നാപോളിയുടെ ഓരോ ജയവും ‘തറവാട്ട്’ ടീമുകളെ ‘കോളനി’ ടീമുകൾ അടിക്കുന്ന സുഖം തരും. യൂറോപ്യൻ ചാമ്പ്യൻ ലിവർപൂളിന്റെ മുട്ടുംകാൽ തല്ലിയൊടിച്ച് ചാമ്പ്യൻസ് ലീഗിൽ നാപോളിയുടെ മാസ് എൻട്രി.
നാപോളിയോളം പരിഹാസം ഏറ്റുവാങ്ങുന്ന വേറൊരു ടീമും ലോക ഫുട്ബാളിൽ പന്ത് തട്ടുന്നുണ്ടാവില്ല. നേപ്പിൾസ് ഇറ്റലിയുടെ അഴുക്ക് ചാൽ, നേപ്പിൾസ് കോളറ രോഗികളുടെ നാട്, നേപ്പിൾസിൽ ജനിക്കുന്നവർ വേശ്യയുടെ മക്കൾ, തെമ്മാടികൾ, കള്ളന്മാർ… നാപോളി കളിക്കാൻ വരുമ്പോൾ മറ്റു ഇറ്റാലിയൻ ടീമുകളുടെ ഗ്രൗണ്ടിൽ ഉയരുന്ന ബാനറുകളിൽ ഇങ്ങനെയൊക്കെ കാണാം.
നേപ്പിൾസിനോടുള്ള അസഹ്യമായ ഈ അസഹിഷ്ണുതയുടെ കാരണം എന്താവും ? സംസ്കാരവും അധികാരവും വിജയവും തങ്ങളുടേതാണെന്ന് കരുതുന്നവരാണ് നോർത്ത് ഇറ്റലിക്കാർ. മിലാൻ ടീമുകളും യുവന്റസും എല്ലാം അവിടെ നിന്നുള്ളതാണ്. സൗത്ത് ഇറ്റലിയെ അവർ അടിമകളെ പോലെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ദേശീയതയുടെ അമിതമായ പ്രകടനങ്ങൾക്കും വിദ്വേഷത്തിനും നേപ്പിൾസ് എന്നും പാത്രമാവുന്നു. പൂർണാമായും സൗത്തിനെ അടിച്ചൊതുക്കുമ്പോഴും അവിടെ നിന്നുള്ള ഒരു ഫുട്ബാൾ ടീം മാത്രം തങ്ങൾക്ക് വഴങ്ങാതെ നിൽക്കുന്നത് നോർത്ത് ഇറ്റലിയുടെ ഉറക്കം കെടുത്തുന്നു. സീരി എ കിരീടം നേപ്പിൾസിലേക്ക് കൊണ്ടുപോയ ചരിത്രം ഇന്നും മിലാന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
തങ്ങളുടെ ടീമിന്റെ ഓരോ കളിയും നടക്കാതെ പോകുന്ന ഓരോ യുദ്ധങ്ങളാണ് നേപ്പിൾസുകാർക്ക്. ഓരോ ജയവും അവർക്ക് നാടിന്റെ അഭിമാന പ്രഖ്യാപനവുമാണ്. തെരുവിൽ ദാരിദ്ര്യത്തിലും അനാഥത്വത്തിലും വളരുന്ന ഓരോ കുട്ടിയും ഇറ്റലിയുടെയല്ല, നാപോളിയുടെ നീലക്കുപ്പായമാണ് സ്വപ്നം കാണുന്നത്. നാല് ലോക കിരീടങ്ങളും ഒട്ടനവധി ഇതിഹാസ താരങ്ങളും ഇറ്റലിക്കുണ്ട്. നേപ്പിൾസിലൂടെ നടന്നാൽ അവരെയൊന്നും പൊടിക്ക് പോലും കാണില്ല. എന്നാൽ നഗരത്തിൽ മറഡോണയില്ലാത്ത ഒരു തെരുവുമില്ല. ‘വിധിയെ’ വധിച്ച് തങ്ങളെ യൂറോപ്പിലും ഇറ്റലിയിലും ജേതാക്കളാക്കിയ നായകൻ കഴിഞ്ഞേ അവർക്ക് മറ്റാരുമുള്ളൂ.
നേപ്പിൾസിലേക്ക് പോകുമ്പോൾ പന്തിലെ `കാറ്റിന്റെ ശക്തി` നാമൊരിക്കൽ കൂടി തിരിച്ചറിയുന്നു.