സംസ്ഥാന അമച്വര്‍ നാടകമത്സരത്തില്‍ രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച ഇ. സി. ദിനേശ്കുമാറിന്റെ കാളഭൈരവന്‍ എന്ന നാടകം 2018 ഫെബ്രുവരി 10ന് തച്ചണ്ണ(അരീക്കോട്)യില്‍ വച്ച് കണ്ടു. ആ നാടകത്തിന്റെ രചിതപാഠം ആദ്യമേ വായിച്ചിട്ടുണ്ടായിരുന്നു. മത്സരാവതരണങ്ങള് കാണാന്‍ സാധിച്ചിരുന്നില്ല. വായിച്ച നാടകം എങ്ങനെയായിരിക്കും രംഗത്തവതരിപ്പിക്കുക എന്ന് എന്റെ എളിയ നാടകമനസ്സില് ആശങ്കയുണ്ടായിരുന്നു. ആ ആശങ്കകളേതും അകറ്റുന്നതായിരുന്നു നാടകാവതരണം. ഏതു നാടകവും അവതരിപ്പിക്കാന്‍ കൊതിക്കുന്ന തരത്തില്‍ കാഴ്ചക്കാര്‍, തികച്ചും ഗ്രാമീണമായ അന്തരീക്ഷം. ‘കാളഭൈരവന്‍’ ഏറ്റവും മിഴിവോടെ, കാണികളിലേക്ക്, അവരുടെ മനസ്സിലേക്ക് കടന്നുകയറുകയായിരുന്നു. രംഗവും അണിയറയും കാഴ്ചക്കാരും നടന്മാരും അണിയറപ്രവര്‍ത്തകരും ഒന്നുചേര്‍ന്ന് വിജയമാക്കുന്ന നാടകാവതരണമാണ് ഞാനനുഭവിച്ചത്.
സംവിധായകന് നാരായണന്, രചയിതാവ് ദിനേശന് എന്നിവരുടെ ഉദ്ദേശ്യങ്ങളെ സാക്ഷാല്‍ക്കരിക്കാൻ നടന്മാര് പരസ്പരം മത്സരിക്കുകയായിരുന്നു. മറ്റുള്ളവര്‍ അവരോട് ചേര്ന്നുനില്ക്കുകയും ചെയ്തു.
-‘പതിയിലെ പാര്‍പ്പ് പന്നിക്കോലത്തില്, കവുത്തും കൃപയും ഇല്ല, ഏത് വെളയാണ് കുത്തൂന്ന് നോട്ടല്ല്യ’.
-‘ആയിരം തലമുറയുടെ പഠിപ്പ് ഇല്ല്യാണ്ടാക്കി ഇതെത്താണ് ഈ സ്കൂളുകാരത്തികള് പഠിപ്പിച്ചത്?’
-‘പടിമാനം കാക്കത്തൊള്ളായിരം പഠിച്ച പടിമാന മുത്തപ്പായിമാരുടെ പഠിപ്പ് മറക്കാന്‍ പഠിച്ച്’.
-‘ഒരു ചക്കരക്കേങ്ങിന്റെ വള്ളി മുറിച്ചുകുത്താന് പഠിച്ചോ?’
-‘നന്റാക്കി നന്റാക്കി നാട് ഇല്ലാണ്ടാക്കി നായ്ക്കള്‍’.
കേരളത്തിലെ പൊതുസമൂഹത്തിന് പരിചിതമല്ലാത്ത ആ ഭാഷയില്‍ കാളഭൈരവനിലെ കഥാപാത്രങ്ങള്‍ നമ്മളോട്, ഈ സമൂഹത്തോട്, ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം മുട്ടുന്നത് ആധുനികകേരളമാണ്, നമ്മള് കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന കേരളമാതൃകകളാണ്; കാക്കത്തൊള്ളായിരം വര്‍ഷങ്ങളായുണ്ടാക്കിയ ഭൂമിയുടെ ഉയര്‍ച്ചതാഴ്ചകള്‍ ഇല്ലാതാക്കുന്ന കേരളത്തിലെ നവവികസന മാതൃകകളാണ്. കാഴ്ചയുടെ ഉയര്‍ച്ചതാഴ്ചകളെ ഈ നാടകം രംഗപടത്തിലൂടെ നമ്മളെ അനുഭവിപ്പിക്കുന്നുമുണ്ട്.
കീഴാളന്റെ ജീവിതചര്യകളും അവന്റെ അനുഷ്ഠാനങ്ങളും തോറ്റങ്ങളും എല്ലാം ദൂരെനിന്ന് മാത്രം നോക്കിക്കാണുന്ന ഒരാള്‍ക്ക് അവയെല്ലാം സംസ്കാരമില്ലാത്തവന്റെ കാട്ടിക്കൂട്ടലുകള്‍ മാത്രമായിരിക്കും. ‘കാളഭൈരവന്‍’ എന്ന നാടകത്തിലൂടെ ദിനേശന് നമുക്ക് കാട്ടിത്തരുന്നത് കീഴാളന്റെ മണ്ണിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ, ഭൂമിയോടുള്ള അവന്റെ തീവ്രാനുരാഗത്തിന്റെ, അതിനുവേണ്ടിയുള്ള അതിജീവനങ്ങളുടെ എല്ലാം ചിത്രങ്ങളാണ്. ഒരു നാടകത്തിന്റെ രംഗത്ത് ഒതുക്കാന്‍ പറ്റാത്തത്ര സൂക്ഷ്മമായ രംഗചിത്രങ്ങളിലൂടെ അവ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നു.
ഒരു മനുഷ്യന് മനസ്സിരുത്തി ഒന്നിനുവേണ്ടി ശ്രമിക്കുമ്പോള്‍ ഈ പ്രപഞ്ചം അവന്റെ കൂട്ടിനുണ്ടാവുമെന്ന് ‘ആല്‍കെമിസ്റ്റ്’ എന്ന ജനപ്രിയ നോവലില്‍ പൗലോ കൊയ്ലോ എന്ന ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് പറഞ്ഞപ്പോള്‍ ആ പുസ്തകം ലോകം മുഴുവന്‍ നെഞ്ചേറ്റി. ഇവിടെ കാളഭൈരവന്‍ കര്‍ഷകജനതയുടെ അതിജീവനത്തിന്റെ ശ്രമങ്ങളെ സഹായിക്കാന്‍ കാരിക്കുട്ടി വല്ല്യാത്തയുടെ ഉള്ളംകൈയില്‍ പ്രത്യക്ഷപ്പെടുകയാണ്. അതിനയാളെ പ്രാപ്തനാക്കുന്നത് ഈ മണ്ണിനോടുള്ള അടങ്ങാത്ത കൂറാണ്. മണ്ണില്‍ പൊന്നുവിളയിച്ച് പൊന്നുതമ്പുരാനെയും അവന്റെ ജനതയേയും സംരക്ഷിക്കാന്‍ കീഴാളന് അവന്റെ തളരാത്ത മെയ്യിനാല്‍ അധ്വാനിക്കുമ്പോള്‍ ദൈവം, ഈ പ്രപഞ്ചശക്തി അവനെ സഹായിക്കാന്‍ അവന്റെ ഉള്ളംകൈയില്‍ കുടികൊള്ളുകയാണ്. കീഴാളന് മേലാളന് ദൈവത്തെ നല്‍കിയില്ല. അവര്‍ അവരുടെ അധ്വാനംകൊണ്ടും അനുഷ്ഠാനംകൊണ്ടും തോറ്റങ്ങള്കൊണ്ടും തേവനേയും തേവിയേയും സ്വന്തമാക്കുകയാണ്, ഈ മനുഷ്യകുലത്തെ തീറ്റിപ്പോറ്റാന്‍.
നന്ദിയില്ലാത്ത മനുഷ്യന് മണ്ണിനെ പൊന്നാക്കുന്ന ജനതയ്ക്ക് തിരിച്ചുകൊടുക്കുന്നതോ നന്ദികേട് മാത്രം. അവന്റെ മണ്ണിനെയും ദൈവങ്ങളെയും അപഹരിച്ച് മേലാളന്റെ മണിമാളികകള്‍ പണിയുന്നു. അരികില്‍നിന്ന് അരികിലേക്ക് മണ്ണിന്റെ മക്കളെ വലിച്ചെറിയുന്നു. അധികാരത്തിന്റെ ശൃംഗങ്ങളിലിരുന്ന് ഈ ജനതയെ പോറ്റിയവര്‍ക്ക് ഔദാര്യത്തിന്റെ അപ്പക്കഷ്ണങ്ങളെറിഞ്ഞുകൊടുക്കുന്നു.
ദിനേശന് കാളഭൈരവന്‍ എന്ന നാടകത്തിലൂടെ സൂക്ഷ്മമായി പറയാന്‍ ശ്രമിച്ചത്, അവനവന്റെതന്നെ ജീവിതപരിസരത്തുനിന്ന് കണ്ടെടുക്കുന്ന മിത്തുകളുടെയും അനുഷ്ഠാനങ്ങളുടെയും ഉള്ളിലേക്ക് യാത്രചെയ്താല്‍ നാം ഇന്ന് ജീവിക്കുന്ന ജീവിതത്തിന്റെ മൂല്യങ്ങളുടെയും മൂല്യച്യുതികളുടെയും കാരണങ്ങള്‍ കണ്ടെത്താനാവുമെന്നാണ്. അതിനായി ദിനേശന് നടത്തിയ യാത്രകളും അന്വേഷണങ്ങളും ഈ രചനയെ സമ്പുഷ്ടമാക്കി. കലയുടെ മര്‍മത്തിലും ധര്‍മത്തിലും ഉറച്ചുനിന്ന് ഇത്രയും ബൃഹത്തായ ഒരു പഴംപുരാണം ഇന്നത്തെ ജീവിതത്തിലേക്ക് വിളക്കിച്ചേര്‍ക്കാന്‍ നാടകത്തിനും സംവിധായകനും നടന്മാര്ക്കും കഴിഞ്ഞിരിക്കുന്നു.
വടക്കന്‍ കേരളത്തിലെ തെയ്യങ്ങള്‍, കതിവന്നൂര്‍ വീരന്, പുരാവൃത്തങ്ങള്‍ എല്ലാം കാളഭൈരവനോട് അടുത്തുനില്ക്കുന്ന കലാരൂപങ്ങളാണ്. തെയ്യത്തിന് വേണ്ട മെയ് വഴക്കം കാളഭൈരവന്റെ സാക്ഷാത്കാരത്തിന് ആവശ്യമാണ്. ഈ നാടകം, നമ്മള് പൊതുവെ നാടകമെന്ന് പറയുന്നത്ര ലളിതമല്ല. ഒരു കൂട്ടം കലാകാരന്മാരുടെ അക്ഷീണപ്രയത്നത്തിന്റെയും അന്വേഷണങ്ങളുടെയും കൂടിച്ചേരലിന് ലഭിച്ച പ്രതിഫലമാണ് കാളഭൈരവന്‍ ലഭിച്ച അംഗീകാരങ്ങള്‍.