ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാല
ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ബാബറി മസ്ജിദിന്റെ തകർച്ചയുണ്ടാക്കിയ ആഘാതം ഒരുകാലത്തും മാഞ്ഞു പോകില്ല .നമ്മൾ എങ്ങനെയാണ് ഹിന്ദുത്വ ഭീകരത ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള തത്വ ശാസ്ത്രങ്ങൾ രൂപപ്പെടുത്തിയ പരീക്ഷണ ശാലകളിൽ ഒന്നായിരുന്നു ബാബറി മസ്ജിദ്.നീതി നിഷേധങ്ങളിലൂടെ നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ പോലും അതൊരു കളങ്കമായി അവശേഷിക്കുന്നു.വർഗ്ഗീയതയെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മാർഗ്ഗമായി ഭൂരിപക്ഷ ശക്തികൾ ഉപയോഗിക്കുന്ന പ്രത്യേയശാസ്ത്രങ്ങൾ ഇന്ത്യയുടെ ജനാധിപത്യ ശരീരത്തെ കൂടുതൽ ദുർബലമാക്കി .
സംസ്കാരത്തെ വർഗ്ഗീയ വൈകൃതങ്ങളുടെ ചരിത്രവുമായി ചേർത്തുകെട്ടിയ കപട നിര്മിതികളിലാണ് സംഘപരിവാർ വളർന്നത്.അതുനമ്മുടെ ബഹുസ്വര സങ്കല്പങ്ങളുടെ മേൽ ഏല്പിച്ച ആഘാതം ഇപ്പോഴും നിലനിൽക്കുന്നു .
നാലു നൂറ്റാണ്ടുകളുടെ ചരിത്രം പേറി നിന്ന ബൃഹത്തായ അതിന്റെ പൈതൃകത്തെ ഇല്ലാതാക്കാൻ സംഘ പരിവാറിന് വേണ്ടിവന്നത് മണിക്കൂറുകൾ മാത്രമായിരുന്നു. പിന്നീട് കലാപങ്ങളാലും വംശ ഹത്യകളാലും കൃത്യമായി ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഹിന്ദുത്വ വികാരങ്ങളെ കൂട്ടുപിടിക്കാൻ അവർക്കായി.
ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമായിരുന്നു ബാബറി മസ്ജിദ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് . പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബറിന്റെ കാലത്താണ് മസ്ജിദ് നിർമ്മിച്ചത്
ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവർത്തിപ്പിക്കപ്പെട്ടതാണെന്ന ആരോപണങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ സംഘപരിവാർ ശ്രമിച്ചു നിർമ്മോഹി അഖാര പോലുള്ള വിഷയത്തെ അനുകൂലിക്കുന്ന ഹിന്ദു സംഘടനകൾ സംഘപരിവാറിന് പൂർണ്ണ പിന്തുണ നൽകി.രാമൻ സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടകളുടെ വൈകാരിക മുഖത്തെ കൂടുതൽ പ്രബലമാക്കി .തുടർന്ന് 1984-ൽ വിശ്വ ഹിന്ദുപരിഷത്(വി.എച്.പി) മന്ദിരത്തിന്റെ താഴുകൾ തുറക്കാൻ കൂറ്റൻ പ്രക്ഷോഭം സംഘടിപ്പിച്ചു.ക്രമാനുഗതമായി വളർന്ന പ്രക്ഷോഭങ്ങളെ നേരിടാൻ കോൺഗ്രസ്സിൻന്റെ മൃദു ഹിന്ദുത്വ സമീപനങ്ങൾക്ക് കഴിഞ്ഞില്ല.
1949 ഡിസംബർ 22-ന് രാത്രി ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ മന്ദിരത്തിൽ എത്തിക്കുകയും അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു. പോലീസ് എഫ്.ഐ.ആർ ഇങ്ങനെ വിവരിക്കുന്നു:
“50-60 ആളുകൾ അടങ്ങുന്ന ഒരു സംഘം മന്ദിരത്തിൽ പൂട്ടുകൾ തകർത്തോ മതിൽ ചാടിയോ പ്രവേശിച്ചു. പിന്നെ ശ്രീരാമവിഗ്രഹം പ്രതിഷ്ടിക്കുകയും സീതാറാം എന്ന് ഭിത്തിയുടെ അകത്തും പുറത്തും എഴുതി വക്കുകയും ചെയ്തു… പിന്നീട് 5000-6000 ആളുകൾ തടിച്ചു കൂടുകയും ഭജനകൾ പാടി ഉള്ളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും തടയപ്പെട്ടു”.
അടുത്ത പകൽ, ഹിന്ദുക്കളുടെ വലിയൊരു കൂട്ടം മന്ദിരത്തിൽ പ്രവേശിച്ചു പ്രാർഥന നടത്താൻ ശ്രമിച്ചു. ജില്ലാ മജിസ്രേട്ടായിരുന്ന കെ.കെ. നായർ ഇങ്ങനെ രേഖപ്പെടുത്തിയത് “ജനക്കൂട്ടം ഉള്ളിൽ പ്രവേശിക്കാനുള്ള നിശ്ചയത്തോടെ എല്ലാ ശ്രമവും നടത്തി. പൂട്ട് തകർക്കുകയും പോലീസുകാർ തള്ളിമാറ്റപ്പെട്ട് താഴെ വീഴുകയും ചെയ്തു. ഒരു വിധത്തിൽ ജനക്കൂട്ടത്തിനെ തള്ളിമാറ്റി ഗേറ്റ് വലിയ പൂട്ടിനാൽ പൂട്ടുകയും പോലീസ് സുരക്ഷ വർധിപ്പിക്കുകയും ചെയ്തു”.
വിവരമറിഞ്ഞ നെഹ്റു വിഗ്രഹം ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശിച്ചെങ്കിലും ഉത്തരവ് പാലിക്കാൻ പ്രാദേശിക ഭരണകൂടം തയ്യാറായില്ല. സംഘപരിവാറിന്റെ ഉദ്ദേശ്യം എളുപ്പത്തിൽ നടപ്പിലാവുകയായിരുന്നു ഈ പ്രവർത്തിയിലൂടെ .
1985-ൽ രാജീവ് ഗാന്ധി സർക്കാർ അയോധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദിന്റെ താഴുകൾ മാറ്റാൻ ഉത്തരവിട്ടു. അതിന് മുൻപുവരെ വർഷത്തിൽ ഒരു പ്രാവശ്യമേ ഒരു പൂജാരിക്ക് അവിടെ പൂജ ചെയ്യാൻ അനുവാദമുള്ളായിരുന്നു. പുതിയ ഉത്തരവോടെ എല്ലാ ഹിന്ദുക്കൾക്കും ശ്രീരാമൻ ജനിച്ച സ്ഥലമായി കരുതപ്പെടുന്ന ഈ സ്ഥലം തുറന്നു കൊടുക്കുകയും പ്രസ്തുത പള്ളിക്ക് ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ സ്വഭാവം ലഭിക്കുകയും ചെയ്തു. 1989 നവംബറിൽ നിശ്ചയിച്ചിരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുന്പായി തർക്ക പ്രദേശത്ത് ശിലാന്യാസം(കല്ലിടൽ പൂജ) നടത്താൻ വി.എച്.പിക്ക് അനുമതി കിട്ടിയതോടെ സാമുദായിക സ്പർദ്ധ വർധിച്ചു. മാത്രമല്ല വിഷയം ഉയർത്തിക്കാട്ടി രഥയാത്ര നടത്താൻ ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് അനുമതി കൂടി കിട്ടിയതോടെ ബാബറിയുടെ തകർച്ച പ്രവചിക്കപ്പെട്ടിരുന്നു.
1992 ഡിസംബർ 6 ഞായറാഴ്ച രാവിലെ എൽ.കെ അദ്വാനിയും മറ്റുള്ളവരും വിനയ് കത്യാരുടെ വീട്ടിൽ ഒത്തുകൂടി. പിന്നീട് തർക്ക മന്ദിരത്തിന്റെ അടുത്തേയ്ക്ക് പോയി. മുരളി മനോഹർ ജോഷിയും കത്യാരും പ്രതീകാല്മക പൂജയായ കർസേവ നടക്കുന്നിടത്ത് എത്തി. അദ്വാനിയും ജോഷിയും അടുത്ത ഇരുപത് മുനിട്ടുകൾ കര്സേവാ സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. പിന്നീട് രണ്ടു മുതിർന്ന നേതാക്കളും രാമകഥാ കഞ്ചിന്റെ 200 മീറ്റർ അടുത്ത് വരെ എത്തി. തർക്ക മന്ദിരത്തിനെ അഭിമുഖമായി നിർമിച്ചിരുന്ന മുതിർന്ന നേതാക്കൾക്കുള്ള ഇരിപ്പിടമായിരുന്നു അത്.
ഉച്ചക്ക്, ഒരു കൗമാരപ്രായക്കാരനായ കർസേവകൻ തർക്കമന്ദിരത്തിന്റെ മുകളിൽ കയറുകയും അത് വേലി തകർക്കപ്പെട്ടു എന്ന് ബോധ്യമാക്കി. ആ സമയം അദ്വാനിയും ജോഷിയും വിജയ് രാജ് സിന്ധ്യയും കർസേവകരോട് ഇറങ്ങിവരാൻ ബലം കുറഞ്ഞ നിർദ്ദേശങ്ങൾ നൽകിയതായി റിപ്പോർട്ട് പറയുന്നു. അത് ആത്മാർഥമായോ മാധ്യമങ്ങൾക്ക് വേണ്ടിയോ ആവാം എന്നും റിപ്പോർട്ട് പറയുന്നു. കർസേവകരോട് മന്ദിരം തകർക്കരുതെന്നോ അങ്ങോട്ടേയ്ക്ക് പ്രവേശിക്കരുതെന്നോ ആവശ്യം ഉയർന്നില്ല. “ഈ പ്രവൃത്തി നേതാക്കൾക്ക് തർക്ക മന്ദിരം തകർക്കപ്പെടണം എന്ന ഒളിച്ചുവച്ച ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്ന് വെളിവാക്കുന്നു” എന്ന് റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഒഴിവാക്കാമായിരുന്ന ഒരു കൊടും കുറ്റകൃത്യത്തിന് നേതാക്കളും സർക്കാരും തന്നെ മൗനാനുവാദം നല്കുയാണുണ്ടായത്.
രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബിയുടെ പഴയ ഉദ്യോഗസ്ഥനായ കൃഷ്ണധർ 2005-ൽ എഴുതിയ പുസ്തകത്തിൽ തർക്കമന്ദിരം തകർക്കൽ 10 മാസം മുൻപേ ആർ.എസ്.എസ്, വി.എച്.പി, ബി.ജെ.പ്പി നേതാക്കൾ ആസൂത്രണം ചെയ്തിരുന്നു എന്നും അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നരസിംഹറാവു ഇത് കൈകാര്യം ചെയ്ത രീതി ചോദ്യങ്ങൾ ഉയർത്തുന്നു എന്നും പറയുന്നു. ധറിന്റെ അഭിപ്രായപ്രകാരം, താൻ സംഘപരിവാറിന്റെയും ബി.ജെ.പ്പിയുടെയും കൂടിക്കാഴ്ച ചിത്രീകരിച്ചിരുന്നുവെന്നും അതിൽ നിന്ന് ഡിസംബറിൽ നടക്കാനുള്ള തകർക്കൽ മനസ്സിലാക്കാമായിരുന്നു എന്നും വെളിപ്പെടുത്തുന്നു.
ബാബറിയുടെ തകർച്ചക്ക് ശേഷം കോടതികളുടെ വിധികൾ എക്കാലവും നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ചോദ്യ ചിഹ്നമായി നിലനില്കും .അത്രയും വിചിത്രമായിരുന്നു കോടതിയുടെ നിഗമനങ്ങൾ.വർഷങ്ങൾ നീണ്ട കോടതി വ്യവഹാരങ്ങളുടെ ഒടുക്കം ഇങ്ങനെയാണ് അവസാനിച്ചത്.
40 ദിവസത്തോളം നീണ്ടു നിന്ന വാദം കേട്ടതിനു ശേഷം 2019 നവംബർ 9 ന് രാവിലെ 10:30 മണിക്ക് സുപ്രീം കോടതി അയോധ്യ പ്രശ്നത്തിൽ വിധി പറഞ്ഞു . തർക്ക ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് പൂർണ്ണമായും വിട്ടുകൊടുക്കാൻ കോടതി വിധിച്ചു. തർക്കഭൂമിയ്ക്ക് പുറത്ത് അയോധ്യയിൽ 5 ഏക്കർ മസ്ജിദ് നിർമ്മാണത്തിന് കൊടുക്കാനും വിധിച്ചു.
2020 സെപ്റ്റംബർ 30 ന്, ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കോടതി വിട്ടയച്ചു. ബാബറി മസ്ജിദ്, മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്ന് കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്. എൽ.കെ.അഡ്വാനി, മുരളി മനോഹർ മനോഹർ ജോഷി, കല്യാൺ സിങ്, ഉമ ഭാരതി, മഹന്ത് നൃത്യഗോപാൽ ദാസ്, സതീഷ് പ്രധാൻ തുടങ്ങിയവർ കേസിൽ പ്രതികൾ ആയിരുന്നു.
അങ്ങനെ ഇന്ത്യൻ കോടതികളിൽ നിന്നും ഭരണകൂടങ്ങളിൽ നിന്നും ബാബറിയുടെ മേൽ ഇങ്ങനെയൊരു തീർപ്പ് കല്പിക്കപ്പെട്ടു .പക്ഷെ ചരിത്രം എങ്ങനെയാണ് ഈ നിഗമനത്തെ നമ്മുടെ സംവിധാനങ്ങളെ വിലയിരുത്തുക എന്നത് ഒരു ഉത്തരമില്ലാത്ത ചോദ്യമായി നിലനിൽക്കും .ഇന്ത്യയിലെ ലക്ഷക്കണക്കിന് മുസ്ലീങ്ങൾ തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന നീതി നിഷേധത്തെ മറക്കുവാൻ ഇടയില്ല .ന്യൂനപക്ഷങ്ങളുടെ അവകാശങ്ങക്കും സ്വാതന്ത്ര്യങ്ങൾക്കും മുകളിൽ ഭൂരിപക്ഷ ഹിന്ദുത്വം നടത്തിയ ഏറ്റവും വലിയ കുറ്റകൃത്യമായി ബാബറി മസ്ജിദിന്റെ തകർച്ച നിലനിൽക്കും