പ്രേമപ്പാട്ടുകൾ എനിക്കെന്നും മനുഷ്യരാണു. സ്ത്രീകളായും പുരുഷന്മാരായും ഞാൻ എന്നിൽ അടയാളപ്പെടുത്തിയ ഒരു 3 മിനുട്ട് മനുഷ്യർ. ഒരു ഓർമ്മിപ്പിക്കൽ. ഒരു നിമിഷത്തെ, ഒരു കാലത്തെ, ഒരു സന്ദർഭത്തെ. ഒരു സ്പർശം. പൂവിനെ നിലാവിനെ നിറങ്ങളെ സ്വപ്നങ്ങളെ. ചില പാട്ട് കേൾക്കുമ്പോൾ നല്ല ആഹ്ളാദം തോന്നും ചിലപ്പോൾ ഭയങ്കര സങ്കടമായിരിക്കും… ചിലപ്പോൾ ചില പ്രത്യേക വ്യക്തികളെ..
ചുണ്ടിൽ ചോന്ന റോസാനിറമുള്ള ലിപ്സ്റ്റിക് തേയ്ക്കുമ്പോൾ പതിവായി കൗമാരകാലത്ത് കേട്ട പാട്ടുകൾ മനസ്സിലങ്ങനെ ചോന്ന് വരും. അവന്റെ ഓറഞ്ച് ചുണ്ടുകൾ സത്യമായിരുന്നെന്ന് ഓർമ്മിപ്പിക്കും. മധ്യവയസ്സിലാകട്ടെ അതേ ചുണ്ടുകൾ എത്ര ചുംബനങ്ങൾ ഒളിച്ച് സൂക്ഷിച്ച വായുടെ സിബ്ബാണെന്ന് കൗതുകത്തോടെ ഓർമ്മിപ്പിക്കും.
ചില പാട്ടുകൾ സുഗന്ധദ്രവ്യക്കുപ്പികൾ പോലെയാണു. കേൾക്കുന്ന മാത്രയിൽ ഹൃദയത്തിന്റെ അത്തറുകുപ്പി പൊട്ടും. വാങ്ക് വിളിയ്ക്കൊപ്പം കാറ്റിൽ വസന്തം പുരണ്ടപോലെ ഊദിന്റെ മണം വരും.
ചിലത് ഉടുപ്പിനുള്ളിൽ മഞ്ഞുകട്ട വാരിയിട്ട പോലെയാണു നമ്മളെ തണുപ്പിക്കുക. നോത്ര് ദാമിലെ പള്ളിയുടെ ഉള്ളിലും വാൾനട്ടുകൾ നദിയിലേക്ക് പൊഴിയുന്ന വഴിയോരസന്ധ്യകളിലും പരസ്പരം ഉടലുരസി നടന്നതോർമ്മ വരും.
ചില പ്രേമഗാനങ്ങൾ മൈഗ്രൈൻ ഉണ്ടാക്കും. അണലിക്കുട്ടിയെപ്പോലെ തലയ്ക്കകം കൊട്ടിപ്പറിക്കുന്ന ആ ഗാനത്തിൽ പ്രേമത്തിനു പകരം മാരകമായ നിരാസമുണ്ടായിരിക്കും. ഞാനതിനെ വിളിയ്ക്കും, തൂങ്ങിമരിച്ചവന്റെ പാട്ട്… ഗെയ്റ്റിൽ അവളെക്കാത്തു നിന്ന അനാഥമായ ഒറ്റക്കണ്ണ് എന്നെയും കരയിക്കും……
പ്രിയമാനസാ നീ വാവാ
പ്രിയമാനസാ നീ വാവാ
പ്രേമമോഹനാ ദേവാ
വാതിലും തുറന്നു നിൻ
വരവും കാത്തിരിപ്പൂ ഞാൻ
അമ്മ സാധാരണയായ് പാട്ടുപാടാറില്ല. അറിയില്ല എന്നതാണു സത്യം. എന്നാലും ഇടയ്ക്കൊക്കെ അച്ഛൻ കേൾക്കാതെ മൂളും.. അച്ഛൻ കേട്ടാൽ ആ മഹാസംഗീത്ജ്ഞാനത്തെപ്രതി അമ്മയെ കളിയാക്കും. എന്നാൽ അച്ഛനമ്മയെ കളിയാക്കാത്ത ഒരേ ഒരു പാട്ടാണിത്. ഇത് അച്ഛനെക്കളിയാക്കുന്ന പാട്ട് പോലെയാണു തോന്നുക. എന്റെ കുട്ടിക്കാലത്ത് വേനലവധിക്കു സകുടുംബം ഞങ്ങൾ അച്ഛന്റെ കൊല്ലത്ത് ഉമയനല്ലൂരുള്ള വീട്ടിൽ പോകുമായിരുന്നു. അവിടെ എത്തിയാലാണ് ഈ പാട്ട് അമ്മ പാടാറ്. കൊല്ലത്തെ ചാച്ചേപ്പയുടെ മങ്ങാട്ടഴികത്ത് വീട്ടിൽനിന്നാണു പാടുക. അതും അച്ഛനെ മാത്രം കേൾപ്പിക്കാൻ വേണ്ടി പതുക്കെ, കുസൃതിയോടെ. ഒട്ടും പ്രേമലോലുപയായല്ല. കളിയാക്കിക്കൊണ്ടാണു പാടുക. അച്ഛൻ മുഖം കറുപ്പിച്ചാലുടനെ എന്റെ തുടയിൽ പതുക്കെ തട്ടി എനിക്ക് വേണ്ടിയാണെന്ന ഭാവത്തോടെ പാട്ട് ഗതിയൊന്ന് മാറ്റിപ്പിടിക്കും.
അച്ഛൻ പാടിയല്ലാതെ ഞാൻ കേട്ട ആദ്യത്തെ പാട്ടാണത്. ഒരുപക്ഷെ അമ്മപാടിക്കേട്ടവയിൽ ഓർമ്മയിലുള്ള ഒരേ ഒരെണ്ണം. ഈ പാട്ട് കേൾക്കും മുമ്പെ പാതിയുറക്കത്തിൽ ഞാനൊരു പാദസരക്കിലുക്കം കേട്ടിട്ടുണ്ട്. ഒരു സ്ത്രീ കടന്നുവന്നു, അവർ ചായഗ്ലാസുകൾ മേശയിൽ വെയ്ക്കുന്നതും നെറ്റിയിൽ മൃദുവായെന്നെ ചുംബിക്കുന്നതും അമ്മയോട് എപ്പം വന്നു എന്നു ചോദിച്ചതും ഞാൻ കേട്ടതാണു.
“രാവിലെ അഞ്ച് മണിയ്ക്ക് എത്തി. ട്രെയിൻ ലേറ്റായിരുന്നു. എന്തു പറയുന്നു തങ്കം? സുഖാണോ?”
“വ്വൊ സുഖം തന്നെ സത്യേച്ചീ. കൊച്ചുങ്ങളു ഒണരട്ട്. ഞാമ്പരാം”
അവർ പോയപ്പോൾ മുതൽ അമ്മ പാട്ട് തുടങ്ങി. അച്ഛൻ വരുന്ന ശബ്ദം.
“ചായ കുടിച്ച് കളയാം. ചൂടൊണ്ടോ?”
“ഊഹ് നല്ലോണം” അച്ഛൻ ചായകുടിക്കുന്നു. ആഹ്ളാദത്തോടെ ചായയുടെ നാട്ടുരുചിയെപ്പറ്റി പറയുന്നു. കോഴിക്കോട്ടെ ചായ അച്ഛനത്ര പഥ്യം പോര. പ്രത്യേകിച്ച് അമ്മയുണ്ടാക്കുന്ന ചായ. ഒരു ഡവറ നിറയെ തരുന്ന ഒരുതരം ചായ. മോട്ടവെള്ളം എന്നാണു അച്ഛനതിനിട്ട പേര്. എന്നും ചായയുടെ പേരിൽ ഒരു വഴക്കുണ്ട്. എന്നാലന്ന് ചായ ഇറക്കിയപാട് അച്ചൻ പറഞ്ഞു.
“കൊള്ളം നല്ല ഉഗ്രനായിട്ടൊണ്ട്”
“ആവും ആവും.. പ്രിയമാനസാ…” അമ്മ കളിയാക്കി.
പോകപ്പോകെ മനസ്സിലായി അച്ഛന്റെ നഷ്ടപ്രണയകഥയാണു അമ്മ പാട്ടായി കുത്തിയിളക്കുന്നത്….. അച്ഛൻ പ്രേമിച്ചിരുന്നുവെന്ന് അമ്മ. ഇല്ല ഔദ്യോഗികമായി കല്യാണം പറഞ്ഞുവെച്ചവൾ മാത്രമെന്ന് അച്ഛൻ. കല്യാണം തീരുമാനിച്ച മുറയിലുള്ള പെണ്ണിനോട് ഔദ്യോഗികമായ് പെരുമാറുന്നതൊക്കെ ഡെക്കെറേഷനല്ലെ എന്നു ചോദിക്കാനന്നു പ്രായമായിരുന്നില്ല എനിക്ക്. എന്നാലും കസിൻ പറഞ്ഞുതന്ന കഥയിൽ കല്യാണത്തിയതി കുറിക്കുന്ന സമയമായപ്പോൾ പെണ്ണിനാണു മനംമാറ്റം. എനിക്കീ പറഞ്ഞുവെച്ചവനെ വേണ്ട എന്ന് അവർ ഒറ്റയ്ക്കും തെറ്റയ്ക്കും പറഞ്ഞു തുടങ്ങി. നാട്ടുകാരും വീട്ടുകാരും പെണ്ണിനുണ്ടായ പുതിയപ്രേമത്തെപ്പറ്റി രഹസ്യമായി പറഞ്ഞു. അച്ഛൻ അവരോട് തന്നെ നേരിട്ട് ചോദിച്ചു.
“അതെ ഞാൻ മറ്റൊരാളെ ഇപ്പോൾ സ്നേഹിക്കുന്നു” എന്നു തലകുനിച്ചൊരു മറുപടികിട്ടി.
തേച്ചില്ലേ പെണ്ണേ തേച്ചില്ലെ പെണ്ണെ എന്ന് ഇന്നായിരുന്നെങ്കിൽ പാടാമായിരുന്നു. അച്ഛൻ പതുക്കെ അവിടുന്നു സ്ഥലം കാലിയാക്കി. കോഴിക്കോട്ട് സ്കൂളിൽ വന്നു ചേർന്നു. ആദ്യത്തെ വിഷമമൊക്കെ പതുക്കെ തേഞ്ഞുമാഞ്ഞുകൊണ്ടിരുന്നു.
തേപ്പിന്റെ മറുകഥ രസകരമാണു. പറഞ്ഞുവെച്ച കല്യാണം വേണ്ടെന്നായപ്പോൾ അവരുടെ കാമുകനും അമ്മയും അലോചനയുമായ് വന്നു. പുതുകാമുകന്റെ സ്ത്രീധനാവശ്യം ഭയങ്കരമായിരുന്നു. ഒരിക്കലും നടക്കുവാൻ സാധ്യമല്ലാത്ത ഒന്ന്. സ്ത്രീധനപ്രശ്നത്തിൽ ആ വിവാഹം മുടങ്ങി. വീട്ടുകാരിൽ ചിലരെങ്കിലും സല്ലാപത്തിലെ മനോജ് കെ ജയനെപ്പോലെ ത്യാഗിയായ ഒരു ചെറുപ്പക്കാരനെ പ്രതീക്ഷിച്ചു. എന്റെ അച്ഛൻ ആത്മാഭിമാനിയായിരുന്നു. അതിനൊന്നും എന്തായാലും അച്ഛനെ കിട്ടിയില്ല. അച്ഛൻ അവരേക്കാളും തിളങ്ങുന്ന തൊലിയുള്ള. നല്ലഭംഗിയുള്ള, പല്ലുകൾക്കിടയിലെ വിടവുകൂടി പുഞ്ചിരിക്കുന്ന കുറുമ്പുകൾ കണ്ണിലുള്ള എന്റെ അമ്മയെന്ന പാവം സ്ത്രീയെ കല്യാണം കഴിച്ചു.
ഞങ്ങളുണ്ടായി ഏറെ കഴിഞ്ഞാണു അവർ വിവാഹം ചെയ്തത്. ഞങ്ങളെ വലിയ സ്നേഹമായിരുന്നു. എന്റെ കൈകളിൽ മൈലാഞ്ചിയരച്ച് ഇട്ട് തരുമായിരുന്നു. കുപ്പി വളകൾ വാങ്ങിത്തരുമായിരുന്നു. അവരുടെ കല്യാണത്തലേന്ന്, നാരങ്ങാവെളിച്ചമുള്ള പെറ്റ്രോമാക്സ്സിനു ചുറ്റുമിരുന്നു പൊറോട്ടയും മുട്ടക്കറിയും കറുത്തഹലുവയും ചേർന്ന ഒരു കോമ്പിനേഷൻ അകത്താക്കുമ്പോൾ “ആ പാട്ട് വെയ്ക്ക് വെയ്ക്ക് ” എന്നമ്മയുടെ കുസൃതിസ്വകാര്യം കേട്ടു. അമ്മ ആരെയോ കസിൻസ്സിനെ കൊണ്ട് പഴയ ആ പാട്ട് പ്രിയമാനസാ വാ വാ എന്ന് ഉറക്കെ വെപ്പിക്കാനുള്ള പരിപാടിയായിരുന്നു…പ്രിയമാനസാ പാട്ടുയർന്നു.തിരക്കിലും കല്യാണപ്പെണ്ണ് നിശബ്ദയാവുന്നത് കണ്ടു. അവൾ പന്തലിൽ ആരെയോ തിരഞ്ഞു. ദേവഗാന്ധാരിയുടെ മാസ്മരികമായ രാഗഭംഗിയിൽ അമ്മയുടെ കവിളിലെ അപൂർവ്വമായ് തെളിയുന്ന നുണക്കുഴി തെളിഞ്ഞു.
ആ പ്രേമവുമായി ബന്ധപ്പെട്ട് പഴയ എന്തെങ്കിലും പാട്ടോർമ്മയാണോ കഥയാണോ പ്രിയമാനസാ വാ വാ നൽകുന്നത് എന്നമ്മ പറഞ്ഞില്ല. അച്ഛനും പറഞ്ഞില്ല. എങ്കിലും അമ്മപാടിക്കേട്ട ആ പ്രേമഗാനം എന്നും എനിക്ക് പ്രിയകരമായിത്തീർന്നു…
പിന്നെ എന്റെ വളർച്ചയിൽ, എന്റെ തൊടിയരികിലെ പൂത്തകശുമാവ് മരച്ചോട്ടിൽ മുടിയഴിച്ചിട്ട് , ഊഞ്ഞാലിൽ പതിയെ ചാഞ്ഞാടിക്കൊണ്ട് ഞാനാ പാട്ട് മുഴുവനായും പാടി.. നിലാവ് പതിയെ കുന്നിറങ്ങി വന്നു
പല്ലവാധരങ്ങളിൽ
പുല്ലാങ്കുഴലു ചേർത്ത്
സല്ലീലം അതിലൂടെ
പ്രേമസാമ്രാജ്യം തീർത്ത്
നായകാ നിന്നോടോത്ത്
നടനം തുടങ്ങീടുമ്പോൾ
ആത്മാവിൽ എനിക്കെന്തോരാനന്ദമാണു ദേവാ..
എനിക്കാ പാട്ട് പാടുമ്പോൾ വയസ്സ് 14. അന്നു രാത്രിയിൽ ഞാൻ ഉറക്കത്തിൽ തിരണ്ടു എന്നാണോർമ്മ… എന്റെ വീടിന്റെ മുൻ വഴിയിലൂടെ ഒരു ചെറുപ്പക്കാരൻ ഓടിപ്പോകുന്നത് ഞാൻ കണ്ടു.. അവന്റെ കാലിലെ പച്ചഞരമ്പുകൾ വന്യമായി തുടിക്കുന്നത് ഞാൻ കണ്ടു….ആത്മാവിലെ ആനന്ദം എനിക്ക് അനുഭവപ്പെട്ടു.