735 കോടി മനുഷ്യരാണ് 2017ലെ ലോകബാങ്ക് കണക്കു പ്രകാരം ലോകത്തുള്ളത്. 2025 ആകുമ്പോൾ അത് കുറഞ്ഞത് 57% കൂടി വർദ്ധിക്കും. എട്ടരക്കോടി പുതിയ മനുഷ്യർ പ്രതിവർഷം നമ്മുടെ കൂടെ വന്നുചേരുന്നുണ്ട് എന്ന് സാരം.

ഇങ്ങനെ ജനസംഖ്യ ഉയരുമ്പോൾ അവർക്കു നൽകാൻ ഭക്ഷണവും ജീവിക്കാൻ സാഹചര്യങ്ങളും വേണ്ടേ? കാർഷിക ഉത്പാദനം കൂടണ്ടേ? ഇതിലൊക്കെ ഒഴിച്ചുകൂടാനാവാത്ത വിഭവമായ ജലം ഇന്നത്തെ ഉപഭോഗത്തിന്റെ ഇരട്ടിയെങ്കിലും വേണ്ടേ?

അതൊന്നും അത്രപെട്ടെന്ന് നടപടിയാവണ കേസല്ല എന്നത് വ്യക്തം! അങ്ങനെ വരുമ്പോൾ അടുത്ത ലോക മഹായുദ്ധം തീർച്ചയായും ജലത്തിനു വേണ്ടി മാത്രമായിരിക്കും!

കാലാവസ്ഥാമാറ്റം സംബന്ധിച്ച അന്തർ-സർക്കാർ പാനലിന്റെ കണക്കുനോക്കിയാൽ, 2050 ആകുമ്പോഴേക്കും ലോകത്തിലെ ഭൂരിഭാഗം വൻ നഗരങ്ങളും കുടിവെള്ളക്ഷാമത്താൽ നട്ടം തിരിയും. ബെയ്ജിംഗ്, ന്യൂഡൽഹി, മെക്സിക്കോ സിറ്റി, ടെഹറാൻ തുടങ്ങി ഒരു നഗരത്തിനും ഈ വിധിയിൽനിന്നു രക്ഷയുണ്ടാവില്ല. 2025 ആകുമ്പോഴേക്കുതന്നെ അതിന്റെ മൂർദ്ധന്യം അനുഭവിച്ചുതുടങ്ങും ലോകജനത. മുന്നൂറുകോടി ജനങ്ങള്‍ അതോടെതന്നെ കടുത്ത ജലക്ഷാമത്തിന് ഇരകളാകും.

കേരളത്തിനു മാത്രം മാറിനിൽക്കാനാവുന്ന ഒന്നാവുമോ ഈ ജലയുദ്ധസാധ്യത? അല്ലേയല്ല!

ദുരന്തച്ഛായയിൽ കേരളം

മറ്റൊരു വേനലിനെക്കൂടി അഭിമുഖീകരിക്കുകയാണ് ആറുമാസംമാത്രം മുന്നേ പ്രളയം തകർത്തെറിഞ്ഞ കേരളം. 44 നദികളും 50 ലക്ഷത്തിലേറെ കിണറുകളും 29 ശുദ്ധജല തടാകവുമുളള നാടാണിത്. ആ നാടിനെയാണ് പ്രളയമെന്നപോലെ വരൾച്ചയും ഇത്രക്കും ഭയചകിതരാക്കുന്നത്.

എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

ആഗോളമായ ഒരു സംസ്കാരമാറ്റം കേരളീയരുടെ ജല ഉപഭോഗത്തെയും മാറ്റിമറിച്ചിരിക്കുന്നു. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതാണ് ജലം. അത് ഇന്ന്, വില നിശ്ചയിക്കാവുന്ന ഉല്‍പന്നമാക്കി ലാഭത്തിനുവേണ്ടി വിറ്റുകൊണ്ടിരിക്കുന്ന സ്ഥിതിയെത്തി. മനുഷ്യകുലത്തെത്തന്നെ തൂക്കിലേറ്റുന്ന കോർപ്പറേറ്റ് പദ്ധതികളുടെ കേളീനിലമായി കുടിവെള്ളമേഖല മാറുകയാണ്, കേരളത്തിൽപ്പോലും.

കുപ്പിവെള്ളം ലഭ്യമല്ലാത്ത ഒരു ഗ്രാമം പോലും ഇല്ലാതായിരിക്കുന്നു ഇന്ന് കേരളത്തിൽ. ഒരു ചരക്കെന്ന നിലയിലാണ് ജലചൂഷകർ കുടിവെള്ളത്തെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. ഭൂമിയിലെ സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ട ജലം സ്വകാര്യവൽക്കരിച്ച് ലാഭം കൊയ്യുകയാണ് ബിവൻറി, ബൈ വാട്ടർ, മൊൺസാന്റോ, കൊക്കകോള, പെപ്സി തുടങ്ങി നൂറുകണക്കിന് ബഹുരാഷ്ട്ര ഭീമന്മാർ. അവരിൽ പലരും ഇന്ന് കേരളത്തിലുമുണ്ട്!

ജലമെന്ന രത്നഖനിയിൽ വൻകിട ജല മാഫിയകളോടൊപ്പം ചെറുകിട വെള്ളവാണിഭക്കാരും സജീവമായിക്കഴിഞ്ഞു. സാധാരണക്കാരനുള്ള പ്രകൃതിദത്തസൗജന്യമായ വെള്ളം അവർ ലാഭത്വരയോടെ അടക്കിവെക്കുന്നു.

തിരിഞ്ഞ തലകൾ, തകരുന്ന പരിസ്ഥിതി സുരക്ഷ

ജലസ്രോതസ്സുകൾ അസംഖ്യമുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ സമീപകാലത്തെ കൊടിയ ജലചൂഷണവും മലിനീകരണവും അവയെയെല്ലാം ഏതാണ്ട് നമുക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു. നിയമവിരുദ്ധമായ ഭൂഗര്‍ഭജലചൂഷണം ഈ പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയാണ്. കായലിലേക്ക് തടിപ്പാലമിട്ട് കക്കൂസ് സ്ഥാപിച്ചിരുന്നു പണ്ട് നമ്മൾ. ഇപ്പോൾ ടണ്‍കണക്കിന് മാലിന്യം ഒഴുക്കാൻ വയലുകളും നദികളും കായലുകളും മതിയെന്ന നിലയിലേക്ക് എത്തി.

മണ്ണ്, ജലം, ജൈവ വൈവിധ്യം തുടങ്ങിയ അടിസ്ഥാന പരിസ്ഥിതിഘടകങ്ങളാണ് ശോഷിക്കുന്നത്. പരിസ്ഥിതി സുരക്ഷയാണ് ആകെ തകർന്നുകൊണ്ടിരിക്കുന്നത്. ജലസംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന തലതിരിഞ്ഞ ബോധത്തിനും കീഴ്പെട്ടിരിക്കുന്നു നമ്മൾ.

ശുദ്ധജലത്തിനുവേണ്ടി അടരാടേണ്ട നിലയിലേക്ക് അതിദ്രുതം മാറുകയാണ് കേരളമെന്ന് നമ്മൾ അറിയുന്നുണ്ടോ?

ഒരു ജലസംസ്കാരത്തിനു വേണ്ടി

ഇതാണ് സംഭവഗതിയെങ്കിൽ സമീപഭാവിയില്‍ കുടിവെള്ളം നാട്ടിൽ യുദ്ധക്കളങ്ങൾ തീർക്കും. യഥാർത്ഥ ജലയുദ്ധത്തിലേക്ക് ജലാശയങ്ങളുടെ നാടായ കേരളം ആട്ടിയിറക്കപ്പെടും.

അതിനാൽ ജീവജലത്തിനു വേണ്ടി, അപ്രത്യക്ഷമാകുന്ന നദികളടക്കമുള്ള സർവ്വ ജലസ്രോതസ്സുകളെയും വീണ്ടെടുക്കുന്നതിനു വേണ്ടി, ഒരു ജല സംസ്കാരത്തിനു വേണ്ടി, പോരാട്ടം ആരംഭിക്കേണ്ട നിലയിലാണ് ഇന്നു നമ്മൾ.

പ്രളയത്തിനു തൊട്ടുപിന്നാലെ ആസന്നമായ കൊടുംവരൾച്ചയെക്കുറിച്ച് ശാസ്ത്രീയമായ ഒട്ടേറെ മുന്നറിയിപ്പുകൾ നമുക്ക് കിട്ടിയതാണ്. ജലസ്രോതസ്സുകളിലെല്ലാം ജലനില മിന്നിക്കുറയുന്ന പ്രതിഭാസം അന്നു നമ്മൾ കണ്ടു. താരതമ്യേന ശീതപ്രദേശമായിട്ടും വയനാട്ടിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത് ഭൂജലവിതാനത്തിലെ ആപൽക്കരമായ പ്രവണതകളെക്കുറിച്ച് നമ്മെ ഓർമ്മിപ്പിച്ചു.

എന്നിട്ടും, എന്തു പാഠമാണ് കടന്നുപോയ ദുരന്തവും, ദുരന്തശേഷം പ്രകൃതി മുൻകൂട്ടിക്കാണിച്ചുതന്ന ആപൽസാധ്യതകളും കണ്ടവരായ നമ്മൾ പഠിച്ചത്?

രാജ്യം ചരിത്രസന്ധിയിലൂടെ കടന്നുപോകുന്നതിന്റെ പടിവാതിലായ തെരഞ്ഞെടുപ്പിൽ ജലത്തിന്റെ രാഷ്ട്രീയം എത്രക്ക് നമുക്ക് ജീവൽവിഷയമാണ്?

തെരഞ്ഞെടുപ്പിലെ ജലരാഷ്ട്രീയം

ഒന്നുറപ്പാണ്. ജലമായിരിക്കുന്നു കേരളത്തിന്റെ അടിയന്തിര രാഷ്ട്രീയവിഷയം. തെരഞ്ഞെടുപ്പിനെവരെ അപ്രസക്തമാക്കി ജലരാഷ്ട്രീയം നമ്മെ ഗ്രസിക്കാൻ പോവുകയാണ്. വീടുകയറിവോട്ടുതേടുന്ന രാഷ്ട്രീയപ്രവർത്തകർക്ക് മുന്നണിഭേദമില്ലാതെ നേരിടേണ്ടിവരുന്ന ജീവൽപ്രശ്‌നം കുടിവെള്ളവും ശുദ്ധജലക്ഷാമവുമാകാൻ പോവുകയാണ്.

എന്തുതരം ജനസംഘാടനത്തിലൂടെയാണ് വരാൻപോകുന്ന വൻ വിപത്തിനെ നേരിടാൻ കേരളത്തിന് കഴിയുക എന്നത് എല്ലാ രാഷ്ട്രീയത്തെയും കവച്ചുവെക്കുന്ന സാമൂഹിക ഉൽക്കണ്ഠയാണ്. ‘എവിടെ ഞങ്ങൾക്ക് കുടിവെള്ളം’ എന്ന ചോദ്യത്തെ നേരിടാൻകഴിയാതെ, വോട്ടുംതേടിയെത്തുന്ന വീടുകളിൽനിന്ന് തലകുമ്പിട്ടു മടങ്ങേണ്ടിവരുന്ന പൊതുപ്രവർത്തകർ, ഒരു ജനതയെന്ന നിലക്കുള്ള കേരളത്തിന്റെ പരാജയത്തിന്റെ അടയാളങ്ങളാവും, തീർച്ച.

കേരളം നേരിടുന്ന ജലദൗർലഭ്യ വിപത്തിനെ ദീർഘദർശിത്വത്തോടെ കാണാൻ കഴിയുന്ന രാഷ്ട്രീയത്തെയേ അതിജീവനഭീഷണിയുള്ള ജനതയെന്ന നിലക്ക് നമുക്ക് വേണ്ടൂ. അങ്ങനെയൊരു അജണ്ടയിലേക്ക് രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരെ ഒന്നടങ്കം ഉണർത്താനായാൽ, അതാവും കേരളത്തിന്റെ സർവ്വകാല രാഷ്ട്രീയവിജയം.

കക്ഷികൾ നേടുന്ന തെരഞ്ഞെടുപ്പുവിജയം പോലും അതിനു പിന്നിലേ നിൽക്കൂ.