രാഷ്ട്രീയവും ധാര്‍മ്മികതയും തമ്മില്‍ ഉണ്ടാകേണ്ട സമന്വയം നിലനിര്‍ത്താന്‍ കഴിയാതെ പ്രവര്‍ത്തിക്കുന്ന കോൺഗ്രസ് നേതൃത്വം ഒരു വശത്ത്. ദേശസ്നേഹത്തിനായി നിലകൊള്ളുന്നത് ഞങ്ങൾ മാത്രമാണ് എന്ന രീതിയിൽ, ഹിന്ദുത്വ അജണ്ടയോടെ പ്രവർത്തിക്കുന്ന ബിജെപി നേതൃത്വം മറുവശത്ത്. ഒറ്റക്കക്ഷിയായി രാജ്യത്തെ നയിക്കാൻ തങ്ങൾക്കാണ് പ്രാപ്തി എന്ന് കരുതിയവരാണ് ഇരു പാർടി നേതാക്കളും. മുഖ്യ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മല്‍സരിക്കുന്നതും അത്തരത്തിൽ പ്രതാപികളാകാൻ വേണ്ടിയാണ്.
എന്നാൽ സഖ്യകക്ഷികൾ ഇല്ലാതെ കേന്ദ്രഭരണം സാധ്യമാകില്ല എന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. നിലവിൽ ഇരു പാർടികൾക്കും സ്വാധീനം കുറഞ്ഞിട്ടുണ്ട്. പ്രവർത്തനത്തിൽ സമാനതകൾ കൂട്ടിയിട്ടുമുണ്ട്. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസ് ഇന്ന് പ്രധാനകക്ഷിയല്ല. 29 സംസ്ഥാനങ്ങളിൽ 13ൽ മാത്രമാണ് ബിജെപി ഭരണമുള്ളത്. ഗാന്ധിജിയെ ആവശ്യത്തിനും അല്ലാതെയും കോൺഗ്രസ് നേതൃത്വം ഉദ്ധരിച്ച് പ്രസംഗിക്കാറുണ്ട്. ധാർമ്മികത ഉള്ള പാർടി എന്ന ധാരണ വരുത്താനാണ് അങ്ങനെ ചെയ്യുന്നത്. ഗാന്ധിജിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ പൊരുത്തമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അതില്ല. ബിജെപിയുടെ ഹിന്ദുപ്രീണനം കോൺഗ്രസ് എതിർക്കുന്നില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി നേതാക്കൾതന്നെ അത് തുടരുന്നതും കണ്ടു. ഹിന്ദുത്വ അജണ്ടയുമായി യുപിയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കൊപ്പം കോൺഗ്രസും വന്നു. ഹൈന്ദവ പ്രീണനത്തിനായി പ്രത്യക്ഷ നിലപാടാണ് ബിജെപിയോടൊപ്പം കോൺഗ്രസ് സ്വീകരിച്ചത്. താമരക്കൈകളിൽ ഒളിപ്പിച്ച കള്ളനാണയം അങ്ങനെ വെളിച്ചത്തായി.

തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ പേരില്‍ മതേതരത്വത്തിന്റെ മുഖംമൂടിയൊക്കെ അഴിച്ചുവെച്ചു രംഗത്തുവന്നിരിക്കയാണ് രണ്ടു പാര്‍ട്ടികളും എന്ന വിമർശനത്തെ എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി വിജയപരാജയങ്ങൾ. തെരഞ്ഞെടുപ്പില്‍ ഖദറിട്ട ആള്‍ക്കാര്‍ പലരും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള അധ്യക്ഷസ്ഥാനമേറ്റ സമയത്ത് വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിലായിരുന്നു ശ്രീധരൻ പിള്ള ബിജെപി നിലപാട് വ്യക്തമാക്കിയത്. എന്തായിരിക്കാം കാരണം?

കൈവിടുന്നതെങ്ങനെ ഹിന്ദുത്വ അജണ്ട?
അയോധ്യയിലെ രാമക്ഷേത്ര നിർമാണമാണ് ഇപ്പോഴും ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടുന്നത്. യുപിയിൽ ബിജെപി രാമനെയും സമാജ് വാദി പാർട്ടി വിഷ്ണുവിനെയും കോൺഗ്രസ് പരമശിവനെയും പാർട്ടി പ്രതീകങ്ങളാക്കി പ്രചാരണം നടത്തി. രാഹുൽ ഗാന്ധിയെ ശിവഭക്ത വേഷത്തിലേക്ക് പ്രചരിപ്പിച്ചത് പോസ്റ്റർ രൂപത്തിൽ. ലോക്സഭാ മണ്ഡലമായ അമേഥിയിലെത്തിയ രാഹുൽ ഗാന്ധിയെ ശിവഭക്തനായാണ് നിരത്തുകൾ നീളെ അടയാളപ്പെടുത്തിയത്. യു പി സന്ദർശിച്ച രാഹുൽ ഗാന്ധിയെ ശിവഭക്തനായ രാഹുൽജി എന്ന അഭിസംബോധന നൽകി നേതാക്കൾ പ്രസംഗിച്ചതും മനഃപൂർവം തന്നെ. പതിവുപോലെ ബിജെപി രാമനെ ‘സ്വന്തമാക്കി’. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മില്‍ മല്‍സരിക്കുന്ന തരത്തിൽ പ്രവർത്തിച്ചു.

ബിജെപിക്കെതിരെ സൈദ്ധാന്തികമായി പോരാടുമെങ്കിലും ശബരിമല വിഷയത്തിൽ ബിജെപിക്കാരെക്കാൾ തീവ്ര വർഗീയനിലപാടായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റേത്. കൈ കൊണ്ടാണോ താമര എടുത്തത്, കൈയിൽ താമര വന്നു വീണതാണോ എന്ന പോലെയുള്ള ചോദ്യങ്ങൾ അപ്രസക്തമാണ്. ആർഎസ്എസ് എന്നു പറഞ്ഞാലും കോൺഗ്രസ്സ്, ബിജെപി എന്നൊക്കെ പറഞ്ഞാലും ഫലത്തിൽ ഇതെല്ലാം ഒന്നുതന്നെ. ഇത് ശബരിമല വിഷയത്തിൽ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഇവരുടെ സമീപനത്തോടെ വ്യക്തമായി. സ്ത്രീകളോടുള്ള കരുതൽ ഇവർക്കുണ്ടായില്ല. സ്ത്രീകളുടെ പൗരാവകാശത്തെക്കുറിച്ച് ഇരു പാർട്ടികളും താല്പര്യം കാണിച്ചുമില്ല.

കോർപ്പറേറ്റ് സ്നേഹത്തിൽ ഒരേപോലെ
മികവ് പ്രകടിപ്പിക്കാത്തവരെ ഇനി മത്സരിപ്പിക്കേണ്ട എന്ന് ബിജെപിയും കോൺഗ്രസും തീരുമാനിച്ചത് അടുത്തിടെ മാത്രമാണ്. അതിനായി അവർ സ്വന്തം ജനപ്രതിനിധികളുടെ പെർഫോമൻസ് ഓഡിറ്റിംഗ് നടത്തി. ജനക്ഷേമത്തിന്റെ കാര്യത്തിൽ എടുക്കുന്ന വഞ്ചനാപരമായ നിലപാട് മൂലം ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന വിമർശനം എതിർ പാർട്ടിക്കാർ വ്യാപകമായി ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിന്‌ തയ്യാറായത്.

മണ്ഡലത്തിൽ ഉത്തരവാദിത്തമില്ലാത്തവരും മികവ് പ്രകടിപ്പിക്കാത്തവരുമായ ബിജെപി പ്രതിനിധികളുടെ പട്ടിക ദേശീയാദ്ധ്യക്ഷൻ അമിത് ഷാ ആണ് തയ്യാറാക്കിയത്. നേതാക്കളായ സംഗീത് സോം, ഹേമാമാലിനി, മുരളീ മനോഹർ ജോഷി, സുരേഷ് റാണ, സഞ്ജീവ് ബല്യാൻ, രാജേന്ദ്ര അഗർവാൾ എന്നിവരാണ് പട്ടികയിലെ പ്രമുഖർ. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു ബിജെപി നേതാവും പട്ടികയിൽ ഉണ്ട്.

മുതിർന്ന നേതാവായ മുരളീ മനോഹർ ജോഷി അത്യാവശ്യ ഘട്ടങ്ങളിൽ പോലും സ്വന്തം നിയോജക മണ്ഡലം സന്ദർശിച്ചിട്ടില്ല എന്നാണ് പട്ടികയിലെ പരാമർശം. 2013 ലെ മുസഫർനഗർ കലാപക്കേസിൽ പെട്ടവരാണ് സംഗീത് സോം, സുരേഷ് റാണാ, സഞ്ജീവ് ബല്യാൻ എന്നിവർ. വീടുകളിൽ ചെന്നാൽ ‘ചായ കിട്ടുന്ന പരിചയം പോലും’ പല ബിജെപി എംപിമാർക്കും ഇല്ല എന്നാണ് ബിജെപി ദേശീയാദ്ധ്യക്ഷന്റെ തന്നെ വിമർശനം.

ഉത്തരവാദിത്തമില്ലായ്മയോടൊപ്പം ജനസ്നേഹമില്ലായ്മയും സേവന താല്പര്യക്കുറവും മറ്റൊരു പ്രശ്നമായി തുടരുന്നു. എന്നാൽ കോർപ്പറേറ്റ് സ്നേഹത്തിൽ എന്നും മുമ്പിൽ ആണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ജനപ്രതിനിധികളും വ്യത്യസ്തരല്ല.

ഒരേ വികാരം, ഒരേ വിചാരം
ഉത്തർപ്രദേശിന്റെയും ബീഹാറിന്റെയും അനുകൂല ജനവിധി കഴിഞ്ഞ തവണ ബിജെപിയുടെ സീറ്റ് നില മെച്ചപ്പെടുത്തിയിരുന്നു. എന്നാൽ കേന്ദ്രഭരണം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടി അവിടെ നിന്ന് തന്നെയുണ്ടായത് ബിജെപി നേതൃത്വത്തെ ആശങ്കപ്പെടുത്തി.

തെക്കേ ഇന്ത്യയിലും മോഡി തരംഗം തുടരുന്നില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായി കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്. തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾ മോഡിവിരുദ്ധനീക്കം തുടരുകയുമാണ്. അതിനാൽ നരേന്ദ്ര മോഡിയെ മാത്രം കേന്ദ്രീകരിച്ചുള്ള (പ്രധാനമന്ത്രിയെന്ന നിലയിൽ) തെരഞ്ഞെടുപ്പ് ശൈലി ബിജെപി ഇത്തവണ ഒഴിവാക്കുകയാണ്. അതേ ശൈലി പിന്തുടരുകയാണ് കോൺഗ്രസും. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കുന്നില്ല.

2019 പൊതു തെരഞ്ഞെടുപ്പിൽ, ബിജെപി സഖ്യം ഇനി തുടരേണ്ട എന്ന ജനവിധി ഉണ്ടാകുകയും ആരൊക്കെ ചേർന്ന് ഭരിക്കണം എന്ന വലിയ ചോദ്യം ഉയർന്നുവരികയും ചെയ്യുന്ന സാഹചര്യം മുന്നിലുണ്ട്. അവയെ ഗൗരവമായി തന്നെയാണ് കാണേണ്ടത്. ബിജെപി, കോൺഗ്രസ് ഭരണകാലം വിലയിരുത്തിയാൽ ചില സമാനതകൾ കാണാം: സാമുദായിക സ്പർദ്ധ വർദ്ധിച്ചു, സാമ്പത്തികാവസ്ഥ കൂപ്പു കുത്തി,

കോർപ്പറേറ്റുകൾക്കായാണ് സർക്കാർ നിലകൊണ്ടത്, അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗം അവഗണിക്കപ്പെടുന്നു, തൊഴിലില്ലായ്മ വർധിക്കുന്നു തുടങ്ങിയവ. മതവിഭാഗങ്ങൾക്കിടയിൽ വെറുപ്പ് സൃഷ്ടിക്കുകയും ആക്രമം കാണിക്കുകയും ചെയ്യുന്നതില്‍ ഇരു ഭരണകൂടവും തങ്ങളുടേതായ പങ്കു വഹിച്ചിട്ടുമുണ്ട്.

ചുരുക്കത്തിൽ, ബിജെപിയുടെയും കോൺഗ്രസ്സിന്റെയും രാഷ്ട്രീയചരിത്രം വ്യക്തമാക്കുന്നു: അധാര്‍മികതയാണ് ഇരുവരുടെയും കൈമുതലെന്ന്; രാഷ്ട്രീയത്തിലുണ്ടായ അവരുടെ അധഃപതനം അതിന്റെ പരമാവധി താഴ്ചയിലാണെന്ന്.