കേരളത്തോടൊപ്പം വളർന്നുവന്ന ചില ‘അഹങ്കാര’ങ്ങളെപ്പറ്റി.
തുടർഭരണം എന്ന അത്യാപത്തിൽ നിന്ന് തങ്ങളുടെ ‘പ്രിയപ്പെട്ട’ ഇടതുപക്ഷത്തെ രക്ഷിക്കാനായി ചില സുഹൃത്തുക്കൾ എത്തിയിരിക്കുന്നു. എൽ.ഡി.എഫിന് തുടർഭരണം കിട്ടുന്നത് കേരളത്തിന് അനുഗ്രഹമാണ് എന്നതിൽ അവർക്കു സംശയമില്ല. പക്ഷേ അതുണ്ടായാൽ എൽ.ഡി.എഫ്. അഹങ്കരിക്കും. അഹങ്കാരം കൊണ്ട് അവർ ചീത്തയാവും. എൽ.ഡി.എഫ്. ചീത്തയാവാതിരിക്കാൻ യു.ഡി.എഫ്. എന്ന പാലാരിവട്ടം മോഡൽ അഴിമതി ഭരണത്തെ സഹിക്കാൻ അവർ തയ്യാറെടുക്കുകയാണത്രെ!
അരിയാഹാരം കഴിക്കുന്നവരായതുകൊണ്ട് അക്കൂട്ടരുടെ അതിർകവിഞ്ഞ ഇടതുപക്ഷസ്നേഹം മനസ്സിലാക്കാൻ കേരളീയർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ആ ധൃതരാഷ്ട്ര (മതരാഷ്ട്ര?) സ്നേഹം അവിടെ നിൽക്കട്ടെ.
പക്ഷേ അവർ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന “അഹങ്കാരം” എന്ന വാക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്നു പറയാനാണ് ഈ എഴുത്ത്.. ആ വാക്ക് വ്യത്യസ്തമായ അർത്ഥലോകങ്ങളിൽ സഞ്ചരിക്കുന്നുണ്ട്. നവോത്ഥാനത്തെ തുടർന്ന് കേരളത്തിൽ വളരെയേറെ ഉപയോഗിക്കപ്പെട്ട വാക്കാണത്.
“അയിത്തം ഇല്ലാണ്ടായതൊക്കെ നല്ല കാര്യാണ്. പക്ഷേ അതിൻ്റെ ഫലായിട്ട് കീഴ്ജാതിക്കാര്ക്ക് വല്ലാണ്ട് അഹങ്കാരം പെരുത്തിരിക്കുന്നു. അതവരടെ നാശത്തിലാണ് കലാശിക്ക്യാ.”
എന്ന മട്ടിലുള്ള സ്നേഹസംഭാഷണം കുട്ടിക്കാലത്ത് ഞാൻ കുറേ കേട്ടിട്ടുണ്ട്.
“എങ്ങന്യാ കൃഷിപ്പണി നടത്ത്വാ? എല്ലാവരും പ്പൊ സ്കൂളില് പൂവ്വല്ലേ? ഞാറ്റുപണിക്കാരടെ അഹങ്കാരം സഹിക്കാൻ പറ്റണില്ല. വെളക്കും നെറേം വെച്ച് സ്വീകരിച്ചാലേ അവരു വരൂന്നായിരിക്കുന്നു.”
പിന്നെയുമുണ്ടായിരുന്നു ബഹുവിധ അഹങ്കാരങ്ങൾ.
ഇരിഞ്ഞാലക്കുട കുട്ടംകുളം വഴിയിലൂടെ സാരിയുടുത്തു നടന്ന പുലയ മഹാസഭാ യുവതികളുടെ അഹങ്കാരം.
ചെയ്ത പണിക്ക് കൂലി ചോദിക്കാൻ തുടങ്ങിയ തൊഴിലാളിയുടെ അഹങ്കാരം.
ഏറ്റക്കാരൻ്റെ മീശവെച്ച അഹങ്കാരം.
തലക്കെട്ടുകെട്ടിയ ചുമട്ടുതൊഴിലാളിയുടെ അഹങ്കാരം.
‘ഉദ്യോഗം ഭരിക്കാൻ’ തുടങ്ങിയ സ്ത്രീകളുടെ അഹങ്കാരം.
ഗൾഫിൽ പോയി പണിയെടുത്ത് പണവുമായി വന്ന മുസ്ലീം മാപ്പിളയുടെ അത്തർ പൂശിയ അഹങ്കാരം.
കമ്യൂണിസ്റ്റ് പങ്കാളിത്തമുള്ള സർക്കാരുകൾ ഉള്ള കാലങ്ങളിലൊക്കെ അഹങ്കാരം യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു. അന്ന് മനോരമകളുടെ മാതൃഭൂമികളുടേയും പൂമുഖത്ത് മുറുക്കിത്തുപ്പുന്ന പ്രധാന വിമർശനം: ഭരണമൊക്കെ കൊള്ളാം. പക്ഷേ അതിൻ്റെ പേരിൽ സഖാക്കളുടെ മുഖത്തു കാണുന്ന ഈ അഹങ്കാരമുണ്ടല്ലോ. അത് കടുപ്പമാണ്.
കേരളത്തിൻ്റെ നവോത്ഥാനത്തിലും അതിനൊപ്പമുള്ള ദേശീയസമരത്തിലും എല്ലാവിഭാഗവും പങ്കെടുത്തിട്ടുണ്ട്. വൈക്കത്തെ സവർണ്ണ ജാഥയും ഗുരുവായൂരിലെ റഫറണ്ടവും സ്മരിക്കാം. അതിനു കാരണം സവർണ്ണ അവർണ്ണ ഭേദമില്ലാതെ അഭിമാനബോധമുള്ള എല്ലാവരും അന്ന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അസ്വതന്ത്രരായിരുന്നു എന്നതാണ്. നവോത്ഥാന മുന്നേറ്റം സ്വതന്ത്രരാക്കിയത് ഇവിടത്തെ മുഴുവൻ മനുഷ്യരേയുമാണ്.
പണിയെടുക്കുന്നവനെ സ്കൂളിൽ ചേർത്താനും ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനും എല്ലാവർക്കും ഉത്സാഹമായിരുന്നു. പക്ഷേ അതിനു തൊട്ടുപുറകെ അവൻ കൃഷിഭൂമിയാൽ അവകാശം ചോദിച്ചു. പണിയെടുത്തത്തതിന് കൂലി ചോദിച്ചു. അത് പലരും പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു. അതോടെ ധിക്കാരവും അഹങ്കാരവും ഭാഷയിലെ പ്രധാന വാക്കുകളായി. മുറുമുറുപ്പുയർന്നു: “ഇതൊന്നും വേണ്ടീരുന്നില്ല.”
വന്നു വന്ന് ചെത്തുതൊഴിലാളിയുടെ മകൻ മുഖ്യമന്ത്രിയായി ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്ന അവസ്ഥ വരെ ഉണ്ടായി! അഹങ്കാരത്തിൻ്റെ ആകാശയാത്ര!
ഫ്യൂഡൽ ജീർണ്ണതയുടെ കേരളത്തിലെ അവശേഷിപ്പുകൾ ഇനിയും സങ്കടപ്പെടേണ്ടി വരുമെന്നാണ് എനിക്കു തോന്നുന്നത്. ആധുനിക ജനാധിപത്യ കേരളത്തിനൊപ്പം അഹങ്കാരത്തിന് ഇനിയും കുറെയേറെ മുന്നോട്ടു പോകേണ്ടതുണ്ട്.