ജനുവരി 19 ശനിയാഴ്ച. പതിനായിരക്കണക്കിന് സാധാരണക്കാർ പ്രക്ഷോഭത്തിന്റെ ആഗോള പ്രതീകമായി മാറിയ മഞ്ഞക്കുപ്പായം അണിഞ്ഞ് ഫ്രാൻസിന്റെ തെരുവുകൾ കീഴടക്കി. ശൂന്യതയിൽ നിന്നെന്ന പോലെ 2018 നവംബർ 17ന് പൊട്ടിപ്പുറപ്പെട്ട്, അടിച്ചമർത്താനുള്ള ‌എ‌ല്ലാ ഭരണകൂടശ്രമങ്ങളെയും ചെറുത്ത‌ മഞ്ഞക്കുപ്പായക്കാരുടെ പോരാട്ടം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.

കാറുള്ള ഫ്രഞ്ചുകാർ നിർബന്ധമായും കരുതേണ്ട മഞ്ഞ ഫ്ലൂറസന്റ് മേലങ്കി ധരിച്ചുള്ള ജനങ്ങളുടെ സമരം ഇന്ന് ലോകത്താകമാനം ഞൊടിയിടയിൽ തിരിച്ചറിയുന്ന ഒന്നായി മാറിക്കഴിഞ്ഞു. ദിനംപ്രതി കുതിച്ചുയർന്ന പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം, ചെലവു ചുരുക്കലിനും അസമത്വത്തിനും കപട ജനാധിപത്യത്തിനും എല്ലാറ്റിനുമുപരി, 1980ൽ മാർഗററ്റ് താച്ചർ ആദ്യമായി വിളിച്ചു പറഞ്ഞ ‘നവലിബറലിസത്തി‌നു ബദലില്ലെ’ന്ന (TINA – There is No Alternative) പെരുംനുണയോടുമുള്ള തൊഴിലാളിവർഗ്ഗത്തിന്റെ കരുത്തുറ്റ പോരാട്ടമായി മാറി.

വൈവിധ്യമാർന്ന ഘടനയുള്ള വിശാലാടിത്തറയുള്ള ‘മഞ്ഞമേലങ്കി പ്രക്ഷോഭം’ പ്രതിഷേധത്തിന്റെ മറ്റു യാഥാസ്ഥിതിക രൂപങ്ങളേക്കാൾ ‘മാക്രോൺ പദ്ധതികളെ’ഫലപ്രദമായി എതിർക്കാൻ കെൽപ്പുള്ളതാകുന്നു. തൊഴിലാളി സംരക്ഷണ നിയമങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെതിരെ മാക്രോൺ നടത്തിയ ആക്രമണം തടയാൻ ട്രേഡ് യൂണിയൻ കഴിഞ്ഞ വർഷം ആദ്യം റെയിൽവേ തൊഴിലാളികളുടെ പണിമുടക്കുകൾ അടക്കമുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. (പാർലമെന്റ് തെരഞ്ഞെടുപ്പിൽ മാക്രോൺ നേടിയ ഭൂരിപക്ഷവും നിയമനിർമാണം നടത്താനുള്ള സന്നദ്ധതയും അട്ടിമറിച്ചു.)

ഫ്രാൻസിന്റെ മുക്കിലും മൂലയിലും ആഴ്ചതോറും കൃത്യമായ രീതിയിൽ ജനങ്ങളെ സംഘടിപ്പിക്കാൻ മഞ്ഞക്കുപ്പായക്കാർക്ക് സാധിച്ചു. മാക്രോണിൽനിന്ന് ചെറിയ ഇളവുകളെങ്കിലും നേടിയെടുക്കാൻ അവർക്കു സാധിച്ചു. 2018 ഡിസംബറിൽ സർക്കാർ ഇന്ധന നികുതി വർദ്ധന നീട്ടിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയും പുതുവർഷത്തിലേക്കത് മാറ്റിവെക്കുകയും ചെയ്തു. ഇത് പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തി.

ഡിസംബർ 10ന് എലിസീസ് കൊട്ടാരത്തിലെ ഏറ്റവും ആകർഷണീയമായ അലങ്കാരമുറികളിൽ നിന്ന് നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ മാക്രോൺ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മിനിമം കൂലി വർദ്ധനവ്, 2019 മുതൽ അധികസമയജോലിയിൽനിന്നുള്ള വരുമാനത്തിനുള്ള നികുതി എടുത്തുകളയാമെന്ന വാഗ്ദാനം, ‘കഴിയുന്നത്ര തൊഴിൽദാതാക്കൾ ‘തൊഴിലാളികൾക്ക് വർഷാവസാനം ബോണസ് നൽകാനുള്ള അപേക്ഷ, പെൻഷനുകളിൽ നികുതി ചുമത്താനുള്ള ഉദ്ദേശം ഉപേക്ഷിക്കും എന്നിവയായിരുന്നു അത്.

എന്നാൽ മഞ്ഞക്കുപ്പായ പ്രസ്ഥാനത്തെ തളർത്തുന്നതിനോ അതിന്റെ പ്രധാന ആവശ്യങ്ങളോട് പ്രതികരിക്കുന്നതിനോ ഉള്ള വിദൂരശേഷി പോലും ഈ പ്രസ്താവനക്കുണ്ടായില്ല. ചെയ്യേണ്ട പണി ചെയ്യാത്ത അലസരെന്നും ഉത്തരവാദിത്തത്തെക്കാൾ പ്രാധാന്യം അവകാശങ്ങൾക്കു കൊടുക്കുന്നവരെന്നും പ്രസിഡന്റ് പലപ്പോഴും ആക്ഷേപിക്കുന്നവരെങ്കിലും, ജനങ്ങൾ അദ്ദേഹത്തിന്റെ വിരട്ടലിൽ കുലുങ്ങിയില്ല. ധനാഢ്യനായ മുൻബാങ്കറുടെ ആർഭാടത്തിനും ധൂർത്തിനുമൊപ്പം ധാർഷ്ട്യം കൂടിയാകുമ്പോൾ പ്രസിഡന്റിനെതിരെയുള്ള ജനവികാരം കത്തിപ്പടരുകയാണ്.

ക്രിസ്മസ് അടുത്തതിനാൽ എന്തെങ്കിലും കൺകെട്ടു കാണിച്ച് സമരക്കാരുടെ ശ്രദ്ധതിരിക്കാനുള്ള മക്രോണിന്റെ ശ്രമം തികച്ചും തിരസ്കരിക്കപ്പെട്ടു. ഡിസംബർ 15ന് ക്രിസ്മസ് അലങ്കാര ദീപങ്ങളോടൊപ്പം ജനങ്ങളുടെ ക്രോധവും സമരാഹ്വാനവും തെരുവുകളിൽ നിറഞ്ഞു.

കച്ചവടക്കാർ കടകൾ അടച്ചിട്ടു, തെരുവിൽ കണ്ണീർ വാതകം നിറഞ്ഞു. ജനങ്ങളും പൊലീസും തമ്മിലുള്ള യുദ്ധസന്നാഹമായി റോഡിൽ ജലപീരങ്കികൾ നിരന്നു. ട്യുലസ് നഗരകേന്ദ്രത്തിൽ പ്രതിഷേധക്കാർ ട്രാഫിക്ക് തടഞ്ഞു സംഘങ്ങളായി നിന്നു. മാഴ്സിലെസിൽ ‘ഫ്രാൻസ് വിൽപ്പനച്ചരക്കല്ല’ എന്നെഴുതിയ ബാനറിനു പിന്നിൽ ആയിരങ്ങൾ മാർച്ചു ചെയ്തു. നാന്റ്സിലെ ട്രാംവേയിൽ ബാരിക്കേഡുകൾ നിരന്നു‌‌; ക്രിസ്മസ് മാർക്കറ്റുകളെ നേരത്തെ അടച്ചുപൂട്ടി; അന്തരീക്ഷത്തിൽ കണ്ണീർവാതകത്തിന്റെ മണം തങ്ങിനിന്നു.

ക്രിസ്മസ് പുതുവത്സരാഘോഷ കാലത്തു പോലും ഫ്രാൻസിൽ അങ്ങോളമിങ്ങോളം പ്രക്ഷോഭം ശക്തമായി മുന്നോട്ടു പോയത് മുന്നേറ്റത്തിന്റെ കരുത്ത് വെളിവാക്കുന്നു. ജനുവരിയിലും ഭരണകൂട വിരുദ്ധ വികാരം അവർ കെടാതെ കാത്തു. ഈ സമരത്തിന്റെ ദൈർഘ്യത്തിനു പിന്നിലെന്താകാം? കൊടുംശൈത്യത്തിലും സമാനതകളില്ലാത്ത യൂറോപ്യൻ പൊലീസ് മർദ്ദനത്തിലും തളരാതെ ഓരോ ശനിയാഴ്ചയും ആയിരങ്ങളെ തെരുവിലെത്തിക്കുന്നതെന്തായിരിക്കാം?

പ്രകടനങ്ങ‌ളിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് മർദ്ദനത്തിൽ പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നത് പ്രധാനപ്പെട്ട കാര്യമാണ്. അടിച്ചമർത്തുന്ന ശക്തികളെ പിന്തുണക്കുന്ന ഒരു ‘ക്രമസമാധാന തത്ത്വചിന്ത’ ഇതിനെ ഭാഗികമായി വിശദീകരിക്കുന്നു. ഫ്രഞ്ച് സുരക്ഷാ വിഭാഗം സൈനികവല്ക്കരിക്കപ്പെട്ട ഒന്നാണ്. അവർ ലാത്തിയും തോക്കുകളും കൈയ്യിലുള്ളവരാണ്. ഇതുകൂടാതെ യൂറോപ്പിൽ പലയിടത്തും നിരോധിക്കപ്പെട്ട വൻ പ്രഹരശേഷിയുള്ള മാരകായുദ്ധങ്ങളും അവർക്കുണ്ട്. റബർ പ്രോജെക്റ്റൈലുകളുള്ള സ്റ്റെൻഗ്രനേഡുക‌ളും 40 എംഎം (1.6 ഇഞ്ച്) റബർ ബുള്ളറ്റുകൾ വഹിക്കുന്ന ഡിഫൻസ് ബാൾ ലോഞ്ചറുകളും അവയിൽപ്പെടും.

ഇവ നിരായുധരായ മഞ്ഞക്കുപ്പായക്കാർക്കെതിരെ പ്രയോഗിക്കുന്നത് പലപ്പോഴും ഭീതിയുയർത്തിയിട്ടുണ്ട്. ഇതിനകം ഗുരുതര പരിക്കുകളുള്ള നൂറുകേസുകൾ റെക്കോഡു ചെയ്യപ്പെട്ടു. ചിലർക്ക് കാഴ്ച നഷ്ടപ്പെടുകയും അംഗഭംഗം സംഭവിക്കുകയും ചെയ്തു. കൂട്ട അറസ്റ്റും സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി നടന്നു. അയ്യായിരത്തില്പരം പേർ അറസ്റ്റിലായി. സമരത്തിന്റെ അറിയപ്പെടുന്ന സംഘാടകരെ ക്രൂരമായി വേട്ടയാടി. സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തിനെതിരെ മാക്രോണിന്റെ സഹചാരിയായ പ്രധാനമന്ത്രി ‌എഡ്വാർഡ് ഫിലിപ്പ് പാർലമെന്റിൽ നിയമനിർമാണത്തിന് കച്ചകെട്ടുകയാണ്.

ഇപ്പോൾ കാണിക്കുന്ന ക്രൂരത പോരാതെ ഫ്രഞ്ച് പൗരന്മാരുടെ സങ്കടങ്ങൾ കേൾക്കാനായി ഒരു ദേശീയ വാദപ്രതിവാദ പ്രഹസന പരിപാടിക്ക് ഒരുങ്ങുകയാണ് സർക്കാർ. മുൻകൂട്ടി നിശ്ചയിച്ച ശൈലിയിൽ, ജനവരി 15ന് ആരംഭിച്ച ചർച്ച മാക്രോൺ നിർദേശിച്ച അടവുനയത്തിന്റെയും അജണ്ടയുടെയും അടിസ്ഥാനത്തിൽ തുടരും. അയാളുടെ ടിവി പ്രഭാഷണം ചെയ്ത ഗുണമേ ഈ പദ്ധതിയുമുണ്ടാക്കാൻ പോകുന്നുള്ളു. സോഷ്യൽ മീഡിയയിലുടനീളം സ്പൂഫുകൾ പെരുകുകയാണ്. മഹാ വാദപ്രതിവാദത്തിൽ പങ്കെടുത്ത മേയർമാർ ജനാധിപത്യത്തിലെ കള്ളികളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് സംസാരിക്കുന്നു.

മാക്രോണിന്റെ കാര്യപ്രാപ്തിയിൽ സാമ്പിളിലെ 70 ശതമാനം പേരും സംശയിക്കുന്നതായി പുതിയ സർവ്വേഫലം പറയുന്നു. പ്രക്ഷോഭത്തെ 60 ശതമാനം പിന്തുണച്ചുവെന്നാണ് സർവ്വേ. അതേസമയം ഫ്രാൻസിലുടനീളം യാഥാർത്ഥത്തിലുള്ള മഹാ വാദപ്രതിവാദം നടക്കുന്നു. ശനിയാഴ്‌ചത്തെ പ്രകടനങ്ങൾക്കപ്പുറം മഞ്ഞക്കുപ്പായക്കാർ പ്രക്ഷോഭത്തിനു മൂർച്ചകൂട്ടാൻ ‌എല്ലാ ദിവസവും യോഗങ്ങൾ ചേരുകയാണ്. സാധാരണ ജനങ്ങളുടെ നികുതിഭാരം കുറക്കുക, കോടീശ്വരന്മാർക്ക് മാക്രോണിന്റെ സൗജന്യത്തിൽ നേടിക്കൊടുത്ത വെൽത്ത് ടാക്സിലെ ഇളവ് തിരിച്ചുചുമത്തുക, ഫ്രാൻസിൽ നിലവിലുള്ള രാഷ്ട്രീയസംവിധാനം പൊ‌ളിച്ചെഴുതി ജനഹിതപരിശോധനക്കുള്ള ആവശ്യം ജനങ്ങൾക്കുതന്നെ മുന്നോട്ടുവെക്കാവുന്ന രീതി കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഈ ചർച്ചകളിൽ ഉയർന്നുവന്നു. വ്യത്യസ്ത രീതിയിൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമെന്ന മാക്രോ ണിന്റെ 2017ലെ വാഗ്ദാനത്തിന് വിപരീതമായി ജനജീവിതം ദുസ്സഹമായി എന്നത് സുവ്യക്തമാണ്.

പ്രക്ഷോഭം പിടിച്ചടക്കാനുള്ള തീവ്രവലതുപക്ഷത്തിന്റെ ശ്രമങ്ങൾ തുടരുമ്പോഴും മഞ്ഞക്കുപ്പായ സമരം കൂടുതൽ ഇടത്തോട്ട് ചായുകയാണ്. ഏറ്റവും താഴെ തട്ടിൽ ട്രേഡ് യൂണിയനുകളുമായുള്ള സംയുക്ത ചർച്ചയിലാണ് സമരം മുന്നോട്ടുപോകുന്നത്. പ്രത്യേകിച്ചും ട്യൂലസ്, ബോർഡക്സ് തുടങ്ങി മഞ്ഞക്കുപ്പായക്കാരുടെ ശക്തി വിളിച്ചോതിയ സമര ഇടങ്ങളിൽ പണിമുടക്കിനുള്ള ആഹ്വാനങ്ങൾ തുടരുകയാണ്.

ഏതാനും ആഴ്ചകൾകൊണ്ട് പണിത അസാധാരണമായ ആക്കം നിലനിർത്താനുള്ള മഞ്ഞക്കുപ്പായക്കാരുടെ കഴിവ് പ്രകാശമാനമായ ഒരു ഭാവിക്കു വേണ്ടി ‌എങ്ങനെ പോരാടാം എന്നു കാട്ടിത്തരുന്ന മാതൃകയാണ്. നവംബർ മധ്യത്തോടെ തെരുവുകൾ, ടോളുകൾ, റൗണ്ട്എബൗട്ടുകൾ, മോട്ടോർവെയ്സ് തുടങ്ങിയവയിൽ ആദ്യ പ്രഹരമേൽപ്പിച്ചതു മുതൽ ആഴ്ചകൾ തോറും, ഒന്നു ശ്വാസം വിടാൻപോലും ഇടകൊടുക്കാതെ മഞ്ഞക്കുപ്പായക്കാർ ഭരണകൂടത്തെ മുള്ളിൻമേൽ നിർത്തിയിരിക്കുകയാണ്. നഗരങ്ങൾ മുതൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വരെ അവരുടെ അലയൊലികളെത്താത്ത ഇടങ്ങളില്ല.

നൂറുകണക്കിന് കഠിനാധ്വാനികളായ ജനങ്ങളുടെ കോപവും ദൃഢനിശ്ചയവും സർഗാത്മകതയും രൂപം നൽകിയ മഞ്ഞക്കുപ്പായ പ്രസ്ഥാനം മനുഷ്യരാശിക്ക് മുന്നോട്ടുപോകാനുള്ള പ്രത്യാശയും പാതയും നൽകുന്നു. പ്രാരംഭഘട്ടത്തിലാണെങ്കിലും നിരവധി വെല്ലുവിളികളെ നെഞ്ചേറ്റുവാനോ മറികടക്കുവാനോ മുന്നിലുണ്ടെങ്കിലും നവലിബറലിസത്തിനും കാർക്കശ്യത്തിനും മരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തിനു മീതെയുള്ള ശതകോടീശ്വരന്മാരുടെ നീരാളിപ്പിടിത്തത്തിനുമെതിരെയുള്ള ആഗോളസമരത്തിന്റെ ഒത്ത നടുവിലാണവർ.