ലണ്ടറിലെ തീയതികളും ആഴ്ചകളും നമുക്ക് വെറും അക്കങ്ങളും അക്ഷരങ്ങളും മാത്രമാണെങ്കിൽ കൃഷ്ണന് അത് ജീവിതമാണ്. അതിനാൽ നമ്മുടെ ചുമരുകളിൽ ഈ കൃഷ്ണന്റെ കൈ ഉണ്ട്. എല്ലാ വർഷവും നവംബറോടെ കൃഷ്ണൻ ശിവകാശിയിൽ നിന്നും കോട്ടയത്തേയ്ക്ക് തിരിയ്ക്കും. മടക്കം ക്രിസ്മസിനു ശേഷം. അതുവരെ കലണ്ടർ നിർമാണ ജോലിയുടെ തിരക്കു തന്നെ. അക്ഷരങ്ങളും അക്കങ്ങളും ചിത്രങ്ങളും അടങ്ങുന്ന പേപ്പറുകൾ കമ്പിയിൽ ചേർത്തുകൂട്ടി ചുമരുകളിൽ തൂങ്ങിയാടുന്ന കലണ്ടറാക്കി പരുവപ്പെടുത്തുന്നത് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം തൊഴിലാളികളാണ്.

ശിവകാശി വേൽചാമി ഹോമിൽ കൃഷ്ണകുമാർ എന്ന കൃഷ്ണന് ഇപ്പോൾ 49 വയസ്സ്. 35 വർഷം മുൻപാണ് കൃഷ്ണൻ കലണ്ടർ നിർമാണത്തിനായി ഇറങ്ങിത്തിരിച്ചത്. അച്ഛന്റെ സഹായി എന്ന നിലയിലായിരുന്നു തുടക്കം. അച്ഛന്റെ കാലശേഷവും ഇത് തുടർന്നു. ഇന്ന് കുടുംബത്തിന്റെ ജീവിതമാർഗമാണ് ഈ ജോലി. ശിവകാശി എം എസ് വേലുചാമിയുടെയും കസ്തൂരിയുടെയും 12 മക്കളിൽ രണ്ടാമനാണ് കൃഷ്ണൻ. സഹോദരങ്ങളിൽ പലരും മറ്റ് ജോലികൾ തേടി പോയപ്പോൾ കൃഷ്ണനടക്കം മൂന്ന് പേർ മാത്രമാണ് കലണ്ടർ നിർമാണ ജോലിയിൽ തുടരുന്നത്. ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ വി മാരിമുത്തു, വി മുത്തുശെൽവകുമാർ എന്നിവർ ശിവകാശിയിൽ കലണ്ടർ നിർമാണം നടത്തിവരുന്നു.

കൃഷ്ണൻ ഡിഫാമിന് പഠിക്കുമ്പോഴാണ് അച്ഛന് സുഖമില്ലാതായത്. അന്ന് മുതൽ അച്ഛനെ സഹായിക്കാനായി ഒപ്പം കൂടി. അന്ന് വയസ്സ‌് 17. പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ അച്ഛന്റെ കഷ്ടപ്പാട് കണ്ടപ്പോൾ അത് വേണ്ടെന്ന് വച്ച് ഒപ്പം ചേർന്നു. പ്രിന്റ് ചെയ്ത് കിട്ടുന്ന പേപ്പറുകൾ കൃത്യതയോടെ മാസങ്ങൾ നോക്കി അടുക്കിവെച്ച ശേഷം, മുകളിൽ കമ്പി അടിച്ച് (ടിൻ മൗണ്ടിങ്) നൽകുന്നതായിരുന്നു ഇവരുടെ ജോലി. മുൻകാലത്ത് ചുറ്റിക ഉപയോഗിച്ചായിരുന്നു ഇത് ചെയ്തിരുന്നത്. പിൽക്കാലത്ത് ഇത് മെഷീനിലേക്ക് വഴിമാറി.

ശിവകാശി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും കലണ്ടർ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. മുമ്പ‌് വർഷത്തിൽ ആറ് മാസം കലണ്ടർ നിർമാണം ഉണ്ടായിരുന്നു. ഇപ്പോൾ അത് രണ്ട് മാസമായി ചുരുങ്ങി. ഇതോടെ സഹായിയായി നിന്നിരുന്ന പലരും ഈ മേഖല തന്നെ വിട്ടുപോയി. എന്നിട്ടും കൃഷ്ണൻ ഈ മേഖലയിൽ പിടിച്ചു നിന്നു. അച്ഛന്റെ മരണശേഷമാണ് മുഴുവൻ സമയ കലണ്ടർ നിർമാണത്തിലേക്ക് കൃഷ്ണൻ തിരിഞ്ഞത്.

അച്ഛന്റെ ആശീർവാദത്തോടെ 1990 ലാണ് കലണ്ടർ നിർമാണ ജോലിയുടെ കരാർ ഏറ്റെടുത്ത് ആദ്യമായി കൃഷ്ണൻ കേരളത്തിൽ എത്തിയത്. 97 മുതൽ സ്വന്തമായി കലണ്ടറുകൾ കമ്പിയടിച്ച് നൽകാൻ തുടങ്ങി. കേരളത്തിലെ ജോലികൾ അവസാനിപ്പിച്ച് മടങ്ങുന്ന കൃഷ്ണനും സഹായികളും ബാക്കിയുള്ള പത്ത് മാസവും സൂപ്പർവൈസിങ്, ബൈൻഡിങ് ജോലികളുമായി നാട്ടിൽ തന്നെ കൂടും.

ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് കലണ്ടർ നിർമാണത്തിന് വേണ്ട സാധന സാമഗ്രികൾ എത്തിക്കുന്നത്. ഇന്ന് ഇദ്ദേഹത്തോടൊപ്പം എട്ട് പുരുഷൻമാരും തദ്ദേശവാസികളായ ആറ് സ്ത്രീകളും കലണ്ടർ നിർമാണ ജോലിയിലുണ്ട്. ദേശാഭിമാനി അടക്കമുള്ള പ്രസുകളിൽ പ്രിന്റ് ചെയ്യുന്ന കലണ്ടറുകൾ കമ്പിയടിച്ച് ‘കലണ്ടർ പരുവ’മാക്കി നൽകുന്നത് കൃഷ്ണനും സംഘവുമാണ്.

സീസണിൽ 25 ലക്ഷത്തോളം കലണ്ടറുകൾ നിർമിക്കാറുണ്ടെന്ന് കൃഷ്ണൻ പറയുന്നു. കൂടുതൽ കലണ്ടറുണ്ടെങ്കിൽ നാട്ടിൽ നിന്ന് തന്നെ കൂടുതൽ പേരെ ജോലിയ്ക്ക് എത്തിയ്ക്കും. നവംബർ ആകുമ്പോൾ കൃഷ്ണൻ തന്റെ നീല ഒമ‌്നി വാനിൽ സാധനങ്ങളും ആളുകളുമായി എത്തും. പിന്നെ കലണ്ടർ നിർമാണം പൂർത്തിയായ ശേഷമേ മടക്കമുള്ളൂ.

ശിവകാശിയിൽ ശ്രീവേൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനവും മൂന്ന് വർഷമായി നടത്തുന്നു. കടുത്ത മുരുക വിശ്വാസിയായ കൃഷ്ണൻ വേളാങ്കണ്ണിയിലും പോയി പ്രാർഥിക്കാറുണ്ട്. അത് അച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നുവെന്ന് കൃഷ്ണൻ പറയുന്നു. ഇദ്ദേഹത്തിന് തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകൾ അറിയാം.

ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം കൃഷ്ണന് പൂർണ പിന്തുണ നൽകുന്നുണ്ട്. ഭാര്യ നാഗലക്ഷ്മിയും പ്ലസ്ടു വിദ്യാർഥി മകൻ വീരമുത്തുകുമാറും ഇദ്ദേഹത്തിന് ഒപ്പമുണ്ട്. മകൾ വീരസുബ്ബലക്ഷ്മിയെ വിവാഹം കഴിച്ചയച്ചു. പരമ്പരാഗതമായി തുടരുന്ന ഈ തൊഴിൽ അടുത്ത തലമുറയും തുടരണമെന്നതാണ് കൃഷ്ണന്റെ ആഗ്രഹം.