ആ പാട്ട് കേൾക്കുമ്പോളൊക്കെ ഞാനെന്റെ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഡിഗ്രിക്കാലം ആലോചിക്കും. പട്ടുപാവാടയും മുട്ടോളം ചുരുണ്ടമുടിയും വലിയ പാദസരവുമിട്ട്, പുസ്തകങ്ങളിലെ കവിത വായിച്ച് കണ്ണുകളിൽ പ്രേമമയക്കമുള്ള, എഴുതുന്ന എന്റെയൊരു കൗമാരക്കാലം ഓർമ്മവരും. മൂന്ന് കാൽപ്പനിക മരണങ്ങളോർമ്മ വരും. ആദ്യത്തേത് ഒരാൺകുട്ടിയുടേതാണു. എന്റെ ക്ലാസ്സിലെ ജനലിലൂടെ നോക്കുമ്പോൾ കാണുന്ന ഉണങ്ങിയ ഒറ്റക്കയ്യൻ മാവ്. ആ മാവ് ഉണങ്ങാൻ കാരണം അവനാണ്, തൂങ്ങിമരിച്ച ആൺകുട്ടി.

ആ മാവങ്ങനെ പൂത്ത്, കായ്ച്ച്, ചെനച്ച കാലത്തൊക്കെ അവളും അവനും ആരും കാണാതെ മൈതാനിക്ക് നടുവിലെ മാഞ്ചുവട്ടിൽ ഇരിക്കുമായിരുന്നുവെത്രെ. പച്ചമാങ്ങകൾ പൊട്ടിച്ച് അതിന്റെ ചുനമണം കാറ്റിൽ പറത്തി ഉപ്പുകൂട്ടിത്തിന്ന അവരുടെ വേനലുകൾ, അവർ ഒരുമിച്ച് കൊണ്ട ഈറൻ മഴ. അവളുടെ വയലറ്റ് ചുണ്ടിന്റെ മാദകമായ മാങ്ങാമണം. ഒടുവിൽ അവർ വിവാഹം ചെയ്യുവാൻ തീരുമാനിച്ചു. കോളേജുമുഴുവൻ ഉത്സവമായി.. മൈതാനിയിലെ കുറ്റിപ്പുല്ലും മുള്ളുമ്പഴങ്ങളും പിങ്ക് പൂക്കളും വരെ അവരുടെ കല്യാണവിവരം അറിഞ്ഞു. രജിസ്റ്റ്രാഫീസ്സിൽ അവൻ കാത്തുനിന്നു… ഉച്ചയായ്, വൈകുന്നേരമായ്, രാത്രിയായ് അവൾ വന്നതേയില്ല. അവൾ വരില്ല എന്നറിയിച്ചുംകൊണ്ട് ഒരു കത്ത് അവനു കിട്ടും വരെ അവനാ അടച്ചിട്ട രജിസ്റ്റ്രോഫീസ്സിന്റെ വരാന്തയിൽ അവളെക്കാത്ത് നിന്നു. പിന്നെയവൻ സാവകാശം കുന്നുകയറി. രാത്രിയിൽ ചാന്ദ്രവെളിച്ചം മങ്ങിയ നേരത്ത്, അതേ മരത്തിൽ. അവരുടെ പ്രേമത്തിനു തണൽ തന്ന അതേ മാവിന്റെ ഒറ്റക്കയ്യൻ കൊമ്പിൽ മഞ്ഞനിറമുള്ള പ്ലാസ്റ്റിക്ക് കയറു കുടുക്കിട്ട് അവൻ തൂങ്ങിനിന്നു… അവന്റെ കവിളുകളിൽ കണ്ണീരിന്റെ കറപുരണ്ടു. ശേഷം ഉണ്ണിമാങ്ങകൾ കൊഴിഞ്ഞുപോയ് മാവുണങ്ങി. ഇലകൊഴിഞ്ഞു. ഒരിക്കലും ഇലതളിർക്കാത്തവിധം ഹൃദയത്തിന്റെ മധുപാത്രം പളുങ്കുചിതറിപ്പോയി.

രണ്ടാമത് കവിതയെഴുതുന്ന ഒരു പെൺകുട്ടി, അവളുടെ മുറിയിൽ പ്രേമത്തിനു വേണ്ടി ബലികൊണ്ട് തൂങ്ങി…

മൂന്നാമത് ഒരാൺകുട്ടി. ആറാം ഗെയിറ്റിൽ നിരാസത്തിന്റെ ഷാളുപുതച്ച് കിടന്നു. തീവണ്ടി ഒരു പ്രേമത്തിന്റെ മയിൽപ്പീലിക്കാലത്തെ ചുവപ്പിച്ചു.

ചിന്നഞ്ചിറുകിളിയേ… നാലുവർഷങ്ങൾക്ക് മുമ്പ് ഇത് ഞാൻ എന്നെക്കുറിച്ച്, എന്റെ പുരുഷനെക്കുറിച്ച് ഞാനെഴുതി…..

“ലോകം എന്നെ കുട്ടിയായി കാണാൻ ആഗ്രഹിച്ച ഇടങ്ങളിൽ നീ എന്നെ സ്ത്രീയായി കണ്ടു. എന്റെ പെൺഗർവ്വിനെ അഹന്തയെ അതിന്റേതായ ഗൌരവത്തോടെ മാത്രം നീ സമീപിച്ചു. മറ്റുള്ളവർ അതെന്റെ കുട്ടിക്കളിയായും കുഞ്ഞ് വാശികളായും വ്യാഖ്യാനിച്ചു. നീ മാത്രം നീ മാത്രം എന്റെ അഭിമാനങ്ങളെ അഹങ്കാരങ്ങളെ സ്ത്രീക്ക് നൽകേണ്ട ബഹുമാനത്തോടെ ആസ്വദിച്ചു.

ചിലയിടങ്ങളിൽ ഈ ലോകം എന്നെ അകാരണമായി മുതിർന്ന സ്ത്രീയായി കരുതി പോന്നു. എന്നിലെ ചെറിയ പെൺകുട്ടി ഭയത്തോടെ കണ്ണു മിഴിച്ചപ്പോൾ ലോകം മുതിർന്നവളെപ്പോലെ നോക്കി. ഇരുട്ടിൽ പരിഭ്രാന്തമായി നിന്നപ്പോൾ പെൺ മാംസളതകളെ സ്പർശിക്കുവാൻ ശ്രമിച്ചു. ആഴങ്ങളെല്ലാം സ്ത്രീയുടേതാണെന്നവർ ആക്രോശിച്ചു. കണ്ണുകളിലെ കടലാഴം, ചുണ്ടുകളിലെ നീരാഴം നെഞ്ചിലെ പ്രേമമുറിവിന്റെ ചോരയാഴം. പൊക്കിളിൽ വിടരുന്ന വെള്ളത്താമരയുടെ ഗൂഢയാഴം… ആഴങ്ങളിലവർക്ക് സ്ത്രീയെ മതിയാ‍യിരുന്നു.

നീ മാത്രം എന്നെ ഒരു പെൺകിടാവായിക്കണ്ടു. പെറ്റിക്കോട്ടിൽ വിടരുന്ന ചിത്രശലഭമായും ഞൊറിയിട്ട അരപ്പാവാടകളിൽ ഞാനൊരു കമിഴ്ത്തിയ കാട്ടുറോസായായും നീ കണ്ടു

”എത്രമേൽ ചെറുതായ കുഞ്ഞിത്തത്തയേ കണ്ണമ്മാ കണ്ണമ്മാ എന്റെ പൊൻനിധിയെ നീ എവിടേ”

നീ നിന്റെ മനോഹരമായ കൈവിരലുകൾ നീട്ടി. സംഗീതത്തിന്റെ വിഷാദമുദ്രകൾ അടർന്നു, എന്റെ കണ്ണുകളെ സ്ഫടിക ചിഹ്നത്താൽ കണ്ണീർക്കലക്കമാക്കി. നീ എന്റെ നിറുകയിൽ തലോടുകയും മുടിയിഴകൾ ചെവിക്കിടയിൽ ഒതുക്കിവയ്ക്കുകയും ചെയ്തു.

നിനക്കെന്നിലെ കുട്ടിയെ മതിയായിരുന്നു. എന്റെ കവിളുകളിൽ തുപ്പൽ കൂട്ടി മായിച്ച സ്കൂൾ റബ്ബർ മണം നീ കണ്ടെടുത്തു. ചുണ്ടിൻ മീതെ കാക്കാപ്പുള്ളിക്ക് മീതെ നിന്നും റീഗൽ തുള്ളി നീലത്തിന്റെ കറ നിന്റെ ചുണ്ടിൽ പരന്നു… ഞാൻ നിന്റെ കുഞ്ഞായിരുന്നു. എന്നെ തൊട്ടപ്പോഴെല്ലാം എന്നിലെ തൊട്ടാവാടിമുള്ളുകൊണ്ട് നീ തിണർക്കുന്നത് ഞാൻ കണ്ടു. കൈകളിൽ കോരിയെടുത്ത് കഴുത്തിൽ ചുംബിച്ചപ്പോൾ നിന്റെ ഹൃദയം ബിയറുണ്ടപോലെ വിറകൊണ്ടു… നീ പറഞ്ഞൂ

”ഉന്നൈ തഴുവീടിലോ കണ്ണമ്മാ ഉന്മത്തമാകുതെടീ….”

ഞാൻ കരയുന്നത് നിനക്ക് സഹിക്കാനാകില്ലെന്ന് എനിക്കറിയാമായിരുന്നു..എങ്കിലും അപ്പോഴെല്ലാം നിന്റെ നെഞ്ചിൽ രക്തം ചുരന്നു പൊട്ടുന്നത് എന്റെ ഉടുപ്പുകളെ നനച്ചു….. എത്ര വളർന്നാലും ഞാനെന്നും നിനക്കുള്ളിലെ ഓമനപ്പെൺ ശിശുവെന്ന് ഞാൻ മനസ്സിലാക്കി…..

ഞാനായിരിക്കട്ടെ മരണം വരെയും നിന്റെയോമനക്കണ്ണമ്മ….

നിന്റെ ചിന്നഞ്ചിറുക്കിളി ..

നിന്റെ പിള്ളൈ കനിയമുദം….

നിന്റെ തേൻ..നിന്റെ ആനന്ദം

കനകമുന്തിരികൾ മണികൾ കോർക്കുമൊരു പുലരിയും, താമരനൂലിനാൽ മെല്ലെയെൻ മേനിയെ തൊട്ടു വിളിച്ചതും, കളിമൺകുടിലിലിരുന്ന് പ്രേമകവിതകൾ പാടിയതും ഒരുപുഷ്പം മാത്രമായ് ഹൃദയത്തിൽ സൂക്ഷിച്ചതും പ്രാവുകൾ കുറുകിയതും മൂകവിഷാദത്തിന്റെ താഴ്‌വാരങ്ങളിൽ മുന്തിരിവള്ളികൾ പൂത്തതും എല്ലാം എന്റെ പ്രേമത്തെ പ്രതിയായിരുന്നു.

അനന്തരം ഞാൻ മുറിവുകളുടെ പുസ്തകങ്ങൾ അടച്ചുവെച്ചു.

അത്മാവിൽ നിന്നും കിനിഞ്ഞ ചോരയെ വെള്ളത്തൂവാലകൊണ്ട് ഒപ്പി.

എന്നിട്ട് അയഞ്ഞ രാത്രിയുടുപ്പിന്റെ ആലസ്യത്തോടേ അടുക്കളയിലേക്ക് ചെന്നു. ഗ്യാസ് അടച്ചോ എന്നും പൈപ്പുകൾ പൂട്ടിയോ എന്നും ഉറപ്പ് വരുത്തി. കുഞ്ഞിനു സ്കൂളിലേക്ക് കൊണ്ടു പോകാനുള്ള അരിയെടുത്ത് കഴുകി,ഒന്ന് തിളപ്പിച്ച് തെർമ്മൽ കുക്കറിൽ ഇറക്കിവെച്ചു. കട്ടിലിൽ മൂത്രമൊഴിച്ച ഇളയകുഞ്ഞിനെ എടുത്ത് ഉടുപ്പുകൾ ഊരി പുതിയതിടുവിച്ചു. വിരിപ്പുകളും മറ്റും വാഷിങ്ങ് മെഷീനിലിടെ ഒരു നോക്ക് കണ്ടു. 3.08 മണി.. 6 മണിയ്ക്ക് എഴുന്നേൽക്കാനുള്ള വെപ്രാളത്തോടേ ഞാൻ കണ്ണുകൾ വലിച്ചടച്ചു….

ഉറക്കം എന്റെ നിലാവലിഞ്ഞ രാവിലേക്ക് താരം പോലെ വാൽക്കണ്ണാടി നോക്കി…

ഞാൻ ഉറങ്ങി….

എന്റെ പാട്ടുകളുടെ പെൺശബ്ദങ്ങളിൽ പ്രേമമുറിവുകൾ പഴുക്കുന്നതായും ചോരവാരുന്നതായും ഞാൻ സ്വപ്നം കണ്ടു…