മുസ്ലിംലീഗും എസ്ഡിപിഐയും തെരഞ്ഞെടുപ്പിനുമുമ്പ് ചർച്ച നടത്തിയെന്നറിയുമ്പോൾ മലപ്പുറത്തുകാർക്ക് വലിയ ബേജാർ ഒന്നുമില്ല. കൊണ്ടോട്ടിയിലെ കെടിഡിസിയുടെ ടാമറിൻഡ് ഹോട്ടലിൽ നാസറുദ്ദീൻ എളമരവും നേതാക്കളുമായിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ചർച്ച നടത്തിയത്. വീഡിയോ നൈസായി ചോർന്നു. പത്രങ്ങളും ചാനലുകളും വലിയ വാർത്തയാക്കിയെങ്കിലും എന്താപ്പം ഇതിൽ പുതുമയെന്നാണ് ലീഗ് നേതാക്കളുടെ ചോദ്യം.എസ്ഡിപിഐയിൽ ഇന്നുള്ള ഏതാണ്ട് മുഴുവൻ പ്രവർത്തകരും പഴയ (ഇപ്പോഴും) ലീഗുകാരാണ്. ലീഗിന് തീവ്രസ്വഭാവം പോരെന്നുപറഞ്ഞാണ് അവർ പുതിയ പാർട്ടി ഉണ്ടാക്കിയത്. എസ്ഡിപിഐ ലീഗിൽ ചെലുത്തുന്ന സ്വാധീനം ലീഗിനെ വല്ലാതെ മാറ്റിയിരിക്കുന്നു. മലപ്പുറം താനൂരിലെ ഉണ്യാൽ ഉൾപ്പെടെ പല പ്രദേശങ്ങളിലും ലീഗ് തുടരുന്ന അക്രമങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ ഇത് മനസ്സിലാകും.
ലീഗുകാർ ഇങ്ങനെ ചോദിക്കുമ്പോൾ കേൾക്കുന്നവർ തലയാട്ടി സമ്മതിക്കണം. കാരണം, ചരിത്രം അങ്ങനെയാണ്.
ലീഗിൽ അവശേഷിക്കുന്ന മിതവാദികൾക്കും മനുഷ്യസ്നേഹികൾക്കുമൊന്നും വലിയ ഒച്ചയുണ്ടാക്കാൻ കഴിയുന്നില്ല ഇപ്പോൾ. ചുരുക്കിപ്പറഞ്ഞാൽ വാളുകൊണ്ട് വെട്ടണമെന്നു എസ്ഡിപിഐ വാശിപിടിക്കുമ്പോൾ ഇരുമ്പുവടികൊണ്ട് അടിച്ചാൽ മതിയെന്ന് ലീഗ് പറയും. തല വെട്ടണമെന്ന് എസ്ഡിപിഐ ശഠിച്ചാൽ കൈവെട്ടിയാൽ മതിയെന്ന് ലീഗ് ആശ്വസിപ്പിക്കും.കൊണ്ടോട്ടി നേർച്ചയൊക്കെ റിയൽ എസ്റ്റേറ്റ് മാഫിയക്കുവേണ്ടി മുടക്കിയ ഇവർക്ക്, കുഞ്ഞാലിക്കുട്ടി മത്സരിച്ച മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പായിരുന്നു ‘നേർച്ച’. ഒരു സ്ഥാനാർത്ഥിയെ നിർത്തി രാമനാട്ടുകര തൊട്ട് പുലാമന്തോൾ വരെ നീണ്ടുനിവർന്നു കിടക്കുന്ന മണ്ഡലത്തിൽ സ്ഥാനാർഥിയെയുംകൊണ്ട് ഓടിപ്പാഞ്ഞു നടക്കണം; ഫ്ളക്സ് വെക്കണം. അതിനു ലക്ഷങ്ങൾ വേണം
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കൊണ്ടോട്ടിനേർച്ചയുടെ തീയതി നിശ്ചയിച്ചാൽ ആനമയിലൊട്ടകക്കാർക്ക് വരുന്ന സന്തോഷമാണ് എസ്ഡിപിഐക്ക്. ആളെണ്ണം കുറവുള്ളതുകൊണ്ട് കേഡർ സ്വാഭാവമുണ്ട് ആ പാർട്ടിക്ക്. അതുകൊണ്ടുതന്നെ പാർട്ടിക്ക് കിട്ടുന്ന വോട്ടുകളിൽ ഒരു പങ്ക് യുഡിഎഫിന് കൊടുക്കാൻ എളുപ്പമാണ്. ഓരോ ബൂത്തിലെയും കൃത്യം എണ്ണം പ്രവർത്തകരെ ഏൽപ്പിച്ചാൽ മതി. കൃത്യമായി പണം നേതാക്കളുടെ അക്കൗണ്ടിൽ എത്തും.
നേതാക്കൾ ബുദ്ധിപരമായ തീരുമാനമെടുത്തു. സ്ഥാനാർത്ഥിയെ നിർത്തണ്ട.
പത്രക്കാർ ചോദിച്ചു, അതിലെന്തു ന്യായം? പത്തുമുപ്പത്തിനായിരം വോട്ടുള്ളതല്ലേ?
ഉഗ്രൻ മറുപടി വന്നു: ‘ഉപതെരഞ്ഞെടുപ്പല്ലേ? അതിൽ സ്ഥാനാർത്ഥിയൊന്നും വേണ്ട. മെയിൻ തെരഞ്ഞെടുപ്പ് വരട്ടെ’
പ്രചാരണത്തിനുള്ള ചെലവും ലാഭിക്കാം, വോട്ടു മറിച്ചതിനു ലക്ഷങ്ങൾ വാങ്ങുകയും ചെയ്യാം. കുഞ്ഞാപ്പയെ ജയിപ്പിക്കാൻ അന്നും ചർച്ച നടന്നിട്ടുണ്ടാകും, ടാമറിന്റിലോ കൊടപ്പനക്കലോ പാണ്ടിക്കടവത്തു ബംഗ്ളാവിലോ.
എസ്ഡിപിഐയെ വളർത്തി ഈ രൂപത്തിലേക്ക് മാറ്റിയെടുക്കാൻ ഖലാസിപ്പണി എടുത്ത നേതാക്കളുണ്ട് ലീഗിൽ. ഒന്നാമൻ ഇ ടി മുഹമ്മദ് ബഷീർ. ഒപ്പം ഏത്തം വലിച്ചത് കുട്ടി അഹമ്മദ് കുട്ടി. ബഷീർ മത്സരിക്കുമ്പോൾ എങ്ങനെ എസ്ഡിപിഐ മാറിനിൽക്കും. ഔലിയാക്കന്മാരെ പിണക്കാനാവില്ല. അതുതന്നെ, ടാമറിൻഡ് ചർച്ച എന്തിനായിരുന്നുവെന്ന ചോദ്യത്തിനു മറുപടി.
പൊന്നാനി, മലപ്പുറം മണ്ഡലത്തിലെ വോട്ടിൽ ഓരോ പങ്ക് ബഷീറിനും കുഞ്ഞാലിക്കുട്ടിക്കും നൽകാനുള്ള കാര്യങ്ങൾ തന്നെയാണ് ചർച്ച ചെയ്തത്. അല്ലാതെ മുടങ്ങിക്കിടക്കുന്ന കൊണ്ടോട്ടി നേർച്ച വീണ്ടും നടത്തുന്ന കാര്യമാവില്ലല്ലോ. ദുർബലരായ സ്ഥാനാർത്ഥികളെ തിരഞ്ഞു കണ്ടുപിടിച്ച് പൊന്നാനിയിലും മലപ്പുറത്തും നിർത്തണം.
പൊന്നാനിയിൽ ഇ.ടി.യ്ക്ക് എതിരുനിൽക്കുന്ന പി വി അൻവർ പഴയ ഡിസിസി പ്രസിഡന്റ് പി. വി. ഷൗക്കത്തലിയുടെ മകനാണ്. ഷൗക്കത്തലി പ്രസിഡണ്ടായ കാലത്ത് ട്രഷറർ ആയിരുന്നു മലപ്പുറത്തെ കോൺഗ്രസ്സിൽ വലിയ സ്വാധീനമുള്ള എം. എൻ. കുഞ്ഞഹമ്മദ് ഹാജി. പണത്തിനു പണം, ആൾക്ക് ആൾ, മതത്തിനു മതം എല്ലാമുള്ള നേതാവ്.
അൻവറിനെ ഒരു ന്യൂട്രൽ വെന്യുവിൽവച്ച് കണ്ടു ഹാജി. മണിക്കൂറുകൾ ചർച്ച നടത്തി മടങ്ങിയ ഹാജിയെ യൂത്ത് ലീഗുകാർ വിശദമായൊന്നു കണ്ടു. ഇങ്ങളെവടത്തെ കോൺഗ്രസ്സുകാരനാണ് കാക്കാ എന്നുചോദിച്ചു കാർ തല്ലിപ്പൊട്ടിച്ചു. വെട്ടും കൊല്ലുമെന്നൊക്കെ ഭീഷണിപ്പെടുത്തി.
ഹാജിയാരുടെ പവർ അറിയാത്ത യൂത്ത് ലീഗുകാർ കാട്ടിയ അക്രമത്തിനു സിഗരറ്റു പരസ്യത്തിൽ പറഞ്ഞപോലെ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇ.ടി.യ്ക്ക് അറിയാം. അതുമറികടക്കാൻ തന്റെ ശിഷ്യന്മാരായ എസ്ഡിപിഐയിൽനിന്നു സഹായം തേടുന്നതിൽ ഒരു കുഴപ്പവുമില്ലെന്ന് ബഷീർ സാഹിബിനു കരുതാമല്ലോ. തക്ക സമയത് യുക്തമായ തീരുമാനമെടുക്കലാണല്ലോ നമ്മുടെ തിയറി!
നിർണായകസന്ദർഭങ്ങളിൽ പാർലമെന്റിൽനിന്ന് മുങ്ങിയതടക്കമുള്ള കുഞ്ഞാലിക്കുട്ടിയുടെ കാര്യം മലപ്പുറത്തെ എതിർസ്ഥാനാർഥി വി പി സാനു വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുകയാണ്. ആ നിലയ്ക്ക് ഇങ്ങനെയൊരു ചർച്ച നടത്തിയതിൽ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഭാഗത്തും ഒരു തെറ്റുമില്ല!