കഴിഞ്ഞ വർഷം കേരളത്തിൽ പിഎസ്സി വഴി അയച്ചത് 34,110 നിയമന ശുപാർശകൾ. കഴിഞ്ഞ നാലു വർഷത്തിനിടെ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നത് 2023ലാണ്. കഴിഞ്ഞ ഏഴര വർഷത്തിനിടെ 2019ലും 2017ലും മാത്രമാണ് നിയമനങ്ങൾ 34,000 കടന്നത്. 2016ൽ ഒന്നാം പിണറായി സർക്കാർ ഭരണത്തിൽ വന്നതിനു ശേഷം ആകെ നടന്ന പിഎസ്സി നിയമനം 2,34,837 ആണ്.
മറ്റ് സംസ്ഥാനങ്ങളിൽ നാമമാത്ര നിയമനം നടക്കുമ്പോൾ കേരളത്തിലെ യാഥാർത്ഥ്യം അങ്ങനെയല്ല എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. 2023 ജനുവരി മുതൽ ജൂൺ വരെ 26 സംസ്ഥാനങ്ങളിൽ പിഎസ്സി വഴി നടന്നത് വെറും 23,798 നിയമനങ്ങൾ മാത്രമാണെന്നും അതെ കാലയളവിൽ കേരളത്തിൽമാത്രം 15,146 നിയമനങ്ങൾ നടന്നുവെന്ന് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യുപിഎസ്സി) പുറത്തുവിട്ട 85-ാം ന്യൂസ്ലെറ്ററിലെ കണക്കുകൾ വ്യക്തമാക്കുന്നു