സ്വന്തം സന്തതികളിലേക്ക് സ്വത്ത് കൈമാറുന്നത് മുതലാളിത്തത്തിന്റെ അവിഭാജ്യ ഘടകമായാണ് കണക്കാക്കുന്നത്. ഇത് കൂടാതെ മുതലാളിത്തത്തിന് നിലനിൽക്കാനാവില്ല. അതില്ലെങ്കിൽ ഒരു പക്ഷേ, ആ വ്യവസ്ഥിതിയുടെ ചലനാത്മകത തന്നെ നഷ്ടമായേക്കാം. എന്നാൽ മുതലാളിത്ത വ്യവസ്ഥിതിയെക്കുറിച്ചുള്ള ബൂർഷ്വാ വിഭാഗത്തിന്റെ ന്യായീകരണങ്ങൾക്ക് വിപരീതമാണിത്.

മുതലാളിത്ത വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നവർക്ക് ചില പ്രത്യേക ഗുണങ്ങളുണ്ടെന്ന അവകാശ വാദമാണ് അവർക്കുള്ളത്. ഈ പ്രത്യേകതകളാണ് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നതെന്നും അതിനാൽ അവർ പ്രതിഫലത്തിന് അർഹരാണെന്നുമാണ് വാദം. എന്നാൽ ഈ പ്രത്യേക ഗുണങ്ങൾ എന്താണെന്നതിന് ബൂർഷ്വാസികൾക്കിടയിൽ തന്നെ ഒരു ഏകീകൃതമായ ധാരണയില്ല. ഉൽപാദനത്തിന് അവർ മേൽനോട്ടം വഹിക്കുന്നതിലല്ല ഈ പ്രത്യേക ഗുണമിരിക്കുന്നത്. യഥാർഥത്തിൽ അതുള്ളത് ശമ്പളം വാങ്ങി ജോലി ചെയ്യുന്നവർക്കാണ്. എന്നാൽ അവർക്ക് ലഭിക്കുന്നത് ശമ്പളം മാത്രമാണ്, ലാഭമല്ല. ഈ വസ്തുത അംഗീകരിച്ചു കൊണ്ടാണ് കെന്നെത്ത് ഗാൽബ്രത് സ്ഥാപനങ്ങൾ നടത്തുന്നത് മുതലളിമാരല്ല, മറിച്ച് അത് ഒരു “ടെക്നോസ്ട്രെക്ചർ” ആണെന്ന് പറഞ്ഞത്.

മുതലാളിമാരുടെ വരുമാനത്തെയും സ്വത്തിനെയും ന്യായീകരിക്കുന്ന മറ്റ് വാദങ്ങൾക്കും വിശ്വാസ്യതയില്ല. അതിലൊന്ന് മുതലാളിമാർ അപകട സാധ്യതയുള്ള പലതും ഏറ്റെടുക്കുന്നു എന്നതാണ്. എന്നാൽ, സത്യത്തിൽ അതേറ്റെടുക്കുന്നത് ബാങ്കുകൾ വഴി പദ്ധതികൾക്ക് പണം ചെലവിട്ടവരാണ്. ഒരു സംരംഭം തകരുമ്പോൾ ആ പണമാണ് ഇല്ലാതാകുന്നത്.

നിലവിൽ മുതലാളിത്ത രാജ്യങ്ങളിലെ സർക്കാരുകൾ ബാങ്കുകളെയും മറ്റ് സാമ്പത്തിക സ്രോതസുകളും സഹായിക്കാനെത്തും. ഇത് തന്നെ മുതലാളിമാർ പറയുന്ന ഈ അപകട സാധ്യതയെ സാമൂഹ്യവൽക്കരിക്കുന്നതാണ്. അതുകൊണ്ട് തന്നെ അപകട സാധ്യതയുള്ള ജോലികൾ ഏറ്റെടുക്കുന്നവർ എന്ന മുതലാളിമാർ വിശ്വസിക്കുന്ന പ്രത്യേക ഗുണത്തിന്റെ വിശ്വാസ്യത കൂടുതൽ തകർക്കുന്നതാണിത്.

അതുപോലെ തന്നെ മുതലാളിമാർ സ്വത്ത് സ്വന്തമാക്കുകയും അതിൽ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു. ഇങ്ങനെ ഉപഭോഗത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിലൂടെ പ്രതിഫലം ലഭിക്കേണ്ട ത്യാഗം ചെയ്യുന്നുവെന്നാണ് മുതലാളിമാർ കരുതുന്നത്. ഈ ത്യാഗത്തിന്റെ താത്വികമായ അവലോകനം മാറ്റി നിർത്തിയാൽ , ഈ കാഴ്ചപ്പാടിന് വളരെ ലളിതവും വ്യക്തവുമായൊരു പ്രതിവാദമുണ്ട്. അതായത് സമ്പാദ്യം നിർണയിക്കുന്നത് നിക്ഷേപമാണ്. നിക്ഷേപം നടത്തുമ്പോൾ ലഭിക്കുന്ന സമ്പാദ്യം തൊഴിലാളികളുടെ ശേഷിയെ ഉപയോഗ ശൂന്യമാക്കുകയാണ്‌. പണപ്പെരുപ്പത്തിയലൂടെ യഥാർഥ വേതനം ഇല്ലാതാക്കുകയാണ്‌. അവസാനമായി മുതലാളിമാർ പുതിയ ആശയങ്ങൾ കൊണ്ടുവരുന്നത്‌ വഴി സമ്പദ്‌ഘടനയുടെ‌ ചലനാത്മകത നിലനിർത്തുന്ന സംരംഭകരാണ്‌ എന്ന കാഴ്‌ചപ്പാടുമുണ്ട്‌. എന്നാൽ ഈ ഗുണം സമൂഹത്തിൽ അധികമായി കണ്ടുവരുന്ന ഗുണമല്ല. ഇതിന്റെ പ്രശ്‌നം പുതിയ ആശയങ്ങൾ ഇല്ലെങ്കിൽപോലും ഉള്ള സ്വത്തിൽ നിന്ന്‌ മുതലാളിമാർക്ക്‌ എപ്പോഴും ലാഭം ലഭിച്ചുകൊണ്ടിരിക്കും. അത്‌ ചെറുകിട ഉൽപാദനമായാൽ പോലും.

സ്വത്ത്‌ പാരമ്പര്യമായി ലഭിക്കുന്ന ഒരാൾക്ക്‌ എങ്ങനെയാണ്‌ സമ്പദ്‌ഘടനയെ ചലനാത്മകമാക്കുമെന്ന്‌ മുതലാളിമാർ അവകാശപ്പെടുന്ന പ്രത്യേക ഗുണമുണ്ടാകുന്നത്? സവിശേഷ ഗുണമുള്ളവർക്കുള്ള പ്രതിഫലമാണ്‌ സമ്പാദ്യം എന്ന വാദവും ഇവിടെ ഇല്ലാതാവുകയാണ്‌.

ഇക്കാരണം കൊണ്ടുതന്നെയാണ്‌ പല മുതലാളിത്ത രാജ്യങ്ങളും പാരമ്പര്യമായ സ്വത്തവാകാശത്തിന്‌ നികുതി ഏർപ്പെടുത്തിയത്‌. ജപ്പാനിൽ 50 ശതമാനവും അമേരിക്കയിൽ 40 ശതമാനവുമാണ്‌ നികുതി. മറ്റ്‌ യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്‌ 40 ശതമാനത്തോളം നികുതിയുണ്ട്‌.

ഇന്ത്യയിൽ സാമ്പത്തിക അസമത്വം വർധിക്കുമ്പോഴും കുറച്ചുപേരിൽ മാത്രം സമ്പത്ത്‌ കുമിഞ്ഞുകൂടുന്നത്‌ സംബന്ധിച്ച്‌ പൊതുവായ ചർച്ചകൾ പോലും നടക്കുന്നില്ല. അവസരങ്ങളിലെ സമത്വം പോലും ചിലയാളുകൾക്ക് അപ്രായോഗികമായ സ്വപ്‌നമായി തുടരുകയാണ്‌. അവരുടെ ദുരിത ജീവിതത്തിൽ വല്ലപ്പോഴും ലഭിക്കുന്ന ആശ്വാസങ്ങളിൽ തൃപ്‌തരായി ജീവിക്കുകയാണവർ. ജനാധിപത്യത്തിൽ അവസരങ്ങളുടെ തുല്യതയാണ്‌ ഏറ്റവും പ്രധാനം. മുതലാളിത്തരാജ്യങ്ങളിൽ അത്‌ നടപ്പാവുകയുമില്ല. രാജ്യത്ത്‌ നിലവിലുള്ള സ്വകാര്യ സ്വത്തിന്റെ വിനിമയ നിരക്ക്‌ കണക്കാക്കിയാൽ അത്‌ 945 ലക്ഷം കോടിയെങ്കിലുമുണ്ടാകും. ‌ ഈ തുകയുടെ രണ്ട്‌ ശതമാനം നികുതിപോലും എട്ട്‌ ലക്ഷം കോടിയുണ്ടാകും. അമേരിക്കയിൽ എലിസബത്ത്‌ വാറൻ പ്രസിഡന്റ്‌ സ്ഥാനാർഥിയായിരിക്കെ 50 മില്യൺ ഡോറോളം സ്വത്തുള്ളളവർക്ക്‌ 2 ശതമാനത്തോളം സ്വത്ത്‌ നികുതി വേണമെന്നത്‌ മുന്നോട്ടുവച്ചിരുന്നു.

ഒരു രാജ്യത്ത് ജനങ്ങൾക്ക് താങ്ങാവുന്ന വിലയ്ക്ക് ഭക്ഷണം ലഭിക്കാനും , ഇഷ്ടമുള്ള തൊഴിലെടുക്കാനും , മികച്ച ആരോഗ്യപരിരക്ഷയ്ക്കും സർവകലാശാല തലം വരെ പൊതു വിദ്യാഭ്യാസത്തിനും വാർധക്യത്തിൽ പെൻഷനും അവകാശമുണ്ട്. ഇതിന് ജിഡിപി യുടെ 10 ശതമാനം മാത്രമാണ് വേണ്ടി വരുമെന്ന് പ്രതീക്ഷിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കെയാണ് രാജ്യത്ത് കാലങ്ങളായി അനുഭവിക്കുന ദാരിദ്രം ഇല്ലാതാക്കുന്നതിനാവശ്യമായ മാർഗങ്ങൾ ഇല്ലെന്ന് പറയുന്നത്.