പരിഷ്കൃതജീവിതത്തിന്റെ വെള്ളിവെളിച്ചത്തിൽ സാധാരണ നമ്മൾ മറന്നുപോകുന്ന ഏതാണ്ട് 37 കോടി മനുഷ്യർ തൊണ്ണൂറിലേറെ രാജ്യങ്ങളിലായി നമ്മോടൊപ്പം ഈ ഭൂമി പങ്കിടുന്നുണ്ട്. തനത് സംസ്കാരങ്ങളുള്ള, പ്രകൃതിയുമായി ഇഴുകി ജീവിക്കുന്ന ഗോത്രവർഗക്കാർ. അവർ താമസിക്കുന്ന ഭൂമിയും അവരാശ്രയിക്കുന്ന പ്രകൃതിവിഭവങ്ങളും അവരുടെ സ്വത്വബോധങ്ങൾ, സംസ്കാരങ്ങൾ, ഉപജീവനമാർഗങ്ങൾ, ശാരീരികവും ആത്മീയവുമായ ക്ഷേമം എന്നിവയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്രയേറെ നീതികേടുകൾ സഹിക്കേണ്ടിവരുന്ന മറ്റൊരു ജനവിഭാഗം ഈ ഭൂമുഖത്ത് ഉണ്ടാകാനിടയില്ല. ഗോത്രവർഗക്കാർ (indigenous peoples) ലോകജനസംഖ്യയുടെ അഞ്ചു ശതമാനത്തോളമേ വരൂ എങ്കിലും ഭൂമിയിൽ ഏറ്റവും ദരിദ്രരുടെ എണ്ണമെടുത്താൽ അതിലെ പതിനഞ്ചു ശതമാനവും ഇവരാണ്. ശരാശരി ആയുർദൈർഘ്യം മറ്റു ജനങ്ങളെക്കാൾ ഇരുപത് വർഷത്തോളം കുറവ്. അവരുടെ പൂർവികർ അനാദികാലം മുതൽക്ക് താമസിച്ച് വന്ന ഭൂമിയുടെ അവകാശം പോലും പല രാജ്യങ്ങളും അവർക്ക് കൊടുക്കുന്നില്ല എങ്കിലും ലോകത്ത് അവശേഷിക്കുന്ന ജൈവവൈവിധ്യത്തിന്റെ എൺപതു ശതമാനവും സംരക്ഷിക്കുന്നത് ഇവരാണ്. നാട്ടുവാസിയുടെ ഉദാസീനതയ്ക്ക് മുന്നിലും നമുക്ക് ശ്വസിക്കാനുള്ള വായു തരുന്ന കാടുകൾക്ക് കാവലാകുന്നത് അവരാണ് പലപ്പോഴും.
ബ്രസീലിൽ ആമസോൺ കാടുകൾക്കുള്ളിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന കോകാമ ഗോത്രവർഗക്കാരെ തേടിയും കൊറോണ എത്തിയിരിക്കുന്നു എന്ന ആശങ്കാജനകമായ വാർത്തയാണ് ഇന്ന് അറിയുന്നത്. ഒറ്റപ്പെട്ടുജീവിക്കുന്ന ഗോത്രങ്ങളെ പകർച്ചവ്യാധികൾ ഒന്നോടെ ഇല്ലാതെയാക്കുന്ന കാഴ്ച മുൻപും ലോകം കണ്ടിട്ടുണ്ട്. നഗരത്തിൽനിന്ന് വന്ന ഒരു ഡോക്ടറോടൊത്ത് പ്രവർത്തിക്കുന്ന കോകാമ വംശജയായ ഇരുപതുവയസ്സുള്ള ആരോഗ്യപ്രവർത്തകയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്രസീലിലെ എട്ടുലക്ഷത്തോളം ഗോത്രവർഗ്ഗക്കാർക്കിടെ കോവിഡ് 19 പോലൊരു മഹാമാരി പടർന്നു പിടിക്കുക എന്നാൽ അത് ഒട്ടും ചെറുതല്ലാത്ത ഒരു ദുരന്തമാകും. കോവിഡ് പ്രതിരോധത്തിനുള്ള സാമൂഹിക അകലം പാലിക്കൽപോലും പുച്ഛത്തോടെ കാണുന്ന ബ്രസീലിയൻ പ്രസിഡന്റ് ബോൾസൊനാരോയുടെ തലതിരിഞ്ഞ നയങ്ങൾകൂടിയാകുമ്പോൾ പല ഗോത്രസമൂഹങ്ങളും ചിലപ്പോൾ ആരുമറിയാതെ കാടിനുള്ളിൽ ഒടുങ്ങിപ്പോയേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. ഗോത്രവർഗ്ഗക്കാരെ പകർച്ചവ്യാധികളിൽ നിന്നും രക്ഷിക്കാൻ സാധാരണ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ പലതും ഫലപ്രദമാകില്ല. നഗരങ്ങളിലെപ്പോലെ സാനിറ്റൈസർ ഉപയോഗിക്കുന്നതും അണുനശീകരണവും സാമൂഹ്യ അകലം പാലിക്കലുമൊന്നും അവരുടെ ജീവിതരീതിയുമായോ ചുറ്റുപാടുമായോ ഇണങ്ങുകയില്ല. രോഗാണു അവിടെ എത്താതെ ശ്രദ്ധിക്കുക എന്നതാണ് പലപ്പോഴും അവലംബിക്കാവുന്ന ഏക മാർഗ്ഗം. കാര്യവിവരമുള്ള ഭരണാധികാരികൾ അതുതന്നെയാണ് ചെയ്യുന്നതും. എന്നാൽ, സ്ഥിതി ഇത്ര മോശമായ ശേഷവും തീവ്രവലതുപക്ഷക്കാരനായ ബോൾസൊനാരോ മിഷനറിമാർക്കും മറ്റും ഇപ്പോഴും വനാന്തരങ്ങൾ മുഴുവൻ ഒരുപാധികളുമില്ലാതെ തുറന്നിട്ടുകൊടുത്തിരിക്കുകയാണ്.
പുതിയലോകം കെട്ടിപ്പടുക്കാൻ ഇന്ത്യ തേടിയിറങ്ങിയ യൂറോപ്യൻമാർ പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ കോളനിവത്കരിച്ച രാജ്യങ്ങളുമായി നടത്തിയ കൊടുക്കൽ-വാങ്ങലുകൾ സാമ്പത്തികവും സാംസ്കാരികവും മാത്രമല്ലായിരുന്നു. ജൈവികവും കൂടെ ആയിരുന്നു. “കൊളംബിയൻ എക്സ്ചേഞ്ച്” എന്നറിയപ്പെട്ട ഈ പ്രക്രിയയിലൂടെ ആഫ്രിക്ക, അമേരിക്കകൾ എന്നീ ഭൂഖണ്ഡങ്ങളിൽ നിന്നും ചെടികളും വിളകളും ജന്തുക്കളും ഒക്കെ യൂറോപ്പിലേക്കും തിരിച്ചും യാത്രചെയ്ത താമസമുറപ്പിച്ചു. ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്യൻമാർ പ്രചരിപ്പിച്ചത് പൂച്ച, ഇറച്ചിക്കോഴി, കുതിര, ആപ്പിൾ, വാഴപ്പഴം, കടല, വെളുത്തുള്ളി, സവാള എന്നിങ്ങനെയുള്ളവ മാത്രമല്ല – വസൂരിയും കോളറയും ടൈഫോയിഡും ക്ഷയവും മണ്ണനും ഒക്കെകൂടിയാണ്. അന്നുവരെ ഈ രോഗാണുക്കളോട് പൊരുതി ശീലമില്ലാതിരുന്ന പുതിയലോകത്തെ ഗോത്രവർഗ്ഗക്കാരുടെ ശരീരങ്ങൾ അവയോട് അടിയറവുപറഞ്ഞു. പലപ്പോഴായി മരിച്ചുവീണത് ലക്ഷക്കണക്കിനു പേരാണ്. വേരറ്റുപോയ കുലങ്ങളും ഗോത്രങ്ങളും നിരവധി.
മുതലാളിത്തമെന്ന ജീർണ്ണതയെ ലോകം മുഴുവനെത്തിച്ച ഒരു പ്രക്രിയകൂടിയാണ് കോളനിവൽക്കരണം. അതേ ജീർണ്ണിച്ച വ്യവസ്ഥിതിയുടെ പ്രതിഫലനമാണ് ഗോത്രവർഗ്ഗക്കാർക്ക് ഇന്നും സമൂഹത്തിൻറെ അതിരുകളിൽപ്പോലും സ്ഥാനം നൽകാതെ അവരുടെ അഭയസ്ഥാനങ്ങളിൽ നിന്നും അവരെ ആട്ടിപ്പായിച്ച് , അവരുടെ വിഭവങ്ങളെ മുതലെടുക്കുന്ന ഭരണകൂടങ്ങൾ. അന്ന് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യവും മറ്റും മൊത്തത്തിൽ കയ്യാളിയിരുന്ന ചൂഷണം, ഇന്ന് കോർപറേറ്റുകളും അവരാൽ നിയന്ത്രിക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളും കൂടി ചില്ലറയായി പങ്കിട്ടെടുക്കുന്നു എന്ന് മാത്രം.
ലോകത്തെ ഏറ്റവും വലിയ ഗോത്രവർഗ്ഗജനസംഖ്യ ഉള്ള രാജ്യമാണ് നമ്മുടേത്. ചില ആദിവാസിവിഭാഗങ്ങൾ പൊതുധാരയുടെ ഭാഗമായിട്ടുണ്ടെങ്കിലും, വലിയൊരു വിഭാഗം ഇന്നും സാധാരണനിലയ്ക്ക് അപ്രാപ്യമായ ഇടങ്ങളിൽ തങ്ങളുടേതായ ചെറുസമൂഹങ്ങളിൽകഴിയാനാണ് താൽപര്യപ്പെടുന്നത്. ഇന്ത്യയിലെ 104 ദശലക്ഷത്തോളമുള്ള ആദിവാസി ജനത പ്രധാനമായും പത്ത് സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലുമാണ് ജീവിക്കുന്നത്. രാജ്യത്തെ ഗോത്രവർഗ ജനസംഖ്യയുടെ ഏകദേശം 90% ഗ്രാമപ്രദേശങ്ങളിലാണ് താമസിക്കുന്നത്. രാജ്യത്തെ മുഴുവൻ ഭയപ്പെടുത്തിയിരിക്കുന്ന കോറോണവൈറസ് അവരിലേക്ക് എത്തിപ്പെട്ടാൽ ഇന്ത്യ കാണുക ചിലപ്പോൾ ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥമൂലമുള്ള വംശഹത്യകളാകും.
1990കളിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ഉദാരവൽക്കരണത്തിനുശേഷം, ഇവരിൽ ലക്ഷക്കണക്കിന് പേരാണ് നഗരങ്ങളിലേക്ക് കുടിയേറി അസംഘടിത മേഖലകളിൽ പ്രവർത്തിക്കുന്നത്. ഈ മഹാമാരി അവരുടെ ജോലികളും വരുമാനവുമില്ലാതാക്കിയപ്പോൾ ഭക്ഷണത്തിനും അഭയത്തിനുമായി തിരികെ നാട്ടിലേയ്ക്ക് മടങ്ങുക എന്നതല്ലാതെ വേറെ വഴിയില്ലായിരുന്നു. 2020 മാർച്ച് 27 ന് മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ 30,000 ഗോത്രവർഗക്കാരായ തൊഴിലാളികൾ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയതായും ഈ ജില്ലക്കാരായ 30,000 പേർ കൂടി ഈ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. സമാനമായ സ്ഥിതി ഗുജറാത്ത്, വെസ്റ്റ് ബംഗാൾ തുടങ്ങിയ പല സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി അശാസ്ത്രീയമായി പ്രഖ്യാപിച്ച ലോക്ക്ഡൌൺ സൃഷ്ടിച്ച തിക്കിലും തിരക്കിലും രോഗം പടരാൻ അനുകൂലമായ സാഹചര്യങ്ങളിലും പെട്ടുപോയ ഇവർ സ്വന്തം നാടുകളിൽ തിരിച്ചെത്തുമ്പോൾ അത് രോഗാണുവാഹകരായിട്ടാകാം എന്ന സത്യം ഭീതിദമാണ്. ഈ വിപരീത കുടിയേറ്റം (റിവേഴ്സ് മൈഗ്രെഷൻ) വിനാശകരമായ പ്രത്യാഘാതമുണ്ടാക്കാം. ഇന്ത്യയിലെ വംശനാശഭീഷണി നേരിടുന്ന തദ്ദേശവാസികളെ തുടച്ചുനീക്കാനും നിരവധി സമുദായങ്ങളെ എന്നെന്നേയ്ക്കുമായി നശിപ്പിക്കാനും ഇതിന് കഴിയും.
എന്തുകൊണ്ട് ഗോത്രവർഗ്ഗക്കാർ കൂടുതൽ അപകടത്തിലാകുന്നു?
പകർച്ചവ്യാധികൾ പടരുമ്പോൾ നാട്ടുവാസികളേക്കാൾ അപകടസാധ്യതകൂടുതൽ ഗോത്രവർഗ്ഗങ്ങളിൽ പെട്ടവർക്കാണ്. ഇത് ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസമല്ല. ഒരു നൂറ്റാണ്ടുമുമ്പ് സ്പാനിഷ് ഫ്ലൂവും 2009ൽ പടർന്നുപിടിച്ച H1N1 ഉം അമേരിക്കയിലെത്തിയപ്പോൾ, അവിടുത്തെ ആദിമവർഗ്ഗ സെറ്റിൽമെന്റുകളിൽ താമസിച്ചിരുന്ന റെഡ് ഇൻഡ്യൻ വംശജർക്കിടയിലെ മരണനിരക്ക് മറ്റ് അമേരിക്കകാരെക്കാൾ നാലഞ്ചു മടങ്ങ് കൂടുതലായിരുന്നു. എന്താകാം ഈ വ്യത്യാസത്തിന് കാരണം? ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും നാല് കാരണങ്ങളാണ്.
1. ജനിതകപരമായ ദുർബലത
മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടു ജീവിച്ചു വന്ന ഗോത്രസമൂഹങ്ങളിലെ അംഗങ്ങൾക്ക് നാട്ടിൽ വ്യാപകമായ പല രോഗങ്ങളെയും ചെറുക്കാൻ തക്ക ശക്തമായ രോഗപ്രതിരോധശേഷിയില്ല. പല ജനിതകതകരാറുകൾ കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളും ഇവർക്കിടെ വ്യാപകമാണ് താനും. ഇപ്പോൾ തന്നെ പല ഗോത്രസമൂഹങ്ങളും അന്യംനിൽക്കുന്നതിന്റെ വക്കിലാണ്. ഗ്രേറ്റ് ആൻഡമാനീസ്, ജരാവാ, ഓങ്ങേ, ഷോംപെൻ, സെന്റിനലീസ് എന്നിവരുടെ മൊത്തം ജനസംഖ്യ ഇന്ന് ആയിരത്തിൽ താഴെയാണ്. ഇങ്ങനെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് നടത്തുന്ന പ്രതിരോധപ്രവർത്തങ്ങൾക്കുമാത്രമേ ഫലവത്താകാൻ സാധിക്കൂ. ഈ അടിയന്തിരസാഹചര്യത്തിൽ ഏറ്റവും ഫലപ്രദം അവരെ പുറംലോകത്തിൽ നിന്നും അകറ്റിനിർത്തി സംരക്ഷിക്കുക എന്നതുതന്നെയാണ്.
നിലനിൽപ്പിന്റെ നേർത്തവരയിലൂടെ നടക്കുന്ന ഇത്തരം മനുഷ്യരുടെ ഇടയിലേക്കാണ് വനവിഭവങ്ങൾ കൊള്ളയടിക്കാനും മതം പ്രചരിപ്പിക്കാനുമൊക്കെ ചില ഭരണകർത്താക്കൾ സകലർക്കും പ്രവേശനം നൽകുന്നത്. അപകടത്തിനിടയിലും തങ്ങളുടെ അജൻഡ മാത്രം. തങ്ങളുടെ മതം എത്തിപ്പെട്ടിട്ടില്ലാത്ത എല്ലാ ഗോത്രങ്ങളുമായും ബന്ധംസ്ഥാപിക്കാൻ ഹെലികോപ്റ്റർ വാങ്ങിയ എത്തനോസ് 360 എന്ന അമേരിക്കൻ മിഷനറി സംഘത്തിന് ബ്രസീലിയൻ കാടുകളിൽ ഈ അവസ്ഥയിൽപോലും പ്രവേശനം നൽകിയത് ബോൾസെനാറോയുടെ അനുചരനായ, ഇതേ സംഘത്തിലെ മുൻ-മിഷനറി പ്രവർത്തകൻ റിക്കാർഡോ ലോപ്പസ് ഡയസ് ആണ്. ഒറ്റപ്പെട്ടു കിടക്കുന്ന ഗോത്രവർഗ്ഗക്കാരെ സംരക്ഷിക്കാനുള്ള ബ്രസീൽ സർക്കാരിന്റെ വകുപ്പിന്റെ തലവനാണ് അദ്ദേഹം.
2. സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ
പ്രകൃതിയുമായി വളരെ ജൈവികമായ ഒരു ബന്ധം നിലനിർത്തിപ്പോന്നിരുന്ന പല ഗോത്രസമൂഹങ്ങളുടെയും ജീവനോപാധികൾ തട്ടിയെടുത്ത്, സ്വതന്ത്രമായി ജീവിച്ചിരുന്ന അവരുടെ അധ്വാനശേഷിയും വിഭവങ്ങളും ചൂഷണം ചെയ്യാൻ മുതലാളിവർഗം നടത്തുന്ന പ്രവർത്തനങ്ങൾ പലപ്പോഴും കണ്ണിൽച്ചോരയില്ലാത്തതാണ്. അധ്വാനഫലം അവരിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത് ലാഭമുണ്ടാക്കുമ്പോൾ വഴിയരികിൽവീണുപോകുന്നത് ഈ സമൂഹങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗമനമാണ്. വരുമാനം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ – ഇവയിലെല്ലാം പിന്നോക്കാവസ്ഥ നേരിടുന്നവരാണ് ഗോത്രവർഗ്ഗക്കാർ. കേരളത്തിലുൾപ്പെടെ പലയിടത്തും പരസ്പരസഹകരണത്തിലും വസ്തുവകകളുടെ പൊതു ഉടമസ്ഥതയിലും ഒക്കെ അധിഷ്ഠിതമായിരുന്ന ഗോത്രസമൂഹങ്ങൾക്ക് മുതലാളിത്തത്തിന്റെ മത്സരബുദ്ധിയ്ക്കുമുന്നിൽ പകച്ചുനിൽക്കേണ്ടി വന്നതും ഒരു വലിയ കാരണമാണ്.
3. പാരിസ്ഥിതികവും സാംസ്കാരികവുമായ അന്യവത്കരണം
ഭൂവിനിയോഗത്തിൽ വന്ന വ്യത്യാസങ്ങൾ കൊണ്ടും മനുഷ്യരുടെ ഇടപെടൽ കൊണ്ടോ ആഗോളതാപനം പോലെയുള്ള പ്രതിഭാസങ്ങൾ കൊണ്ടോ ഒക്കെ, അവർക്ക് പരിചിതവും അവരുടെ പൈതൃകവുമായി ബന്ധപ്പെട്ടു കിടക്കുന്നതുമായ ചുറ്റുവട്ടങ്ങളിൽ നിന്നും അവർ അന്യവത്കരിക്കപ്പെടുന്നു. വികസനത്തിന്റെ പേരിലും മറ്റും ലക്ഷക്കണക്കിന് ഗോത്രവർഗ്ഗക്കാരാണ് അവരുടെ നൈസർഗികമായ ചുറ്റുപാടുകളിൽ നിന്നും അപരിചിതമായ സാഹചര്യങ്ങളിലേയ്ക്ക് പറിച്ചുനടപ്പെടുന്നത്. ഇതോടൊപ്പം തലമുറകളായി ശീലിച്ചുവന്ന കാലാവസ്ഥ, ജീവിതരീതി, ഭക്ഷണശീലങ്ങൾ ഇവയൊക്കെ മാറിമറിയും. ഈ പൊരുത്തപ്പെടൽ അവരുടെ മേൽ വല്ലാത്ത സമ്മർദ്ദമുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ പ്രധാനമായ ഘടകമാണ് ആദിവാസികൾ നേരിടുന്ന സാംസ്കാരികമായ അന്യവത്കരണം. അവരുടെ ഭാഷ, സംസ്കാരം ഇവയിൽനിന്നും വിട്ടുമാറി നാട്ടുസംസ്കാരത്തിന്റെ ഭാഗമാകുന്നതാണ് ആദിവാസിയുടെ പുരോഗമനം എന്നുള്ള തെറ്റിധാരണയാണ് ഈ മേഖലയിൽ നടക്കുന്ന പല ഇടപെടലുകളെയും നയിക്കുന്നത്. ഡോക്ടറും രോഗിയും രണ്ടു ഭാഷയിൽ സംസാരിക്കുകയും രണ്ടു സംസ്കാരങ്ങൾ ഉള്ളവരാകുകയും ചെയ്യുമ്പോൾ രോഗനിർണയവും ചികിത്സയും ഫലവത്താകാത്തത് സ്വാഭാവികമാണല്ലോ.
4. രാഷ്ട്രീയമായ അടിച്ചമർത്തൽ
കൊളോണിയൽ കാലങ്ങളിൽ തുടങ്ങി കോർപ്പറേറ്റ് മേധാവിത്വത്തിന്റെ കാലംവരെ വളരെ ആസൂത്രിതമായ രാഷ്ട്രീയ അടിച്ചമർത്തലിനു വിധേയരായവരാണ് ഗോത്രവർഗ്ഗക്കാർ. ഈ വ്യവസ്ഥകളുടെയെല്ലാം കീഴിൽ ഇവർ മിക്കവാറും പാർശ്വവത്കരിക്കപ്പെടുകയും രാജ്യങ്ങളുടെ നിയമവ്യവസ്ഥകളിൽ തന്നെ വിവേചനം നേരിടുകയും ചെയ്യുന്നു. ഇന്ത്യയിൽ തന്നെ “ക്രിമിനൽ ഗോത്രങ്ങൾ” എന്ന് നിയമത്താൽ മുദ്രകുത്തപ്പെട്ട മനുഷ്യരുണ്ടായിരുന്നു എന്നോർക്കണം. തങ്ങൾ പരമ്പരാഗതമായി ജീവിച്ചുപോന്ന സ്ഥലങ്ങളിൽ സ്വന്തം സാംസ്കാരിക സ്വത്വം നിലനിർത്തുന്നതിനോ വിഭവങ്ങളുടെ മേൽ നിയന്ത്രണം ചെലുത്തുന്നതിനോ തദ്ദേശവാസികൾ നടത്തുന്ന സമാധാനപരമായ ശ്രമങ്ങൾ പോലും രാജ്യദ്രോഹത്തിന്റേയോ ഭീകരതയുടേയോ ആരോപണങ്ങൾക്ക് കാരണമായി.
ആദിവാസികളെയും വനവാസികളെയുമൊക്കെ വെടിവച്ചിടാനുള്ള അധികാരം വനപാലകർക്ക് നൽകുന്ന തരം ക്രൂരമായ നിയമങ്ങളാണ് മോഡി സർക്കാർ പാസാക്കിയിരുന്നത്. NRC യും പൗരത്വനിയമവും ഒക്കെയായി രേഖകളും അവകാശപത്രങ്ങളും ഒന്നുമില്ലാത്ത ആദിവാസി രാജ്യമില്ലാത്തവനായി മാറുന്ന കാലം അധികം ദൂരെയല്ല. നിയമപരമായ വംശഹത്യ എന്നൊക്കെ പറയാം. ഇന്ത്യയിലെ ആദിവാസി ജനതയെ സംബന്ധിച്ചിടത്തോളം, അവരുടെ വനങ്ങൾ ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വ്യക്തിഗതവും കൂട്ടായതുമായ അവകാശങ്ങൾ അംഗീകരിക്കുന്ന ഒരു സുപ്രധാന നിയമമാണ് വനാവകാശനിയമം. ഇന്ത്യയുടെ പരമ്പരാഗത വനവാസികളോടുള്ള ‘ചരിത്രപരമായ അനീതി’ പരിഹരിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള ഈ നിയമവും കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണ്. ഇതിന്റെഭാഗമായി എൺപതു ലക്ഷത്തിലേറെ ഗോത്രവർഗ്ഗക്കാരെ കുടിയിറക്കാനുള്ള വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുതലാളിത്തം വാഴുന്ന ലോകം മുഴുവൻ ഇതേ തിരക്കഥയിലുള്ള നാടകങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
പരമ്പരാഗത ജനവിഭാഗങ്ങളും ഇടതുപക്ഷവും
പതിനെട്ടു സംസ്ഥാനങ്ങളിൽ ആഭ്യന്തര മന്ത്രാലയം 75 വിഭാഗങ്ങളെ പ്രത്യേകപരിഗണന അർഹിക്കുന്നവർ എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും ഈ ലോക്ക് ഡൌൺ കാലത്ത് പട്ടിണിയിലാണ്. കർണാടക-കേരള അതിർത്തിക്കടുത്തുള്ള കൊഡഗു ജില്ലയിലെ കാപ്പിത്തോട്ടങ്ങളിൽ കുടുങ്ങിക്കിടന്നു പട്ടിണിയും ദുരിതവും അനുഭവിച്ചത് ഇരുന്നൂറിലേറെ സോളിഗ ആദിവാസികളാണ്. മധ്യപ്രദേശിലെ പല ഗ്രാമങ്ങളിലെയും ഗോണ്ട് വിഭാഗക്കാർ ദിവസങ്ങളായി റൊട്ടിയും ഉപ്പും മാത്രം കഴിച്ചാണത്രെ വിശപ്പാറ്റുന്നതും രോഗത്തെ പ്രതിരോധിക്കുന്നതും. അസമിലെ ബാരാക് താഴ്വരയിൽ ഒരുനേരത്തെ അന്നത്തിനു ബുദ്ധിമുട്ടുന്നത് രായ്ക്കുരാമാനം പൂട്ടിയിട്ട 104 തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന എഴുപതിനായിരത്തിലേറെ ആദിവാസികൾ. നാമമാത്രമായെങ്കിലും പല പദ്ധതികളുടെയും ഗുണഭോക്താക്കൾ. അവരുടെ അവസ്ഥ ഇതാണെങ്കിൽ, കോവിഡ്-സംബന്ധിയായ സർക്കാർ സഹായങ്ങളുടെയൊന്നും പരിധിയിൽ വരാത്ത, രാജ്യമില്ലാത്ത അഭയാർഥികളായ ചക്മകളും ഹജോങ്ങുകളും മറ്റും എത്ര വലിയ അപകടസന്ധിയിലാണ് നിൽക്കുന്നത്?
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം, പരമ്പരാഗതജനവിഭാങ്ങളോടുള്ളത് വംശീയ സ്വത്വത്തെ സംരക്ഷിക്കുന്നതിനോ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ മാത്രമുള്ള ഒരു നിലപാടല്ല – അടിസ്ഥാനപരമായി വർഗ്ഗത്തെ സംന്ധിക്കുന്ന ചോദ്യം തന്നെയാണ്. ഭൂരഹിതരായ ഗ്രാമീണ ദരിദ്രർ, ഗ്രാമീണതൊഴിലാളിവർഗം, തൊഴിലാളിവർഗം എന്നിങ്ങനെ അവരെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടുവാൻ പ്രാപ്തരാക്കുക എന്നതിനൊപ്പം അവർ നേരിടുന്ന നേരത്തെ പറഞ്ഞ അന്യവൽക്കരണം, ബൂർഷ്വാ-ഭൂവുടമകളുടെയും കരാറുകാരുടെയും ക്രൂരമായ ചൂഷണം, ഭാഷ, സംസ്കാരം എന്നിവയുടെ മേലുള്ള അധിനിവേശം ഇവയെ ചെറുക്കുക എന്നിവയെല്ലാം ചേർന്നതാണ് ആദിവാസികളെക്കുറിച്ചുള്ള ഇടതുകാഴ്ചപ്പാട്. തങ്ങൾക്കു പ്രയോജനമുള്ളവരെ ഒപ്പം ചേർക്കുക എന്നതിനപ്പുറം ഓരോ ജീവനെയും ചേർത്തുപിടിക്കുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന് ലഘുവായി പറയാവുന്ന ഒരു തത്വശാസ്ത്രം.
ലോകം മുഴുവൻ ഗോത്രവർഗസംരക്ഷണത്തിനുവേണ്ടി ശബ്ദമുയർത്തുന്നത് പ്രധാനമായും ഇടതുപക്ഷമൂല്യങ്ങൾ നയിക്കുന്ന പ്രസ്ഥാനങ്ങളാണ്. ബ്രസീലും ബൊളീവിയയും അമേരിക്കയും മുതൽ ഇങ്ങു കേരളം വരെ. ഒഡിഷയിലും സുന്ദർഗഡിലും ത്രിപുരയിലും പട്ടിണിയാകുന്ന ആദിവാസി ഊരുകളിൽ ഭക്ഷണവും മരുന്നും വൈദ്യസഹായവും എത്തിച്ച് നൽകുന്നത് അവിടങ്ങളിലെ ഇടതുപക്ഷപ്രവർത്തകരാണ്. അധികാരംനേടാനൊന്നും ഒരു സാധ്യതയുമില്ലാത്ത പ്രദേശങ്ങളിൽപോലും സഹജീവിയുടെ ദുഖമാറ്റാൻ അവരാണ് മുന്നോട്ടുവരുന്നത്.
കേരളത്തിലെ ഇടത് സർക്കാർ അതിന്റെ പ്രവർത്തനങ്ങളിൽ ഈയൊരു കാഴ്ചപ്പാട് കൃത്യമായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഗോത്രഭാഷകളിൽ തന്നെ നടത്തുന്ന ബോധവൽക്കരണ പരിപാടികൾ നേരത്തെ തന്നെ നടത്തിപ്പോന്നു. ഈ കോവിഡ് കാലത്ത് പട്ടിണിയുണ്ടാകാതിരിക്കുവാൻ അരിയും പ്രത്യേകിച്ച് ആദിവാസി ഭക്ഷണരീതികൾക്ക് ഇണങ്ങിയ നിത്യോപയോഗസാധനങ്ങളും ഊരുകളിൽ എത്തുന്നുണ്ട്. വനവിഭവങ്ങളും ആദിവാസി കാർഷികവിളകളും അവരിൽ നിന്ന് വാങ്ങി ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കുന്നു.”വനിക” എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതിയുടെ കളക്ഷൻ സെന്ററുകൾ തുറന്നതോടെ അവിടെ തങ്ങൾ ശേഖരിക്കുന്ന വനവിഭവങ്ങളും കാർഷിക ഉത്പന്നങ്ങളും എത്തിച്ച് ന്യായമായ വില വാങ്ങി അവർ സന്തുഷ്ടരായി മടങ്ങുന്നു. ഈ സമയത്ത് ഒറ്റപ്പെട്ടു നിൽക്കുന്നതിനുപകരം കൃഷിയിൽ വ്യാപൃതരാകാൻ താല്പര്യമുള്ളവർക്ക് വിത്തുകളും മറ്റും വിതരണം ചെയ്യുന്നുണ്ട്. എല്ലാവർക്കും കൃത്യമായി മരുന്നുകൾ, മാസ്ക്, കൈ കഴുകാനുള്ള ഹാന്റ് വാഷ്, സാനിറ്റൈസർ, സ്ത്രീകൾക്ക് ആർത്തവകാലത്തേക്ക് ആവശ്യമായ നാപ്കിൻ,… എല്ലാം വനം വകപ്പ് തന്നെ സംഘടിപ്പിച്ചു വിതരണം ചെയ്തു. ഇതോടൊപ്പം, നാട്ടിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരാതിരിക്കാൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അവർക്കിടയിലെ തന്നെ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ വൈദ്യസഹായം ഊരുകളിൽ എത്തിക്കുന്നു. കേരളത്തിലേയ്ക്ക് തിരികെയെത്തിയ ആദിവാസി കുടിയേറ്റത്തൊഴിലാളികളെ കൃത്യമായി നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. അവർക്കും കൃത്യമായ ആരോഗ്യപരിശോധനകളും ഭക്ഷണവും. ലഹരിസാധനങ്ങളുട, പ്രത്യേകിച്ച് വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയാനും കൃത്യമായ ഇടപെടലുകൾ നടക്കുന്നുണ്ട്.
ആദിവാസി സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന മാസ്കുകൾ കേരളത്തിൽ വിപണിയിൽ ലഭ്യമാണ് ഇപ്പോൾ. എന്നാൽ തെലങ്കാനയിലെ മുളുഗു ജില്ലയിലെ ഗോട്ടി കോയകളും ഛത്തിസ്ഗഢിലെ ബസ്തറിലും ആന്ധ്രയിൽ വിജയനഗരത്തും മറ്റും മാസ്ക് കിട്ടാനില്ലാതെ ആദിവാസികൾ ഇലകളിൽ നിന്ന് നിർമ്മിച്ച ‘മാസ്ക്’ ഉപയോഗിച്ച് മുഖം മൂടേണ്ടി വരുന്നു എന്നാണു റിപ്പോർട്ടുകൾ.
വെറുമൊരു “ക്രൈസിസ് മാനേജ്മന്റ്” നടപടിയല്ല ഇത്. പലയിടത്തും നടപ്പാക്കാൻ ശ്രമിച്ച മിറ്റിഗേഷൻ മെത്തേഡ് പ്രയോഗിച്ചിരുന്നു എങ്കിൽ അതിന്റെ വരകൾക്കിടയിൽപ്പെടാതെ വിട്ടുപോകും എന്നുറപ്പുള്ള ഒരു ജനതയെ, തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ വെളിച്ചത്തിൽ, ചേർത്തുപിടിക്കുന്നതാണ്. ഇതിനൊക്കെ മുൻപേ തന്നെ, ഗോത്രവർഗ്ഗക്കാർക്ക് അവരുടെ ഭാഷയിൽ പഠിക്കാൻ, അവരുടെ പൈതൃകം അടിയറവെയ്ക്കാതെ അറിവ് എത്തിപ്പിടിക്കാൻ, അടിയർ, പണിയർ, ഊരാളി, കാട്ടുനായ്ക്കർ എന്നിവരുടെയെല്ലാം ഭാഷയിൽ പാഠപുസ്തകങ്ങളും ഡിജിറ്റൽ സങ്കേതങ്ങളും തയാറാക്കിയ സർക്കാരാണിത്. നിപ്പ വന്നപ്പോഴെന്നത് പോലെ ഇപ്പോഴും രോഗപ്രതിരോധമെങ്ങനെ എന്ന വിവരങ്ങൾ അവരുടെ ഭാഷകളിൽ അവരിലേക്കെത്തിച്ച സർക്കാർ. തന്റെ പെൻഷൻ സന്തോഷത്തോടെ കയ്യിൽ വാങ്ങി പാട്ടുപാടുന്ന നഞ്ചമ്മയുടെ ചിത്രം നമ്മുടെ കണ്ണുകളിലുണ്ട്. ഒരുപാടുകാലം പിന്നോട്ടുപോകുന്ന വ്യക്തമായ രാഷ്ട്രീയധാരണയുടെ ആകെത്തുകയാണ്.
ആദിവാസികൾക്ക് പൂണൂല് നൽകുന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരമെന്നെഴുതിയ എം എസ് ഗോൾവാൾക്കറിന്റെയും, വെളുത്ത ക്രിസ്തുവിനെ പരിചയപ്പെടുത്തി കറുത്തമനുഷ്യരെ ഉദ്ധരിക്കാൻ ഇറങ്ങിത്തിരിക്കുന്ന ദൈവവേലക്കാരുടെയും അനുയായികൾക്ക് തങ്ങളെപ്പോലെ തന്നെയുള്ള മനുഷ്യരായി ഈ ജനതയെ കാണാൻ സാധിക്കാത്തതിൽ അത്ഭുതമില്ല. സമത്വത്തിലും സഹോദര്യത്തിലും മനുഷ്യന്റെ നന്മയിലും വിശ്വസിക്കുന്നവർക്ക് മാത്രമേ, അവരും ഭൂമിയുടെ അവകാശികളാണ് എന്ന ബോധ്യമുണ്ടാകൂ.