പുതുമയ്ക്കു പിന്നാലെയാണ് പിള്ളേർ. പാലാരിവട്ടം പാലത്തിന്റെ ഗതികേട് പോലും അവർക്ക് ആവിഷ്കാരത്തിനുള്ള ഇടം. കല്യാണത്തിനു മുമ്പുള്ള ഫോട്ടോക്ക് പോസ് ചെയ്യാൻ അവർ തെരഞ്ഞെടുത്തത് പാലാരിവട്ടത്തെ പൊളിഞ്ഞ പഞ്ചവടിപ്പാലം. നൂറു കൊല്ലത്തേക്ക് കരുതി വച്ച പാലം രണ്ടു വർഷങ്ങൾ കൊണ്ട് തകർന്നതിലുള്ള പ്രതിഷേധം ഫോട്ടോ എടുത്തു തീർക്കുകയാണ് ഈ ചെറുപ്പക്കാർ. സച്ചിൻ, ദേവിക എന്നിവരുടെ വിവാഹത്തിന് മുമ്പുള്ള ഫോട്ടോ സെഷൻ ആണ് പാലാരിവട്ടം അഴിമതിക്കാർക്കെതിരെയുള്ള പ്രതികരണമായത്. ഷൂട്ട് എന്ന വാക്കിന് വെടിവയ്ക്കുക എന്നും ഫോട്ടോ എടുക്കുക എന്നും അർത്ഥമുണ്ട്. ഫോട്ടോ ഷൂട്ടിലൂടെ അഴിമതിക്കാർക്കെതിരെയുള്ള രോഷത്തിന്റെ വെടിയുതിർക്കുകയാണിവർ. അഴിമതിക്കാർക്കായി സമർപ്പിച്ചിരിക്കയാണ് ഈ ഫോട്ടോ ഷൂട്ട്. ചുരുക്കത്തിൽ അഴിമതിക്കാർക്കുള്ള ഷൂട്ട് അറ്റ് സൈറ്റ്.
പാലാരിവട്ടം പാലത്തെ രക്ഷിക്കാനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഇപ്പോഴും തിരക്കുള്ള പാലാരിവട്ടം ജങ്ഷനിൽ പതിവായി ട്രാഫിക് ബ്ലോക്കിൽ കുടുങ്ങാറുള്ള ഇവർ ഈ ലൊക്കേഷൻ തെരഞ്ഞെടുത്തത്. രാജ്യത്തെ പിറകോട്ട് വലിക്കുന്ന അഴിമതിക്കാർക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ശബ്ദമാണിതെന്നു ഫോട്ടോ ഷൂട്ട് ചെയ്ത പാലറ്റ് മീഡിയ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു.
ആഗസ്ത് 25 നു വിവാഹിതരാകുന്ന സച്ചിനും ദേവികയ്ക്കും ആശംസകൾ അർപ്പിച്ചു കൊണ്ടാണ് പോസ്റ്റ്. ഓരോ ഫോട്ടോയ്ക്കും രസകരമായ അടിക്കുറിപ്പുകളുമുണ്ട്. പാലറ്റ് മീഡിയയിലെ രാഹുൽ വി രാജുവിന്റേതാണ് ആശയവും ഫോട്ടോഗ്രാഫിയും.
സിനിമാനടൻ ജയസൂര്യ തകർന്നൊരു റോഡിൽ രണ്ട് കല്ലിട്ടപ്പോൾ മാത്രമല്ല ഈ കേരളത്തിൽ വാർത്ത ആയിട്ടുള്ളത്, പഞ്ചായത്ത് റോഡിലെ കുഴികളിൽ ഓട്ടോതൊഴിലാളികൾ വാഴ നട്ടാൽ പോലും പ്രധാന വാർത്ത ആയി നൽകുന്നവരാണീ കേരളത്തിലെ മാധ്യമങ്ങൾ. എന്നിട്ടും പാലാരിവട്ടം പാലത്തിൽ നടന്ന ഈ സംഭവം എന്തുകൊണ്ടാണ് വാർത്ത പോയിട്ട് ഒരു ആക്ഷേപഹാസ്യപരിപാടിയിൽ പോലും വരാത്തത്.?