സംസ്ഥാനത്ത് കോലീബി സഖ്യനീക്കമെന്ന ആരോപണത്തെ തള്ളിക്കളയുന്ന കോൺഗ്രസ്സ് നേതാക്കളെ തിരിഞ്ഞുകുത്തുന്നത് ചരിത്രരേഖകൾ. ഇന്ത്യയിലെ ഏറ്റവും തകർപ്പൻ തെരഞ്ഞെടുപ്പുജയമായി അടയാളപ്പെട്ട 1984ലെ കോൺഗ്രസ്സ് വിജയം ആർഎസ്എസ്-കോൺഗ്രസ്സ് സഖ്യത്തിലൂടെ നേടിയതാണെന്ന ആരോപണത്തിന് ഇനിയും കോൺഗ്രസ്സ് നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. രാജീവിനെ അധികാരത്തിൽ കൊണ്ടുവരാൻ അന്നുണ്ടാക്കിയ രഹസ്യമുന്നണിയെക്കുറിച്ച് ഒരു മുൻ കോൺഗ്രസ്സ് എംപി പിന്നീട് വെളിപ്പെടുത്തിയതിനും കോൺഗ്രസിൽനിന്ന് മറുപടിയുണ്ടായിട്ടില്ല.
‘ബാലറ്റ്: ഇന്ത്യൻ ജനാധിപത്യത്തെ രൂപപ്പെടുത്തിയ അഞ്ച് അധ്യായങ്ങൾ’ (റഷീദ് കിദ്വായ്/ഹാഷെറ്റ് ഇന്ത്യ പബ്ലിഷേഴ്സ്) എന്ന പുസ്തകമാണ് ഏറ്റവുമൊടുവിൽ ആധികാരികമായി കോൺഗ്രസ്സ്-ആർഎസ്എസ് ബന്ധം വെളിപ്പെടുത്തി പുറത്തിറങ്ങിയ പുസ്തകം. കോൺഗ്രസ്സ് നേതാവ് മൊഹ്സിന കിദ്വായിയുടെ ബന്ധുകൂടിയായ മാധ്യമപ്രവർത്തകനാണ് ഗ്രന്ഥകർത്താവ് റഷീദ് കിദ്വായ്.
പുസ്തകം പറയുന്നത്:
ഇന്ദിരഗാന്ധി കൊല്ലപ്പെട്ട സമയം. രാജീവ് ദില്ലിയിലെത്തിയ പാടെ ഇന്ദിരയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി സി അലക്സാണ്ടർ രാജീവിനെ കണ്ടു പറഞ്ഞു: രാജീവ് പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കണം; മന്ത്രിമാരും കോൺഗ്രസ്സ് പാർട്ടിയും ആഗ്രഹിക്കുന്നത് അതാണ്.
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സോണിയഗാന്ധിയിൽനിന്നു രാജീവിനെ പുറത്തേക്കു കൊണ്ടുപോവാൻ അലക്സാണ്ടർ കുറെ ബുദ്ധിമുട്ടി. രാജീവ് പ്രധാനമന്ത്രിയാവുക എന്നതിനോട് തീർത്തും എതിരായിരുന്നു സോണിയ. എന്നാൽ ചുമതലയേൽക്കൽ തന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു രാജീവിന്റെ നിലപാട്.
1984 ഡിസംബർ 24 മുതൽ 27 വരെയായിരുന്നു തെരഞ്ഞെടുപ്പ്. രാജീവിന്റെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയൊരു അധ്യായത്തിന് തുടക്കമാവുകയായിരുന്നു.
അക്രമോൽസുകമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു രാജീവിന്റേത്. സിക്കുകാർ സ്വതന്ത്ര ഖാലിസ്ഥാൻ വേണമെന്ന് ആവശ്യപ്പെടുന്നതിനെതിരെയായിരുന്നു ക്യാമ്പയിൻ അല. രഹസ്യ അജണ്ട ഇതായിരുന്നു: ഹിന്ദു ജനവിഭാഗങ്ങൾക്കിടയിലെ അരക്ഷിതത്വം മുതലാക്കുക; രാജീവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാരിനെ സ്വന്തം രക്ഷകരായി ഹിന്ദുസമൂഹം കാണുന്ന നിലവരുത്തുക.
ഇരുപത്തഞ്ചു ദിവസങ്ങൾ പൂർണ്ണമായും രാജീവ് രാജ്യമാകെ സഞ്ചരിച്ചു. ഹെലികോപ്റ്ററിലും വിമാനത്തിലും കാറിലുമായി അരലക്ഷം കിലോമീറ്റർ യാത്ര. അമ്മയുടെ കൊലപാതകത്തോടുള്ള സഹതാപതരംഗത്തിനു പുറമെ, ഹിന്ദുവികാരവും മുതലാക്കുക എന്ന അജണ്ട, മറ്റൊരു നിർണ്ണായകനീക്കത്തിലേക്ക് രാജീവിനെ നയിച്ചു. അന്നത്തെ ആർഎസ്എസ് സർസംഘചാലക് ബാലാസാഹേബ് ദേവറസുമായി കൂടിക്കാഴ്ചക്ക് കളമൊരുങ്ങി.
രാജീവ്-ദേവറസ് ചർച്ച അന്ന് നാട്ടിലാകെ പാട്ടായിരുന്നു. ബിജെപി തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പ്രവർത്തകരുടെ വോട്ട് കോൺഗ്രസ്സിനായി. ബിജെപി പതിവുപോലെ രഹസ്യബാന്ധവം നിഷേധിക്കുകയും ചെയ്തു.
അഭൂതപൂർവമായിരുന്നു രാജീവിനനുകൂലമായ തരംഗം. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 415 സീറ്റുകൾ കോൺഗ്രസ്സ് ഒറ്റക്ക് നേടി.
അമ്മയ്ക്കോ മുത്തച്ഛനോ നേടാൻ കഴിയാത്ത മിന്നുന്ന മുന്നേറ്റം!
രാജീവിന്റെ രാഷ്ട്രീയചരിത്രത്തിലെ അധ്യായങ്ങളൊക്കെ തുന്നിച്ചേർത്ത ഈ പുസ്തകത്തിലെ, ആർഎസ്എസ് ബന്ധത്തെക്കുറിച്ചുള്ള ഭാഗം ഇതുവരേക്കും കോൺഗ്രസ്സ് ഔദ്യോഗികമായി തള്ളിപ്പറഞ്ഞിട്ടില്ല. എന്നാൽ, അല്പകാലംമുമ്പ് ഒരു മുൻ കോൺഗ്രസ്സ് എംപി ഇക്കാര്യം സ്ഥിരീകരിക്കുകകൂടി ചെയ്തു.
ബൻവാരിലാൽ പുരോഹിത് ആണാ കോൺഗ്രസ്സ് നേതാവ്. ആർഎസ്എസ് ആസ്ഥാനം നിലനിൽക്കുന്ന നാഗ്പുരിൽനിന്നുള്ള എംപിയായിരുന്നു അക്കാലം ബൻവാരിലാൽ പുരോഹിത്. രാജീവ്-ദേവറസ് ചർച്ചയ്ക്ക് മധ്യസ്ഥൻ താനായിരുന്നുവെന്നും ബൻവാരിലാൽ പുരോഹിത് വെളിപ്പെടുത്തി.
2007ൽ ആയിരുന്നു ബൻവാരിലാൽ പുരോഹിതിന്റെ ഏറ്റുപറച്ചിൽ. പുരോഹിത് പറഞ്ഞതിങ്ങനെയാണ്:
‘ഞാൻ നാഗപ്പൂർ എംപിയാണെന്നറിഞ്ഞ രാജീവ് എന്നോടുചോദിച്ചു, ദേവറസിനെ നേരിട്ടറിയുമോ എന്ന്. ഓ, ഉവ്വല്ലോ എന്ന് കേട്ടതും രാജീവ് പിന്നെ ചോദിച്ചത് ഇതാണ് – രാമജന്മഭൂമി സ്ഥലത്ത് ശിലാന്യാസത്തിനു അനുമതി നൽകിയാൽ ആർഎസ്എസ് കോൺഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നുണ്ടോ?’
മറ്റൊരു കാര്യംകൂടി ഗ്രന്ഥകാരൻ വെളിപ്പെടുത്തുന്നുണ്ട് പുസ്തകത്തിൽ. ബിജെപി-ഇതര, കോൺഗ്രസിതര സ്ഥാനാർത്ഥികളെപ്പോലും പിന്തുണക്കാൻ തയ്യാറായിരുന്നു രഹസ്യധാരണയനുസരിച്ച് ആർഎസ്എസ്!
പിൽക്കാലത്തുണ്ടായ വടകര (അഡ്വ. രത്നസിംഗ്), ബേപ്പൂർ (ഡോ. മാധവൻകുട്ടി) കോ-ലീ-ബി പരീക്ഷണങ്ങൾ ആ മാതൃകയിലായിരിക്കാം നടന്നിട്ടുണ്ടാവുക!