*

*1984 – ഭോപ്പാൽ വാതക ദുരന്തം*

——————————-

ലോകചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വിഷവാതകദുരന്തത്തിന്റെ വാർഷികം.

അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. പ്രവർത്തനം ആരംഭിച്ച് എട്ടാമത്തെ വർഷം 1984 ഡിസംബർ 3 ന് വെളുപ്പിന്, കമ്പനിയിൽ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി ടാങ്കിനുള്ളിലെ താപനില 200 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.

കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം പരന്നു. 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെട്ടു. രണ്ടു ലക്ഷത്തിൽപ്പരം ആൾക്കാരെ, വിട്ടുമാറാത്ത ചുമ, കാഴ്ചക്കുറവ്, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ കൊണ്ട് നിത്യരോഗികളാക്കി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകളും. എന്നാൽ യഥാർത്ഥകണക്കുകൾ ഇതിനേക്കാളൊക്കെ വലുതാണ്.

വാതക ചോർച്ചയിലേക്ക് നയിച്ചവയിൽ ഉത്പാദനശാലയുടെ രൂപകല്പനക്കും കമ്പനിയുടെ ചെലവുചുരുക്കൽ നടപടികൾക്കും പങ്കുണ്ട്. ഉത്പാദനശാലയുടെ സ്ഥാനം ജനസാന്ദ്രമായ പ്രദേശത്തായത് സ്ഥിതിഗതികൾ മോശമാക്കി. അവലോകനങ്ങൾ കാണിക്കുന്നത്, ദുരന്തം ഇത്ര ദാരുണമായതിന്റെ ഉത്തരവാദിത്തം ഉത്പാദനശാലയുടെ ഉടമസ്ഥരായ യൂണിയൻ കാർബൈഡ് കമ്പനിക്കും അന്നത്തെ സർക്കാരിനും തന്നെയാണ് എന്നാണ്.

2010 ജൂൺ 7 നാണ് ഈ ദുരന്തത്തെ സംബന്ധിക്കുന്ന കേസിൽ വിധി വരുന്നത്. യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു.

വലിയൊരു ശതമാനം ഇരകൾക്ക് നീതി ഇന്നും അപ്രാപ്യം…