മാര്‍ക്സും എംഗല്‍സും ആവിഷ്കരിച്ച ശാസ്ത്രീയ സിദ്ധാന്തത്തെ രചനാത്മകമായി വികസിപ്പിച്ച വിപ്ളവകാരിയായ നേതാവ് വിഐ ലെനിന്റെ 96 ആം ചരമ ദിനമാണിന്ന് (1924 ജനുവരി 21). ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന്റെ ശില്പിയായിരുന്നു ലെനിന്.
ലോകത്തെ ഒന്നാമത്തെ സോഷ്യലിസ്റ്റ് വിപ്ളവത്തിന് നേതൃത്വം നല്കിയ നേതാവ്.. മാര്‍ക്സിനും എംഗല്‍സിനും ശേഷം മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ വികസിപ്പിക്കുന്നതിന് ലെനിന് നല്കിയേടത്തോളം സംഭാവാന മറ്റാരുംതന്നെ നല്‍കിയിട്ടില്ല. തൊഴിലാളിവര്‍ഗ വിപ്ളവത്തിന് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ആയുധമണിയിച്ചത് ശാസ്ത്രീയ സോഷ്യലിസമാണ്. ആ സങ്കല്പനത്തെ വികസിപ്പിച്ചതാകട്ടെ, ലെനിന്റെ സൈദ്ധാന്തിക പ്രവര്ത്തനങ്ങളാണുതാനും.
ഇരുപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെയും മുതലാളിത്തത്തിന്റെയും സ്വഭാവവിശേഷങ്ങളെ വിശകലനം ചെയ്യുകവഴി, ലെനിന് വളരെ വലിയ ഒരു കാല്‍വെയ്പാണ് നടത്തിയത്. കുത്തക മുതലാളിത്തത്തിന്റെ വളര്‍ച്ചയെ മുതലാളിത്തത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമായി സ്വഭാവനിര്ണയംചെയ്ത അദ്ദേഹം അതിനെ സാമ്രാജ്യത്വം എന്ന് വിളിച്ചു. സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥയെ സംബന്ധിച്ച മാര്‍ക്സിന്റെ വിശകലനത്തെ ലെനിന് രചനാത്മകമായി വികസിപ്പിച്ചു.
സാമ്രാജ്യത്വത്തെ സംബന്ധിച്ച ലെനിന്റെ ധാരണയാണ്, ലോക മുതലാളിത്തം അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയില്വെച്ച് തകരും എന്ന നിഗമനത്തിലേക്ക് നയിച്ചത്. റഷ്യയിലെ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ തന്ത്രവും അടവുകളും ആവിഷ്കരിക്കപ്പെട്ടത് അതില്‍നിന്നാണ്. തൊഴിലാളികളും കൃഷിക്കാരും തമ്മിലുള്ള ഐക്യം നിര്‍ണായകമായ ഒരു പങ്കാണ് ആ വിപ്ളവത്തില്‍ നിര്‍വഹിച്ചത്.
ലോക വിപ്ളവത്തിന്റെ തന്ത്രവും അടവുകളും നിര്‍ണയിക്കുന്ന, ദേശീയ പ്രശ്നത്തേയും കൊളോണിയല്‍ പ്രശ്നത്തേയും സമന്വയിപ്പിക്കുന്ന ലെനിനിസ്റ്റ് ധാരണയിലേക്കും ഇത് സമാന്തരമായി വികസിപ്പിക്കപ്പെട്ടു. യൂറോപ്പിലെ പ്രമുഖ മാര്‍ക്സിസ്റ്റുകാരുടെ ധാരണയില്‍നിന്നുള്ള ഒരു വലിയ വ്യതിയാനം, ഇവിടെ ദൃശ്യമാണ്. സാമ്രാജ്യത്വത്തിനെതിരായി ലോക വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന സമരത്തിന്റെ അവിഭാജ്യഭാഗമാണ് കോളണികളിലെ ദേശീയ വിമോചന സമരങ്ങളെന്നും സോഷ്യലിസത്തിനുവേണ്ടി സമരംചെയ്തുകൊണ്ടിരിക്കുന്ന ലോക തൊഴിലാളിവര്‍ഗത്തിന്റെ സഖ്യശക്തികളാണ് ഈ ശക്തികളെന്നും ലെനിന് വ്യക്തമാക്കി. ഭരണകൂടത്തേയും അതിന്റെ വര്‍ഗ സ്വഭാവത്തേയുംകുറിച്ചുള്ള ധാരണയാണ്, ലെനിന്റെ സുപ്രധാനമായ മറ്റൊരു സംഭാവന. മുതലാളിത്തത്തിനും ഭരണവര്‍ഗങ്ങള്‍ക്കും എതിരായ സമരങ്ങളില്‍ എല്ലാ കമ്യൂണിസ്റ്റുപാര്ടികള്ക്കും അടിത്തറയായിത്തീര്‍ന്നത് അതാണ്.
തൊഴിലാളിവര്‍ഗത്തേയും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും നയിക്കുന്നതിന് സ്വയം സജ്ജമായ പുതിയ രീതിയിലുള്ള ഒരു പാര്‍ടി കെട്ടിപ്പടുത്തത് ലെനിന്റെ മാത്രം സംഭാവനയാണ്. ലെനിന്റെ സംഘടനാ തത്വങ്ങള്‍ക്ക്, കമ്യൂണിസ്റ്റുകാരല്ലാത്തവരില്നിന്നും ഇടതുപക്ഷഅണികളില്നിന്നുപോലും ശക്തമായ ആക്രമണത്തെയാണ് നേരിടേണ്ടിവന്നത്. എന്നാല്‍ ബൂര്‍ഷ്വാഭരണകൂടത്തിനെതിരായ സമരത്തില്‍ തൊഴിലാളിവര്‍ഗത്തിന് ഒരേയൊരു ആയുധമേയുള്ളു എന്നും അത് സംഘടയാണെന്നും ലെനിന് ദൃഢമായി വാദിച്ചു.
1917ലെ വിപ്ളവത്തിനുശേഷം സോവിയറ്റ് യൂണിയന്റെ നേതാവെന്ന നിലയില്‍ ആറുകൊല്ലക്കാലമേ ലെനിന് ഉണ്ടായിരുന്നുള്ളു. ഈ കാലഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ പഴയ സമൂഹത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ബൃഹത്തായ കടമയില്‍ ലെനിന് മുഴുകി. ഈ ആറുവര്‍ഷത്തില്‍ നാലുവര്‍ഷക്കാലം കടുത്ത ആഭ്യന്തരയുദ്ധം നടന്നു. യുദ്ധ കമ്യൂണിസത്തില്‍നിന്ന് പുതിയ സാമ്പത്തിക നയത്തിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ഏക ലക്ഷ്യത്തോടെ ലെനിന് നിരന്തരം നയങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. സോഷ്യലിസത്തിലേക്കുള്ള പാതയെക്കുറിച്ച് ലെനിന് ബോധവാനായിരുന്നു. അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി. “ചരിത്രത്തിന്റെ ഗതിവിഗതികളില്‍ ഏറെ പിന്നോക്കംനില്‍ക്കുന്ന ഒരു രാജ്യത്തിലാണ് സോഷ്യലിസ്റ്റ് വിപ്ളവം ആരംഭിക്കേണ്ടിവരുന്നതെങ്കില് അതിന്റെ പഴയ മുതലാളിത്ത ബന്ധങ്ങളില്‍നിന്ന് സോഷ്യലിസ്റ്റ് ബന്ധങ്ങളിലേക്ക് കടക്കാന്‍ അതിന് കൂടുതല്‍ വിഷമം അനുഭവപ്പെടും”.
അദ്ദേഹത്തിന് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നു. 1918 ജനുവരി 14 ന് പെട്രോഗ്രാഡിൽ വച്ച് അദ്ദേഹത്തിന്റെ കാറിനു നേരേ അജ്ഞാതനായ തോക്കുധാരി വെടിയുതിർത്തു. ഫ്രിറ്റ്സ് പ്ലാറ്റെൻ എന്ന സുഹൃത്ത് സംരക്ഷിച്ചതിനാൽ അപകടമേൽക്കാതെ രക്ഷപ്പെട്ടു. സാർ ചക്രവർത്തി വധിക്കപ്പെട്ട ശേഷം ഓഗസ്റ്റ് 30 ന് ഫാന്യ കാപ്ലാൻ എന്ന വിപ്ലവകാരിയായ യുവതി അദ്ദേഹത്തെ വെടിവച്ചു കൊല്ലാൻ ശ്രമം നടത്തി. രണ്ടു വെടിയുണ്ടകൾ ഏറ്റിട്ടും ലെനിൻ രക്ഷപ്പെട്ടു. മൂന്നാമത്തെ വെടിയേറ്റത് ലെനിനോടൊപ്പം നിന്നിരുന്ന സ്തീക്കായിരുന്നു. പക്ഷേ ഈ സംഭവത്തിനു ശേഷം അദ്ദേഹത്തിന് പഴയ ആരോഗ്യ നിലയിൽ തുടരാനായിരുന്നില്ല.
ലോകശാക്തികചേരികളില് ഇന്നും നിര്‍ണായക ശക്തിയായ റഷ്യയെ ഒരു പക്ഷേ ഇന്നിലും കരുത്തോടെ സൃഷ്ടിച്ചെടുത്തത് ലെനിനാണ്. നൂറ്റാണ്ടുകൾ നീണ്ട സാര്‍ ഭരണം അവസാനിപ്പിച്ച് ലെനിൻ സോവിയറ്റ് യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകി സോവിയറ്റ് യൂണിയന്റെ ആദ്യത്തെ അധ്യക്ഷനും ബോള്‍ഷെവിക് നേതാവും , കമ്മ്യൂണിസ്റ്റ് വിപ്ളവ സമരനായകനുമായിരുന്നു ലെനിന് ഓർമ്മയായിട്ട് ജനുവരി 21ന് 95 വര്‍ഷം .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി കൂടിയാണ് വ്ലാഡിമിർ ഇലിച്ച് ലെനിൻ. റഷ്യൻ വിപ്ലവകാരി, ഒക്ടോബർ വിപ്ലവത്തിന്റെ നായകൻ, ലെനിനിസത്തിന്റെ ഉപജ്ഞാതാവ്, റഷ്യൻ യൂണിയന്റെ ആദ്യത്തെ അദ്ധ്യക്ഷൻ എന്ന നിലയിലെല്ലാം അദ്ദേഹം ലോക പ്രശസ്തനാണ്. നൂറ്റാണ്ടുകൾ നീണ്ട സാർ ചക്രവർത്തി ഭരണം അവസാനിപ്പിച്ച് ലെനിൻ സോവിയറ്റ് യൂണിയൻ എന്ന ബൃഹത്തായ രാഷ്ട്രത്തിന് രൂപം നൽകി. കാറൽ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവരുടെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് 1917‑ലെ റഷ്യൻ വിപ്ലവത്തിലൂടെ മൂർത്തരൂപം നൽകുകയായിരുന്നു ലെനിൻ.
നാടുകടത്തൽ, പൊലീസ് വേട്ട, ദീർഘകാല ഒളിവുജീവിതം, വധശ്രമങ്ങൾ ഒക്കെ നേരിടേണ്ടി വന്ന ലെനിന് എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്ത് റഷ്യൻ ജനതയെ വിപ്ലവത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ റഷ്യയിൽ സോഷ്യലിസ്റ്റ് വിപ്ലവം വിജയിച്ചു. 1917 നവംബർ 7 ന് ചരിത്രത്തിലാദ്യമായി ഒരു ചുവന്ന രാജ്യം പിറന്നു. സോവിയറ്റ് യൂണിയന്റെ ഭരണാധികാരി എന്ന നിലയിൽ രാജ്യത്തിന്റെ പുത്തൻ സോഷ്യലിസ്റ്റ് വിപ്ലവ നയങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവെന്നനിലയിൽ പാർട്ടിയുടെ സംഘടനാ പ്രമാണങ്ങളും ലെനിൻ ആവിഷ്ക്കരിച്ചു. 1924 ജനുവരി 21 ന് ലെനിൻ അന്തരിച്ചു.