ഒക്ടോബർ വിപ്ലവത്തിലൂടെ ഉരുവായ സോവിയറ്റ് യൂണിയൻ ഒട്ടനവധി ദേശങ്ങളും ഭാഷകളുമടങ്ങിയ റഷ്യൻ സാമ്രാജ്യത്തിന്റെ അവകാശിയായി. സാർ ചക്രവർത്തിമാർ വൈവിധ്യ ജനതകളെ അടിച്ചമർത്തിയും തമ്മിൽ തല്ലിച്ചും വാണെങ്കിൽ, സോവിയറ്റ് യൂണിയൻ ഈ വൈവിധ്യങ്ങളെ പരമാവധി പൂവണിയിക്കുന്ന ഒരു രാഷ്ട്രമാകാനാണു ശ്രമിച്ചത്. ആ ശ്രമത്തിന്റെ മൂലക്കല്ലായിരുന്നു 1924ൽ പ്രബലത്തിൽ വന്ന ഭരണഘടന വാഗ്ദാനം ചെയ്ത സംവരണ സമ്പ്രദായങ്ങൾ. പിൽക്കാലത്തു വന്ന ഭരണഘടനാ പരിഷ്കാരങ്ങൾ സംവരണത്തിനു കൂടുതൽ ശക്തിയേകുകയും, അങ്ങനെ ലോകത്തിൽ തന്നെ ആദ്യമായി വൻ തോതിൽ സംവരണം നടപ്പിലാക്കിയ രാജ്യമായി സോവിയറ്റ് യൂണിയൻ മാറുകയും ചെയ്തു. ഈ ചരിത്ര സംഭവങ്ങളിലേക്കു വെളിച്ചം വീശുന്ന കൃതിയാണു ഹാർവാഡ് സർവകലാശാലയിൽ ചരിത്ര അധ്യാപകനായ ടെറി മാർട്ടിന്റെ The Affirmative Action Empire: Nations and Nationalism in the USSR, 1923–1939.
പാർശ്വവൽക്കരിക്കപ്പെട്ട ജനതകളുടെ ഉന്നമനത്തിനായി പലവിധ അടിസ്ഥാനത്തിൽ – ഭാഷയുടെ, ദേശത്തിന്റെ, വംശത്തിന്റെ, മതത്തിന്റെ, ലിംഗത്തിന്റെയും മറ്റും – എല്ലാ മേഖലകളിലും സോവിയറ്റ് സർക്കാർ സംവരണം നടപ്പിലാക്കി. 1936ൽ സ്റ്റാലിന്റെ നേതൃത്വത്തിൽ പുതുക്കിയ ഭരണഘടന സംവരണത്തിന്റെ വ്യാപ്തി വർധിപ്പിച്ചു കൂടുതൽ ജനങ്ങൾക്കു ആനുകൂല്യങ്ങൾ നൽകി. മാർട്ടിൻ എഴുതുന്നത്, ഈ പ്രക്രിയയുടെ ഫലമായി, സോവിയറ്റ് യൂണിയനിലെ ബഹുഭൂരിപക്ഷം പൗരന്മാർക്കും ഏതെങ്കിലും രീതിയിലുള്ള സംവരണം ലഭ്യമായിരുന്നു എന്നാണു. ഇതിനുമപ്പുറം, ഈ പ്രക്രിയയുടെ ഭാഗമായി രാജ്യത്തെ 15 സ്വയംഭരണാധികാരമുള്ള ദേശങ്ങളായി വിഭജിക്കുകയും, അവയിൽ തന്നെ പതിനായിരക്കണക്കിനു ദേശ പ്രദേശങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ഓരോ പ്രദേശത്തിലും അവിടുത്തെ നാട്ടു ഭാഷയെ ദേശ ഭാഷയായി പ്രഖ്യാപിച്ചു, ആ ഭാഷകളിൽ പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, ചലച്ചിത്രങ്ങൾ, നാടകങ്ങൾ എന്നിങ്ങനെ പല വിധത്തിലുള്ള സാംസ്കാരിക ഉല്പാദനത്തിന് സർക്കാർ മുൻകൈ എടുത്തു. പല സ്ഥലങ്ങളിലും ഭാഷയെഴുതാൻ ലിപിയില്ലാത്തതിനാൽ പുതിയ ലിപിയുണ്ടാക്കി. അങ്ങനെ, സോവിയറ്റ് യൂണിയന്റെ അതിർത്തിക്കുള്ളിൽ വസിച്ച നാനാതരം ആളുകളുടെ തനതായ സാംസ്കാരിക ചരിത്രങ്ങളും ജീവിതശൈലികളും സംരക്ഷിച്ചു പരിഭോഷിപ്പിക്കാൻ ആ രാജ്യത്തിന് കഴിഞ്ഞു.
സോവിയറ്റ് യൂണിയന്റെ സംവരണ പരിപാടിയുടെ അടിത്തറ തദ്ദേശീയത (Korenizatsiia) എന്ന ആശയമായിരുന്നു. എണ്ണത്തിലും, സമ്പത്തിലും, രാഷ്ട്രീയ ശക്തിയിലും മുൻപന്തിയിൽ നിന്നിരുന്ന റഷ്യൻ ജനത അവരുടെ സംസ്കാരവും ഭാഷയും സോവിയറ്റ് യൂണിയനിലെ ബാക്കി ജനങ്ങളുടെ മേൽ അടിച്ചേല്പിക്കരുതെന്നും റഷ്യൻ സംസ്കാരം സോവിയറ്റ് യൂണിയന്റെ തന്നെ സംസ്കാരമായി മാറരുതെന്നും ലെനിൻ, സ്റ്റാലിൻ, മറ്റു ആദ്യകാല സോവിയറ്റ് നേതാക്കൾ തുടങ്ങിയവർ ആഗ്രഹിച്ചു. ഈ അവസ്ഥയുണ്ടാകാതിരിക്കാൻ സാംസ്കാരിക തലത്തിൽ സർക്കാർ നിഷ്പക്ഷ സമീപനം സ്വീകരിക്കുകയല്ല, പകരം ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സാംസ്കാരിക ജീവിതങ്ങളിൽ സുനിശ്ചിതമായ ഇടപെടൽ നടത്തുകയാണ് വേണ്ടതെന്നു തീരുമാനിച്ചു. അങ്ങനെ, റഷ്യൻ ജനതയോട് സമാനത കൈവരിക്കാൻ മറ്റു ജനതകളെ പ്രാപ്തരാക്കുന്നത് സോവിയറ്റ് യൂണിയൻ ഏറ്റെടുത്ത ഒരു വലിയ കടമയായിരുന്നു. 1923ൽ ഭരണഘടന ചർച്ചകളുടെ ഭാഗമായി എടുത്ത പ്രതിജ്ഞകളിൽ വിശേഷപെട്ടതായിരുന്നു തദ്ദേശ സാംസ്കാരിക വളർച്ചയെ സംബന്ധിച്ചുള്ളവ. അതിനുമപ്പുറം, വംശവെറിയും ചൂഷിത വിഭാഗങ്ങൾക്കെതിരെ നിലനിന്ന മറ്റു ഉപദ്രവപരമായ മുൻവിധികളും നിയമത്താൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.
മാർട്ടിൻറെ വായനയിൽ, ഈ പ്രതിജ്ഞകൾക്കും പരിപാടികൾക്കും പല ഉദ്ദേശങ്ങലുണ്ടായിരുന്നു. ഇവയിൽ പ്രധാനം, ഓരോ ജനതയുടെയും വേറിട്ട ദേശീയബോധം വളർത്തുക എന്നതായിരുന്നു. വ്യത്യസ്ത ദേശങ്ങളും ദേശിയ സ്വത്വങ്ങളും ഒത്തൊരുമയോടെ സഹവസിക്കുന്ന രാജ്യമാണ് സോവിയറ്റ് യൂണിയൻ ലക്ഷ്യമിട്ടതും നടപ്പാക്കിയതും.റഷ്യൻ ദേശീയതയ്ക്കു അമിതമായ പ്രാധാന്യം നൽകാതെയും, ന്യൂനപക്ഷ ദേശീയതകളെ ശക്തമായി പ്രോത്സാഹിപ്പിച്ചും നടപ്പാക്കിയ നയങ്ങൾ ദേശിയ സ്വത്വങ്ങളെ വിഘടനവാദപരമായ ആശയങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിലും വിജയിച്ചു.
റഷ്യൻ സാമ്രാജ്യത്വത്തിന്റെ കാലത്തു പല ദേശത്തിലെ ജനങ്ങൾ അധീശാധികാരത്തിനെതിരെ പല രീതിയിലുള്ള ചെറുത്തുനില്പുകൾ നടത്തി പോന്നു. ഈ ചെറുത്തുനില്പുകളുടെ ആധാരം അന്യദേശക്കാരായ റഷ്യക്കാർ തങ്ങളെ അടിച്ചമർത്തി ചൂഷണം ചെയ്യുന്നു എന്നായിരുന്നു. സോഷ്യലിസ്റ്റ് വിപ്ലവത്തിന് ശേഷം ഈ അവസ്ഥ തുടരാതെയിരിക്കാൻ, സോവിയറ്റ് യൂണിയൻ തങ്ങളുടെ രാജ്യമാണ് എന്ന് എല്ലാ ദേശക്കാർക്കും തോന്നുക എന്നത് നിർബന്ധമായിരുന്നു. ഒക്ടോബർ വിപ്ലവത്തിൽ റഷ്യക്കാർ, ലാത്വിയക്കാർ, കസാക്കുകൾ, ജോർജിയക്കാർ എന്നിങ്ങനെ ഒട്ടനവധി വംശ ദേശ ഭാഷക്കാർ വഹിച്ച വലിയ പങ്കിന്റെ ഫലമായിരുന്നു ഈ നിർബന്ധം. സോവിയറ്റ് യൂണിയനിലെ സമഗ്രമായ സംവരണ പരിപാടി ഈ പുതിയ രാജ്യം തങ്ങളുടേത് കൂടിയാണെന്ന് എല്ലാ ജനതകളെയും ബോധ്യപ്പെടുത്തുന്നതിൻറെ ഭാഗമായിരുന്നു. സോവിയറ്റ് അധികാരത്തെ സ്വദേശവും, സർവസമ്മതവും, ദൃഢബദ്ധവും ആക്കിത്തീർക്കുന്നതിൽ സാംസ്കാരിക ഇടപെടലുകളും സംവരണവും ഉപകരിച്ചു. സോവിയറ്റ് യൂണിയൻ തങ്ങളുടെ തദ്ദേശീയമായ അവകാശങ്ങളെയും അധികാരത്തെയും മാനിക്കുന്ന ഒന്നാണെന്നും, അതേ സമയം തങ്ങളുടെ വികസനത്തിന് മുൻതൂക്കം നൽകുന്ന ശക്തിയാണെന്നും പല സോവിയറ്റ് നാട്ടുകാർക്കും മനസ്സിലായതും അങ്ങനെയാണ്.
ഈ സോവിയറ്റ് ആശയങ്ങൾ സാരംശിക്കുന്ന സ്റ്റാലിന്റെ വാക്കുകൾ മാർട്ടിൻ ഉദ്ധരിക്കുന്നു: “നാളിതുവരെ റഷ്യൻ സ്വഭാവത്തോടെ നിലനിന്ന സോവിയറ്റ് അധികാരം നമ്മൾ ഇനി അന്താരാഷ്ട്രമാക്കുകയും, അങ്ങനെ ഇതുവരെ ചൂഷിതരായിരുന്ന ദേശങ്ങളിലെ അടിസ്ഥാന വർഗങ്ങൾക്കു അത് സ്വദേശിയായി അനുഭവപ്പെടുകയും ചെയ്യും.”
മാർട്ടിന്റെ പഠനത്തിൽ നിന്ന് ലഭിക്കുന്ന പ്രധാന ഉൾകാഴ്ച സോവിയറ്റ് യൂണിയനെന്ന രാജ്യത്തിന്റെ സവിശേഷതകളാണു. നാം പൊതുവെ മനസിലാക്കുന്ന രീതിയിലുള്ള ഒരു ദേശരാഷ്ട്രമൊ സാമ്രാജ്യമോ അല്ലായിരുന്നു സോവിയറ്റ് യൂണിയൻ. അന്നുവരെ പടുത്തുയർത്തിയതിൽ നിന്ന് വ്യത്യസ്തമായ ഒരു രാജ്യം സൃഷ്ടിക്കാനാണ് സോവിയറ്റ് യൂണിയൻ ശ്രമിച്ചത്. അനേക ദേശങ്ങൾ അടങ്ങിയതും അംഗീകരിക്കപ്പെട്ടതുമായ ഒരു രാഷ്ട്രമായിരുന്നു അത്. 1936ലെ ഭരണഘടന ആ രാഷ്ട്രത്തെ വിശേഷിപ്പിച്ചത് “ജനതകളുടെ സൗഹൃദം” (“friendship of the peoples”) എന്നായിരുന്നു. ഒരു സോവിയറ്റ് ദേശീയതയ്ക്കു പകരം പല പല തദ്ദേശീയ ദേശീയതകൾ പ്രോത്സാഹിപ്പിച്ചു, ഈ ദേശീയതകളെ കോർത്തിണക്കി ഒരു അനേകദേശ രാഷ്ട്രമായി നിലനിന്ന നാടായിരുന്നു സോവിയറ്റ് യൂണിയൻ. (ഇന്നത്തെ ചൈനയും സമാനമായ രീതിയിലാണ് അവിടുത്തെ ജനങ്ങളെ കാണുന്നത്. ജനസമ്പർക്ക നയങ്ങളിൽ “ചൈനീസ് വംശദേശീയതകൾ” (Zhōnghuá mínzú) എന്ന പദമാണ് ഉപയോഗിച്ച് പോരുന്നതു.) ഈ ലോകത്തെ മറ്റു പല രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായും, ഇരുപതാം നൂറ്റാണ്ടിൽ നിലനിന്ന ഒട്ടുമിക്ക ദേശരാഷ്ട്രങ്ങളിൽ നിന്ന് വിയോജിച്ചും, സോവിയറ്റ് യൂണിയന്റെ ഭാവനാസമൂഹം (imagined community) എന്നതു ഭാഷയാലോ, മതത്താലോ, വംശത്താലോ, മറ്റേതു പ്രകൃതം കൊണ്ടോ ഏകത്വമുള്ളതായിരുന്നില്ല. എല്ലാ ദേശക്കാരെയും ഭാഷക്കാരെയും വംശക്കാരെയും യോജിപ്പിച്ചു നിർത്തിയത് ഒന്നുമാത്രം – സോഷ്യലിസം.
സോവിയറ്റ് യൂണിയന് വെളിയിൽ സമാനമായ വ്യാപ്തിയിൽ സംവരണം നടപ്പിലാക്കിയ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നാനാവിധ വൈവിധ്യങ്ങളടങ്ങിയ ജനതകളെ ഒറ്റ രാഷ്ട്രമായി നിലനിർത്തുക എന്നതു ഇന്നും നമ്മെ അലട്ടുന്ന പ്രശ്നമാണ്. അതേസമയം, ചരിത്രപരമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്കായി ഏർപ്പെടുത്തിയ സംവരണം അനാസ്ഥയുടെയും വെട്ടിച്ചുരുക്കലിന്റെയും ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യങ്ങളിൽ, സോവിയറ്റ് യൂണിയന്റെ ചരിത്രം നമ്മുടെ മുന്നിൽ ഒരു പാഠമായി നിലനിൽക്കുന്നു. ടെറി മാർട്ടിന്റെ പുസ്തകം ഈ ചരിത്രത്തിന്റെ ഒരു പ്രധാന വശത്തേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. അതിനുമപ്പുറം, സംവരണം എന്ന നയം പിന്നോക്ക ജനവിഭാങ്ങളുടെ ഉന്നമനത്തിനായി ഒരു അനേകദേശ രാഷ്ട്രത്തിൽ എങ്ങനെ നടപ്പിലാക്കി എന്ന് നമുക്ക് പഠിക്കാം.