലെ, കൊടുവള്ളിയിലും വടക്കാഞ്ചേരിയിലും കണ്ട ‘മാസ്സ് എക്സിറ്റും’ മുരളിയെ കാത്തിരിക്കും.