ജീവിതത്തിനും മരണത്തിനും ഇടയിലെവിടെയോ ഒരു നഗരം തിളച്ചുമറിയുകയാണ്. ഒന്നു തെന്നി വീണാൽ മതി അനന്തകോടി കാലടികൾക്കടിയിൽ നമ്മുടെ ശരീരം ഒരു കറുകനാമ്പു പോൽ ചെളിമണ്ണിൽ ഞെരിഞ്ഞമരും. പ്രയാഗിലെ ത്രിവേണിയുടെ തണുപ്പിൽ ഒന്നൂളിയിടാൻ തോന്നിയാൽ മതി. നദിയുടെ അസംഖ്യം കൈകൾ നമ്മെ ഗാഢമായി ആശ്ലേഷിക്കും. മരണത്തിലേക്ക് ആലിംഗനം ചെയ്യുന്ന ആ കൈകൾ ഗംഗയുടേതോ യമുനയുടേതോ ഐതിഹ്യത്തിലെ ലുപ്തപ്രവാഹമായ സരസ്വതിയുടേതോ ആവാം.

എണ്ണിയാൽ ഒടുങ്ങാത്ത ജനക്കൂട്ടം അങ്ങോട്ടുമിങ്ങോട്ടുമൊഴുകുന്നു, ഈ നദീതടത്തിലെ അതിദീർഘവും സമാന്തരവുമായ വഴികളിലൂടെ. ഈ വഴി ചിലർക്ക് ജനിമൃതികളുടെ ഇടവേളയിലെ സത്യാന്വേഷണത്തിന്റെ സാന്ത്വനമാണ്. ചിലർക്കത് പുരുഷാർഥത്തിന്റെ പൂർണത. ലൗകിക ജീവിതത്തിന്റെ നിഷ്ഫലതകളെക്കുറിച്ചുള്ള ബോധപൂർവമായ ഓർമപ്പെടുത്തലാണ് മറ്റു ചിലർക്ക്. വേറൊരു വിഭാഗത്തിന് ഗാർഹസ്ഥ്യത്തിന്റെ ആത്മസംഘർഷങ്ങളിൽ നിന്നുള്ള താല്ക്കാലിക വിടുതലാവാം.

ആസക്തിയുടെ പരകോടിയിൽ അറിഞ്ഞും അറിയാതെയും ചെയ്തു പോയ പാപങ്ങളിൽ നിന്നുള്ള മുക്തിയാവാം ഈ യാത്ര. അശാന്തിയുടെയും അസ്വസ്ഥതയുടെയും ദീർഘസഹനങ്ങളിൽ നിന്നുള്ള സങ്കടമോചനമാവാം. അതുമല്ലെങ്കിൽ ആൾത്തിരക്കിൽ ഭിന്നവേഷങ്ങളണിഞ്ഞ അല്ലെങ്കിൽ വേഷങ്ങളൊന്നുമില്ലാത്ത, ദിക്കുകളും ഭസ്മധൂളികളും മാത്രം അംബരമാക്കിയ അവധൂതരെ കാണാനുള്ള കുതൂഹലവുമാവാം. ഗംഗയും യമുനയും സങ്കല്പ പ്രവാഹമായ സരസ്വതിയും മാത്രമല്ല, കോടിക്കണക്കിന് വിശ്വാസികളുടെ അണപൊട്ടിയൊഴുകുന്ന ഭക്തി കൂടിയാണ് പന്തീരാണ്ടു കൂടുമ്പോൾ പ്രയാഗിൽ സംഗമിക്കുന്നത്.

ശാസന വകവയ്ക്കാതെയുള്ള യാത്ര

ഉത്തരേന്ത്യയിൽ ഇത്തവണ തണുപ്പു കാലത്തിന് നീളമേറെയുണ്ടായിരുന്നു. അലഹബാദ് സ്റ്റേഷനിൽ വണ്ടിയിറങ്ങിയപ്പോൾ വെളുപ്പാൻ കാലം. രാത്രി എട്ടുമണിക്ക് എത്തേണ്ട സ്പെഷ്യൽ ട്രെയിൻ എത്തിയത് പുലർച്ചെ നാലു മണിക്ക്. നല്ല തണുപ്പ്. ഒരു ചവറുകൂന പോലെ തോന്നിച്ചു അലഹബാദ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾ. അവിടെ നിന്നാണ് ഗംഗാതടത്തിലേക്ക് നീങ്ങിയത്.

ദിവസങ്ങൾ വൈകിയോടുന്ന തീവണ്ടിക്കായി സ്റ്റേഷനിൽ കാത്തു കിടക്കുന്ന മനുഷ്യരെ ചവിട്ടാതെ കടന്നുപോവുക കഷ്ടം. വിയർപ്പിന്റെയും മുഷിഞ്ഞ വസ്ത്രങ്ങളുടെയും റെയിൽവേ ട്രാക്കിലെ മലമൂത്രങ്ങളുടെയും ഗന്ധം മഞ്ഞു പുതപ്പണിഞ്ഞ ആ പുലർച്ചയെ അരോചകമാക്കി. ഓരോ രജായിക്കടിയിലും നിരവധി പേർ ഒരുമയോടെ. വൃദ്ധരും സ്ത്രീകളും കുട്ടികളുമൊക്കെയുണ്ട്. ചിലർ പ്ലാറ്റ്ഫോമിലെ വാട്ടർ ടാപ്പിനു മുന്നിൽ പല്ലുതേയ്ക്കുന്നു. നിർത്തിയിട്ട വണ്ടികളുടെ ടോയ്ലറ്റുകളിലേക്ക് ചിലർ. ടോയ്ലറ്റ് ശീലമില്ലാത്ത ഗ്രാമീണർ ബീഡി പുകച്ചു കൊണ്ടു പരസ്യമായി റെയിൽവേ ട്രാക്കിൽ ഇരിക്കുന്നു.

തളർന്നുറങ്ങുന്ന മനുഷ്യരെ ചവിട്ടാതെ കരുതലോടെയായിരുന്നു ഓരോ ചുവടും. ചപ്പുചവറുകളും മനുഷ്യരും ഏതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ഞങ്ങൾ എത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് തിക്കിലും തിരക്കിലും പെട്ട് ആ റെയിൽവേ സ്റ്റേഷനിൽ 36 ജീവൻ പൊലിഞ്ഞത്. തലേന്ന് ഇതേ പ്ലാറ്റ്ഫോമിൽ മരിച്ചവരെക്കുറിച്ചൊന്നും വണ്ടിയിറങ്ങിയവർക്കോ വണ്ടി കാത്തിരിക്കുന്നവർക്കോ ഒരു വേവലാതിയുമില്ല.

തിരക്കിൽപെട്ട് ചത്തു പോവുമെന്ന ഡൽഹിയിലെ കൂട്ടുകാരുടെ സ്നേഹപൂർണമായ ശാസന വകവയ്ക്കാതെയാണ് യാത്ര തുടങ്ങിയത്. തുടർച്ച യായ വൈകലുകൾക്ക് ഒടുവിലാണ് ഈ വണ്ടി തന്നെ കിട്ടിയത്. അതുകൊണ്ടു തന്നെ പ്രാണഭയം യാത്രയുടെ ഓരോ ചുവടിനെയും കരുതലുള്ളതാക്കി. തീവണ്ടി യാത്രയിൽ നിന്നാരംഭിച്ച മനുഷ്യ വിസർജ്യത്തിന്റെ രൂക്ഷഗന്ധം ത്രിവേണി സംഗമത്തിലും ഞങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു.

ത്രിവേണിയിൽ ഓട്ടോറിക്ഷ ഇറങ്ങുമ്പോൾ ഉദയസൂര്യൻ മഞ്ഞിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ തന്നെയായിരുന്നു. ത്രിവേണിയിലേക്ക് നടന്നു നീങ്ങുന്ന സന്യാസിമാരും ഭക്തരും. എതിർവശത്തേക്കാണ് സഹപ്രവർത്തകൻ ഗിരീഷ് ബാലകൃഷ്ണനൊപ്പം പോകേണ്ടത്. സെക്ടർ എട്ടിൽ മുക്തി മാർഗും നാഗ്വാസുകി മാർഗും സംയോജിക്കുന്ന നാഗ്വാസുകി ചൗരായയാണ് ലക്ഷ്യം.

സന്യാസി സുഹൃത്ത് മഹന്ത് സംവിദാനന്ദ് മൊബൈൽ ഫോണിലൂടെ വഴി പറഞ്ഞു തന്നു. എടുത്തുചാട്ടം കൊണ്ടാവാം, ഒരിക്കൽ ഞങ്ങൾക്ക് വഴിതെറ്റി. പിന്നെ സ്വാമിയുടെ നിർദ്ദേശ പ്രകാരം കൃത്യമായ വഴിയിൽ. ഹരിദ്വാറിൽ അദ്ദേഹം സ്ഥാപിച്ച അഭേദഗംഗാമയി ആശ്രമത്തിന് അനുവദിച്ച ടെന്റിലാണ് എത്തേണ്ടത്. പുലർവേളയിൽ മഞ്ഞിന്റെ മറനീങ്ങി. ഗംഗയും യമുനയും കണ്മുന്നിൽ. ഗംഗയ്ക്ക് അക്കരെയാണ് സന്യാസിമാരുടെ കൂടാരങ്ങൾ. അവ വേണ്ടത്ര ഗോചരമായിട്ടില്ല. കൂടാരങ്ങളിലെ മങ്ങിയ മഞ്ഞവെളിച്ചം മാത്രം കാണാം.

തീർത്ഥക്കടവുകളിൽ വെള്ളം നന്നെ കുറവ്. ഉള്ള വെള്ളത്തിൽ നിന്ന് ചിലർ പൂജ നടത്തുന്നു, ചിലർ തണുപ്പിനെ കൂസാതെ മുങ്ങുന്നു. പ്രഭാതകൃത്യങ്ങളും അവിടെ തന്നെ. വ്യാഴവട്ടത്തിലൊരിക്കൽ എത്തുന്ന പ്രയാഗ് കുംഭമേള പ്രമാണിച്ച് ഉത്തരാഖണ്ഡിലെ തെഹ്രി അണക്കെട്ടിൽ നിന്നോ ശാരദ നദിയിലെ അണക്കെട്ടിൽ നിന്നോ വെള്ളം തിരിച്ചു വിടണം. അല്ലെങ്കിൽ ജനുവരിയിലെ മകരസംക്രാന്തി മുതൽ മാർച്ചിലെ മഹാശിവരാത്രി വരെയുള്ള മൂന്നു മാസക്കാലം അലഹാബാദിലെത്തുന്ന കോടാനുകോടി ഭക്തർക്കൊ ആയിരക്കണക്കിന് സന്യാസിമാർക്കോ ഷാഹി സ്നാനത്തിന് മുങ്ങാൻ വെള്ളമുണ്ടാവില്ല.

താരതമ്യമില്ലാക്കാഴ്ചകൾ

പതിനാലു കിലോമീറ്റർ നീളത്തിലും ഒന്നര കിലോമീറ്റർ വീതിയിലും ഗംഗാതടത്തിൽ പരന്നു കിടക്കുന്നു കുംഭനഗരി. ആഴം കൊണ്ടു തിരിച്ചറിയാം ഗംഗയെയും യമുനയെയും. മണൽപരപ്പിലെ ഗംഗയുടെ ജലവിന്യാസത്തിന് വേനലിലെ നമ്മുടെ ഭാരതപ്പുഴയോട് സാമ്യം. ആഴമേറെയുണ്ട് യമുനയ്ക്ക്. ആ ആഴം സ്വച്ഛയായ യമുനയുടെ പച്ചനിറത്തിൽ നിന്ന് വ്യക്തം. വെളിച്ചം പരക്കുന്നതോടെ കുംഭനഗരത്തിന്റെ വിചിത്രവും വിസ്മയകരവുമായ കാഴ്ച കുറേക്കൂടി വ്യക്തമാവുകയാണ്.

ഹിമാലയത്തില ഗംഗോത്രിയിൽ നിന്ന് ഉത്ഭവിക്കുന്ന ഗംഗയും യമുനോത്രിയിൽ നിന്ന് ഉത്ഭവിക്കുന്ന യമുനയും കരകവിഞ്ഞൊഴുകുമ്പോൾ വെള്ളത്തിനടിയിലാവുന്ന പ്രദേശമാണ് ഈ കുംഭനഗരി. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സിലിണ്ടറുകൾക്കുമേൽ പണിത 18 “പാണ്ടൂണ്” പാലങ്ങളുണ്ട്. ഇതുവഴിയാണ് ഇക്കരെ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറത്തുള്ള കുംഭനഗരിയിൽ എത്തേണ്ടത്.

നദിയുടെ അടിത്തട്ടായ മണൽപരപ്പിൽ സൈന്യം വിരിച്ചിട്ടു പോയ ഇരുമ്പു ഷീറ്റുകൾക്ക് മീതെയാണ് കുംഭമേള നടക്കുന്നത്. കാളിമാർഗ്, മുക്തി മാർഗ്, നാഗ്വാസുകി മാർഗ് തുടങ്ങിയ താല്ക്കാലിക പേരുകളാണ് കുംഭനഗരിയിലെ പാതകൾക്ക്. അക്കരെ എത്തിയപ്പോഴേയ്ക്കും നന്നായി വെളിച്ചം വീണു. പിന്നെ കണ്ട കാഴ്ചൾക്ക് ഈ ലോകത്ത് ഇതുവരെ കണ്ടതും ഇനി കാണാനിരിക്കുന്നതുമായ കാഴ്ചകളുമായി താരതമ്യമുണ്ടാവില്ലെന്നുറപ്പ്. ഇന്ത്യൻ മനസ്സുകളിൽ ആത്മീയത എത്രത്തോളം രൂഢമൂലമാണെന്ന് തെളിയിക്കുന്ന കുംഭനഗരിയിലെ കാഴ്ചകൾ.

ഒരു മാസം കൊണ്ടാണ് കുംഭനഗരി സജ്ജമാവുന്നത്. ഒരു വർഷം മുമ്പേ ഒരുക്കം തുടങ്ങുമെങ്കിലും ഈ ഗംഗാതടം ഒരു നഗരമായി മാറുന്നത് ക്ഷണമാത്രയിൽ. കട്ടിയുള്ള ക്യാൻവാസ്‌ കൊണ്ടുള്ള കൂറ്റൻ ശിബിരങ്ങള് അനവധി. അവിടെ കറ്റവിരിച്ച നിലത്താണ് ആശ്രമവാസികളുടെ കിടപ്പ്. മഹന്ത് സംവിദാനന്ദിന്റെ ശിബിരത്തിൽ വിശ്രമിച്ചശേഷം കുംഭനഗരം കാണാനിറങ്ങി. വഴിയരികിൽ നിറയെ സ്വാമിമാരുടെ വർണശബളമായ ഫ്ളക്സുകൾ. ഓരോ സന്യാസിയുടെയും ആസ്തിക്ക് അനുസൃതമായി അവരുടെ ആശ്രമങ്ങളുടെ ആഡംബരത്തിനും കവാടത്തിന്റെ ആകർഷണീയതയ്ക്കും മാറ്റമുണ്ടാവും.

കൂട്ടംതെറ്റിയും വഴിപിരിഞ്ഞും പോകുന്നവരെ കണ്ടുപിടിക്കാനുള്ള “ലോസ്റ്റ് ആന്ഡ് ഫൗണ്ട്” അനൗൺസ്‌മെന്റുകൾ രാപ്പകൽ നിർത്താതെ തുടരുന്നുണ്ട്. മണിക്കൂറുകളോളം ഈ അനൗൺസ്‌മെന്റ് ശ്രദ്ധിച്ചപ്പോൾ മനസ്സിലായി കുംഭമേളയ്ക്ക് എത്തിവരിൽ കൂടുതൽ പേരും ഉത്തരേന്ത്യയിൽ നിന്നും മധ്യേന്ത്യയിൽ നിന്നും ഉള്ളവരാണെന്ന്. ദക്ഷിണേന്ത്യയിൽ നിന്ന് എത്തിയവർ തുലോം കുറവ്.

കൂട്ടംപിരിഞ്ഞവരിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒരാളുടെ പോലും പേര് ഞങ്ങൾക്ക് കേൾക്കാനായില്ല. ലോസ്റ്റ് ആന്ഡ് ഫൗണ്ടിൽ നിന്ന് മുകളിലേക്ക് അയച്ച കൂറ്റൻ മഞ്ഞ ബലൂണാണ് അടയാളം. കാണാതായവർ മൈക്കിൽ അനൗൺസ്‌മെന്റ് കേട്ടാൽ ഈ ബലൂണിന്റെ ഉത്ഭവകേന്ദ്രം തേടിയാണ് എത്തേണ്ടത്. ആർക്കും എവിടെ നിന്നും കാണാവുന്നത്ര ഉയരത്തിലാണ് ബലൂൺ.

കുറേ നടന്നപ്പോൾ വിശപ്പു തുടങ്ങി. ഉച്ചയാവുന്നേയുള്ളൂ. മേള നഗരത്തിലെങ്ങും ഹോട്ടലുകളില്ല. സ്വാമിയുടെ സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം ആദ്യം കണ്ട ആശ്രമത്തിൽ കയറി. ഗുജറാത്തുകാരൻ സീതാറാംബാപ്പുവിന്റെ ആശ്രമം. വിരുന്നുകാരെപ്പോലെ സന്ദർശകരെ സ്വീകരിക്കുന്ന അനുയായികൾ. നല്ല ഭക്ഷണം. ബാപ്പുവിന്റെ കടുംമധുരമുള്ള പ്രസാദം കഴിക്കാതെ പോയാൽ അനുയായികളുടെ വിധം മാറും. പ്രമേഹരോഗികൾക്ക് പോലും രക്ഷയില്ല.

കുംഭമേളക്കാലത്ത് പ്രയാഗിലെത്തിയാൽ മൂന്നുമാസം സുഭിക്ഷമായി കഴിയാമെന്ന് ചില സന്യാസി സുഹൃത്തുക്കൾ പറഞ്ഞത് വെറുതെയല്ലെന്ന് മനസ്സിലായി. അഖാഡ എന്നറിയപ്പെടുന്ന സന്യാസി ആശ്രമങ്ങൾ രാജ്യമൊട്ടുക്ക് പതിമൂന്നാണ്. മിക്കവാറും സന്യാസികൾ ഇത്തരം അഖാഡകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അഖാഡകളിലെ സന്യാസിമാരുടെ ഛാവണി പ്രവേശത്തോടെയാണ് മകരസംക്രാന്തിസമയത്ത് കുംഭമേള ആരംഭിക്കുക.

അഖാഡകൾ മിക്കവാറും ത്രിവേണി സംഗമത്തോടു ചേർന്നാണ്. ത്രികോണാകൃതിയിലുള്ള കൂറ്റൻ കാഷായക്കൊടി കൊണ്ടാണ് ഇത്തരം അഖാഡകൾ അകലെ നിന്ന് തിരിച്ചറിയാനാവുക. പതിമൂന്ന് അഖാഡകളിൽ ഏഴെണ്ണം ശൈവ പാരമ്പര്യത്തിൽ അധിഷ്ഠിതം. ബാക്കിയുള്ളവർ ശ്വേതാംബര ധാരികളായ ബൈരാഗികൾ. അവരുടേത് വൈഷ്ണവ പാരമ്പര്യത്തിലുള്ളവയും.

ഓരോ ദിവസവും 50 ടൺ മാലിന്യം

ഭരിക്കുന്നവർ എക്കാലവും ചെല്ലും ചെലവും നല്കിയ ചരിത്രമാണ് കുംഭമേളയ്ക്കുള്ളത്. എ ഡി ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ഹ്യുയാൻ സാങ് എന്ന ചൈനീസ് സഞ്ചാരി ഹർഷവർധന രാജാവ് കുംഭമേളയ്ക്ക് നല്കിയ സഹായങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും സർക്കാർ സഹായത്തിന് ഒരു കുറവുമില്ല.

പ്രയാഗിൽ മാത്രമല്ല, അർധകുംഭമേളകൾ നടക്കുന്ന നാസിക്കിലും ഹരിദ്വാറിലുമൊക്കെ സർക്കാരുകളുടെ പൂർണമായ സഹായം ധാരാളം. ഉത്തർപ്രദേശ് സർക്കാർ കുംഭമേളയ്ക്ക് നല്കുന്ന സഹായത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്. ഓരോ ആശ്രമങ്ങൾക്കും ടെന്റ് പണിഞ്ഞു നല്കുന്നത് സർക്കാർ ചെലവിൽ. ഇത്തവണ പതിനേഴായിരത്തോളം ടൺ ഗോതമ്പുപൊടിയും പതിനായിരത്തോളം ടൺ അരിയും ആറായിരത്തോളം ടൺ പഞ്ചസാരയുമാണ് സർക്കാർ ഈ ആശ്രമങ്ങൾക്കായി അനുവദിച്ചത്.

കുംഭനഗരിയിൽ സദാ സന്നദ്ധരായി മുപ്പതിനായിരത്തോളം പൊലീസുകാർ. ആയിരക്കണക്കിന് ആംബുലൻസുകൾ സദാ കർമനിരതം. അരലക്ഷത്തോളം കക്കൂസുകൾ. മുപ്പതു പൊലീസ് സ്റ്റേഷനും അത്ര തന്നെ ഫയർസ്റ്റേഷനും. പതിനെട്ടു പാലങ്ങൾ, കാൽ ലക്ഷത്തോളം തെരുവുവിളക്കുകൾ, ചൂടുകായാൻ 2500 ടൺ മരത്തടികൾ, രണ്ടര ലക്ഷത്തോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ ഇടമുള്ള വിശാലമായ ഗ്രൗണ്ട്. ബാങ്ക് ശാഖകൾ, പോസ്റ്റ് ഓഫീസുകൾ, 38 ആശുപത്രികൾ ഇവയെല്ലാം താല്ക്കാലികമായി ഒരുക്കാൻ സർക്കാരിന് ചെലവാകുന്നത് അനേകം കോടികൾ. ഇതുകൂടാതെയാണ് ഏറെക്കുറേ സൗജന്യമായി ഇക്കാലയളവിൽ ഓടുന്ന പ്രത്യേക ട്രെയിൻ സർവീസുകൾ.

പതിനായിരത്തിലേറെ തൂപ്പുകാർ ഓരോ ദിവസവും 40-50 ടൺ മാലിന്യമാണ് നീക്കം ചെയ്യുന്നത്. ഷാഹി സ്നാൻ ദിവസങ്ങളിൽ മാലിന്യത്തിന്റെ അളവ് ഇതിന്റെ ഇരട്ടിയോ രണ്ടിരട്ടിയോ ആവും. ഹജ്ജ് തീർത്ഥാടകർക്ക് കേന്ദ്രസർക്കാർ സബ്സിഡി നല്കുന്നതിനെ എതിർത്ത് സംസാരിക്കുന്ന സംഘപരിവാർ ബുദ്ധിജീവികൾ ബോധപൂർവം മറച്ചുവയ്ക്കുന്ന വസ്തുതകളാണിവ. സർക്കാർ ഖജനാവിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് ചെലവിടുന്ന പണത്തെക്കുറിച്ച് ആധിപൂണ്ട് സംഘപരിവാറുകാർ ആവർത്തിച്ച് പ്രസംഗിച്ചു കൊണ്ടേയിരിക്കുന്നത് കുംഭമേളകൾക്ക് സർക്കാർ ചെലവിടുന്ന കോടികളെക്കുറിച്ച് ഇതുവരെ ആരും ചോദിക്കാത്തതു കൊണ്ടാവുമെന്ന ഉത്കണ്ഠയാണ് കുംഭനഗരിയിലെ നടത്തത്തിനിടയിൽ മനസ്സിൽ നിറഞ്ഞത്.

അഖാഡകളുടെ ഉള്ളിലേക്ക്

അഖാഡകളുടെ ഉള്ളിലേക്കുള്ള സഞ്ചാരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ശൈവ പാരമ്പര്യമുള്ള സന്യാസി സമൂഹങ്ങളുടെ കുലദേവതമാർക്കും സന്യാസിശ്രേഷ്ഠർക്കും രക്ഷകരായുള്ള നാഗസന്യാസിമാർ അപൂർവ കാഴ്ചയാണ്. സായുധരായ അഭ്യാസികളാണവർ. പേരിനു പോലും വസ്ത്രമില്ല. കുത്തി നിർത്തിയ ശൂലത്തിനു ചുറ്റും ഹോമകുണ്ഡം തീർത്ത്, കഞ്ചാവ് നല്കുന്ന ലഹരിയുടെ പാരമ്യത്തിലാണ് അവരിൽ പലരും. കൂടെയിരുന്ന് അനുഗ്രഹം വാങ്ങാൻ തയ്യാറുള്ളവർക്ക് കഞ്ചാവ് നിറച്ച ചില്ല(കളിമമൺ കുഴൽ)ത്തിൽ നിന്ന് ഒരു കവിൾ പുക വലിച്ച് നിർവൃതി നേടാം. ഷാഹി സ്നാൻ നടക്കുന്ന പൗഷപൂർണിമ, മൗനി അമാവാസ്യ, ബസന്ത് പഞ്ചമി ദിനങ്ങളിലാണ് കുംഭനഗരിയിലെ തിരക്ക് മൂർധന്യ ത്തിലെത്തുക. ത്രിവേണി സംഗമത്തിലേക്കുള്ള അതിഗംഭീരമായ ഘോഷയാത്രയിൽ കുലദേവതയ്ക്ക് പിന്നിലാണ് നാഗസന്യാസിമാർക്ക് സ്ഥാനം. ഇവർക്ക് പിന്നിലാണ് ആശ്രമാധിപന്മാരുടെ രഥം. ഓരോ അഖാഡയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഘോഷയാത്രയുടെ ഗാംഭീര്യവും മാറും.

അഞ്ഞൂറും ആയിരവും കോടിയുടെ സമ്പത്തും ഓഡിയും ബെൻസും അടക്കമുള്ള ആഡംബര കാറുകളും ശരീരമാകെ പൊതിയാൻ മാത്രം സ്വർണാഭരണങ്ങളുമുള്ള സന്യാസിമാരുടെ പൊങ്ങച്ച പ്രദർശനത്തിനും വേദിയാവുകയാണ് കുംഭമേളകൾ. സന്യാസത്തിൽ ശസ്ത്രവും അസ്ത്രവും ഒരുപോലെ വേണമെന്നതിനാലാണത്രെ ആചാര്യന്മാര്ക്കും മണ്ഡലേശ്വരന്മാർക്കും രക്ഷകരായി നാഗസന്യാസിമാർ എന്ന സായുധ ഗണത്തെ കൂടെ നിർത്തുന്നത്. കുംഭമേളയില്ലാത്ത നാളുകളിൽ ഇവർ ആശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് കഴിയുന്നത്.

സന്യാസിമാരിൽ നിന്ന് ഭിന്നമായി നാഗസന്യാസിമാർക്ക് പ്രത്യേക ഉപാസനാ മൂർത്തികളും ഉപാസനാ ക്രമങ്ങളുമാണുള്ളത്. ശ്രീ പഞ്ചദശനാമ ജൂന അഖാഡ, നിരഞ്ജിനി, മഹാനിര്വാണി, അഗ്നി, ആവാഹൻ, ആനന്ദ്, നിർമൽ എന്നീ ഏഴ് അഖാഡകളുമായി ബന്ധപ്പെട്ടാണ് നാഗസന്യാസിമാരുടെ പ്രവർത്തനം. വിചിത്രമായ രീതികളും കഠിനമായ സാധനാ ക്രമങ്ങളുമാണ് നാഗസന്യാസിമാർക്കുള്ളത്. ലിംഗത്തെ വടിയിൽ കെട്ടിയും മുപ്പത് വർഷത്തിലേറെയായി കൈ ഉയർത്തിയും ഒറ്റക്കാലിൽ നിന്നും ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ മാത്രം ഭക്ഷണം കഴിച്ചും കഴിയുന്ന നാഗസന്യാസിമാർ നിരവധി.

ചൂഷണം, സമരം, തിരിച്ചറിവ്

ഇന്ത്യൻ സന്യാസി സമൂഹത്തെ രാഷ്ട്രീയ കാര്യങ്ങൾക്കായി ദുരുപയോഗിക്കുന്ന സംഘപരിവാറിന് കുംഭമേളയിലുള്ള പങ്കിനെക്കുറിച്ചു ചോദിച്ചപ്പോൾ അവർക്കവിടെ യാതൊരു പങ്കും ഇല്ല എന്നാണ് ശ്രീമഹന്ത് സംവിദാനന്ദ് നല്കിയ മറുപടി. യഥാർഥ സന്യാസിമാരിൽ ഭൂരിഭാഗത്തിനും ആർഎസ്എസ്സിനോടും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയോടും താല്പര്യമില്ല. രാജ്നാഥ് സിങ്ങും തൊഗാഡിയയും നരേന്ദ്രമോഡിയുമൊക്കെ കുംഭമേളകളിൽ വരും, പോവും. വളരെക്കുറച്ചു പേർ പോലും അതൊക്കെ ശ്രദ്ധിക്കാറില്ല. സാമൂഹ്യവിഷയങ്ങളിൽ ശ്രദ്ധിക്കുന്നവർ വിശ്വസിക്കുന്നത് ഗംഗാനദിയുടെ സംരക്ഷണമടക്കമുള്ള വിഷയങ്ങളിൽ നിരന്തര സമരം നടത്തിയ രണ്ട് സന്യാസിമാരെ ഉത്തരാഖണ്ഡിലെ ഖനിമാഫിയയുമായി അടുത്ത ബന്ധമുള്ള ബിജെപി സര്ക്കാരിലെ ഉന്നതർ കൊലപ്പെടുത്തിയെന്നാണ്.

സ്വാമി ശിവാനന്ദയെയും സ്വാമി നിഗമാനന്ദ സരസ്വതിയെയും ദുരൂഹമായി കൊലപ്പെടുത്തിയത് ഖനി മാഫിയക്കെതിരെ സമരം നയിച്ചു എന്ന കുറ്റത്തിനാണ്. ആർഎസ്എസ്സുമായി അടുത്ത ബന്ധമുള്ള ഗ്യാനേഷ് കുമാർ എന്ന വ്യവസായി പുണ്യനദിയായ ഗംഗയെ നശിപ്പിക്കും വിധം ഖനനം നടത്തിയതിനെതിരെയാണ് ഇവര് സമരം ചെയ്തത്. ഗംഗാ വികസന അതോറിറ്റിയുടെ പേരിൽ ഗംഗയെ സംരക്ഷിക്കാൻ വേണ്ടി ഓരോ വർഷവും കേന്ദ്രസർക്കാർ ധൂർത്തടിക്കുന്ന ആയിരം കോടി രൂപ ഉത്തരാഖണ്ഡ് മാറിമാറി ഭരിക്കുന്ന കോൺഗ്രസ്, ബിജെപി നേതാക്കളുടെയും അവർ വളർത്തുന്ന ഖനി മാഫിയയുടെയും കൈയിലേക്കാണ് പോകുന്നത്. ഇവർക്ക് ഗംഗയുടെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചോ അതിന്റെ പൗരാണികതയെക്കുറിച്ചോ ഉത്കണ്ഠയില്ല.

ഗംഗ വെറുമൊരു മണൽപരപ്പായി മാറാൻ അധിക വർഷങ്ങൾ വേണ്ടിവരില്ലെന്ന മുന്നറിയിപ്പു നല്കിയ സന്യാസി ശ്രേഷ്ഠന്മാരെ ദുരൂഹമായി കൊല്ലുകയാണ് ഈ രാഷ്ട്രീയ നേതാക്കൾ. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും നദിയിൽ ഖനനം നടത്തുന്ന ഹിമാലയ ക്രഷർ എന്ന കമ്പനിക്കെതിരെയാണ് സന്യാസിമാർ സമരം നടത്തുന്നത്.

നിഗമാനന്ദ കൊല്ലപ്പെടുന്നത് നിരാഹാര സമരത്തിനിടയിലാണ്. 41 ദിവസം നിരാഹാരമനുഷ്ഠിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയശേഷം വിഷം കുത്തിവച്ച് കൊല്ലുകയായിരുന്നു. ആർസനിക് കുത്തിവെച്ചതാണെന്ന വിവരം പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അതിനും മുമ്പ് സ്വാമി ശിവാനന്ദയെയും കൊന്നു. ഇടിവെട്ടേറ്റാണ് അദ്ദേഹം മരിച്ചതെന്ന് സർക്കാർ രേഖയുണ്ടാക്കി- സംവിദാനന്ദ് പറഞ്ഞു. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്ന സന്യാസിമാരുണ്ടെന്നും പരിസ്ഥിതി ചൂഷണത്തിനെതിരെ സമരം നയിച്ചതിന് അവർ ബലി നൽകേണ്ടിവന്നത് സ്വന്തം ജീവനാണെന്നുമുള്ള തിരിച്ചറിവുമായാണ് പ്രയാഗിൽ നിന്ന് ഞങ്ങൾ മടങ്ങിയത്.

Facebook45Twitter