പ്രകൃതിഭംഗിയും സുഗന്ധവ്യഞ്ജനങ്ങളുടെ മേന്മയും ഒക്കെക്കൊണ്ട് പലപ്പോഴും വിദേശമാധ്യമങ്ങളുടെ താളുകളിൽ സ്ഥാനം പിടിച്ചിരുന്ന കേരളം, ഇന്ന് വാഷിംഗ്ടൺ പോസ്റ്റിലും ന്യൂയോർക് ടൈംസിലും ഗാർഡിയനിലും ഡിപ്ലോമാറ്റിലും ഒക്കെ ശ്രദ്ധ നേടുന്നത്, കൊറോണാവ്യാപനത്തിന്റെ സാധാരണ ഗ്രാഫുകളിൽനിന്നും വേറിട്ട് നിൽക്കുന്ന ഒരു “ഔട്ട്ലയർ” ആയാണ്. മാധ്യമമുത്തശ്ശി എന്നൊക്കെ വിളിക്കാവുന്ന ബിബിസി കേരളത്തിലെ രോഗപ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ഒന്നിലേറെ തവണ റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യയിൽ ആദ്യത്തെ കോവിഡ്-19 കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങൾ ഈ ഭീഷണിയുടെ നേരെ മുഖംതിരിച്ചപ്പോൾ തന്നെ ദീർഘദൃഷ്ടിയുടെ നേർക്കാഴ്ചയായി കേരളം പ്രവർത്തനമാരംഭിച്ചു. ഈ പ്രത്യേക സാഹചര്യത്തിൽ, കേരളത്തിന്റെ ശക്തിയും ദൗർബല്യവും അതിനു മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളുമായുള്ള അടുത്ത ബന്ധങ്ങളാണ്. പ്രായേണ തുറന്ന അതിർത്തികൾ, ധാരാളം അതിഥിതൊഴിലാളികൾ, പതിവായി സ്വദേശത്ത് വന്നുപോകുന്ന പ്രവാസിമലയാളികൾ, വിനോദസഞ്ചാരികൾ – കൊറോണവൈറസിന് കത്തിക്കയറാൻ പാകത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇവിടെ സജ്ജമായിരുന്നു. ഇങ്ങനെയുള്ള ഒരു അപകടസാഹചര്യത്തിൽനിന്നും സുചിന്തിതമായ പ്രവർത്തനം കൊണ്ട് കേരളം എങ്ങനെ സുരക്ഷിതത്വത്തിലേക്ക് അടുക്കുന്നു എന്നതാണ് ബിബിസി ലേഖനത്തിന്റെ ഉള്ളടക്കം.
ഫെഡറൽ സംവിധാനത്തിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സാധിക്കാവുന്നതിൽ ഏറ്റവും വ്യാപകമായ ടെസ്റ്റിംഗ്, നൂതനമായ ചികിത്സാരീതികൾ അവലംബിക്കാനുള്ള സന്നദ്ധത, നേരത്തെ തന്നെ നിപായും മറ്റും നേരിട്ട അനുഭവം – ഇതെല്ലാം തന്നെ മുതൽക്കൂട്ടായി എന്ന് പറയുന്ന ലേഖനം പക്ഷേ അത്ഭുതത്തോടെ വീക്ഷിക്കുന്നത് ഓരോ പ്രദേശത്തും സർക്കാർ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്തുകളും സന്നദ്ധപ്രവർത്തകരുമൊക്കെ ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തിയാണ്. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്നതും, മൂന്നര ലക്ഷത്തോളം ഫോൺവിളികളിലൂടെ നിരീക്ഷണത്തിലുള്ളവരുടെയും രോഗത്തെ ഭയക്കുന്നവരുടെയും ആരോഗ്യപ്രവർത്തകരുടെയും ഒക്കെ ആശങ്കകൾക്ക് മറുപടി കൊടുക്കുന്ന കൗൺസിലിങ് സേവനങ്ങൾ നൽകുന്നതും, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെയും പ്രായമായവരുടെയും ഒക്കെ ആവശ്യങ്ങൾ കണക്കിലെടുക്കുന്നതുമൊക്കെ ലേഖനത്തിൽ പരാമർശിക്കപ്പെടുന്നു.
വികസിത രാജ്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഇതുവരെ രോഗത്തെ കേരളം കാര്യക്ഷമമായി നേരിട്ടതിന്റെ പ്രധാനകാരണമായി പറയുന്നത് കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യസംവിധാനമാണ്. ഒപ്പം താഴെത്തട്ടുവരെ എത്തുന്ന വികേന്ദ്രീകൃതമായ അധികാരവും, പ്രാദേശികതലത്തിലെ നടപടികൾക്ക് ലഭിച്ച സർക്കാർ-ബഹുജനപിന്തുണയുമാണ്. സാർവത്രികമായി ലഭിക്കുന്ന ആരോഗ്യപരിരക്ഷ, അതും എല്ലായിടത്തും നല്ല വൈദ്യസഹായം ലഭ്യമാണ് എന്നതും വലിയൊരളവ് വരെ സഹായിച്ചു. ഇതിനെയെല്ലാം ഏകോപിപ്പിക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ഈ സമയത്ത് എടുത്ത സുതാര്യതയുടെ നയമാണ് എന്നും ലേഖനം കൂട്ടിച്ചേർക്കുന്നു. എല്ലാ വിവരങ്ങളും സമയാസമയം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്നതിന് സർക്കാർ കാട്ടിയ ശുഷ്കാന്തി തീർത്തും അഭിനന്ദനീയമാണ് കണക്കാക്കപ്പെടുന്നു. ഇത് ആശങ്കകൾ അകറ്റാനും പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും സാധാരണക്കാരിൽ പോലും ഒരു കൂട്ടായ്മയുടെ മനോഭാവം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്തു.
സാമ്പത്തികശാസ്ത്ര വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരം വികേന്ദ്രീകൃതമായ, എന്നാൽ സർക്കാരിന്റെ കൃത്യമായ ദിശാബോധത്തോടുകൂടിയുള്ള പ്രവർത്തനങ്ങളാണ് ഈ പ്രതിസന്ധിയ്ക്ക് മുൻപുതന്നെ രണ്ടു പ്രളയങ്ങളെയും നിപായെയും നേരിടാൻ കേരളത്തെ സഹായിച്ചത്. നന്നായി പ്രവർത്തിക്കുന്ന ഗവണ്മെന്റ് ആശുപത്രികളടങ്ങുന്ന ത്രിതലസംവിധാനം പതിറ്റാണ്ടുകൾ കൊണ്ട് വികസിപ്പിച്ചെടുത്തതാണ്. ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസമുള്ള ജനതയും വലിയ മുതൽക്കൂട്ടായി. അതിന്റെ രൂപീകരണഘട്ടം മുതൽക്കുതന്നെ, മറ്റു സംസ്ഥാനങ്ങളെക്കാൾ അധികം ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ചെലവാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതിന്റെ വിളവാണ് ഇന്ന് സംസ്ഥാനം കൊയ്യുന്നത് എന്ന് വേണം കരുതാൻ.
വിദഗ്ധരുടെ അഭിപ്രായത്തിൽ, കേരളം ക്വാർട്ടർ ഫൈനൽ വിജയിച്ചിരിക്കുന്നു. വീണ്ടും കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്ന രണ്ടാംഘട്ടം കടന്നാൽ സെമിഫൈനലും, സാധാരണജീവിതത്തിലേക്കുള്ള മടക്കം സാധിക്കുമ്പോൾ ഫൈനലും ജയിച്ചതായി കണക്കാക്കാം. ഇതുവരെയുള്ള പദ്ധതിയനുസരിച്ച് മുന്നോട്ടു പോകുകയും വളരെ സുചിന്തിതമായ ലോക്ക് ഡൗൺ ഇളവുകൾക്കുള്ള പ്ലാൻ നടപ്പിൽ വരുത്തുകയും ചെയ്താൽ ഇത് സാധ്യമായേക്കാം എന്ന് വിദഗ്ധർ പറയുന്നു.
ഭൂഗോളത്തിന്റെ മറുഭാഗത്തും നമ്മുടെ കൊച്ചുകേരളം നേടുന്ന മാധ്യമശ്രദ്ധ വെറും “ഭാഗ്യം” അല്ല. ഒരു യാദൃച്ഛികതയും അല്ല. ദീർഘദൃഷ്ടിയുടെയും ആസൂത്രണത്തിന്റെയും കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും രാഷ്ട്രീയമായ ഇച്ഛാശക്തിയുടെയും ഒക്കെ ആകെത്തുകയാണ്. നാളെയും ഇതൊക്കെത്തന്നെയാകട്ടെ, കേരളത്തിന് കൈമുതൽ.