കേരള രാഷ്ട്രീയത്തിൽനിന്ന്‌ അപ്രസക്തനാക്കാനുള്ള ശ്രമങ്ങളെ കൂസാതെ കെ കരുണാകരൻ തന്റെ ഐ ഗ്രൂപ്പുമായി ശക്തമായി നിലയുറപ്പിച്ച കാലമുണ്ടായിരുന്നു. ഡിഐസി എന്ന രാഷ്ട്രീയ പരീക്ഷണത്തിന്‌ ലീഡർ നേതൃത്വം കൊടുത്ത കാലം. അടിയന്തരാവസ്ഥയിൽ ഇന്ദിരഗാന്ധിയോടൊപ്പംനിന്ന്‌ കോൺഗ്രസിൽ തന്റെ അപ്രമാദിത്വം തെളിയിച്ച കരുണാകരൻ കുതന്ത്രങ്ങളുടെ ചാണക്യനായി.

എഴുപതുകളിലും എൺപതുകളിലും കരുണാകരന്‌ പകരംവയ്‌ക്കാൻ കോൺഗ്രസിൽ ആരുമില്ലാത്ത സ്ഥിതി. അദ്ദേഹം കോൺഗ്രസിനെ ഒറ്റയ്‌ക്ക്‌ നയിച്ചു. ജാതി-മത സംഘടനകളെ ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിർത്തി. എൻഡിപി, എസ്‌ആർപി തുടങ്ങിയ ജാതി രാഷ്ട്രീയ പാർടികൾക്ക്‌ മന്ത്രിസ്ഥാനം നൽകി. മുസ്‌ലിംലീഗിനെ സദാ കൂടെനിർത്തി. കേരള കോൺഗ്രസിലെ പ്രബലവിഭാഗം എന്നും കരുണാകരനൊപ്പം നിന്നു.

ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും തനിക്കുണ്ടെന്ന്‌ കരുണാകരൻ വിശ്വസിച്ചു, വിശ്വസിപ്പിച്ചു. എല്ലാ മലയാള മാസാരംഭത്തിലും നടത്തിയ ഗുരുവായൂർ ക്ഷേത്രസന്ദർശനങ്ങളിലൂടെ വലിയൊരു വിഭാഗം ഹിന്ദുമതവിശ്വാസികളെ കോൺഗ്രസിനൊപ്പം നിർത്താൻ കരുണാകരന്‌ കഴിഞ്ഞു. മധ്യ കേരളത്തിലെ ക്രിസ്‌ത്യാനികളെയും മലബാറിലെ മുസ്‌ലിങ്ങളെയും കോൺഗ്രസ്‌ കണക്കില്ലാതെ പ്രീണിപ്പിക്കുന്നുവെന്ന ആരോപണം നിർവീര്യമാക്കാനുള്ള ബാലൻസിങ്‌ ആക്ട് ആയിരുന്നു ഗുരുവായൂർ സന്ദർശനങ്ങൾ. കരുണാകരന്റെ കാലത്ത്‌ ബിജെപി ശക്തിപ്രാപിക്കാതിരുന്നതിന് മൃദുഹിന്ദുത്വപാതയിലൂടെയുള്ള ഈ ക്ഷേത്രസന്ദർശനങ്ങൾ സഹായിച്ചിരുന്നുവെന്ന്‌ വിശ്വസിക്കുന്ന കോൺഗ്രസുകാർ ഇന്നുമുണ്ട്‌.

അടിയന്തരാവസ്ഥക്കാലത്തെ പൊലീസിന്റെ അടിച്ചമർത്തലുകൾ, ആർഇസി വിദ്യാർഥി രാജന്റെ തിരോധാനത്തിനുശേഷമുണ്ടായ വിലാപങ്ങൾ, പ്രതിഷേധങ്ങൾ, അധികാരം ഉപയോഗിച്ച്‌ നടത്തിയ അഴിമതികൾ, സ്വജനപക്ഷപാതം, ആശ്രിത വാൽസല്യം എന്നിവ കരുണാകരന്റെ പ്രതിച്ഛായക്കു മങ്ങലേൽപ്പിച്ചപ്പോൾ അണിയറയിൽ വലിയൊരു ഉപജാപം തുടങ്ങിയിട്ടുണ്ടായിരുന്നു.

ചാരക്കേസിൽ ആരോപണവിധേയനായി മുഖ്യമന്ത്രി പദം രാജിവയ്‌ക്കുംവരെ തനിക്കെതിരെ കരുനീക്കം നടത്തുന്നവരുടെ പ്രഹരശേഷി കരുണാകരൻ മനസ്സിലാക്കാതെ പോയി.

എ കെ ആന്റണിയെ മുന്നിൽനിർത്തി ഉമ്മൻചാണ്ടി നടത്തിയ ഇടപെടലുകൾ പലപ്പോഴും നേരിട്ടുള്ള ഏറ്റുമുട്ടലിൽ എത്തി. ചാരക്കേസിൽ രാജിവച്ച കരുണാകരന്‌ പകരക്കാരനായി കേന്ദ്രമന്ത്രിസ്ഥാനം ത്യജിച്ച്‌ ആന്റണി വിമാനം പിടിച്ചെത്തി. അതേ ആന്റണി തന്നെ ഉമ്മൻചാണ്ടി അടുത്ത കുതന്ത്രത്തിൽ കണ്ണീരോടെ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ്‌ കേരളം വിട്ടതും ചരിത്രം.

‘തോമസ് മാഷ് എവിടെയെത്തുമെന്നു നമുക്ക് നോക്കാം’

കേരള മുഖ്യമന്ത്രിയാകാൻ ഇനി തനിക്കൊരു സാധ്യതയുമില്ലെന്നറിഞ്ഞിട്ടും ലീഡർ ഐ ഗ്രൂപ്പിന്റെ നായകനായി തുടർന്നു. മകനോടും മകളോടുമുള്ള ലീഡറുടെ അമിതവാൽസല്യം പല അനുയായികളിലും എതിർപ്പു സൃഷ്ടിച്ചു. പലരും അടർന്നുപോയി. കെ മുരളീധരൻ വൈദ്യുതി മന്ത്രിയായതും ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും കരുണാകരനെ വല്ലാതെ ഉലച്ചു. ഒപ്പം നിന്നവർ വഞ്ചിച്ചതോടെ അദ്ദേഹം പൂർണമായും നിരാശനായി. കൂടെ നിന്നവർ കാലുവാരിയതിൽ രോഷം കൊണ്ടു.

എറണാകുളത്തുനിന്ന്‌ കരുണാകരൻ ഉയർത്തിക്കൊണ്ടുവന്ന കെ വി തോമസ്‌ വിട്ടുപോകുന്ന സ്ഥിതിവന്നപ്പോഴാണ്‌ ലീഡർ ശരിക്കും പൊട്ടിത്തെറിച്ചത്‌. ഐ ഗ്രൂപ്പിന്റെ യോഗത്തിൽ മൊബൈൽ ഫോൺ ഓൺ ചെയ്‌തുവച്ച്‌ എല്ലാ രഹസ്യങ്ങളും തോമസ്‌ മാഷ്‌ തൽസമയം ഉമ്മൻചാണ്ടിക്കും സംഘത്തിനും ചോർത്തിക്കൊടുത്ത വിവരം അക്കാലത്ത്‌ രഹസ്യമായി പ്രചരിച്ചിരുന്നു. അതേക്കുറിച്ചുള്ള ചോദ്യമുയർന്നപ്പോൾ ഡൽഹിയിലെ കൃഷ്‌ണമേനോൻ മാർഗിലെ ബംഗ്ലാവിൽ വാർത്താസമ്മേളനത്തിൽ കരുണാകരൻ ഏറ്റവും തീക്ഷ്ണമായി പ്രതികരിച്ചു. ഒറ്റുകാരനോടുള്ള രോഷം മറയില്ലാതെ പ്രകടിപ്പിച്ച പ്രതികരണമായിരുന്നു അത്:

‘‘ലത്തീൻ കത്തോലിക്ക വിഭാഗത്തിൽ നിന്ന്‌ ജേക്കബേട്ടനുശേഷം നേതാക്കളൊന്നുമുണ്ടായിരുന്നില്ല. ഞാൻ കണ്ണുവച്ചു വളർത്തിക്കൊണ്ടുവന്നതാണ്‌ തോമസ്‌ മാഷിനെ. അയാൾ എവിടെ ചെന്നെത്തുമെന്ന്‌ നമുക്കു നോക്കാം.’’

യാഥാർഥ്യമാകുന്നത് ലീഡറുടെ പ്രവചനം

എത്ര പ്രവചനപരമായിരുന്നു കരുണാകരന്റെ ആ വാക്കുകൾ! മൂന്നരപ്പതിറ്റാണ്ടുകാലം അധികാരം അനുഭവിച്ച കെ വി തോമസിന്,‌ സീറ്റ്‌ നിഷേധിച്ചപ്പോൾ ബിജെപിയുടെ വാതിൽപ്പടി വരെ ചെല്ലാൻ സാധിച്ചത്‌ കോൺഗ്രസ്‌ നേതൃത്വത്തിന്റെ ആശയപാപ്പരത്തിന്റെ തെളിവാണ്‌. കരുണാകരന്റെ സ്ഥാനത്ത്‌ ചെന്നിത്തലയും മുല്ലപ്പള്ളിയും വാഴുമ്പോൾ വിശുദ്ധരായ തോമസുമാർ ഒറ്റുകാരാവും. കോൺഗ്രസിനെ പലപ്പോഴും ദുർബലമാക്കുന്ന, ചിലപ്പോഴൊക്കെ ശക്തമാക്കുന്ന ഗ്രൂപ്പുകളുടെ കക്കുകളി മറന്ന്‌ ബിജെപിയിൽ ചേരാനും മടിക്കാത്ത നേതാക്കളെയും കൊണ്ടാണ്‌ ചെന്നിത്തലയും മുല്ലപ്പള്ളിയും തെരഞ്ഞെടുപ്പ്‌ നേരിടുന്നത്‌.

ബിജെപിയിൽ ചേരാൻ അരസമ്മതം മൂളിയ സുധാകരന്‌ കെപിസിസി ഭാരവാഹിത്വവും കണ്ണൂരിലെ സ്ഥാനാർഥിത്വവും! കോൺഗ്രസ്‌ നേതാക്കളായ രാമൻനായരും പ്രമീള ദേവിയും സംസ്‌കൃത സർവകലാശാല വൈസ്‌ ചാൻസലർ സ്ഥാനത്ത്‌ ഉമ്മൻചാണ്ടി ആഘോഷപൂർവം പ്രതിഷ്‌ഠിച്ച കെ എസ്‌ രാധാകൃഷ്‌ണനും ബിജെപി നേതാക്കളായി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു!

ബിജെപിയുടെ പടിപ്പുര വരെ ചെന്ന്‌ മടങ്ങിയ നേതാക്കൾ വേറെയുമുണ്ട്‌. മലപ്പുറത്ത്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത്‌ സുധാകരൻ അടക്കം നാലു പ്രമുഖ നേതാക്കൾ ബിജെപിയിൽ എത്തിയെന്നു വാർത്തയുണ്ടായിരുന്നു. ബിജെപി നേതൃത്വവുമായി സുധാകരൻ ചർച്ച നടത്തിയെന്നും സ്ഥിരീകരിക്കപ്പെട്ടു. എന്തായാലും ലീഡറെ മാത്രമല്ല, കോൺഗ്രസിനെയാകെ ഒറ്റിക്കൊടുക്കാൻ തയ്യാറായ നേതാക്കൾ ഉള്ളപ്പോൾ കോൺഗ്രസ്‌ നേരിടാൻ പോകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.