ദശലക്ഷക്കണക്കിന് തൊഴിലാളികൾ പണവും ഭക്ഷണവും അഭയവുമില്ലാതെ പരിക്ഷീണരായി സ്വന്തം ഗ്രാമങ്ങളിലേക്കോ ദുരിതപൂർണമായ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കോ ഏന്തിവലിഞ്ഞു പോകുമ്പോൾ ലോക്ഡൗൺ മറയാക്കി അവർക്കെതിരെ ഒരു യുദ്ധം തന്നെ അഴിച്ചുവിട്ടിരിക്കയാണ്. ഒപ്പം, ബിജെപി അതിന്റെ തനിനിറം വ്യക്തമാക്കിക്കൊണ്ടു തന്നെ സംസ്ഥാന സർക്കാരുകളിലൂടെയാണ് ഈ വർഗസമരം നടത്തുന്നത്.
മൂന്നുവർഷത്തേക്ക് നാലെണ്ണമൊഴികെ എല്ലാ തൊഴിൽനിയമങ്ങളും ഒരു ഓർഡിനൻസിലൂടെ താൽക്കാലികമായി റദ്ദാക്കിയിരിക്കയാണ് ഉത്തർപ്രദേശ് സർക്കാർ. അടുത്ത ആയിരം ദിവസങ്ങളിലേക്ക് പുതിയ യൂണിറ്റുകളിലൊന്നും തൊഴിൽനിയമങ്ങൾ ബാധകമല്ലാതാക്കിയിരിക്കുന്ന മധ്യപ്രദേശ് സർക്കാർ. സമാനമായ തീരുമാനങ്ങളാണ് ഗുജറാത്ത് സർക്കാർ കൈക്കൊണ്ടത്. ഇതേ മാർഗം കർണാടക സർക്കാരും പിന്തുടരുന്നു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെും രാജസ്ഥാനിലെയും സർക്കാരുകൾ അത്രത്തോളം പോയിട്ടില്ലെങ്കിലും തൊഴിൽ സമയം എട്ട് മണിക്കൂറിൽനിന്ന് പന്ത്രണ്ട് മണിക്കൂറിലേക്ക് ഉയർത്തിയിരിക്കുന്നു.
തൊഴിൽനിയമങ്ങൾ താൽക്കാലികമായി റദ്ദാക്കുക എന്നതിനർഥം തൊഴിലുടമകൾക്ക് തൊഴിലാളികളെ പിരിച്ചുവിടാൻ സ്വാതന്ത്ര്യം നൽകുക എന്നും മിനിമം കൂലി വർധിപ്പിക്കാൻ തൊഴിലുടമയ്ക്കുള്ള ബാധ്യതയില്ലാതാക്കുക എന്നതുമാത്രമല്ല. ‘വായുവോ വെളിച്ചമോ മൂത്രപ്പുരയോ ഇരിപ്പിടമോ സുരക്ഷാ ഉപകരണങ്ങളോ കാന്റീനോ പ്രഥമശുശ്രൂഷാ സൗകര്യങ്ങളോ ക്രെഷ് സൗകര്യമോ ഇടവേളകളിൽ വിശ്രമസൗകര്യമോ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനല്ല എന്നുകൂടിയാണ് അർഥമെന്ന് മെയ് എട്ടിന്റെ ദ ഹിന്ദു പത്രം റിപ്പോർട്ടു ചെയ്യുന്നു.
ചെറുകിട സംരംഭങ്ങളിൽ മാത്രമല്ല, വൻകിട ഫാക്ടറികളിൽപോലും തൊഴിൽ സാഹചര്യത്തിന്റെ അവസ്ഥ നിലവിൽ ദയനീയമാണ്. മാർക്സും ഏംഗൽസും പരാമർശിച്ച പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ അതിനീചമായ അവസ്ഥയിലേക്കാണ് ഇന്ത്യയിലെ കാര്യങ്ങൾ പോകുന്നത്. രണ്ടു നൂറ്റാണ്ടു നീണ്ട സമരങ്ങളിലൂടെ തൊഴിലാളിവർഗം ആർജിച്ച അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണ്.
അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ തൊഴിലാളികൾക്കുനേരെയുള്ള ഈ ആധുനിക യുദ്ധം നിക്ഷേപം പ്രവഹിക്കാനും തൊഴിലവസരങ്ങൾ വൻതോതിൽ വർധിപ്പിക്കാനുമാണെന്നാണ് വാദം. ചൈന‐ അമേരിക്ക തർക്കം മൂക്കുന്നതോടെ വിദേശ കമ്പനികൾ മറ്റു സുരക്ഷിത താവളങ്ങൾ തേടുമെന്ന വിശ്വാസത്താലാണിത്.
പല കാരണങ്ങൾ കൊണ്ട് ഈ വാദം തെറ്റാണ്.
ഒന്ന്, തൊഴിലിന് അനുയോജ്യമായ സാഹചര്യം എന്നത് തൊഴിലാളിയുടെ അവകാശവുമായി ബന്ധപ്പെട്ടതാണ്. ആ അവകാശങ്ങൾ പേരിന് ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ രേഖപ്പെടുത്തപ്പെട്ടാൽ മാത്രം പോര. അത് നിർബന്ധമായും നടപ്പാക്കാനും ബാധ്യസ്ഥപ്പെടുത്തണം. ചൈനയെ മറികടന്ന് വിദേശ നിക്ഷേപം ആകർഷിക്കാനെന്ന പേരിൽ ആ അവകാശങ്ങളിൽ വെള്ളം ചേർക്കാൻ പാടില്ല. വോട്ടവകാശവും ആവിഷ്കാരസ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെട്ട ഒരു നാട് വിദേശ നിക്ഷേപത്തിന്റെ ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറുമെന്ന് കരുതുന്നതുപോലെ അസംബന്ധമാണിത്. മറ്റൊരർഥത്തിൽ തൊഴിൽനിയമങ്ങൾ രാജ്യത്തെ തൊഴിലന്തരീക്ഷത്തിന് ഉതകുന്ന തരത്തിലാണ് നിർണയി്ക്കേണ്ടത്. അത് മൂലധനത്തെ ആകർഷിക്കുന്ന അവസരവാദപരമായ പരിഗണനകൾക്ക് അതീതമായിരിക്കണം. അത് തോന്നുംപടി മാറ്റിമറിക്കാൻ കഴിയുന്നതാകരുത്. ഒരു വിഭാഗത്തിന് മാത്രം പരിഗണന നൽകുന്നതിനു പകരം തൊഴിലാളിവർഗത്തെയാകെ ഉൾക്കൊള്ളുന്നതാകണം അത്.
കൂടുതൽ നിക്ഷേപം വരുന്നതിന് തൊഴിൽനിയമങ്ങൾ തടസ്സം സൃഷ്ടിക്കുന്നു എന്ന വാദവും പൂർണമായും അസംബന്ധമാണ്. ഈ വാദത്തെ പിന്തുണയ്ക്കുന്ന അനുഭവാർജിതമായ ഒരു തെളിവുമില്ല. ഇന്ത്യയുടെ വ്യവസായ വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നത് തൊഴിൽനിയമങ്ങളാണെന്ന് കുറച്ചു വർഷങ്ങൾക്കു മുന്പ് ഇന്ത്യയിൽ നവലിബറൽ നയങ്ങൾ ശക്തമായി നടപ്പാക്കിയ കാലത്ത് ചില പണ്ഡിതർ ‘തെളിവു സഹിതം’ ഉയർത്തിയ വാദങ്ങളിലൊന്ന്. അവരുടെ ‘തെളിവുകൾ’ കൃത്യമായ വസ്തുതകൾ വച്ച് നിരാകരിച്ചപ്പോൾ കൂടുതൽ തെളിവുകളുമായി രംഗത്തുവരാൻ ഈ പണ്ഡിതർക്കു കഴിഞ്ഞിരുന്നില്ല.
അൽപ്പകാലത്തേക്ക് വിദേശ നിക്ഷേപം മാറ്റിവയ്ക്കണമെന്ന സൈദ്ധാന്തിക വാദവും ഒരുപോലെ തെറ്റാണ്. ചുരുക്കത്തിൽ, കോർപറേറ്റു മേഖലയിൽ സ്ഥാപനങ്ങളുടെ മാർക്കറ്റ് ഷെയറുകൾ ദീർഘകാലമെടുത്താണ് മാറുന്നത്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു സ്ഥാപനത്തിന്റെ ഡിമാൻഡിന്റെ പ്രതീക്ഷിത വളർച്ച ചരക്കുകളുടെ മൊത്തം ഡിമാൻഡിന്റെ വളർച്ചയ്ക്കു തുല്യമായിരിക്കും. വിപണിയുടെ പ്രതീക്ഷിത വളർച്ചയായിരിക്കും ഏതെങ്കിലും സ്ഥാപനത്തിന്റെ നിക്ഷേപത്തെ നിർണയിക്കുക. ലാഭത്തിന്റെ തോതിൽ വരുന്ന മാറ്റത്തിന് വിപണിയുടെ വളർച്ചയിൽ ഒരു പങ്കും വഹിക്കാനുണ്ടാകില്ല.
അതുകൊണ്ടു തന്നെ തൊഴിൽനിയമങ്ങൾ റദ്ദാക്കപ്പെടുന്നതു മൂലം തൊഴിലാളികളുടെ വിലപേശൽ ശേഷി കുറയുകയും അതുവഴി വേതനത്തിൽ കുറവു വരികയും ചെയ്യുന്ന പക്ഷം, അത് ലാഭത്തിന്റെ തോത് വർധിക്കില്ല. ഏതെങ്കിലും മേഖലയിലോ കോർപറേറ്റ് രംഗത്ത് മൊത്തത്തിലോ നിക്ഷേപത്തിന്റെ അളവും ഇതുവഴി വർധിക്കില്ല. വേതനം വെട്ടിക്കുറയ്ക്കുന്നതുവഴി കോർപറേറ്റ് രംഗത്ത് മൂലധനം വേതനത്തിൽനിന്ന് ലാഭത്തിലേക്ക് ആനുപാതികമായി മാറ്റപ്പെടും. അത് സമ്പദ്ഘടനയിൽ മൊത്തത്തിലുള്ള ഡിമാൻഡ് കുറയാൻ കാരണമാകും. വേതനത്തിന്റെ ഓരോ യൂണിറ്റും ഉപഭോഗം ചെയ്യുന്നതിന്റെ അളവ് ലാഭത്തിന്റെ ഓരോ യൂണിറ്റും ഉപഭോഗം ചെയ്യുന്ന അളവിനെക്കാൾ കുറവായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുവഴി തൊഴിലിലും സമ്പദ്ഘടനയിലെ വരുമാനത്തിലും കുറവുവരും. പണം വേതനത്തിൽനിന്ന് ലാഭത്തിലേക്ക് മാറുമ്പോൾ ഉണ്ടാകുന്ന ഡിമാൻഡിലെ കുറവ് ഒരു പ്രത്യേക സംസ്ഥാനത്തെ ഉൽപ്പന്നങ്ങളെ ബാധിക്കില്ല എന്നും തൊഴിൽനിയമങ്ങളുടെ റദ്ദാക്കൽ കൊണ്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് മാത്രമായി ഗുണംചെയ്യുമെന്നും വാദമുണ്ട്. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഒരു സംസ്ഥാനത്ത് ഡിമാൻഡ് ഇല്ലെങ്കിൽ അതിന്റെ ഡിമാന്റ് വല്ലാതെ താഴുകയില്ല, പക്ഷെ തൊഴിലവസരങ്ങളിൽ ഗണ്യമായ കുറവു വരും.
ആഗോള വിപണിയിലേക്കുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനുവേണ്ടിയുള്ള വിദേശ നിക്ഷേപം ചൈനയിൽനിന്ന് മാറുകയും അത് ഇന്ത്യയിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യാൻ ഈ സാഹചര്യം സഹായിക്കുമോ എന്നതാണ് ചോദ്യം.
ഒരു പ്ലാന്റ് എവിടെ സ്ഥാപിക്കണമെന്ന കാര്യം വിദേശ മൂലധനം തീരുമാനിക്കുമ്പോൾ പരിഗണിക്കുന്ന പ്രധാനഘടകം വേതനത്തിനുള്ള ചെലവ് എത്രയാകുമെന്നതാണെന്ന് ഓർക്കണം. മൂത്രപ്പുരകളും കാന്റീനുകളും ഇല്ലാതെ ദീർഘനേരം തൊഴിലെടുക്കുന്ന, പെട്ടെന്ന് കുപിതരാകുന്ന അസംതൃപ്തരും സന്തോഷമില്ലാത്തവരുമായ തൊഴിലാളികൾ ഏത് അർഥത്തിലും ചൈനയിൽനിന്നു വഴിമാറിവരുന്ന വിദേശ നിക്ഷേപത്തെ ആകർഷിക്കുന്ന ഒരു കാന്തമായി പ്രവർത്തിക്കില്ലെന്നുറപ്പ്.
ലോകസമ്പദ്ഘടനയിൽ വലിയ തോതിൽ നിക്ഷേപം നടക്കുകയാണെന്ന വാദം സത്യത്തിൽനിന്ന് ഏറെ അകലെയാണ്. കൊറോണ എന്ന മഹാമാരി പടരുംമുമ്പുതന്നെ ആഗോള സമ്പദ്ഘടന ഗുരുതരമായ മാന്ദ്യം നേരിട്ടിരുന്നു. ഇന്ത്യയിൽ തൊഴിൽനിയമങ്ങൾ റദ്ദാക്കും മുമ്പുതന്നെ ചൈനയിലെ വേതനത്തെക്കാൾ എത്രയോ കുറവാണ് ഇന്ത്യയിലെ തൊഴിലാളികളുടെ വേതനം. ഈ സാഹചര്യത്തിൽ ചൈനയെക്കാളുമോ മറ്റ് ഏഷ്യൻ രാജ്യങ്ങളെക്കാളുമോ മെച്ചപ്പെട്ട ലക്ഷ്യസ്ഥാനമായി വിദേശ മൂലധനം എങ്ങനെ ഇന്ത്യയെ പരിഗണിക്കും? മാത്രവുമല്ല, മോഡി സർക്കാർ കൊട്ടിഘോഷിച്ച് മെയ്ക് ഇൻ ഇന്ത്യ പ്രചാരണം നടത്തിയിട്ടും ഇന്ത്യയുടെ ഉൽപ്പന്ന നിർമാണ മേഖലയിലെ വളർച്ചാ നിരക്ക് കോവിഡ് 19 മഹാമാരിക്കുമുമ്പു തന്നെ പൂജ്യമോ നെഗറ്റീവോ ആയി തകർന്നു പോയത് എങ്ങനെയാണ്?
വിദേശനിക്ഷേപത്തിന്റെ വാസ്തവം പോലെ തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള നിക്ഷേപത്തിന്റെ അവസ്ഥയും. ഒരു തരത്തിലുള്ള നിക്ഷേപവും നടക്കുന്നില്ലെന്ന് വേണം പറയാൻ. തൊഴിൽനിയമങ്ങൾ വെട്ടിമാറ്റിയതുകൊണ്ടു മാത്രം ഒരു സംസ്ഥാനത്തേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് നിക്ഷേപമെത്തില്ല. അഥവാ നിക്ഷേപമെത്തുന്നുവെങ്കിൽ തന്നെ അത് അപകടകരമായ കഴുത്തറപ്പൻ മത്സരത്തിലേക്ക് നയിക്കും. ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ വേതനത്തിൽനിന്ന് ലാഭത്തിലേക്കുള്ള പണത്തിന്റെ മാറ്റം നിക്ഷേപത്തിന്റെ നിലയെ വളർത്തുകയില്ല. മാത്രവുമല്ല, ഈ മാറ്റം മൊത്തം ഡിമാന്റ് കുറയക്കുകയും ചെയ്യും. ഒപ്പം ഉൽപ്പാദനവും തൊഴിലും കുറയ്ക്കും. നിക്ഷേപവുമായി അത്രയേറെ ബന്ധിതമായതുകൊണ്ടുതന്നെ ഇത് ലാഭവും വർധിപ്പിക്കില്ല. ചെറുകിട മുതലാളിമാരിൽനിന്നും ചെറുകിട ഉൽപ്പാദകരിൽനിന്നും ലാഭം കോർപറേറ്റുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. തൊഴിൽനിയമം റദ്ദാക്കപ്പെടുന്നതുമൂലം വേതനത്തിൽ കുറവു വരുന്നതിന്റെ ഫലമായി ചെറുകിട മുതലാളിമാരുടെ ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുക. തൊഴിൽനിയമങ്ങൾ റദ്ദാക്കൽ നിശ്ചയമായും തൊഴിലാളികൾക്ക് എതിരെ മാത്രമുള്ള യുദ്ധമല്ല, അത് ഒരേസമയം ചെറുകിട മുതലാളിമാർക്കും ചെറുകിട ഉൽപ്പാദകർക്കും എതിരെക്കൂടിയുള്ള യുദ്ധമാണ്. കോർപറേറ്റ് താൽപര്യം സംരക്ഷിക്കാൻ തൊഴിലാളികളെ മാത്രമല്ല ചെറുകിട മുതലാളിമാരെയും ചെറുകിട ഉൽപ്പാദകരെയും കൂടിയാണ് ചൂഷണം ചെയ്യുന്നത്.
ഇത് കേന്ദ്രവും ചില സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപി സർക്കാരുടെ പതിവുരീതിയാണിത്. സാമ്പത്തിക ലോകത്തെക്കുറിച്ച് കോർപറേറ്റ് തലവന്മാർക്കുള്ള ധാരണയെ ഉൾക്കൊണ്ടുകൊണ്ട് ജനാധിപത്യ അവകാശങ്ങളെ ചുരുക്കിക്കെട്ടുകയാണവർ. ആ ധാരണ തികച്ചും ലളിതമാണ്: കോർപറേറ്റുകളെ എത്രത്തോളം ലാളിക്കുന്നുവോ നിക്ഷേപവും ഉൽപ്പാദനവും തൊഴിലും അത്രയും വർധിക്കും എന്നതാണ് ആ ധാരണ. ഒരു നൂറ്റാണ്ടുമുമ്പു തന്നെ വിശ്വാസം നഷ്ടപ്പെട്ട ധാരണയാണിത്.
ഈ വികലധാരണയെ അതിന്റെ പരകോടിയിൽ ഉൾക്കൊണ്ടിരിക്കയാണ് ബിജെപി. അതിന്റെ തുടർചചയാണ് തൊഴിലാളികളുടെ അവകാശങ്ങൾക്കുമേലുള്ള ഈ കടന്നാക്രമണം. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെയുള്ള ആക്രമണങ്ങളും സമാന്തരമായി ജനാധിപത്യ അവകാശങ്ങളുടെ പരിമിതപ്പെടുത്തലും ഈ ആക്രമണങ്ങളുടെ ഭാഗമാണ്. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും എതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് തൊഴിലാളികൾക്കുനേരെയുള്ള ഈ യുദ്ധമെന്നിരിക്കെ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.