സാവോ പോളോയില്‍ നിന്ന്  3,200 കിലോമീറ്റര്‍ അകലെയുള്ള ആമസോണസ് സംസ്ഥാനത്തെ കാട് മൂന്നാഴ്ചയോളം നിന്നുകത്തിയപ്പോൾ ഒരു ദിവസം മുഴുവൻ തലസ്ഥാന വാസികൾ ഇരുട്ടിലായിരുന്നു.സൂര്യനെ മറച്ച ആ പുക ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി നാശങ്ങളിൽ ഒന്നായിരുന്നു.കടുത്ത യാഥാസ്ഥിതിക വലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുകയും ബഹുരാഷ്ട്ര കുത്തകകൾക്ക് വേണ്ടി ആമസോൺ മഴക്കാടുകൾ തീറെഴുതുകയും ആദിമ നിവാസികളുടെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്ത ലോക ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ഭരണത്തലവനായി ബോൾസോനാരോ രേഖപ്പെടുത്തപ്പെടും. വിവരദോഷിയായ പ്രസിഡൻ്റിനെ തെരഞ്ഞെടുപ്പിലൂടെ  പുറത്താക്കിയ  ബ്രസീലിയൻ ജനതയോട് ലോകം എന്നെന്നും കടപ്പെട്ടിരിക്കും.

ഒരു ദശകത്തിനു ശേഷമാണ് ലൂലുല ഡ സിൽവ അധികാരത്തിലേക്ക് തിരിച്ചു വരുന്നത്.ലാറ്റിനമേരിക്കയിൽ വീശുന്ന ഇടതുപക്ഷ തരംഗത്തിലെ പ്രധാനപ്പെട്ട ഒരേടാണ് ബ്രസീലിലെ തെരഞ്ഞെടുപ്പ് ഫലം. ലോകമെമ്പാടും നവ ലിബറലിസ്റ്റ്  ചിന്തകളുടെ അതിപ്രസരത്തിനിടയിലും  ഇടതുപക്ഷ മുന്നേറ്റ ആശയങ്ങൾക്കുണ്ടായ പിന്തുണയായി ഈ വിജയത്തെ  വ്യാഖ്യാനിക്കാം. 1945ഒക്ടോബർ 27 നാണ് ലുലയുടെ ജനനം.ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് ലുല രാഷ്ട്രീയ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.ഒരു ദശകം മുൻപ് 2003 മുതൽ 2010 വരെ അദ്ദേഹം പ്രസിഡന്റ് പദവി വഹിച്ചിരുന്നു.ബ്രസീലിന്റെ മുപ്പത്തി ഒമ്പതാമത്  പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ ലുലക്ക് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്,രാജ്യത്തെ തൊഴിലില്ലായ്മാക്കും മുൻഗാമി ചെയ്ത സാമ്പത്തിക രംഗത്തെ അശാസ്ത്രീയ തീരുമാനങ്ങൾക്കും ബദലായി പുതിയ നയങ്ങൾ  ആവിഷ്‌ക്കരിക്കേണ്ടിവരികമാത്രമല്ല രാജ്യത്തെ യുവ തലമുറയുടെ പ്രതീക്ഷകൾക്കൊത്തുള്ള വളർച്ചയും കൈവരിക്കേണ്ടതായിട്ടുണ്ട്.

ബ്രസീലിനെ സംബന്ധിച്ച് ഇടതുപക്ഷ ചേരിയിൽ ഉയർന്നുവന്ന വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ലുല വർദ്ധിച്ച ജനപിന്തുണയുള്ള നേതാക്കളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.

2022 ഒക്ടോബർ 30-ന് ബോൾസോനാരോയെ കടുത്ത മത്സരത്തിൽ പരാജയപ്പെടുത്തി അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ബ്രസീലിന് മാത്രമല്ല ലോകത്തെ പലതരം ആധുനിക സേച്ഛാധിപതികൾക്കും ഒരു തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

അമേരിക്കയിൽ ട്രംപ് ഭരണകൂടം ചെയ്തുകൂട്ടിയ വിചിത്രമായ തീരുമാനങ്ങൾക്ക് പലതിനും ബോൻസാരോ ചുവടു പിടിച്ചിരുന്നു.അതുകൊണ്ടുതന്നെ അമേരിക്കൻ ഭരണകൂടത്തിനും ബഹുരാഷ്ട്ര കുത്തകകൾക്കും അയാൾ പ്രിയങ്കരനായിരുന്നു.

അദ്ദേഹത്തിന്റെ പരിസ്ഥിതി വിരുദ്ധ അജണ്ട ഒരിക്കലും രഹസ്യമായിരുന്നില്ല. വനനശീകരണത്തിന്റെ ഞെട്ടിപ്പിക്കുന്ന വർദ്ധനവ് മാത്രമല്ല  ആയിരത്തിലധികം കീടനാശിനികളാണ് പരിശോധനകൾ കൂടാതെ അംഗീകാരം നൽകിയത്.കഴിഞ്ഞ ഭരണ കാലയളവിൽ  ആമസോൺ മഴക്കാടുകളിലെ വനനശീകരണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് 52.9% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. തീപിടുത്തത്തിന്റെ ചിത്രങ്ങൾ ലോകത്തെ ഞെട്ടിക്കുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.ആമസോൺ മാത്രമല്ല തദ്ദേശീയരായ കൃഷിക്കാർക്കും  വംശനാശ ഭീഷണിയുള്ള ജീവികളുടെ എണ്ണത്തിലും  ബയോസ്‌ഫിയർ ഭാഗങ്ങളുടെ വിസൃതിയിൽ പോലും ബോൾസോനാരോയുടെ ഭരണ കാലത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത് .
ഭൂവിനിയോഗവും വനവൽക്കരണവും കാരണം ബ്രസീൽ ലോകത്ത് ഏറ്റവും കൂടുതൽ പുറന്തള്ളുന്ന അഞ്ചാമത്തെ രാജ്യമാണ്  ബ്രസീൽ.പരിസ്ഥിതി സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഫണ്ടുകൾ വെട്ടിക്കുറച്ചാണ് ഭരണകൂടം മുതലാളിത്തത്തോട് കൂറ് കാണിച്ചത്.

 വലിയൊരു സാമ്പത്തിക ശക്തിയായി വളരുന്ന ബ്രസീലിനെ കൈപ്പിടിയിൽ ഒതുക്കാമെന്ന സാമ്രാജ്യത്വ മോഹങ്ങൾക്ക് ലുലയുടെ വിജയത്തോടെ ശക്തമായ തിരിച്ചടിയാണ് ലഭിച്ചത്.എന്തുതന്നെയായാലും  ഇടതുപക്ഷ വിജയം സോഷ്യലിസത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വികസന സങ്കൽപ്പങ്ങൾ ബ്രസീലിൽ പുതിയൊരു മാറ്റത്തിന് തുടക്കമിടുമെന്ന്  തീർച്ചയാണ്.ലുലയുടെ രാഷ്ട്രീയ ജീവിതമാണ് ഈ പ്രതീക്ഷകളെ സാധൂകരിക്കുന്നത്.തന്റെ ഓഫീസിലായിരുന്ന സമയത്ത്, ദാരിദ്ര്യത്തിനെതിരെ പോരാടാനും രാജ്യത്തെ തൊഴിലാളിവർഗത്തിന്റെ നിലയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബോൾസ ഫാമിലിയയും ഫോം സീറോയും ഉൾപ്പെടെയുള്ള വിപുലമായ സാമൂഹിക പരിപാടികൾ ലുല അവതരിപ്പിച്ചു. പ്രസിഡന്റ് എന്ന നിലയിൽ, ഇറാന്റെ ആണവ പദ്ധതിയുമായും കാലാവസ്ഥാ വ്യതിയാനവുമായും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര കാര്യങ്ങളിൽ ലുല ഒരു പ്രധാന പങ്ക് വഹിച്ചു.

മാത്രമല്ല ലുലയുടെ പുതിയ മന്ത്രിസഭയിൽ പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മറീന സിൽവ രാജ്യത്തെ പ്രധാനപ്പെട്ട പരിസ്ഥിതി പ്രവർത്തകയും 2003  കാലത്തെ  ലുല മന്ത്രിസഭയിലെ പരിസ്ഥിതി മന്ത്രിയുമായിരുന്നു.2008 വരെ മന്ത്രിസ്ഥാനത്തു തുടർന്ന മറീന സിൽവ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകി.ആമസോണിൽ നടക്കുന്ന പാരിസ്ഥിതിക നാശത്തെയും കോർപ്പറേറ്റ് കടന്നുകയറ്റത്തെയും ചെറുക്കുന്ന തരത്തിൽ നിയമങ്ങൾ നിർമിക്കാനും ലോകത്തെ പരിസ്ഥിതി മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നിനെ സംരക്ഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താനും അവർക്കായി.ഒരു റബ്ബർ തോട്ടത്തിലെ തൊഴിലാളികളുടെ മകളായി ജനിച്ച അവർക്ക് ലുലയുടെ മന്ത്രിസഭയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുമെന്ന് ഉറപ്പാണ്.

ഇത്തവണ കാലാവസ്ഥാ ഉച്ചകോടിയിൽശ്രദ്ധേയമായ ഒരേയൊരു കാര്യം  ലുലയുടെ സാമിപ്യമായിരുന്നു.ബോൾസോനാരോ യുടെ ഭരണകാലം വലതുപക്ഷ കേന്ദ്രീകൃതമായ നയങ്ങൾ പ്രകൃതിക്ക് ഉണ്ടാക്കിവെച്ച നാശം സങ്കല്പിക്കുന്നതിനും അപ്പുറമാണ്.ഈജിപ്തിലെ കെയ്‌റോയിൽ നടക്കുന്ന ഉച്ചകോടിയുടെ വേദിയിലേക്ക് ലുല കയറി വന്നപ്പോൾ വാൻ കരഘോഷം മുഴങ്ങി.ആരും സുരക്ഷിതരല്ല എന്നാവർത്തിച്ചുകൊണ്ടാണ് ലുല പ്രസംഗം തുടങ്ങിയത്.കൽക്കരി ഉപഭോഗം കുറക്കുക എന്നതാണ് പ്രഥമ ലക്ഷ്യങ്ങളിൽ ഒന്നെങ്കിലും താരതമ്യേനെ ദരിദ്ര രാജ്യങ്ങളുടെ സാമ്പത്തിക ഘടനയിൽ അതുണ്ടാക്കുന്ന ആഘാതത്തെപ്പറ്റി ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
താപനില കുറക്കുക എന്ന പാരീസ് ഉടമ്പടി ലക്‌ഷ്യം വേഗത്തിൽ നടപ്പിൽ വരുത്താൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കാനുള്ള ധാരണയുണ്ടാക്കി എന്നത് ശുഭാപ്തി വിശ്വാസമുണ്ടാക്കുന്നുണ്ട് .

ആഗോള താപനം 1 .5  ഡിഗ്രിയായി പരിമിതപ്പെടുത്തുന്നതിനും ഹരിത ഗൃഹ വാതകങ്ങളുടെ പുറംതള്ളൽ രണ്ടായിരത്തി മുപ്പതിന് മുൻപ് 43  ശതമാനത്തിലേക്ക് പരിമിതപ്പെടുത്തണമെന്നും IPCC  ലക്ഷ്യമാക്കുന്നുണ്ട്.

ഗ്ലാസ്സ്‌ഗോയിൽ നടന്ന കഴിഞ്ഞ സമ്മേളനത്തിൽ നൂറ്റി നാല്പതിലധികം രാജ്യങ്ങൾ ഒപ്പുവെച്ച കരാറിൽ വനനശീകരണത്തിനും മരുഭൂവത്കരണത്തിനും എതിരായ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.വനമേഖലകളിൽ നടത്തുന്ന അശാസ്ത്രീയ നിർമ്മാണവും ഖനനവും തടയുക എന്നതുകൂടി അതുലക്ഷ്യമാക്കിയിരുന്നു.പൂർണ്ണമായും വിജയം കണ്ടിരുന്നില്ല എങ്കിലും ലോക മധ്യത്തിൽ പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകൾ നിരത്താൻ സമ്മേളനത്തിന് കഴിഞ്ഞു.

തീവ്ര വലതുപക്ഷ സർക്കാരുകളിൽ നിന്നും മുക്തമായ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നാശത്തിനുമെതിരായി ഇടതുപക്ഷ സർക്കാരുകൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട് .ലാറ്റിനമേരിക്കയിലെ എട്ടോളം രാജ്യങ്ങളിൽ ഇടതുപക്ഷത്തിന് അധികാരത്തിൽ എത്താൻ  കഴിഞ്ഞിട്ടുണ്ട്.രണ്ടായിരത്തി മുപ്പതിന് മുൻപ് സമ്മേളനം ലക്‌ഷ്യം വച്ച പ്രവർത്തനങ്ങളിലൂടെ കാലാവസ്ഥാ മാറ്റത്തെ ലഘൂകരിക്കാൻ കഴിയുമെന്ന് നിരീക്ഷകർ കരുതുന്നുണ്ട്.ലാറ്റിനമേരിക്കൻ ശക്തിയായ ബ്രസീലിലെ ഭരണമാറ്റം വലതുപക്ഷ ആശയങ്ങൾ ഇല്ലാതാക്കി പാരിസ്ഥിതിക നാശം കുറക്കാനും തദ്ദേശീയ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ  പ്രസക്തി ഉറപ്പിക്കാനും  ലോകത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ  പുതിയൊരു മാറ്റമുണ്ടാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കാം .

ReplyForward

By Editor

Leave a Reply

Your email address will not be published. Required fields are marked *