ഇന്ത്യ ചന്ദ്രനെ കീഴടക്കിയിരിക്കുന്നു. ഈ അഭിമാനവേളയിൽ ഞാൻ ഒരേസമയം ചന്ദ്രനെയും എന്റെ കാൽചുവട്ടിലെ ഭൂമിയെയും നോക്കുന്നു. ചന്ദ്രനിലുള്ളതിനെക്കാൾ കുണ്ടും കുഴിയും എന്റെ റോഡിലുണ്ട്. ലോകത്തെല്ലായിടത്തും പുകഞ്ഞുകത്തുന്ന ജനാധിപത്യരാജ്യങ്ങൾ ചന്ദ്രനിലെ കുളിർമക്കായി ദാഹിക്കുകയാണ്. പക്ഷേ ശുദ്ധവും ധീരവും ആക്രോശങ്ങളല്ലാത്തതുമായ വിവരങ്ങൾക്കേ ഈ തീയണയ്ക്കാനാവൂ. വിവരങ്ങൾ കൂടുതൽ കറതീർന്നതാകുമ്പോൾ പൗരന്റെ വിശ്വാസത്തിന്റെ ആഴവും കൂടും.
വിവരങ്ങൾ (വാർത്ത) രാഷ്ട്ര നിർമാണത്തിൽ പങ്കാളികളാണ്. വ്യാജ വാർത്തയും പ്രചാരണങ്ങളും വ്യാജ ചരിത്രവും ജനക്കൂട്ടങ്ങളെയാണ് സൃഷ്ടിക്കുന്നത്. എന്റെ അഭിപ്രായങ്ങൾ ലോകത്തോട് പറയാൻ അവസരമൊരുക്കിയ രമൺ മാഗ്സസെ ഫൗണ്ടേഷന് നന്ദി. ഹിന്ദിയാണ് എന്റെ ഭാഷയെന്നറിയാമല്ലോ. സുഹൃത്തുക്കളാണ് ഈ പ്രസംഗം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
ഞാനിവിടെ തനിച്ചല്ല വന്നിട്ടുള്ളത്. ഗണേഷ് ശങ്കർ വിദ്യാർഥിയും പീർ മുനിസ് മൊഹമ്മദുമെല്ലാം കടന്നു പോയ ഹിന്ദിമാധ്യമലോകത്തിന്റെ വലിയ ചരിത്രവും എനിക്കൊപ്പമുണ്ട്.
മാധ്യമപ്രവർത്തകരെന്ന നിലയിലും സാധാരണ പൗരൻമാരെന്ന നിലയിലും വലിയൊരു പരീക്ഷണകാലത്തിലുടെയാണ് നാം കടന്നു പോകുന്നത്. പൗരത്വം തന്നെ പരീക്ഷിക്കപ്പെടുന്നകാലത്ത് പൊരുതി നിന്നേ മതിയാകൂ. പൗരൻമാരെന്ന നിലയിലുള്ള കടമകളെയും ഉത്തരവാദിത്തത്തെയും കുറിച്ച് നമ്മൾ പുനർവിചിന്തനം നടത്തേണ്ടിയിരിക്കുന്നു.
പൗരാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവും സർക്കാർ നിരീക്ഷണങ്ങളുടെ ആധിക്യവും ഇത്രയേറെ വ്യാപകമായ കാലത്ത് ,ഈ കടന്നാക്രമണങ്ങളെ അതിജീവിക്കാൻ കഴിയുന്ന വ്യക്തികൾക്കോ സംഘങ്ങൾക്കോ മാത്രമേ, ഉത്തമപൗരാവലിയ്ക്ക് അടിത്തറ പാകാൻ കഴിയൂ. ഒരു പക്ഷേ ഭാവിയിലെ മികച്ച ഭരണകൂടങ്ങൾക്കും.
വ്യാപക വിദ്വേഷ പ്രചാരണങ്ങളുടെയും കൃത്രിമ വിവര കമ്മിയുടെയും ഈ കാലത്തും പൊരുതി നിൽക്കാൻ തയാറായ നിരവധി പേർ നമുക്കു ചുറ്റുമുണ്ട്. തരിശായ മരുഭൂമിയിലെ കള്ളിമുൾ പൂക്കൾ പോലെയാണവർ. നീണ്ടുപരന്നു കിടക്കുന്ന മരുഭൂമിയിൽ തനിയെ തളിരിടുമ്പോൾ തന്റെ നിലനിൽപിന്റെ അർഥതലങ്ങളെക്കുറിച്ച് അത് ആശങ്കപ്പെടാറില്ല.
ജനാധിപത്യമെന്ന ഫലഭുയിഷ്ഠമായ മണ്ണ് മരുഭൂമിയായി മാറുമ്പോൾ പൗരാവകാശങ്ങൾക്കും വിവരാവകാശങ്ങൾക്കുമായുള്ള പോരാട്ടം ആപൽക്കരമാകുന്നു. എന്നാൽ അസാധ്യമാകുന്നില്ല.പരിശോധിക്കപ്പെടാവുന്ന വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് പൗരന് അനിവാര്യമാണ്. ഇന്ന് മാധ്യമങ്ങളെയും കമ്പനികളെയും സർക്കാർ വരുതിയിലാക്കിയിരിക്കുന്നു. ഈ നിയന്ത്രണവും അതുവഴിയുണ്ടാകുന്ന വാർത്താ നിയന്ത്രണവും പൗരാവകാശങ്ങളുടെ സാധ്യത പരിമിതപ്പെടുത്തുന്നു. മറ്റൊരർഥത്തിൽ വാർത്തയുടെ വൈവിധ്യവും അർഥതലങ്ങളും നിയന്ത്രിക്കപ്പെടുന്നു. മാധ്യമങ്ങൾ സർക്കാരിന്റെ നിരീക്ഷണവലയത്തിലായിരിക്കുന്നു. അവ ഇനിമേൽ ജനാധിപത്യത്തിലെ നാലാം തൂണല്ല, ഒന്നാം തൂണിന്റെ ഭാഗമാണ്.
നിഷേധാത്മക ദേശീയതയിലൂന്നിയ ടെലിവിഷൻ സംവാദങ്ങൾ ഒരു രാജ്യത്തിന്റെ ചരിത്രത്തെയും ഓർമകളെയും ഭരണക്കാർക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റിയെഴുതുന്നു. ഈ വാർത്താലോകത്ത് രണ്ടു കൂട്ടരേയുള്ളൂ : ദേശവിരുദ്ധരും പിന്നെ ഞങ്ങളും. അവരും ഞങ്ങളും എന്നത് മികച്ച തന്ത്രമാണ്. ചോദ്യങ്ങൾ ചോദിക്കുകയും വിയോജിക്കുകയും ചെയ്യുന്നവർ ദേശവിരുദ്ധരാണെന്ന് അവർ പറയും. വിയോജിപ്പുകളാണ് വാസ്തവത്തിൽ ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ആത്മാവ്. ജനാധിപത്യത്തിന്റെ ഈ ആത്മാവിനു മേലുള്ള കടന്നുകയറ്റം അനുദിനം വർധിക്കുകയാണ്. പൗരാവകാശങ്ങൾ അപകടത്തിലാവുകയോ അതിന്റെ അർഥം തന്നെയോ മാറുമ്പോൾ മാധ്യമപ്രവർത്തനത്തിന്റെ സ്വഭാവം എന്താവും? രണ്ടും പൗരൻമാരാണ്. സ്വയം താനാണ് രാഷ്ട്രമെന്ന് പ്രഖ്യാപിക്കുന്നവരും അവരുടെ പരിഹാസത്തിന്റെ ഇരകളും.ലോകത്തിൽ നിരവധി ഭരണകൂടങ്ങൾ, ജുഡീഷ്യറിയടക്കം നിയമാനുസൃതം ജനപിന്തുണ നേടിയവയാണ്. എന്നിട്ടും ഹോങ്കോങ്ങിലും കശ്മീരിലുമെല്ലാം ജനങ്ങൾ പൗരാവകാശങ്ങൾക്കായി പൊരുതുന്നു. എന്തുകൊണ്ടാണ് ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകർ സമൂഹമാധ്യമങ്ങളെ തള്ളിപ്പറഞ്ഞത് ? കാരണം അത് സർക്കാർ ഭാഷ്യമാണെന്ന് അവർക്ക് ബോധ്യം വന്നു. അതു കൊണ്ട് അവർ അവരുടെതായ ഭാഷ രൂപപ്പെടുത്തി, സമരതന്ത്രങ്ങൾ കൈമാറി. പൗരാവകാശ പോരാട്ടങ്ങളുടെ പുതിയമുഖമാണത്.
അവകാശ പോരാട്ടത്തിനായി ഹോങ്കോങ് ജനത ഒരു പുതിയ ഇടം സൃഷ്ടിച്ചു. അതിലൂടെ സംവദിച്ചു. നിമിഷങ്ങൾ കൊണ്ട് ഒരിടത്ത് തടിച്ചുകൂടുകയും പിരിഞ്ഞു പോവുകയും ചെയ്യാൻ സാധിക്കുന്ന പുത്തൻ ഭാഷണ രീതി. പുതിയ ‘ആപ്പുകൾ ‘വികസിപ്പിച്ചു മെട്രോ കാർഡുകളുടെ ഉപയോഗരീതി മാറ്റി ,ഫോണുകളിലെ സിം കാർഡുകൾ പോലും പരിഷ്കരിച്ചു. സർക്കാർ നിയന്ത്രണോപാധികളാക്കുന്നവയെ അവർ സ്വാതന്ത്ര്യലബ്ധിക്കുള്ള ഉപകരണങ്ങളാക്കി പുതുക്കിയെടുത്തു. വിവരങ്ങളുടെ ഏകാധിപത്യ ലോകത്തു നിന്ന് ഹോങ്കോങ് ജനത സ്വയം മോചിതരായി. പൗരാവകാശങ്ങളെ പൂർണമായി പരാജയപ്പെടുത്താൻ സർക്കാരിനാവില്ലെന്നാണ് ഇത് നമ്മോട് പറയുന്നത്.
കശ്മീർ മറ്റൊരു കഥയാണ്. ആഴ്ചകളായി വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. ഒരു കോടി ജനങ്ങൾക്ക് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെയായി. ഇന്റർനെറ്റില്ല മൊബൈൽ ഫോണില്ല. വിവരങ്ങൾ അറിയാനാവാത്ത പൗരൻമാർ എങ്ങനെയാവും? വിവരങ്ങൾ അറിയിക്കേണ്ട മാധ്യമങ്ങൾ ഈ നിരോധനത്തെ പിന്തുണച്ചാലോ ?അങ്ങനെ ചെയ്യുന്ന മാധ്യമങ്ങൾ, കൗതുകത്തിന് മാത്രമല്ല സ്വന്തം നിലനിൽപിനു വേണ്ടി കൂടി വിവരങ്ങൾ അറിയാൻ ശ്രമിക്കുന്ന പൗരനെതിരെയാണ് നിലകൊള്ളുന്നത്.
ദൗർഭാഗ്യവശാൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയും അയൽരാജ്യങ്ങളും ഒരുപോലെ പിന്നോക്കമാണ്. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, ശ്രീലങ്ക, ബംഗ്ലദേശ്, മ്യാൻമർ എല്ലാം ഇക്കാര്യത്തിൽ ഏറെ താഴെയാണ്. സ്വാതന്ത്ര്യത്തിന് പല തരം സാക്ഷാൽക്കാരങ്ങളുണ്ടാകാം. പറയാനുള്ള സ്വാതന്ത്ര്യം, പറയുന്നത് തടയാനുള്ള സ്വാതന്ത്ര്യം, പ്രസംഗത്തിന്റെയും ചിന്തയുടെയും വഴികൾ നിശ്ചയിക്കാനുള്ള സ്വാതന്ത്രൃം. ഞാൻ മാധ്യമങ്ങളെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ട് പ്രമുഖ രാജ്യങ്ങളെക്കുറിച്ചാണ്.
പാക്കിസ്ഥാനിലെ മാധ്യമങ്ങൾക്ക് കശ്മീർ റിപ്പോർട്ടിങ്ങിനെക്കുറിച്ച് അധികാരികൾ നൽകിയ മാർഗനിർദേശങ്ങൾ ട്വിറ്ററിൽ കണ്ടു. Advice,/ ശുപാർശ എന്നാണ് തലക്കെട്ട്. ആ നിർദേശങ്ങളിൽ, ദു;ഖാചരണത്തിന്റെ ഭാഗമായി ഈദ് ആഘോഷങ്ങൾ ഉപേക്ഷിക്കുന്നതും ന്യൂനപക്ഷങ്ങളുടെ മേലുള്ള ഇന്ത്യൻ കടന്നാക്രമണം റിപ്പോർട്ട് ചെയ്യുന്നതും കശ്മീരികളോട് അനുഭാവം പ്രകടിപ്പിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നതും ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കുന്നതും ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ചാനൽ ലോഗോകൾ കറുപ്പും വെളുപ്പുമാക്കണം തുടങ്ങി കൃത്യമായ നിർദേശങ്ങൾ! ഇതൊക്കെ എങ്ങനെ പ്രായോഗികമാക്കുമെന്ന് അത്ഭുതം തോന്നും. ടെലിവിഷൻ സ്ക്രീനിന്റെ ആകർഷണീയത നിറങ്ങളിലാണ്. പാക്കിസ്ഥാനി ചാനലുകൾ ഇതെങ്ങനെ പ്രായോഗികമാക്കിയെന്നറിയില്ല. ഏതായാലും ഇന്ത്യയിൽ അത് സങ്കൽപ്പിക്കാനാവില്ല.
പാക്കിസ്ഥാന്റെ കാര്യത്തിൽ ഇന്ത്യൻ ചാനലുകളിലെ തലക്കെട്ടുകളിലേക്ക് നോക്കുക. എല്ലാ രാത്രിയും 8 മുതൽ 9 വരെ ഓരോ സാധാരണ വാർത്തയിലും പാക്കിസ്ഥാൻ വിരോധം കുത്തി നിറയ്ക്കും. അവതാരകരുടെയും ചർച്ചക്കാരുടെയും ഇതെച്ചൊല്ലിയുള്ള അലർച്ച കേട്ട് പ്രേക്ഷകൻ അത്താഴമേശയ്ക്ക് മുന്നിൽ അന്തംവിട്ടിരിക്കും. കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ പിന്തുണച്ചു കൊണ്ട് സുപ്രീം കോടതിയിൽ പോയി പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ. പൊതുതാൽപര്യവും രാജ്യതാൽപര്യവുമാണ് കാരണമായി പറഞ്ഞത്. എന്നാൽ മാധ്യമപ്രവർത്തനത്തിനെതിരായ നിലപാടിനെ എഡിറ്റേഴ്സ് ഗിൽഡ് ചോദ്യം ചെയ്തു.
സ്വാഭാവികമായും പ്രസ് കൗൺസിൽ നിലപാടിൽ നിന്ന് പിന്നാക്കം പോയി. രസകരമായ ഇത്തരം സംഭവങ്ങൾ പക്ഷേ പ്രേക്ഷകരെന്ന നിലയിലും പൗരൻമാരെന്ന നിലയിലുമുള്ള നമ്മുടെ അവകാശങ്ങളെ വെല്ലുവിളിക്കുന്നവയാണ്. സ്വാതന്ത്ര്യമെന്നത് പരിഹാസ്യമാവുകയാണ്. മാധ്യമപ്രവർത്തകന്റെ അവകാശങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ പരസ്യമായി ഇത്തരം നിലപാടുകളെടുക്കുമ്പോൾ കാഴ്ചക്കാരുടെ വിവേകത്തെ അപമാനിക്കുക മാത്രമല്ല സിറ്റിസൺ ജേർണലിസം എന്ന സങ്കൽപവും ദുർബലപ്പെടുകയാണ്.
മുഖ്യധാരാ മാധ്യമപ്രവർത്തനത്തിന് സ്വന്തം അവകാശങ്ങളെയോ മാധ്യമപ്രവർത്തനം എന്ന ആശയത്തെയോ സംരക്ഷിക്കാനാവാതെ വരുമ്പോൾ സിറ്റിസൺ ജേർണലിസ്റ്റുകളുടെയും ആ മാധ്യമപ്രവർത്തനത്തിന്റെയും നിലനിൽപ്പും അപകടത്തിലാവും. കേവലം റിപ്പോർട്ടിങ്ങിനോ കാഴ്ചക്കാരുടെ എണ്ണത്തിനോ സാമ്പത്തികമേഖലയ്ക്കോ മാത്രമല്ല കാപട്യത്തിന്റെയും പാപ്പരത്വത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് തടയുന്നതിനും വെല്ലുവിളിയാവും. അത്തരത്തിലുള്ള മാധ്യമങ്ങൾക്കും അവയുടെ പ്രേക്ഷകർക്കും ശരിയായ വിവരങ്ങളും കടുത്ത യാഥാർഥ്യങ്ങളും ഉൾക്കൊള്ളാനാവില്ല, അത് ലോകത്തെവിടെയായാലും. അടിസ്ഥാന തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും അവ മാറിപ്പോയിരിക്കുന്നു.
ചിലവ് കുറയ്ക്കാൻ സിറ്റിസൺ ജേർണലിസത്തെ പ്രോൽസാഹിപ്പിച്ചവരാണിവർ. മുഖ്യധാരാമാധ്യമങ്ങൾക്കുള്ളിലെ സിറ്റിസൺ ജേർണലിസം പുറത്തുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ആദ്യകാലത്ത് സമൂഹമാധ്യമപ്രവർത്തകർ കർശന ചോദ്യങ്ങളുന്നയിച്ചപ്പോൾ മുഖ്യധാരാമാധ്യമങ്ങൾ അവരെ വിമർശിച്ചു. ബ്ലോഗുകളും ചില സൈറ്റുകളും വാർത്താമുറികളിൽ വിലക്കി. ഇന്നും പല സ്ഥാപനങ്ങളിലും മാധ്യമപ്രവർത്തകർക്ക് സ്വന്തം അഭിപ്രായം തുറന്നെഴുതുന്നതിന് വിലക്കുണ്ട്. സ്വതന്ത്രമായി എഴുതുന്ന സിറ്റിസൺ ജേർണലിസ്റ്റുകളെയും മുഖ്യധാരാമാധ്യമങ്ങൾ അവഗണിക്കുന്നു. കാരണം മാധ്യമങ്ങൾ ഭരണകൂടത്തിന്റെ ഏജന്റുമാരാണ്.
വിവരങ്ങളോട് മുഖ്യധാരാമാധ്യമങ്ങൾ ശത്രുത പുലർത്തുന്ന ഈ കാലത്ത് സിറ്റിസൺ ജേർണലിസത്തിന് പ്രസക്തിയേറുകയാണ്. വിവരശേഖരണം ദേശവിരുദ്ധതയും വിയോജിപ്പ് ദേശദ്രോഹവുമാകുന്ന ഈ പരീക്ഷണ കാലത്ത്.
മാധ്യമങ്ങൾ ജനദ്രോഹപരമാകുമ്പോൾ ജനങ്ങൾ മാധ്യമങ്ങളുടെ റോൾ ഏറ്റെടുക്കണം. ഭരണകൂട ഭീകരതയുടെ ഈ കാലത്ത് വിജയ സാധ്യത തുലോം തുച്ഛമാണെന്ന് അറിഞ്ഞുതന്നെ. ലാഭക്കൊതിയിൽ സർക്കാരുകളുടെ പ്രചാരണ വേലയുടെ ഉപാധികളായി മുഖ്യധാര മാധ്യമങ്ങൾ മാറുന്നു. സർക്കാർ പരസ്യങ്ങൾ പ്രധാന വരുമാനമാർഗമാണ്. എന്നാൽ സിറ്റിസൺ ജേർണലിസ്റ്റുകളുടെ നിലനിൽപ് പ്രേക്ഷക പിന്തുണയിലാണ്.
പ്രേക്ഷകരെ വിവരദോഷികളാക്കാൻ രാപകൽ അധ്വാനിക്കുകയാണ് മുഖ്യധാരാമാധ്യമങ്ങൾ. അന്ധവിശ്വാസികൾക്ക് യുക്തി ഉപദേശിക്കാനല്ല വിവരം കെട്ട ദേശീയതയും വർഗീയതും വാരിവിതറുന്ന ഇക്കൂട്ടർ ശ്രമിക്കുന്നത്. സർക്കാരുകൾ നൽകുന്ന വിവരങ്ങൾ മാത്രമാണ് അവർക്ക് വാർത്ത. പ്രതിപക്ഷത്തോട് അവർക്ക് അറപ്പാണ്.
ഇന്ത്യ മഹത്തരമായ ഒരു രാജ്യമാണ്. പക്ഷേ അതിലെ മുഖ്യധാരാ മാധ്യമങ്ങൾ നായ്ക്കളുടെ കയ്യിലായിരിക്കുന്നു. ഇന്ത്യൻ ജനതയ്ക്ക് ജനാധിപത്യത്തോട് അഭിനിവേശമുണ്ട്. പക്ഷേ അന്തിച്ചർച്ചകൾ ഇത് നശിപ്പിക്കുന്നു. ജനാധിപത്യം ഇന്നും സജീവമാണ് ഇന്ത്യയിൽ. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുമുണ്ട്. പക്ഷേ അവയൊന്നും മുഖ്യധാരാമാധ്യമങ്ങളിൽ ഇടം പിടിക്കില്ല. പ്രതിഷേധക്കാർ സ്വയം വിഡിയോയിൽ പകർത്തി വാട്സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിക്കുന്നു.
മുഖ്യമാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പൗരൻ എന്ന സങ്കൽപത്തിന് സർക്കാരിനെതിരെ ശബ്ദമുയർത്താനാവില്ല. യുടുബിലും വാട്സ് ആപ്പിലുമെല്ലാം സ്വന്തം പ്രതിഷേധങ്ങൾ സ്വയം പോസ്റ്റ് ചെയ്യാനെ പ്രതിഷേധക്കാർക്കാകു.
പൗരൻമാരെ നിയന്ത്രിക്കാൻ ഭരണകൂടവും മാധ്യമങ്ങളും കൈകോർക്കുമ്പോൾ ഒരാൾക്ക് എങ്ങനെ സിറ്റിസൺ ജേർണലിസ്റ്റാകാൻ കഴിയും ? ജുഡീഷ്യറിയും പൊലീസും മാധ്യമങ്ങളും ശത്രുതാപരമായ നിലപാടെടുക്കൂമ്പോൾ പൗരന് എങ്ങനെ അവകാശ പോരാട്ടം സാധ്യമാകും. പക്ഷേ അവർ പൊരുതുകയാണ്.
എന്താണ് മാധ്യമപ്രവർത്തനമെന്ന് മാധ്യമങ്ങൾ മറന്നു കാണും പക്ഷേ ജനം മറന്നിട്ടില്ല. ഭരണകക്ഷി എന്റെ പരിപാടി ബഹിഷ്ക്കരിച്ചിട്ടും ജനം എന്നെ കൈവിട്ടില്ല. ഇവിടെയാണ് മാധ്യമപ്രവർത്തനത്തിന്റെ ഭാവി. മാധ്യമ പ്രവർത്തകർ സിറ്റിസൺ ജേർണലിസ്റ്റുകളാകുമ്പോൾ വെറും ജനം പൗരൻമാരാകും.സാധാരക്കാരനെ അപ്രസക്തമാക്കി കേവല രാഷ്ട്രീയ താൽപര്യങ്ങൾക്കായി മാധ്യമ പ്രവർത്തനം നിലകൊള്ളുമ്പോൾ ആ സംഘത്തിന്റെ കെണിയിൽ വീഴാത്ത അനവധി പേർ ഇപ്പോഴുമുണ്ട്. എല്ലാ അപമാനങ്ങളും സഹിച്ചും ഭരണകൂടത്തെ ചോദ്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ. ഇത്തരമാളുകളുടെ സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ പരിപാടി അവതരിപ്പിക്കാൻ തുടങ്ങി. ഒരു വശത്ത് പാർട്ടി ഐടി സെല്ലുകൾ വിദ്വേഷ പ്രചാരണം തുടരുമ്പോൾ മറുവശത്തു കൂടി ശരിയായ വിവരങ്ങൾ എന്നിലേക്കെത്തി.
ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. കാരണം ആളുകൾക്ക് ആശ നശിക്കുകയോ അവർ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് അവസാനിപ്പിക്കുകയോ ചെയ്തിട്ടില്ല.
ഇന്ത്യൻ സർവകലാശാലകൾ ലോകോത്തര നിലവാരത്തിലേക്കെന്ന് മുഖ്യധാരാമാധ്യമങ്ങൾ വിളിച്ചുകൂവിയപ്പോൾ ശരിയായ വിവരങ്ങൾ വിദ്യാർഥികൾ എനിക്ക് തന്നു. ജനങ്ങളില്ലാതെ മാധ്യമ പ്രവർത്തനം അപൂർണമാണ്.
ഇന്ന് സിറ്റിസൺ ജേർണലിസ്റ്റിന് സർക്കാരിനോടും അവരുടെ ഏറാൻ മൂളികളോടും മല്ലിടണം.
പൗരൻമാരെ ജനക്കൂട്ടങ്ങളെയും സമൂഹമാധ്യമക്കൂട്ടങ്ങളെയും ഉപയോഗിച്ച് അപമാനിക്കാനും ഒറ്റപ്പെടുത്താനും മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു. പൗരന്റെ പേരിൽ പ്രവർത്തിക്കുന്ന ഇക്കൂട്ടരെ നേരിടൽ വലിയ വെല്ലുവിളിയാണ്. മാധ്യമങ്ങൾ തീർത്ത വേലിക്കെട്ടുകൾ കൂടി മറികടന്നാലെ പൗരന് സർക്കാരിന് അടുത്തെത്താനാവൂ. ജനങ്ങളാണ് പൗരാവകാശങ്ങൾ നിഷേധിക്കാത്ത ഭീതിദമല്ലാത്ത അന്തരീക്ഷം വേണമെന്ന് ആവശ്യപ്പെടേണ്ടത്.
ചോദ്യം ചെയ്യപ്പെടാവുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്തമാണ്. മാധ്യമങ്ങൾ സ്വതന്ത്രമായാലേ ഭരണകൂടത്തിന്റെ ശരിയായ വിലയിരുത്തൽ സാധ്യമാകു. ചരിത്രം പോലും നമ്മിൽ നിന്ന് പറിച്ച് മാറ്റപ്പെടുകയാണ്.
ബാലഗംഗാധരതിലകും ഗാന്ധിജിയും അംബേദ്കറുമെല്ലാം സിറ്റിസൺ ജേർണലിസ്റ്റുകളായിരുന്നു. ചമ്പാരണിലെ കർഷകർ ഗാന്ധിജിക്ക് നൽകിയ വിവരങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന ഏടാണ്.
വാർത്തയില്ലാതെ രാഷ്ട്രത്തിന് നിലനിൽപ്പില്ല. ഓരോ രാഷ്ട്രവും വ്യത്യസ്തമാണ്. സമൂഹത്തിലെ ദുർബലവിഭാഗത്തിന്റെ ക്ഷേമത്തെക്കുറിച്ചുള്ള താൽപര്യമാണ് ഞങ്ങളുടെ സ്വാതന്ത്ര്യസമരത്തെ വ്യത്യസ്തമാക്കിയത്.വിവരങ്ങൾ വസ്തുതാപരവും സത്യസന്ധവുമല്ലെങ്കിൽ പൗരൻമാർക്ക് പരസ്പര വിശ്വാസം നഷ്ടമാവും. അവിടെയാണ് കച്ചവട താൽപര്യങ്ങൾക്കപ്പുറത്തുള്ള മാധ്യമങ്ങളുടെ പ്രസക്തി.
ഈ താൽപര്യങ്ങളില്ലാത്ത ഏതാനും പേരാണ് ഇന്ത്യൻ മാധ്യമലോകത്തിന്റെ കരുത്ത്. പത്രവാർത്തകൾ വിശ്വസനീയമല്ലെങ്കിൽ സ്വാതന്ത്ര്യം കൊണ്ട് അർഥമില്ലെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പത്രങ്ങൾക്ക് ഇന്ന് ഭയമാണ്. ഏത് വിമർശനവും രാജ്യ വിരുദ്ധതയായി ചിത്രീകരിക്കപ്പെടാം.
മുഖ്യധാരാ മാധ്യമങ്ങളെക്കുറിച്ചുള്ള എന്റെ വിമർശനം രാജ്യതാൽപര്യം മുൻനിർത്തിയുള്ളതാണ്. ഇന്ത്യയിലെ പത്രങ്ങളും ചാനലുകളും ജനങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുന്നു. ഗാന്ധിജി പറഞ്ഞതുപോലെ ജനങ്ങൾ ഈ നികൃഷ്ടമാധ്യമങ്ങളെ വിട്ട് പരസ്പരം ശരിയായ വിവരങ്ങൾ കൈമാറണം. പൗരൻമാർക്കു വേണ്ടി നിലകൊള്ളുന്നവയെ തിരഞ്ഞെടുക്കണം. ഹിന്ദുവും മുസൽമാനും ഐക്യത്തോടെ കഴിയാൻ പ്രേരിപ്പിക്കുന്നവയെ. ജീവിച്ചിരുന്നെങ്കിൽ ഇന്നും ഗാന്ധിജി അത് ആവർത്തിച്ചേനെ.