സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെടുന്നവരുടെ ഉത്തരവാദിത്വരാഹിത്യവും അന്ധമായ രാഷ്ട്രീയ വിരോധവും കുപ്രസിദ്ധമാണ്. ചില നേതാക്കളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നവരിൽ മുമ്പന്മാർ സംഘ്പരിവാറുകാരാണ്. ആഭാസകരമായ പരാമർശങ്ങളും അധിക്ഷേപങ്ങളും ആർക്കെതിരെയും ഒരു പ്രതിപക്ഷ ബഹുമാനവുമില്ലാതെ കോരിച്ചൊരിയാൻ മടിയില്ലാത്തവർ. ഏതെങ്കിലും വിഷയത്തിൽ ഒരാളുടെ പോസ്റ്റിനുള്ള കമന്റുകൾ പൂർണമായും ആ വിഷയവുമായി ബന്ധമില്ലാത്തതും പോസ്റ്റിട്ടയാളെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ മാത്രം ലക്‌ഷ്യം വച്ചുള്ളതുമാവുന്ന പ്രവണത കേരളത്തിലായിരിക്കും ഏറ്റവും കൂടുതൽ. ട്വിറ്ററിൽ കാര്യമായൊന്നും ഇല്ലാത്ത ഈ പ്രവണത ഫേസ്ബുക്കിലാണ് കൂടുതൽ രൂക്ഷം.

കേന്ദ്ര ബജറ്റിനോടുള്ള സംസ്ഥാനത്തെ ഒരു രാഷ്ട്രീയ നേതാവിന്റെ പ്രതികരണം ഏതർത്ഥത്തിലും പ്രധാനമാണ്, പ്രത്യേകിച്ചും നമ്മുടെ ഭൂരിഭാഗം രാഷ്ട്രീയ നേതാക്കള്‍ക്കും സാമ്പത്തിക കാര്യങ്ങളിൽ ധാരണ പൊതുവെ കുറവാണെന്ന വസ്തുത നിലനിൽക്കുമ്പോൾ. മുൻ എംപി എം ബി രാജേഷ് കേന്ദ്ര ബജറ്റിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ഇന്നലെ ഇട്ട പോസ്റ്റിനുള്ള പ്രതികരണങ്ങളാണ് നമ്മുടെ സംവാദങ്ങളിൽ ജനാധിപത്യബോധം എന്നോ നഷ്ടമായെന്ന് തെളിയിക്കുന്നത്. കണക്കുകൾ നിരത്തിയുള്ള രാജേഷിന്റെ പോസ്റ്റിനോടുള്ള കമന്റുകളിൽ ഒന്നുപോലും ആ വിഷയത്തെ സ്പർശിക്കുന്നതല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന്റെപിന്നിൽ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് കമന്റിട്ട രാജേഷിനോടുള്ള വ്യക്തിപരവും രാഷ്ട്രീയവുമായ വിദ്വേഷം. മറ്റൊന്ന് രാജേഷ് ഉന്നയിച്ച ഗൗരവതരമായ വിഷയത്തിലുള്ള അജ്ഞത. ഇത് രണ്ടും തന്നെയാണ് ബീഫ് ഫെസ്റ്റിവലും തെരഞ്ഞെടുപ്പ് തോൽവിയും ബംഗാളിലെ സ്ഥിതിയും കമന്റുകളുടെ ഉള്ളടക്കമാകുന്നതിനു പിന്നിൽ. എത്ര ഗൗരവത്തോടെയും ലളിതമായും ഋജുവായും ആണ് രാജേഷ് കേന്ദ്രബജറ്റിന്‍റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതെന്ന് ആ പോസ്റ്റ് സഹിഷ്ണുതയോടെ വായിച്ചാല്‍ മനസ്സിലാവും. അതിനോട് അതേരൂപത്തില്‍ ജനാധിപത്യപരമായി പ്രതികരിച്ചാല്‍ തുറന്നുകിട്ടുന്ന സംവാദ സാധ്യതയെ തകര്‍ത്തുകളയുകയാണിവര്‍ ചെയ്യുന്നത്. നിര്‍ഭയവും തുറന്നതുമായ ചര്‍ച്ചകള്‍ നടക്കേണ്ട സാമൂഹ്യ മാധ്യമവേദികളെ സൈബര്‍ മോബ് ലിഞ്ചിംഗിനുള്ള കളമായി തകര്‍ത്തുകളയുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്.