ഒരു കള്ളനും വളര്‍ത്തുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ എന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും കഥാപാത്ര സൃഷ്ടിയിലും കഥാപശ്ചാത്തലത്തിലും ശക്തമായ ആവിഷ്കാരമായിരുന്നു തൊട്ടപ്പന്. രക്തബന്ധങ്ങളേക്കാള്‍ വലിയ ആത്മബന്ധത്തിന്റെ കഥയാണ് തൊട്ടപ്പനിൽ നാം കാണുന്നത്. ലളിതമായ കഥപറച്ചില്‍ രീതിയും മനോഹരവും ശക്തവുമായ ആവിഷ്കാരവുമാണ് തൊട്ടപ്പനെന്ന സിനിമ.
ഫ്രാന്‍സിസ് നൊറോണയുടെ പ്രശസ്തമായ തൊട്ടപ്പനെന്ന കഥയിലെ തുരുത്തിലെ ജീവിതങ്ങളെയും ദൃശ്യവല്കരിക്കാനുള്ള ഷാനവാസ് കെ ബാവക്കുട്ടിയുടെ ശ്രമം വിജയകരമായിരുന്നു. പച്ചയായ മനുഷ്യരുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം യഥാതഥമായി, തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ഷാനവാസിന് സാധിച്ചിട്ടുണ്ട്. മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങളാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. തൊട്ടപ്പനും സാറയും തമ്മിലുള്ള ബന്ധവും തുരുത്തിലെ ജീവിതങ്ങളും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
കായലും മത്സ്യങ്ങളും രാത്രിയും പകലും എല്ലാം തൊട്ടപ്പനിലെ കഥാപാത്രങ്ങൾ. പച്ചമനുഷ്യരോടൊപ്പം പച്ചയായ പ്രകൃതിയും വന്നുപോകുന്ന മേക്കിംഗ് ആയിരുന്നു ഷാനവാസ് സ്വീകരിച്ചത്. മലയാളസിനിമകളില്‍ ഇത്തരത്തില്‍ കഥപറഞ്ഞുപോകുന്ന ശൈലി പതിവുള്ളതല്ല. പ്രേക്ഷകനെ പിടിച്ചിരുത്താനായി കഥയെ വക്രീകരിച്ച് സിനിമാറ്റിക് അനുഭവത്തിലേക്ക് മാറ്റുന്നതായിരുന്നു പതിവ്. അത്തരമൊരു സാധ്യത മുന്നിലുണ്ടായിട്ടും കഥയെ അതുപോലെ അവതരിപ്പിച്ച് റിയലിസ്റ്റിക് അനുഭൂതി നല്‍കാനാണ് ഷാനവാസ് ശ്രമിച്ചത്. അതിനുതുന്ന പ്രകൃതിയും കഥാപാത്രങ്ങളും കൂടിയായപ്പോള്‍ മലയാളത്തിലെ നല്ല സിനിമകളിലൊന്നായി തൊട്ടപ്പനും ഉയരുകയാണ്.
തൊട്ടപ്പനിലെ ഇത്താക്കായി വിനായകനെ അല്ലാതെ മറ്റൊരാളെ സങ്കല്പിക്കാന് പോലും സാധിക്കില്ല. അത്രമാത്രം ആഴത്തിലാണ് വിനായകന് അഭിനയിച്ചത്. ഗ്രാമത്തിലെ നിഷ്കളങ്കനും പരുക്കനുമായ ഇത്താക്കായി വിനായകന് ജീവിച്ചു. ഒട്ടും മോശമായില്ല സാറയായി വേഷമിട്ട പ്രിയംവദയും. വിനായകനൊപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു. ഇത്താക്ക് വളര്‍ത്തിയ പെണ്ണിന്റെ ഉശിരും ഉയിരും സാറയില്‍ ഭദ്രം.
കഥയോട് ഇഴചേര്‍ന്ന് നില്ക്കുന്ന സംഗീതവും പാട്ടുകളുമാണ് തൊട്ടപ്പന്റെ മറ്റൊരു സവിശേഷത. ജസ്റ്റിന് വര്‍ഗീസിന്റെ പശ്ചാത്തല സംഗീതം, തുരുത്തിന്റെ ഭംഗി ഒപ്പിയെടുത്ത സുരേഷ് രാജന്റെ ഛായാഗ്രഹണം, ജിതിന് മനോഹറിന്റെ എഡിറ്റിംഗ് എന്നിങ്ങനെ തൊട്ടപ്പനെ ഹൃദ്യമാക്കിവരാണ് അണിയറയിലുള്ളവരെല്ലാം.
പി എസ് റഫീക്കിന്റെ തിരക്കഥയോട് നീതിപുലര്‍ത്തുന്ന ദൃശ്യാവിഷ്കാരവും അതിനോട് കിടപിടിക്കുന്ന അഭിനേതാക്കളുമാണ് തൊട്ടപ്പനെ മനോഹരമാക്കുന്നത്. ദിലീഷ് പോത്തന്, റോഷന് മാത്യു, രഘുനാഥ് പലേരി, ലാല്‍, മനോജ് കെ ജയന് എന്നീ അഭിനേതാക്കൾ മികച്ചു നിൽക്കുന്നു.