ജര്‍മന്‍ ഭടന്മാര്‍ മോസ്‌കോയില്‍നിന്നു പലായനം ചെയ്ത വേളയില്‍ ക്രംലിന്‍ കൊട്ടാരത്തിന്റെ മതിലുകളില്‍ ”മോസ്‌കോയോട് വിട” എന്ന് എഴുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനു റഷ്യന്‍ ഭടന്‍മാര്‍ ”വിഷമിക്കേണ്ട, ഞങ്ങള്‍ ബര്‍ലിനില്‍ എത്തിച്ചേരും” എന്ന് മറുപടി കൊടുത്തതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ആ വീരജവാന്മാര്‍ പറഞ്ഞതുപോലെ ചെയ്തു. രണ്ടാംലോക മഹായുദ്ധം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്നു. ഹിറ്റ്‌ലര്‍ പരാജയപ്പെട്ടു. 1945 മെയ് 9 ന് ഹിറ്റ്‌ലറുടെ ആസ്ഥാനമായ റിഷ്റ്റാഗില്‍ ചെങ്കൊടി ഉയര്‍ത്തപ്പെട്ടു. ഫാസിസത്തിനുമേല്‍ ഉയര്‍ത്തപ്പെട്ട പതാക അമേരിക്കയുടെയോ ഫ്രാന്‍സിന്റെയോ ബ്രിട്ടന്റെയോ അല്ല; സോവിയറ്റ് യൂണിയന്റെ ചെമ്പതാകയാണ്. ഇന്ന് ആ ദിവസത്തിന്റെ 73 ആം വാർഷികമാണ്.

ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്ന് ലോകത്തെ രക്ഷിച്ചു എന്ന പരമപ്രധാനമായ പങ്കാണ് ഇതിലൂടെ സോവിയറ്റ് യൂണിയന്‍ നിര്‍വഹിച്ചത്.

ഇന്ന് നിര്‍ഭാഗ്യമെന്നു പറയട്ടെ, ബിജെപി ഗവണ്‍മെന്റ്, ഇന്ത്യയുടെ ചരിത്രത്തിനുമേല്‍ ആക്രമണം നടത്തുകയാണ്. എന്നിട്ട് അവരുടേതായ സ്വന്തം ‘ചരിത്രം’ രചിക്കുകയാണ്. ഇന്ത്യയുടെ സ്വതന്ത്രമായ വിദേശനയത്തെ പാടേ മാറ്റിമറിച്ചുകൊണ്ട് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കാനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ നടത്തിവരുന്നത്.

ഇന്ത്യയുടെ ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിക്കാത്ത പ്രസ്ഥാനമാണ് ആര്‍എസ്എസ്. അതുകൊണ്ടുതന്നെ അവരുടെ നിയന്ത്രണത്തിലുള്ള മോഡി സര്‍ക്കാര്‍, ഫാസിസത്തിനുമേല്‍ ലോകം കൈവരിച്ച വിജയത്തിന്റെ വാര്‍ഷികദിനം അവഗണിക്കുന്നതില്‍ അല്‍ഭുതമില്ല. ഇന്ത്യയെ അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റു ഹിന്ദുരാഷ്ട്രമാക്കണമെന്ന ഒരേ ഒരു അജന്‍ഡയേ അന്നും ഇന്നും ആര്‍എസ്എസിനുള്ളു. അതിനായി അവര്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷം വമിക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നു; ആക്രമണങ്ങള്‍ അഴിച്ചുവിടുന്നു. കോളണി ഭരണകാലത്തും ആര്‍എസ്എസുകാര്‍ ലക്ഷ്യം വെച്ചത് ബ്രിട്ടീഷുകാരെയല്ല, മറിച്ച് വര്‍ഗീയ വിദ്വേഷം ശക്തിപ്പെടുത്തുന്നതിലാണ്.

ആര്‍എസ്എസിന്റെ യഥാര്‍ത്ഥ ലക്ഷ്യം നേടുന്നതിന് കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തിനെതിരായിരുന്നു എന്ന് നിരന്തരം നുണപ്രചാരണം നടത്തിവരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ വഹിച്ച ത്യാഗോജ്ജ്വലമായ പങ്ക് ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയതാണ്. 1992 ആഗസ്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 50ആം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് അന്നത്തെ രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി: ”കാണ്‍പൂരിലും ജംഷെഡ്പൂരിലും അഹമ്മദാബാദിലും നടന്ന മില്‍ സമരങ്ങളുടെ പശ്ചാത്തലത്തില്‍ 1942 സെപ്തംബര്‍ 5ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ ലണ്ടനിലെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റിന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയെക്കുറിച്ച് റിപ്പോര്‍ട്ട് അയച്ചത് ഇങ്ങനെയാണ്: ”കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും ബ്രിട്ടീഷ് വിരുദ്ധ മനോഭാവം ഉള്ളവരാണ് എന്നത് വളരെ വ്യക്തമാണ്. ബ്രിട്ടീഷ് വിരുദ്ധ വിപ്ലവകാരികളാണവര്‍ എന്നത് അവര്‍ തന്നെ തെളിയിച്ച വസ്തുതയാണ്”.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക് എന്തായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. 1942ല്‍ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ സമയത്ത് ബോംബെയിലെ ആഭ്യന്തരവകുപ്പ് ഇങ്ങനെ നിരീക്ഷിക്കുകയുണ്ടായി : ”1942 ഓഗസ്തില്‍ നടന്ന നിയമലംഘനത്തില്‍ പങ്കെടുക്കാതെ നിയമത്തിന്റെ പരിധിയില്‍ നില്‍ക്കാന്‍ ആര്‍എസ്എസ് സ്വയം സന്നദ്ധമാവുകയുണ്ടായി”.

ഫാസിസത്തിന്റെ പരാജയം ഇന്ത്യന്‍ സ്വാതന്ത്ര്യസമര മുന്നേറ്റത്തിന് ഉജ്ജ്വലമായ സംഭാവനയാണ് നല്‍കിയത്. വീരയോദ്ധാക്കളായ ഇന്ത്യയിലെ 25 ലക്ഷം സൈനികര്‍ വീറോടെ പോരാട്ടം നടത്തിയിട്ടു കൂടിയാണ് ഫാസിസം പരാജയപ്പെട്ടത്. ഐതിഹാസികമായ ആ വാര്‍ഷികദിനം കൊണ്ടാടുന്നതിനുപകരം നിഷ്ഠുരമായി അവഗണിക്കാനാണ് മോഡി സര്‍ക്കാര്‍ തയ്യാറായത്. ദക്ഷിണേഷ്യയിലേക്ക് ഫാസിസ്റ്റ് ജപ്പാന്റെ കടന്നുകയറ്റത്തെ ചെറുത്തുതോല്‍പിക്കാന്‍ കോളനി ഭരണത്തിന്‍കീഴിലെ ഇന്ത്യ സാമ്പത്തികമായും വ്യാവസായികമായും സൈനികമായും പോരാടുന്നതില്‍ കനപ്പെട്ട സംഭാവനയാണ് നല്‍കിയത്.

വടക്കുകിഴക്കന്‍ ആഫ്രിക്കയിലും തെക്കന്‍ യൂറോപ്യന്‍ മേഖലയിലും വിന്യസിക്കപ്പെട്ട സഖ്യകക്ഷിസേനയിലെ ഏറ്റവും വലിയ സേനാദളത്തിലൊന്ന് ഇന്ത്യന്‍ കരസേന ആയിരുന്നു. കോഹിമയില്‍ നടന്ന യുദ്ധത്തില്‍ ജപ്പാനെ തറ പറ്റിച്ചതില്‍ ഇന്ത്യന്‍ കരസേനയ്ക്ക് നിര്‍ണായക പങ്കാണ് ഉള്ളത്. ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സൈനികരുടെ ധീരതയും ത്യാഗവും ഒരിക്കലും വില കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. ചരിത്രത്തില്‍ എന്നും തെളിമയോടെ അത് നിലനില്‍ക്കുക തന്നെ ചെയ്യും.