COVID-19 പൊട്ടിപ്പുറപ്പെട്ടതിന്റെയും അതിന്റെ ഫലമായി രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിന്റെയും ഏറ്റവും ഹൃദയസ്പൃക്കായ നേർചിത്രം കുടിയേറ്റത്തൊഴിലാളികൾ അനുഭവിക്കുന്ന യാതനയാണ്. പക്ഷെ അവരുടേത് ഒരു പുതിയ കഥയല്ല. ഇന്ത്യൻ സമ്പത്ഘടനയുടെ സമീപകാല ചരിത്രത്തിന്റെ ഭൂരിഭാഗത്തിലും അദൃശ്യരായിരുന്ന അവരെ ശ്രദ്ധിക്കാൻ ഇന്ത്യയ്ക്ക് ഒരു മഹാമാരി വേണ്ടിവന്നു എന്നതാണ് സത്യം.
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ (PARI) സ്ഥാപകനും റാമോൺ മഗ്സേസെ അവാർഡ് ജേതാവുമായ പി. സായ്നാഥുമായി ഫസ്റ്റ് പോസ്റ്റ് ലേഖകൻ പാർത്ഥ എം. എൻ നടത്തിയ അഭിമുഖസംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ.
*അടുത്തിടെ മധ്യപ്രദേശിൽ നിന്നുള്ള 16 തൊഴിലാളികൾ ഔറങ്കബാദിൽ ട്രെയിനിനടിയിൽ മരിച്ചു. നമ്മളിൽ പലരുടെയും ആദ്യചോദ്യം മരിച്ച തൊഴിലാളികൾ ട്രാക്കുകളിൽ ഉറങ്ങാൻ കിടന്നതെന്തിനെന്നായിരുന്നു; അവരെ വീട്ടിലേക്ക് നടക്കാൻ പ്രേരിപ്പിച്ചവരെക്കുറിച്ചല്ല എന്നത് നമ്മളെക്കുറിച്ച് എന്താണ് പറയുന്നത്?*
എത്ര ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾ ട്രെയിനിനടിയിൽ തകർന്ന തൊഴിലാളികളുടെ പേരുകൾ നൽകാൻ മെനക്കെട്ടു? ആ മനുഷ്യർക്ക് വെറുതെ, പേരോ മുഖമോ ഒന്നുമില്ലാതെ പോകേണ്ടിവന്നു. അതാണ് ദരിദ്രരോടുള്ള നമ്മുടെ മനോഭാവം. ഇത് ഒരു വിമാനാപകടമായിരുന്നുവെങ്കിൽ, വിവരങ്ങൾ നൽകുന്ന ഹെൽപ്പ് ലൈനുകൾ സ്ഥാപിക്കപ്പെട്ടേനെ. അപകടത്തിൽ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽപ്പോലും അവരുടെ പേരുകളെല്ലാം പത്രങ്ങളിൽ പ്രത്യക്ഷപ്പെടും. എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള പതിനാറു പാവങ്ങൾ, എട്ട് പേർ ഗോണ്ട് ആദിവാസികൾ, ആര് ശ്രദ്ധിക്കുന്നു? വീട്ടിലേക്കുള്ള വഴികാട്ടിയായി അവർക്ക് ആ റെയിൽവേ ലൈനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു; തങ്ങളെ വീട്ടിലെത്തിക്കുന്ന ഏതെങ്കിലും ഒരു ട്രെയിൻ വരുമെന്ന് അവർ പ്രതീക്ഷിച്ച ഒരു സ്റ്റേഷനിലേക്ക്. ക്ഷീണംകൊണ്ടും, ആ വഴി ട്രെയിനുകൾ ഉണ്ടാകില്ല എന്ന് കരുതിയതുകൊണ്ടുമാകും അവർ ട്രാക്കിൽ കിടന്നു മയങ്ങിയത്.
*ഇത്രയും വലിയ മനുഷ്യസമ്പത്ത് ഉള്ള ഈ രാജ്യത്ത് തൊഴിലാളികളുമായി സർക്കാരുകളുടെ ആശയവിനിമയത്തെക്കുറിച്ച് താങ്കൾ എന്തു വിചാരിക്കുന്നു?*
നൂറ്റിമുപ്പതുകോടി മനുഷ്യരുടെ ഒരു രാജ്യത്തിന് അവരുടെ ജീവിതം അടച്ചുപൂട്ടാൻ നമ്മൾ നൽകിയത് വെറും നാലുമണിക്കൂറാണ്. നമ്മുടെ പേരുകേട്ട സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ഒരാളായ എം ജി ദേവാസഹയം പറഞ്ഞത്, “ഒരു ചെറിയ കാലാൾപ്പടയെ ഒരു പ്രധാന ദൗത്യത്തിന് വിടുന്നതിനുപോലും നാല് മണിക്കൂറിലധികം നോട്ടീസ് നൽകും.” കുടിയേറ്റ തൊഴിലാളികളുമായി നമ്മൾ യോജിച്ചാലും ഇല്ലെങ്കിലും, തിരിച്ചു പോകാനുള്ള അവരുടെ യുക്തി തികച്ചും ന്യായമാണ്. അവർക്കറിയാം – നമ്മളത് ഓരോ നിമിഷവും വീണ്ടും വീണ്ടും തെളിയിക്കുന്നുമുണ്ട് – അവരുടെ ഗവൺമെന്റുകൾ, ഫാക്ടറി ഉടമകൾ, നമ്മളെപ്പോലെയുള്ള മധ്യവർഗ തൊഴിലുടമകൾ ഇവരൊക്കെ എത്രമാത്രം വിശ്വസിക്കാൻ കൊള്ളാത്തവരും ശ്രദ്ധയില്ലാത്തവരും ക്രൂരരുമാണെന്ന്. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളിലൂടെ ഞങ്ങൾ അത് തെളിയിക്കുന്നു.
നമ്മൾ പരിഭ്രാന്തി സൃഷ്ടിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ ദേശീയപാതയിലിറക്കി നിങ്ങൾ രാജ്യത്തെ മുഴുവൻ കുഴപ്പത്തിലാക്കി. വെറുതെ അടച്ചിട്ട വിവാഹ ഹാളുകൾ, സ്കൂളുകൾ, കോളേജുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ ഇവയൊക്കെ കുടിയേറ്റക്കാർക്കും ഭവനരഹിതർക്കും അഭയ കേന്ദ്രങ്ങളാക്കി മാറ്റേണ്ടതായിരുന്നു. നമ്മൾ വിദേശത്ത് നിന്ന് മടങ്ങുന്ന ആളുകൾക്കായി സ്റ്റാർ ഹോട്ടലുകളെ ക്വറന്റീൻ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.
തൊഴിലാളികൾക്കായി നമ്മൾ ട്രെയിനുകൾ ക്രമീകരിക്കുമ്പോൾ, ഞങ്ങൾ അവർക്ക് മുഴുവൻ നിരക്കും ഈടാക്കുന്നു. പിന്നെ നമ്മൾ എസി ട്രെയിനുകളിലും രാജധാനിയും ഒക്കെയായി 4,500 രൂപ പറയുന്നു. അതും പോരെങ്കിൽ, അവർക്കെല്ലാം സ്മാർട്ട്ഫോണുകൾ ഉണ്ടെന്ന മുൻവിധിയോടെ ടിക്കറ്റ് ഓൺലൈൻ ആയി മാത്രം ബുക്ക് ചെയ്യാമെന്ന് പറയുന്നു. അവരിൽ ചിലർ ആ ടിക്കറ്റുകൾ വാങ്ങുന്നു. കർണാടകയിൽ, അടിമകൾ രക്ഷപ്പെടുന്നുവെന്ന് വിലപിക്കുന്ന കെട്ടിട നിർമ്മാതാക്കളെ അവിടുത്തെ മുഖ്യമന്ത്രി കണ്ടതിനു പിറകെ ഈ ടിക്കറ്റുകൾ റദ്ദാക്കുന്നു.
സത്യത്തിൽ നിങ്ങൾ സാക്ഷ്യം വഹിക്കുന്നത് ഒരു പ്രതീക്ഷിത അടിമ കലാപം അടിച്ചമർത്തുന്നതാണ്.
നമുക്ക് എല്ലായ്പ്പോഴും ദരിദ്രർക്ക് ഒരു മാനദണ്ഡവും മറ്റുള്ളവർക്ക് ഇനിയൊരു മാനദണ്ഡവുമുണ്ട്. എന്നിരുന്നാലും, നിങ്ങൾ അവശ്യ സേവനങ്ങളുടെ കണക്കെടുക്കുമ്പോൾ, ഡോക്ടർമാരേക്കാൾ അത്യാവശ്യമാണ് പാവപ്പെട്ടവർ എന്ന് നിങ്ങൾ കണ്ടെത്തുന്നു. പല നഴ്സുമാർക്കും സാമ്പത്തികഭദ്രതയില്ല. ശുചീകരണ തൊഴിലാളികൾ, ആശാ തൊഴിലാളികൾ, അംഗൻവാടി തൊഴിലാളികൾ, വൈദ്യുതി-ഊർജ്ജമേഖലയിലെ തൊഴിലാളികൾ , ഫാക്ടറി തൊഴിലാളികൾ എന്നിവരുമുണ്ട്. ഈ രാജ്യത്തിനു വരേണ്യവർഗം എത്രമാത്രം അത്യാവശ്യമില്ലാത്തവരാണ് എന്നത് പെട്ടെന്നു തെളിഞ്ഞു.
*കുടിയേറ്റം പതിറ്റാണ്ടുകളായി സംഭവിക്കുന്നു. ലോക്ക്ഡൗണിന് മുമ്പുതന്നെ അവരുടെ അവസ്ഥ ദയനീയമായിരുന്നു താനും. കുടിയേറ്റ തൊഴിലാളികളോട് നമ്മൾ പൊതുവായി പെരുമാറുന്ന രീതി നിങ്ങൾ എങ്ങനെ കാണുന്നു?*
പലതരം കുടിയേറ്റക്കാരുണ്ട്. എന്നാൽ കുടിയേറ്റത്തിന്റെ വർഗവ്യത്യാസങ്ങൾ നിങ്ങൾ മനസ്സിലാക്കണം. ഞാൻ ജനിച്ചത് ചെന്നൈയിലാണ്. ഞാൻ നാലുവർഷം താമസിച്ചിരുന്ന ദില്ലിയിലാണ് ഉന്നത വിദ്യാഭ്യാസം നടത്തിയത്. പിന്നീട് മുംബൈയിലേക്ക് കുടിയേറി; 36 വർഷമായി ഞാൻ ഇവിടെ താമസിക്കുന്നു. ഞാൻ നടത്തിയ ഓരോ സ്ഥലംമാറ്റവും എനിക്ക് ഗുണം ചെയ്തു, കാരണം ഞാൻ ഒരു പ്രത്യേക വർഗ്ഗത്തിൽ നിന്നും ജാതിയിൽ നിന്നുമാണ്. എനിക്ക് സാമൂഹിക മൂലധനവും ബന്ധങ്ങളും ഉണ്ട്.
കുടിയേറ്റക്കാർ രണ്ടുവിധമുണ്ട് – ദീർഘകാല കുടിയേറ്റക്കാരുണ്ട്, എ മുതൽ ബി വരെ പോയി സ്ഥിരമായി ബിയിൽ തുടരുന്നവർ. പിന്നെ സീസണൽ കുടിയേറ്റക്കാരുണ്ട്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിലെ കരിമ്പ് തൊഴിലാളികൾ അഞ്ചുമാസക്കാലം കർണാടകയിലേക്ക് കുടിയേറി അവിടെ ജോലി ചെയ്യുകയും ശേഷം അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നു. വിനോദസഞ്ചാര സീസണിൽ റായ്പൂരിലേക്ക് പോയി റിക്ഷകൾ വലിക്കുന്ന കലാഹണ്ടിയിൽ നിന്നുള്ള കുടിയേറ്റക്കാരുണ്ട്. ഒഡീഷയിലെ കോരാപുട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിജയനഗരത്തിന്റെ ഇഷ്ടിക ചൂളകളിലേക്ക് കുറച്ചുകാലത്തേക്ക് പോകുന്നവരുണ്ട്
മറ്റ് ഗ്രൂപ്പുകളും ഉണ്ട് – എന്നാൽ നമ്മുടെ ശ്രദ്ധ വേണ്ടത് ലക്ഷ്യമില്ലാത്ത (footloose ) കുടിയേറ്റ തൊഴിലാളികൾ എന്ന് വിളിക്കുന്നവരാണ്. ഇവർക്ക് അന്തിമ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. അവർ ഒരു കരാറുകാരനോടൊപ്പം വന്ന് മുംബൈയിലെ ഒരു നിർമ്മാണ സ്ഥലത്ത് 90 ദിവസം ജോലി ചെയ്യും. ആ കാലയളവ് അവസാനിക്കുമ്പോൾ, അവർക്ക് ഒന്നുമില്ല. കരാറുകാരൻ അവരെ മഹാരാഷ്ട്രയുടെ മറ്റേതെങ്കിലും ഭാഗത്തുള്ളവരുമായി ബന്ധപ്പെടുകയും അങ്ങോട്ട് ബസ് കയറ്റി വിടുകയും ചെയ്യും. ഇതിങ്ങനെ അനിശ്ചിതമായി തുടരുന്നു. തീർത്തും അനന്തമായ അരക്ഷിതമായ ഒരു കഷ്ടജീവിതമാണിത്. അങ്ങനെ ദശലക്ഷക്കണക്കിനുപേരുണ്ട്.
*എപ്പോഴാണ് കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയത്?*
ഒരു നൂറ്റാണ്ടിലേറെയായി കുടിയേറ്റം നടക്കുന്നു. എന്നാൽ കഴിഞ്ഞ 28 വർഷത്തിനുള്ളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുംവലിയ കുടിയേറ്റ പ്രവാഹങ്ങൾ 2001 നും 2011 നും ഇടയിൽ രാജ്യം കണ്ടതായി 2011 ലെ സെൻസസ് വ്യക്തമാക്കുന്നു. 2011 ലെ സെൻസസ് പ്രകാരം 1921 ന് ശേഷം ആദ്യമായി നഗരങ്ങളിലെ ജനസംഖ്യാവർദ്ധന ഗ്രാമങ്ങളിലെ വർദ്ധനയെ മറികടന്നു. ജനസംഖ്യാ നിരക്കിന്റെ വളർച്ച നഗരപ്രദേശങ്ങളിൽ വളരെ ചെറുതാണ്, എന്നിട്ടും നഗരങ്ങളിലെ ആളുകൾ കൂടുതലായിരുന്നു.
എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽനടന്ന ചാനൽ ചർച്ചകളിലും മറ്റും കുടിയേറ്റ തൊഴിലാളികളെക്കുറിച്ചും ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കു കുടിയേറ്റം നടന്നതിന്റെ തീവ്രതയെക്കുറിച്ചുമൊക്കെ എത്രപേർ ചർച്ച ചെയ്തു?
*കുടിയേറ്റത്തെക്കുറിച്ചുള്ള ഏത് ചർച്ചയും ഗ്രാമത്തിലെ ദുരിതങ്ങൾ പരാമർശിക്കാതെ അപൂർണ്ണമാണ്. അതല്ലേ കുടിയേറ്റത്തിന്റെ അടിസ്ഥാന കാരണം?*
നമ്മൾ കൃഷിയെ തകർത്തു, ഒപ്പം ദശലക്ഷക്കണക്കിന് പേരുടെ ഉപജീവനമാർഗങ്ങൾ തകർന്നു. ഗ്രാമീണ തൊഴിലുകളെല്ലാം ഇതേ അവസ്ഥയിലാണ്. കൃഷിക്കുശേഷം രാജ്യത്തെ ഏറ്റവും അധികം തൊഴിലുകൾ കൈത്തറി-കരകൗശല മേഖലയിലാണ്. വഞ്ചിക്കാർ, മത്സ്യത്തൊഴിലാളികൾ, കള്ള് ചെത്തുകാർ, കളിപ്പാട്ട നിർമ്മാതാക്കൾ, നെയ്ത്തുകാർ; ഒന്നിനു പുറകെ ഒന്നായി ഓരോ തൊഴിലും ഇല്ലാതായി. അവർക്ക് വേറെന്തു വഴിയുണ്ട്? കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിലേക്ക് മടങ്ങിവരുമോ? എന്തുകൊണ്ടാണ് അവർ ആദ്യം ഇവിടെ വന്നത്?
കുടിയേറ്റ തൊഴിലാളികളുടെ വലിയൊരു പങ്കും നഗരങ്ങളിലേക്ക് മടങ്ങിവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ അതിനു വളരെയധികം സമയമെടുക്കും. എന്നാൽ ഗ്രാമങ്ങളിൽ അവർക്ക് ഉണ്ടായിരുന്ന ഓപ്ഷനുകൾ നമ്മൾ പണ്ടേ നശിപ്പിച്ചു. ചുളുവിൽ അവരുടെ അദ്ധ്വാനം ലഭിക്കാൻ.
*നിരവധി സംസ്ഥാനങ്ങൾ തൊഴിൽ നിയമങ്ങളിൽ വരുത്തിയ ഇളവുകളെ നിങ്ങൾ എങ്ങനെ കാണുന്നു?*
ആദ്യമായി, ഇത് ഓർഡിനൻസിലൂടെ ഭരണഘടനയെയും നിലവിലുള്ള നിയമങ്ങളെയും ദുർബലപ്പെടുത്തുകയാണ്. രണ്ടാമതായി, ഇത് ഓർഡിനൻസിലൂടെ അടിമവേലയുടെ വിജ്ഞാപനം ഇറക്കുക ആണ്. മൂന്നാമത്, ഇത് യഥാർത്ഥത്തിൽ തൊഴിൽസംസ്കാരത്തെ 100 വർഷം പിന്നോട്ട് നടത്തുന്നു. ലോകത്തിലെ എല്ലാ കൺവെൻഷനുകളും എട്ട് മണിക്കൂർ പ്രവൃത്തി ദിനത്തെ മാനിക്കുന്നു എന്നതാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം.ഗുജറാത്ത് വിജ്ഞാപനം നോക്കൂ. തൊഴിലാളികൾക്ക് ഓവർടൈം നൽകില്ലെന്ന് അതിൽ പറയുന്നു. അധിക മണിക്കൂറുകൾക്ക് ഓവർടൈം വേതനം രാജസ്ഥാൻ സർക്കാർ നൽകുന്നുണ്ടെങ്കിലും ആഴ്ചയിൽ 24 മണിക്കൂർ എന്ന പരിധിയുണ്ട്. ആറ് പ്രവർത്തിദിനങ്ങളിലായി ദിവസത്തിൽ 12 മണിക്കൂർ ജോലി ചെയ്യും. ഫാക്ടറീസ് നിയമം ഉദ്ധരിച്ചാണ് ഇത് മുഴുവൻ ചെയ്തിരിക്കുന്നത്. ഒരു തൊഴിലാളിയോട് ജോലി ചെയ്യാൻ ആവശ്യപ്പെടാവുന്ന പരമാവധി സമയം – ഓവർടൈം ഉൾപ്പെടെ – 60 മണിക്കൂറാണെന്ന് അതിൽ പറയുന്നു. എന്നാൽ ദിവസത്തിൽ 12 മണിക്കൂറിൽ എന്ന കണക്കിൽ ഇത് 72 മണിക്കൂറാണ് ആവുന്നത്. ഏറ്റവും പ്രധാനമായി, അധിക സമയം പണിയെടുക്കണോ വേണ്ടയോ എന്ന് തൊഴിലാളികൾക്ക് പറയാനാകില്ല. കൂടുതൽ പ്രവൃത്തി സമയത്തോടൊപ്പം ഉൽപാദനക്ഷമത വർദ്ധിക്കുമെന്ന അനുമാനമുണ്ട്. എന്നാൽ, ഇത് മുൻപ് നടന്ന നിരവധി പഠനങ്ങൾക്ക് വിരുദ്ധമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ ഒരുപാട് ഫാക്ടറികൾ എട്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള ദിനം സ്വീകരിച്ചു; കാരണം തൊഴിലാളിയുടെ ക്ഷീണം കാരണം അധികമുള്ള മണിക്കൂറുകളിൽ ഉൽപാദനക്ഷമത വല്ലാതെ കുറഞ്ഞുവെന്ന് പഠനങ്ങൾ തെളിയിച്ചു.
ഇനി ഇതൊന്നുമല്ലെങ്കിൽ പോലും, ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കെതിരായ ആക്രമണമാണ്. അടിമത്തമാണ്. ഭരണകൂടം കോർപറേറ്റുകൾക്കായി പ്രവർത്തിക്കുന്ന വെറും ദല്ലാളായി മാറുന്നു. ഏറ്റവും ദുർബലരായ വിഭാഗങ്ങളായ ദലിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരെ ഇത് ബാധിക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യയിലെ തൊണ്ണൂറ്റിമൂന്ന് ശതമാനം തൊഴിലാളികൾക്കും അനൗപചാരിക മേഖലയിൽ ജോലി ചെയ്യുന്നതിനാൽ യാതൊരു അവകാശങ്ങളും ഇല്ലാത്ത സ്ഥിതിയാണ്. “ശേഷിക്കുന്ന ഏഴ് ശതമാനത്തിന്റെ അവകാശങ്ങളും നശിപ്പിക്കാം” എന്ന് നമ്മൾ പറയാൻ ശ്രമിക്കുകയാണ്. തൊഴിൽ നിയമങ്ങളിലെ മാറ്റത്തിനൊപ്പം നിക്ഷേപം വരുമെന്ന് സംസ്ഥാനങ്ങൾ വാദിക്കുന്നു. മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ, മെച്ചപ്പെട്ട അവസ്ഥ, പൊതുവെ സുസ്ഥിരമായ ഒരു സമൂഹം എന്നിവയുള്ള സ്ഥലങ്ങളിലേക്കാണ് നിക്ഷേപം വരുന്നത്. ഉത്തർപ്രദേശ് ഇതിലൊന്നായിരുന്നുവെങ്കിൽ, ഇന്ത്യയിലുടനീളം ഏറ്റവും കൂടുതൽ തൊഴിലാളികൾ കുടിയേറുന്ന സംസ്ഥാനമായിരിക്കില്ല ഇത്.
*ഈ നീക്കത്തിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കാം?*
ഭരണഘടനാപരവും നിയമപരവുമായ സങ്കീർണതകൾ കാരണം തൊട്ടുകളിക്കാൻ സാധിക്കാത്ത മൂന്നോ നാലോ നിയമങ്ങൾ ഒഴികെ ഉത്തർപ്രദേശും മധ്യപ്രദേശും എല്ലാ തൊഴിൽ നിയമങ്ങളും മൂന്ന് വർഷത്തേക്ക് ഇളവുചെയ്തു. സ്ഥിതിഗതികൾ എത്ര ദയനീയമാണെന്നത് പ്രശ്നമല്ലെന്ന് നിങ്ങൾ പറയുന്നു, തൊഴിലാളികൾ ജോലി ചെയ്യണം. നിങ്ങൾ അവരെ മനുഷ്യരല്ലാതാക്കുകയാണ്. വായുസഞ്ചാരമോ വിശ്രമമോ എന്തിനു ശുചിമുറിയിൽ പോകാനുള്ള ഇടവേള പോലും അവരുടെ അവകാശങ്ങളല്ല എന്ന്. ഇത് മുഖ്യമന്ത്രിമാരുടെ ഓർഡിനൻസാണ്, ഇതിന് പിന്നിൽ നിയമനിർമ്മാണ പ്രക്രിയകളൊന്നുമില്ല.
*മുന്നോട്ട് പോകുന്നതിന് നമ്മൾ എന്താണ് ചെയ്യേണ്ടത്?*
നാം തീർച്ചയായും രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ സമൂഹത്തിലെ ഭീകരമായ അസമത്വങ്ങൾ ഈ മഹാമാരി അവരെ ബാധിക്കുന്ന രീതിപോലും വ്യത്യാസമാണ്. ഇവിടെ നടക്കുന്നത് നിരവധി അന്താരാഷ്ട്ര തൊഴിൽ കൺവെൻഷനുകളുടെ ലംഘനമാണ്. ബി ആർ അംബേദ്കർ ഇത് വ്യക്തമായി കണ്ടു. നമ്മൾ സംസാരിക്കേണ്ടത് സർക്കാരിനെക്കുറിച്ചല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. തൊഴിലാളികൾ തൊഴിലാളികൾ ബിസിനസിന്റെ ഔദാര്യത്തിൽ ആകുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കണം. അദ്ദേഹം കൊണ്ടുവരാൻ സഹായിച്ച നിയമങ്ങൾ സംസ്ഥാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ്.
* മടങ്ങുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും അസംതൃപ്തരായ, ചോരത്തിളപ്പുള്ള ചെറുപ്പക്കാർ ആണ്. നമ്മൾ ഒരു അഗ്നിപർവ്വതത്തിൽ ഇരിക്കുകയാണോ?*
അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയാണ്. നമ്മളത് കാണാതിരിക്കാൻ ശ്രമിക്കുകയും. ഒരു സമൂഹമെന്ന നിലയിൽ സർക്കാരുകളുടെയും മാധ്യമങ്ങളുടെയും ഫാക്ടറി ഉടമകളുടെയും നമ്മുടെയും കാപട്യം നോക്കൂ. മാർച്ച് 26 വരെ നമ്മൾ ഒരിക്കലും കുടിയേറ്റ തൊഴിലാളിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പെട്ടെന്ന്, അവരെ ദശലക്ഷക്കണക്കിന് തെരുവുകളിൽ കാണുന്നു. കിട്ടിക്കൊണ്ടിരുന്ന സേവനങ്ങൾ നഷ്ടമായതിനാൽ നമുക്ക് ബുദ്ധിമുട്ട് തോന്നുന്നു. മാർച്ച് 26 വരെ നമുക്കതിൽ ഒരു ലജ്ജയും തോന്നിയിട്ടില്ല. അവരെ തുല്യ അവകാശമുള്ള മനുഷ്യരായി കരുതിയില്ല.
ഒരു പഴയ ചൊല്ലുണ്ട്: ദരിദ്രർ സാക്ഷരരാകുമ്പോൾ, സമ്പന്നർക്ക് അവരുടെ പല്ലക്ക് വഹിക്കുന്നവരെ നഷ്ടപ്പെടും. പെട്ടെന്ന്, നമുക്ക് നമ്മുടെ പല്ലക്ക് വഹിക്കുന്നവരെ നഷ്ടപ്പെട്ടു.
*കുടിയേറ്റം പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും എങ്ങനെ ബാധിക്കുന്നു?*
ഇത് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകിച്ചും വിനാശകരമാണ്. പോഷകാഹാരത്തിന്റെ കുറവുള്ളിടത്തെല്ലാം സ്ത്രീകളും പെൺകുട്ടികളുമാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്. ആരോഗ്യപരമായി അവർ അവിശ്വസനീയമാംവിധം ദുർബലരാണ്. ചെറുപ്പക്കാരായ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ അപൂർവമായേ ചിന്തയിൽ വരൂ. രാജ്യത്തുടനീളമുള്ള സ്കൂളുകളിലെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് സൗജന്യ സാനിറ്ററി നാപ്കിനുകൾക്ക് അർഹതയുണ്ട് – പെട്ടെന്ന് സ്കൂളുകൾ അടച്ചു, ബദലുകളൊന്നും നൽകിയിട്ടില്ല. അതിനാൽ ദശലക്ഷക്കണക്കിന് ആളുകൾ ശുചിത്വമില്ലാത്ത ബദലുകളിലേക്ക് മടങ്ങുകയാണ്
*കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു നടക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്?*
കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും വളരെ ദൂരം നടന്നിട്ടുണ്ട്. ഉദാഹരണത്തിന്, കുടിയേറ്റ തൊഴിലാളികൾ അവരുടെ ഫാക്ടറിയിൽ നിന്നോ ഗുജറാത്തിലെ മധ്യവർഗ തൊഴിലുടമകളിൽ നിന്നോ ദക്ഷിണ രാജസ്ഥാനിലേക്ക് മടങ്ങുന്നു. എന്നാൽ അത് വ്യത്യസ്ത സാഹചര്യങ്ങളിൽ ആണ്.
അവർ 40 കിലോമീറ്റർ നടക്കുന്നു, ഒരു ധാബയിലോ ചായക്കടയിലോ നിർത്തുന്നു, അവിടെ ജോലിചെയ്യുന്നു, പകരം ഭക്ഷണം കഴിക്കുന്നു. രാവിലെ യാത്ര തുടരുന്നു. അടുത്ത വലിയ ബസ് സ്റ്റേഷൻ – അവിടെയും അങ്ങനെ തന്നെ ചെയ്യുന്നു. അങ്ങനെയാണ് അവർ വീട്ടിലേക്ക് മടങ്ങുന്നത്. ഈ സ്ഥലങ്ങളെല്ലാം അടച്ചുകഴിഞ്ഞാൽ അവർക്ക് നിർജ്ജലീകരണം, വിശപ്പ്, വയറിളക്കം, മറ്റ് രോഗങ്ങൾ എന്നിവ ഉണ്ടാകുന്നു.
*അവരുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ഭാവിയിൽ നമ്മൾ എന്തുചെയ്യണം?*
“എല്ലാവർക്കും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയമായ നീതി…” എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. സാമൂഹികവും സാമ്പത്തികവുമായ നീതി രാഷ്ട്രീയത്തിന് മുകളിലാണ്. ഇത് എഴുതിയ ആളുകളിൽ മുൻഗണനയുടെ വ്യക്തമായ ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മുടെ ഭരണഘടനയാണ് നമ്മുടെ വഴികാട്ടി.
ഇന്ത്യൻ വരേണ്യരും സർക്കാരും ശരിക്കും നമുക്ക് പതിവുപോലെ ബിസിനസ്സിലേക്ക് മടങ്ങാൻ കഴിയുമെന്ന് കരുതുന്നു. ആ തെറ്റിദ്ധാരണ അവിശ്വസനീയമായ അടിച്ചമർത്തലിലേക്കും അക്രമത്തിലേക്കും നയിക്കും.