തട്ടിയും തടഞ്ഞുമാണ് യുഡിഎഫ് സീറ്റ് വിഭജന ചർച്ച മുന്നോട്ട് പോകുന്നത്. ലീഗിനെത്ര മാണി ഗ്രൂപ്പിനെത്ര എന്നൊന്നും ഇനിയും തീരുമാനമായിട്ടില്ല. ലീഗിന് സീറ്റ് രണ്ടിൽ നിന്ന് മൂന്നാക്കണം. അഥവാ മൂന്നാം സീറ്റ് തന്നില്ലെങ്കിൽ തങ്ങൾ പറയുന്നയാളെ വയനാട്ടിൽ നിർത്തണം എന്ന ചെറുതല്ലാത്ത ഉപാധിയാണ് പാണക്കാട്ടു നിന്ന് മുന്നോട്ടു വച്ചിട്ടുള്ളത്. മാണി ഗ്രൂപ്പിനും വേണം രണ്ടാം സീറ്റ്. സിറ്റിങ് എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ കെപിസിസിയുടെ പച്ചക്കൊടി കിട്ടുമെങ്കിലും പത്തനംതിട്ടയിൽ ആന്റോ ആന്റണിയ്ക്കും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനും കോഴിക്കോട്ട് എം കെ രാഘവനും എതിരെ പ്രാദേശിക നേതാക്കൾ രംഗത്ത് വരുമെന്ന് ഉറപ്പ്. ആന്റോ വന്നാൽ കാണിച്ചു തരാമെന്നാണ് പത്തനംതിട്ട ഡിസിസിയുടെ ഭീഷണി.
കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുമ്പോഴാണ് തങ്ങൾക്കനുവദിച്ച നാല് സീറ്റിൽ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് സി ദിവാകരൻ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശ്ശൂരിൽ രാജാജി മാത്യു തോമസ്, വയനാട്ടിൽ പി പി സുനീർ. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രദ്ധിച്ച സിപിഐ സ്ത്രീകൾക്ക് ഇടം കൊടുത്തിട്ടില്ല. യുഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾ ഉണ്ടാകാൻ സാധ്യതയില്ല. ഉണ്ടെങ്കിൽ തന്നെ ജയസാധ്യതയില്ലാത്ത പാലക്കാട്ടോ ആറ്റിങ്ങലിലോ മാത്രമാകും. സിപിഐഎം സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് രണ്ടു ദിവസത്തിനകം തീരുമാനമാകും.
ആദ്യ ഘട്ടത്തിൽ എൽഡിഎഫിന് ഏറെ മുന്നോട്ടു പോകാനായിട്ടുണ്ടെന്ന തോന്നൽ ഇത് വഴിയുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തു 2014 ൽ ഉണ്ടായ പ്രശ്നം തീർക്കാനാകണം സിപിഐ മുതിർന്ന നേതാവിനെ രംഗത്തിറക്കി. ബെന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചത് മൂലമുണ്ടായ കേടു തീർക്കാനാണ് എംഎൽഎ ആയ സി ദിവാകരനെ യുഡിഎഫിലെ പ്രമുഖനെതിരെ പരീക്ഷിക്കുന്നത്- അത് ശശി തരൂർ ആയിരിക്കുമോ? ആകും എന്ന് തന്നെ പറയാം കേട്ടോ. സിപിഐഎമ്മുമായി നല്ല ബന്ധം പുലർത്തുന്നുണ്ട് ദിവാകരൻ. സിപിഐഎം സംഘടനാ സംവിധാനം ഇതോടെ ചടുലമാകുമെന്നുറപ്പ്. ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി വരുന്ന പക്ഷം ബിജെപി വോട്ടുകൾ കോൺഗ്രസിനു കൈമാറാനുള്ള സാധ്യത കുറയും. അത് ദിവാകരന്റെ സാധ്യത വർധിപ്പിക്കും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം, നെയ്യാറ്റിൻകര, പാറശ്ശാല എന്നീ നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ തിരുവനന്തപുരം, വട്ടിയൂർക്കാവ് എന്നിവ യുഡിഎഫ് നേടി, നേമം ബിജെപിയും.
ചിറ്റയം ഗോപകുമാർ എംഎൽഎ സ്ഥാനാർത്ഥി ആയതോടെ എല്ലാം കൈവിട്ട പോലെ ആയി എന്ന് സിറ്റിങ് എം പി കൊടിക്കുന്നിൽ സുരേഷ് വിശ്വസ്തരോട് പറഞ്ഞു കഴിഞ്ഞു. ചിറ്റയം ഗോപകുമാറിന്റെ ജനപ്രിയതയും കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ എതിർപ്പും മാത്രമല്ല, കൊട്ടാരക്കര, പത്തനാപുരം മണ്ഡലങ്ങളിൽ സ്വാധീനമുള്ള ആർ ബാലകൃഷ്ണപിള്ള എൽഡിഎഫിനൊപ്പം ആണെന്നതു കൂടിയാണ് കൊടിക്കുന്നിലിനെ അലട്ടുന്നത്. പിള്ള പിന്തുണച്ചവർ മാത്രമേ മാവേലിക്കരയിൽ ജയിച്ചിട്ടുള്ളു എന്ന ചരിത്രവുമുണ്ട്. എൻഎസ്എസ്സിൽ ശക്തമായ സ്വാധീനമുള്ള പിള്ളയ്ക്ക് ശബരിമല വിഷയത്തിന്റെ പേരിൽ എൽഡിഫിനു ചോരാൻ സാധ്യതയുള്ള വോട്ടുകൾ പിടിച്ചു നിർത്താനാകും. കുന്നത്തൂർ, മാവേലിക്കര, ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂർ എന്നിവയാണ് മറ്റു അസംബ്ലി മണ്ഡലങ്ങൾ. ഇതിൽ ചങ്ങനാശേരി മാത്രമാണ് യുഡിഎഫ് മണ്ഡലം.
സിറ്റിങ് സീറ്റ് ആയ തൃശൂർ നിലനിർത്തുക എന്ന ഭാരിച്ച ചുമതലയാണ് രാജാജി മാത്യു തോമസിനുള്ളത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും 2016 ൽ എൽഡിഎഫ് മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വയനാട്ടിൽ പി പി സുനീറിനു കടുത്ത മത്സരമാണ് നേരിടാനുള്ളത്. അന്തരിച്ച എം ഐ ഷാനവാസ് മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശ്രദ്ധിക്കാതിരുന്ന വിഷയമാകും എൽഡിഎഫ് ഉയർത്തുക. വയനാട് ജില്ലയിലെ മാനന്തവാടി, കല്പറ്റ, സുൽത്താൻ ബത്തേരി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട്, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി എന്നീ അസംബ്ലി മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. മാനന്തവാടി, കല്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ എൽഡിഎഫും സുൽത്താൻ ബത്തേരി, വണ്ടൂർ, ഏറനാട് എന്നിവിടങ്ങളിൽ യൂഡിഎഫുമാണ് 2016 ൽ ജയിച്ചത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇതു വരെ എങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ വാക്യത്തിൽ പറയാം: തട്ടിയും തടഞ്ഞും യുഡിഎഫ്; കുതിപ്പിന് തയ്യാറായി എൽഡിഎഫ്.