മാർച്ച് 25 ന് രാമ നവമിയായിരുന്നു. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ അന്നൊരു സംഭവമുണ്ടായി. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും സമശീർഷനും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബുൾ കലാമിന്റെ പ്രതിമ തകർത്തുകൊണ്ട് സായുധസംഘം ആഹ്ലാദപ്രകടനം നടത്തി.

ലോകാദരണീയനായ ഇസ്ലാമിക പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആസാദിന്റെ പ്രതിമ തകർത്ത ആ സംഘത്തിന്റെ പൂർവികർ സമാനായ ഒരു കൃത്യം ചെയ്തിട്ടുണ്ട്. ഏതാണ്ട് തൊണ്ണൂറു വർഷം മുൻപ്. മൗലാനയുടെ ജീവനെടുക്കാനായിരുന്നു പദ്ധതി. അതിനുള്ള ഗൂഢാലോചനയ്ക്ക് നേതൃത്വം നല്കിയതാവട്ടെ ഗണേഷ് ദാമോദർ സവർക്കർ, ആർ എസ് എസ്സിന്റെ സ്ഥാപക നേതാക്കളിൽ ഒരാൾ. ഹിന്ദു മഹാസഭയുടെയും ആർ എസ് എസ്സിന്റെയും നേതാവും ഗാന്ധിവധത്തിൽ കുറ്റാരോപിതനുമായ വിനായക് ദാമോദർ സവർക്കറുടെ സഹോദരൻ. പക്ഷെ ഗണേശ് സവർക്കർ കൊലപാതകം നടത്തുന്നതിൽ പരാജയപ്പെട്ടു. കാരണം വ്യക്തമല്ല.

ബ്രിട്ടീഷ് സർക്കാരിന്റെ ചാരന്മാർ ഈ ഗൂഢാലോചന കണ്ടെത്തി. അതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ ഡൽഹി പൊലീസിന്റെ കൈവശമുണ്ട്. 1929 സെപ്തംബർ 13 ന് കൊൽക്കത്ത സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ആദ്യ റിപ്പോർട്ട് നൽകി. അതിൽ ഇങ്ങനെ പറയുന്നു:

“ഗണേഷ് സവർക്കർ ഒരു പ്രമുഖ മുഹമ്മദീയ നേതാവിനെ ഡൽഹിയിൽവച്ചോ ബോംബേയിൽവച്ചോ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് വിശ്വസനീയമായ വിവരം എനിക്കു ലഭിച്ചു. ഹിന്ദുനേതാക്കളായ ശ്രദ്ധാനന്ദിനെയും രാജ്പാലിനെയും മുഹമ്മദീയർ കൊന്നതിനു പ്രതികാരം ചെയ്യുന്നതായാണ് വിവരം. നിർദ്ദിഷ്ട ആസൂത്രണത്തെക്കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരമൊന്നും ലഭിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു.”

ഒരു പ്രമുഖ വിപ്ളവകാരിയിൽ നിന്ന് ആയുധങ്ങളും “ബംഗാൾ ബോംബിന്റെ സാമ്പിളും” ലഭിക്കുന്നതിന് ഗണേഷ് സവർക്കർ കൊൽക്കത്ത സന്ദർശിച്ചു. എന്നാൽ, “ഞങ്ങളുടെ അറിവിൽ റിവോൾവറോ സ്ഫോടകവസ്തുക്കളോ സവർക്കർക്ക് നൽകിയിട്ടില്ല.”

നാലു ദിവസങ്ങൾക്കു ശേഷം, ഡൽഹിയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ അഡീഷണൽ പൊലീസ് സൂപ്രണ്ടിന് ഷിംലയിലെ ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തുനിന്ന് റിപ്പോർട്ട് ലഭിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നിരവധി പ്രമുഖ നേതാക്കളുടെ പേര് ഉൾപ്പെട്ടതായി സെപ്തംബർ 13 ലെ ആ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു:

“എസ് എച്ച് ദാമോദർ സവർക്കറുടെ ഉദ്ദേശ്യം മുഹമ്മദ് ​​അലി, ഡോ. അൻസാരി, അബുൽ കലാം ആസാദ്, മുഫ്തി കിഫായത്തുളള എന്നിവർ ആയിരുന്നിരിക്കാം. ഒരു പക്ഷേ ഏതു മുഹമ്മദീയ നേതാവാണ് ഡൽഹിയില്‍ വിഘടനവാദപരമായ മുസ്ലീം അനുഭാവത്തിനും ഹിന്ദുവിരുദ്ധതക്കും പഴികേട്ടത് എന്നു തിരിച്ചറയാന്‍ നിങ്ങള്‍ കൂടുതല്‍ പ്രാപ്തനായിരിക്കും എന്നു കരുതുന്നു.”

ഈ റിപ്പോർട്ടിൽ ഗണേഷ് സവർക്കർ എസ്എച്ച് ദാമോദർ സവർക്കറാണെന്ന് തെറ്റായി രേഖപ്പെടുത്തിയെന്നത് ഇൻറലിജൻസ് ബ്യൂറോ 1929 ഒക്ടോബർ 2 ലെ ഒരു കുറിപ്പിലൂടെ വ്യക്തമാക്കി. ഗണേഷ് സവർക്കറുടെ ഗൂഢാലോചനയെക്കുറിച്ചും അത് പരാജയപ്പെട്ടതിനെക്കുറിച്ചും ചില വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ട്.

പ്രധാന ആർഎസ്എസ് നേതാക്കൾ

ബാബാറാവു എന്ന് അറിയപ്പെടുന്ന ​ഗണേഷ് സവർക്കർ 1925 ൽ ആർഎസ്എസ് സ്ഥാപിച്ച അഞ്ചു പേരിൽ ഒരാൾ. കെ ബി ഹെഡ്​ഗേവാർ, ബി എസ് മൂഞ്ചേ, എൽ വി പരാഞ്ച്പേ, ബി ബി തോൽക്കർ എന്നിവരാണ് മറ്റുള്ളവർ.

ഗണേഷ് സവർക്കർ ആർഎസ്എസിനെ വികസിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ. ഹെഡ്​ഗേവാർ പ്രത്യയശാസ്ത്രപരമായ കാര്യങ്ങൾ രൂപപ്പെടുത്തുകയും ചെയ്തു. തന്റെ കൃതിയിലെ ആർഎസ്എസിനു ദീർഘകാലം നിലനിൽക്കാൻ കഴിയുമോ എന്ന ചോദ്യം അന്ന് ചർച്ചചെയ്യപ്പെട്ടു. അദ്ദേഹം തന്റെ തരുൺ ഹിന്ദുസഭയും, മുക്തേശ്വർ ദളും ആർഎസ്എസുമായി ചേരുകയും പശ്ചിമ മഹാരാഷട്രയിൽ ആദ്യ സർസംഘചാലക് ഹെഡ്ഗേവാറുമായി ഒന്നിച്ച് പര്യടനങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ ഹിന്ദു-മൗലികവാദ നേതാക്കൾക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തു.

ഗണേഷ് സവർക്കർ തയ്യാറാക്കിയ മറാഠി പ്രബന്ധമായ രാഷ്ട്രമീമാംസ ആയിരുന്നു പിന്നീട് ഇംഗ്ലീഷിൽ ‘വീ ഓർ ഔർ നേഷൻഹുഡ് ഡിഫൈൻഡ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ആർഎസ്എസ് രണ്ടാം സർസംഘചാലക് എം എസ് ഗോൾവാൾക്കറുടെ പേരിൽ രേഖപ്പെടുത്തപ്പെട്ട ഈ രചനയാണ്‌ സംഘ്പരിവാറിന്റെ അടിസ്ഥാന ​ഗ്രന്ഥങ്ങളിൽ ഒന്നായി കണക്കാക്കുന്നത്.