വിഭിന്നങ്ങളായ വാസ്തുവിദ്യാ ധാരകളുടെ സങ്കലനമാണ് തിരുവനന്തപുരത്തെ കെട്ടിടങ്ങൾ. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ വാസ്തുവിദ്യാരീതികളിൽ നിന്ന് വേറിട്ട് നിൽക്കുന്നു ഈ കെട്ടിടങ്ങളുടെ നിർമാണ രീതിയും രൂപകൽപ്പനയും. കേരളത്തിന്റെ തനതായതും അനന്യവുമായ വാസ്തുവിദ്യാ രീതികൾ ദക്ഷിണേന്ത്യയിൽ സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ദ്രാവിഡ വാസ്തുവിദ്യ രീതികളിൽ നിന്ന് തികച്ചും ഭിന്നമെങ്കിലും ആ രീതിശാസ്ത്രത്തിന്റെ സ്വാധീനം ഇവയിലുണ്ട്. കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂമിശാസ്ത്ര പരമായ പ്രത്യേകതകൾക്കും അനുസൃതമായി നിർമിച്ച ഇവിടുത്തെ കെട്ടിടങ്ങൾക്കും ക്ഷേത്രങ്ങൾക്കും ഒട്ടേറെ പ്രത്യേകതകൾ ഉണ്ട്. പിൽക്കാലത്തു ബുദ്ധിസ്റ്റ്, യൂറോപ്യൻ, അറേബ്യൻ വാസ്തുവിദ്യ രീതികളും തലസ്ഥാനത്തെ വലിയ കെട്ടിടങ്ങളുടെ നിർമാണ രീതിയിൽ സൂക്ഷ്മമായ സ്വാധീനം ചെലുത്തിയതായി കാണാം.