ഗുജറാത്തിൽ താമസക്കാരനായ മലയാളി, നിഖിലിന്റെ പൊള്ളിക്കുന്ന വീട്ടനുഭവം.
ബാംഗ്ലൂരിൽ നിന്ന് ഇവിടേയ്ക്ക് താമസം മാറിയത് മുതൽ പാത്രങ്ങൾ കഴുകാനും വീട് വൃത്തി ആക്കാനും വേണ്ടി ഒരു ഗുജറാത്തി സ്ത്രീ വരുന്നുണ്ട്. ഞാൻ ഓഫീസ് മുറിയിൽ എന്റെ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടയിൽ എപ്പോഴോ അവർ വന്നു വീട്ടു ജോലികൾ എല്ലാം ചെയ്തു പോകാറാണ് പതിവ്. അതിനിടയിൽ ഓഫീസ് റൂം വൃത്തി ആക്കാൻ വരുമ്പോൾ മാത്രമാണ് അവരെ കാണാറുള്ളത്.
ഇന്നലെ യാദൃച്ഛികമായി ജോലിക്കിടയിൽ ഒരു കോഫി ഉണ്ടാക്കി കുടിക്കാൻ അടുക്കളയിൽ കയറിയപ്പോൾ മനസ്സിനെ വല്ലാതെ വേദനിപ്പിച്ച ഒരു കാഴ്ച കണ്ടു. പാത്രങ്ങൾ ഒക്കെ കഴുകാൻ വേണ്ടി അടുക്കി വക്കുന്നതിനിടയിൽ തലേ ദിവസം മോനോ മോളോ സ്കൂളിൽ കൊണ്ട് പോയി പാതി കഴിക്കാതെ തിരിച്ചു കൊണ്ടു വന്ന ചപ്പാത്തി കഷണങ്ങൾ ഒരു കുഞ്ഞു കവറിൽ ആക്കി അവർ അവരുടെ സഞ്ചിയിൽ വക്കുന്നു. പശുവിനോ അല്ലെങ്കിൽ മറ്റേതെങ്കിലും വളർത്തു മൃഗങ്ങൾക്കോ നൽകാൻ ആവുമെന്നാണ് ആദ്യം കരുതിയത്. ആ ഉണക്ക ഗോതമ്പു പലകകൾ കുഞ്ഞുങ്ങൾക്കാണെന്നറിഞ്ഞപ്പോൾ നെഞ്ച് തകർന്നു പോയി.
അല്പം ഇടതുപക്ഷ ചായം പൂശിയ ഏതൊരു മധ്യവർഗ്ഗ ഫ്യൂഡൽ തലച്ചോറിന്റെയും യാന്ത്രിക പ്രവർത്തണമെന്നോണം വീട്ടിൽ ഉണ്ടായിരുന്ന കുറച്ചു ആട്ട എടുത്തു കൊടുത്തു. കൊടിയ പട്ടിണിയോട് തോൽക്കാൻ മനസ്സില്ലാതെ അധ്വാനിച്ചു ജീവിക്കാൻ അവർ കാണിക്കുന്ന ആ നിശ്ചയദാർഢ്യത്തിനു ഇടയിലേക്ക് അപകർഷതാ ബോധത്തിന്റെ ഒരു വിത്ത് വിതക്കാൻ മാത്രമേ ഉതകൂ എന്നറിഞ്ഞിട്ടും.
രാത്രി ഗൂഗിളിൽ തപ്പി നോക്കി. ഏകദേശം 100 മില്യൺ മെട്രിക് ടൺ ഗോതമ്പു ഒരു വർഷം നമ്മുടെ രാജ്യത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. അതായത് ഏകദേശം പതിനായിരം കോടി കിലോഗ്രാം. ഇന്ത്യയിലെ 130 കോടി മനുഷ്യനും ഓരോ വർഷവും 70-72 കിലോ ഗ്രാം ഗോതമ്പു നൽകാൻ കഴിയുന്ന ഉത്പാദനം ഇവിടെ നടക്കുന്നുണ്ട്. (ഒരു ദിവസം 200 ഗ്രാമിന് മുകളിൽ ഒരാൾക്ക്). അതായത് ഒരാൾക്ക് ഓരോ ദിവസവും മിനിമം 6 ചപ്പാത്തികൾ കഴിക്കാൻ പോന്നത്രയും. അരിയുടെയും പച്ചക്കറികളുടെയും ധാന്യങ്ങളുടെയും കണക്കു എടുത്താലും ഇത് തന്നെ ആണ് അവസ്ഥ. ഓരോ ഭാരതീയനും മൂന്നു നേരം സുഭിക്ഷമായ ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിൽ ഉത്പാദനം ഇവിടെ നടക്കുന്നുണ്ട്. എന്നിട്ടും എന്താണ് ഈ പാവങ്ങൾക്ക് ഒരു കഷ്ണം ചപ്പാത്തി തിന്നാൻ ചവറ്റു കുട്ടയിൽ പരതേണ്ടി വരുന്നതു ? ക്യാപിറ്റലിസ്റ്റിക് സാമ്പത്തിക വ്യവസ്ഥയുടെ ക്രൗര്യം എന്നതാണ് കൃത്യമായ ഉത്തരം.
മോദി സാബ് പാകിസ്ഥാനിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു നിർത്തുന്നു എന്നും പശുവിന്റെ മൂത്രവും ചാണകവും മരുന്നാണെന്നും നഗ്ന സന്യാസിമാരുടെ ലിംഗത്തിൽ തൊട്ടു പ്രാർത്ഥിച്ചാൽ സ്വർഗം പ്രാപിക്കുമെന്നുമെല്ലാം വലതുപക്ഷം വളരെ ഫലവത്തായി ഇവരെ പറഞ്ഞു വിശ്വസിപ്പിക്കുമ്പോഴും അര വയറിന്റെ രാഷ്ട്രീയം കൃത്യമായി ബോധ്യപ്പെടുത്താൻ നമുക്ക് കഴിയാതെ പോകുന്നതെന്തു കൊണ്ടാണ്?