2019 മാർച്ച് രണ്ട്. അഭിനന്ദൻ വർധമാനെ സുരക്ഷിതനായി തിരിച്ചയക്കാൻ പാക്കിസ്ഥാൻ തയ്യാറായി. ധീരനായ ആ വിങ് കമാൻഡർ തിരിച്ചെത്തിയതോടെ ഉപഭൂഖണ്ഡത്തിലെ യുദ്ധസമാന സാഹചര്യത്തിന് അയവു വന്നു. അഭിനന്ദനെ നമുക്കഭിനന്ദിക്കാം. ഇന്ത്യൻ വ്യോമസേനാംഗം അയൽ രാജ്യത്ത് നീചമായ രീതിയിൽ അപമാനിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന അവസ്ഥ ഊഹിക്കാൻ പോകുമാകില്ല. അഭിനന്ദന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള അവകാശ വാദങ്ങൾ ശക്തമാകുമ്പോൾ ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ ആവില്ല.

ദൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ നജീബ് എന്ന വിദ്യാർഥിയെ കാണാതായിട്ട് രണ്ടു വർഷത്തിലേറെയായി. മിടുക്കനായ ആ വിദ്യാർഥി ജീവിച്ചിരിപ്പുണ്ടോ എന്നു പോലും രാജ്യത്തെ ഏറ്റവും പ്രധാന അന്വേഷണ ഏജൻസിയായ സിബിഐക്ക് കണ്ടെത്താനായിട്ടില്ല. നജീബിനെ കണ്ടെത്താനായി ഉമ്മയും സുഹൃത്തുക്കളും മുട്ടാത്ത വാതിലുകളില്ല. മോഡി സർക്കാരിന് ശ്രമിച്ചാൽ കണ്ടെത്താവുന്നതേയുള്ളൂ. എന്നാൽ കേന്ദ്ര സർക്കാർ ശ്രമിച്ചില്ല. അതിനാലാണ് ന്യൂനപക്ഷക്കാരനായ ഒരു വിദ്യാർഥിയുടെ ദുരൂഹമായ തിരോധാനത്തിന് ഈ സർക്കാർ വില കൽപ്പിക്കുന്നില്ല എന്ന വിമർശനം വ്യാപകമായത്.

നരേന്ദ്ര മോഡിയെ നിരന്തരം വിമർശിക്കുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്‌ജീവ്‌ ഭട്ട് നേരിടുന്ന ദുരവസ്ഥയും മറ്റൊന്നല്ല. ഇരുപത് വർഷം മുമ്പത്തെ ഒരു കേസ് കുത്തിപ്പൊക്കി ഒരു ഭീകരവാദിയെ എന്നപോലെ ആറുമാസം മുമ്പ് ജയിലിൽ അടച്ചതാണ് സഞ്‌ജീവ്‌ ഭട്ടിനെ. വിചാരണത്തടവുകാരനായി തുടരുന്ന ഭട്ടിന് ജാമ്യം ലഭിക്കാനുള്ള എല്ലാ സാധ്യതയും ഇല്ലാതാക്കിയിരിക്കയാണ്. കുടുംബത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടു ഭട്ട് സമർപ്പിച്ച അപേക്ഷ ഈയിടെ കോടതി തള്ളിയിരുന്നു.

സംഘർഷം നിലനിൽക്കുന്ന അവസ്ഥയിൽ പാക്കിസ്ഥാൻ ഒരു ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനോട് മര്യാദ കാണിച്ചു, അതുപോലും ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്നില്ല എന്ന് സഞ്‌ജീവ്‌ ഭട്ടിന്റെയും നജീബിന്റേയും കാര്യം പരിശോധിച്ചാൽ വ്യക്തമാകും.