മനുഷ്യന്റെ ധിഷണയെയും ഭാവനയെയും ബന്ധിക്കാൻ തടവറകൾക്ക് സാധിക്കില്ല. ജയിലുകൾക്ക് പരമാവധി സാധിക്കുന്നത്, ഈ വാക്കുകളും ആശയങ്ങളും പരസ്യപ്പെടുത്താതെയിരിക്കാം എന്നത് മാത്രമാണ്. തെലുങ്കിന്റെ വിപ്ലവശബ്ദമാണ് വരവരറാവുവിന്റെ ജീവിതം അതാണ് പറയുന്നത്. എൺപത്തിയൊന്നാം വയസ്സിലും, തന്റെ രാഷ്ട്രീയത്തിന്റെ, നിലപാടിന്റെ പേരിൽ തടവുശിക്ഷയനുഭവിക്കുന്ന കവി.
അറുപതുവർഷത്തിലേറെയുള്ള പൊതുജീവിതത്തിൽ പത്തു വർഷത്തോളം അദ്ദേഹത്തെ ഭരണകൂടം തടവിലിട്ടു. നിയമവിരുദ്ധമായ സംഘംചേരൽ മുതൽ കലാപം, കൊലപാതകം, കൊലപാതകശ്രമം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, മാരകായുധങ്ങൾ തുടങ്ങി ഗുരുതരമായ കുറ്റങ്ങൾ ചുമത്തി 25 ഓളം കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഒരൊറ്റ തവണ പോലും പ്രോസിക്യൂഷന് കുറ്റം തെളിയിക്കാനായിട്ടില്ല എന്നതാണ് തമാശ. തന്റെ ജയിൽ ജീവിതം മുഴുവൻ അദ്ദേഹം വിനിയോഗിച്ചത് എഴുത്തിനാണെന്നു കരുതേണ്ടിയിരിക്കുന്നു. ആയിരത്തോളം പേജുകളുള്ള അദ്ദേഹത്തിന്റെ കവിതകളിൽ മുന്നൂറിലേറെ പേജ് ജയിലിൽ എഴുതപ്പെട്ടതാണ്. പതിനാറു ലേഖനസമാഹാരങ്ങളിൽ അഞ്ചെണ്ണവും, രണ്ടു വിവർത്തനങ്ങളും ജയിലിൽവെച്ച് ചെയ്തവ തന്നെ.
1973 ഒക്ടോബറിൽ വരവരറാവു മറ്റ് രണ്ട് എഴുത്തുകാരോടൊപ്പം ക്രൂരമായ മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്റ്റ് (മിസ) പ്രകാരം ആദ്യമായി അറസ്റ്റിലായി. ഏതെങ്കിലും കുറ്റകൃത്യവുമായി നേരിട്ട് ബന്ധമുണ്ടായില്ലെങ്കിൽ എഴുത്തുകാരെ അവരുടെ രചനകൾക്ക് ജയിലിൽ അടയ്ക്കാനാവില്ലെന്ന് നവംബറിൽ ആന്ധ്ര ഹൈക്കോടതി വിധിച്ചു. 1974 ജനുവരിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മൂന്നാമത്തെ കവിതാസമാഹാരത്തിൽ “ജയിലിൽ” എന്ന വിഭാഗത്തിൽ എട്ട് കവിതകൾ ഉണ്ടായിരുന്നു. അങ്ങനെ ഒരു മാസത്തിനുള്ളിൽ അദ്ദേഹം ആഴ്ചയിൽ രണ്ട് കവിതകളെങ്കിലും സൃഷ്ടിച്ചു!
1974 മെയ് മാസത്തിൽ സെക്കന്തരാബാദ് ഗൂഢാലോചന കേസിലെ പ്രതിയായി ഇദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. 1975 ഏപ്രിൽ അവസാന വാരത്തിൽ സോപാധിക ജാമ്യത്തിലിറങ്ങിയ അദ്ദേഹം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ വീണ്ടും തടവിലായി. അന്ന് അറസ്റ്റിലായ ആദ്യ വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. 1977 മാർച്ച് 23 ന് രാജ്യത്ത് മറ്റെല്ലാ തടവുകാരെയും വിട്ടയച്ചെങ്കിലും ജയിൽ ഗേറ്റിന് മുന്നിൽ വച്ച് വരവര റാവു വീണ്ടും അറസ്റ്റിലായി. ഒരാഴ്ചയ്ക്ക് ശേഷം ജാമ്യത്തിൽ വിട്ടു. ആ മുപ്പതു മാസത്തെ ജയിൽവാസത്തിനിടെ എഴുതിയ 36 ഓളം കവിതകൾ 1978 ഏപ്രിലിൽ പ്രസിദ്ധീകരിച്ച സ്വേച്ഛ (സ്വാതന്ത്ര്യം) എന്ന അദ്ദേഹത്തിന്റെ അടുത്ത കവിതാസമാഹാരത്തിന്റെ ഭാഗമായി.
അടിയന്തിരാവസ്ഥക്കാലത്ത് അദ്ദേഹം സ്ഥാപിച്ച വീരസം (വിപ്ലവ രചയിതലു സംഘം) എന്ന സംഘടനയുടെ മുപ്പതോളം അംഗങ്ങൾ അറസ്റ്റിലായി. അന്നവർ ജയിലിനുള്ളിൽ കയ്യെഴുത്ത് മാസികകൾ നിർമിച്ച് പരസ്പരം കൈമാറിയിരുന്നു.
കവിയും എഴുത്തുകാരനും പരിഭാഷകനുമെന്ന നിലയിൽ വരവരറാവു ധാരാളം എഴുതിയത് 1985 ഡിസംബറിനും 1989 മാർച്ചിനുമിടയിൽ തടവിലായപ്പോഴാണ്. എൺപതു കവിതകളുള്ള മുക്തകണ്ഠം എന്ന കവിതാസമാഹാരം അദ്ദേഹം ഇക്കാലത്താണ് എഴുതിയത്. ഈ ജയിൽ ശിക്ഷയിൽ കവിതകൾ മാത്രമല്ല, ധാരാളം ലേഖനങ്ങളും വിവർത്തനങ്ങൾ എന്നിവയും അദ്ദേഹം എഴുതിയിരുന്നു. ഇതിനു പുറമേ, ശ്രീ ശ്രീയുടെ മരോ പ്രസ്ഥാനത്തെക്കുറിച്ച് ഒരു മുഴുനീള സാഹിത്യ നിരൂപണ പുസ്തകം എഴുതി; കെനിയൻ എഴുത്തുകാരനായ എൻഗുഗി വാ തിയോംഗോയുടെ ‘ഡെവിൾ ഓൺ ദി ക്രോസ്’ എന്ന നോവൽ, അദ്ദേഹത്തിന്റെ ജയിൽ ഓർമ്മക്കുറിപ്പുകൾ എന്നിവ തെലുങ്കിലേക്ക് വിവർത്തനം ചെയ്തു. ഇവയിലേറെ പ്രധാനം അരുൺ ഷൂരിയുടെ അപേക്ഷപ്രകാരം ജയിൽജീവിതത്തെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിന് വേണ്ടി എഴുതിയ കത്തുകളായിരുന്നു. ഓരോ കത്തും ജയിൽ സൂപ്രണ്ടിന് സമർപ്പിച്ച് അവരുടെ അംഗീകാരത്തിനായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് അയയ്ക്കേണ്ടതുണ്ടായിരുന്നു. വരവര റാവു പതിമൂന്ന് വിഷയങ്ങൾ എഴുതാൻ തിരഞ്ഞെടുത്തു – മരങ്ങൾ, പൂക്കൾ, കാത്തിരിപ്പ്, ഇടയ്ക്കുള്ള കൂടിക്കാഴ്ചകൾ, സഹതടവുകാർ, പുസ്തകങ്ങൾ, രചനകൾ, പ്രതീക്ഷ തുടങ്ങി ലളിതവും എന്നാൽ ഗഹനവുമായ വിഷയങ്ങൾ.
മാവോയിസ്റ്റുകളുടെ ദൂതനായി സർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടപ്പോൾ ഓഗസ്റ്റ് 2005 മുതൽ എട്ടുമാസത്തോളം അദ്ദേഹം വീണ്ടും ജയിലിലായി. ആ കാലഘട്ടത്തിൽ അദ്ദേഹം പതിനെട്ടു കവിതകളും ഒരുപിടി ലേഖനങ്ങളും എഴുതി. ഇവ സമാഹരിച്ച്, “അന്തസൂത്ര”, “ജയിൽ റാട്ടലു” എന്നീ പേരിൽ രണ്ടു പുസ്തകങ്ങളായി പുറത്തിറങ്ങി.
ജയിൽമുറിയിലെ പരിമിതസൗകര്യങ്ങൾ തന്റെ എഴുത്തിനെ ബാധിച്ചിട്ടില്ല എന്ന് വരവര റാവു പറഞ്ഞിട്ടുണ്ട്. ബൗദ്ധികവും, വൈകാരികവും, സാംസ്കാരികവും രാഷ്ട്രീയവുമായ ഏകാന്തതയാണ് അദ്ദേഹത്തെ ബാധിച്ചിരുന്നത് എന്നും അദ്ദേഹം തന്റെ എഴുത്തുകളിൽ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കൽത്തുറുങ്കിനും അധികാരഗർവിനും നിശ്ശബ്ദനാക്കാൻ സാധിക്കാത്ത വിപ്ലവവീര്യമാണ് വരവരറാവുവിന്റേത്.