ഓരോ മഹാമാരിയും രാഷ്ട്രീയമാണ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഏതൊരു പ്രതിസന്ധിയ്ക്കും അടിസ്ഥാനപരമായ കാരണം രാഷ്ട്രീയമാണ്. കൊറോണയെക്കുറിച്ച് മുൻപ് അപ്ഫ്രണ്ട് സ്റ്റോറീസ് സംസാരിച്ചപ്പോഴൊക്കെത്തന്നെ ഈ ആശയം ഞങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഒരുപരിധിവരെ അമൂർത്തമായ സാഹചര്യങ്ങളെക്കുറിച്ചായിരുന്നു നാം അപ്പോഴൊക്കെ സംസാരിച്ചിരുന്നതെങ്കിൽ ഇന്നിപ്പോൾ ഒട്ടും സുഖകരമല്ലാത്ത കക്ഷിരാഷ്ട്രീയം വല്ലാത്തൊരു ഭീഷണിയുടെ നിഴലിലാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ലോകം മുഴുവനുള്ള കൊറോണയുടെ പകർച്ച കണക്കിലെടുക്കുകയാണെങ്കിൽ, പല രാജ്യങ്ങളിലും രാഷ്ട്രീയനേതൃത്വത്തിന്റെ അലംഭാവമോ അഹംഭാവമോ ആണ് ഇത്രയേറെ ജീവനുകൾ കവർന്നെടുക്കാൻ കാരണം. പത്തുലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളായ അമേരിക്കൻ ഐക്യനാടുകൾ, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ഇത്ര വലിയരോഗപ്പകർച്ചയുടെ കാരണങ്ങൾ എന്തൊക്കെയായിരുന്നു? ഏറ്റവും പ്രധാനം, ഭരണനേതൃത്വത്തിലുള്ളവർ ഈ രോഗത്തെ നിസ്സാരവൽക്കരിച്ചതാണ്. ജനുവരിയിൽ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ ഏതാണ്ട് മാർച്ച് മധ്യം വരെ കോവിഡ്- 19 ചെറിയ ജലദോഷമാണെന്നും, ഇതൊക്കെ ഇപ്പോൾ മാറുമെന്നും, ചൂടുകൂടുമ്പോൾ കൊറോണ വൈറസ് അപ്രത്യക്ഷമായിക്കൊള്ളുമെന്നും, അത്ഭുതമാംവണ്ണം അങ്ങ് പൊയ്ക്കൊള്ളുമെന്നും ആവർത്തിക്കുകയും, ഈ രോഗത്തെക്കുറിച്ച് താക്കീതുചെയ്തവരെ ദേശദ്രോഹികളെന്നുവിളിച്ച് അപമാനിക്കുകയും ചെയ്യുകയാണ് അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചെയ്തത്. മൂന്നരമില്യൺ കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യത്ത് ഇന്ന് ദിനംപ്രതിമരണങ്ങൾ ആയിരം കടന്നിരിക്കുന്നു. ആശുപത്രികളിൽ സ്ഥലമില്ല. മോർച്ചറികളിൽ സ്ഥലമില്ലാഞ്ഞിട്ട് ടെക്സസ് പോലെയുള്ള സംസ്ഥാനങ്ങളിൽ ശീതികരിച്ച ട്രക്കുകളിൽ മൃതശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്നു. മൃതദേഹങ്ങളുടെ സംസ്കാരമെന്നത് ഒരു പുതിയ കച്ചവട സാധ്യതയായി മാറിയിരിക്കുന്നു അമേരിക്കയിൽ.
ബ്രസീലിയൻ പ്രസിഡണ്ട് ജൈർ ബോൾസൊനാരോയുടെ നിലപാട് ഇതിലും വിചിത്രമായിരുന്നു. തന്റെ സർക്കാരിന്റെ തന്നെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ കിണഞ്ഞു പരിശ്രമിച്ച ബോൾസൊനാരോ ഒരു വാശിയെന്നോണം മാസ്ക് ധരിക്കാതെ പൊതുവേദികളിൽ വരികയും ബേക്കറികളുൾപ്പടെ വ്യാപാരസ്ഥാപനങ്ങളിൽ കയറി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ജനങ്ങളോട് ഇടപഴകുകയും ചെയ്തു. ഇതിനോടൊപ്പം, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ നടപ്പിൽ വരുത്തിയ ഗവർണർമാർക്കെതിരെ നടപടിയെടുക്കാനും ബോൾസൊനാരോ മറന്നില്ല. സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതൊന്നും ചെയ്യണ്ട എന്ന ട്രംപ് നയം പിൻപറ്റിയ ബോൾസൊനാരോയുടെ ഭരണത്തിന് കീഴിൽ, നാലുമാസം കൊണ്ട് ബ്രസീൽ രണ്ടു മില്യൺ കോറോണവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത രാജ്യമായ അർജന്റീനയിൽ നാല് മാസംകൊണ്ട് റിപ്പോർട്ട് ചെയ്തത് 64,517 കേസുകളും 1,307 മരണങ്ങളുമാണ്. പരാഗ്വേയിൽ 2,221 കേസുകളും 17 മരണങ്ങളും. ഉറുഗ്വേയിൽ 936 കേസുകൾ, 27 മരണങ്ങൾ. എന്നാൽ ഇന്നലെ ഒരൊറ്റ ദിവസം ഏതാണ്ട് മുപ്പതിനാലായിരം കേസുകളും ആയിരത്തിഒരുനൂറ് മരണങ്ങളും ബ്രസീൽ റിപ്പോർട്ടു ചെയ്തു.
ഈ രണ്ടു രാഷ്ട്രത്തലവന്മാർ ഭരണയന്ത്രം ചലിപ്പിക്കാൻ കാണിച്ച വൈമുഖ്യത്തെക്കാൾ ഈ രോഗം ഇങ്ങനെ കാട്ടുതീപോലെ പടരാൻ കാരണമായത് ഇവർ ഉയർത്തിയ “കൊറോണ നിസ്സാരമാണ്” എന്ന മുദ്രാവാക്യമാണ്. മാസ്ക് വെയ്ക്കുന്നവരെയും, പ്രതിരോധനടപടികൾ സ്വീകരിക്കുന്നവരെയും പേടിത്തൊണ്ടന്മാരെന്നു പരിഹസിച്ച ട്രംപും, റാലികൾക്ക് ആള് കുറഞ്ഞപ്പോൾ “ഒരു മുപ്പതുപേരെങ്കിലുമില്ലാതെ ഒരു ചെറിയ പാർട്ടി നടത്താൻ പോലും വകയില്ലല്ലോ” എന്ന് പുച്ഛിച്ച ബോൾസൊനാരോയും തങ്ങളുടെ വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും ഉറപ്പാക്കിയത് ഈ രോഗത്തിനും പ്രതിരോധപ്രവർത്തനങ്ങൾക്കും അർഹിക്കുന്ന ബഹുമാനം പൊതുസമൂഹം കൊടുക്കില്ല എന്നതുതന്നെയാണ്. മാസ്ക് ധരിക്കാതിരിക്കൽ പൗരുഷത്തിന്റെ ലക്ഷണമായൊക്കെ ചിത്രീകരിച്ചപ്പോൾ അത് ഏറ്റെടുക്കാൻ സ്വതേ വലതുപക്ഷ ചിന്താഗതിയുള്ള ഇവരുടെ അനുയായികൾ ധാരാളം ഉണ്ടായി. അമേരിക്കയിലെ ബീച്ചുകളിൽ സഞ്ചാരികൾ തിക്കിത്തിരക്കിയതും റോഡരികിൽ കൂടിനിന്ന പാർട്ടി നടത്തുന്നവരെ തുരത്താൻ ചെന്ന ബ്രസീലിയൻ പോലീസുകാർ ആക്രമിക്കപ്പെട്ടതുമൊക്കെ ഇങ്ങനെ മുകളിൽനിന്നും പകർന്നുകിട്ടിയ, രോഗത്തെ വല്ലാതെ നിസ്സാരവൽക്കരിക്കുന്ന സംസ്കാരത്തിന്റെ പ്രതിഫലനമാണ്.
പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന വലിയതോതിലുള്ള നിസ്സാരവൽക്കരണത്തിന്റെ ഫലമായി പലയിടത്തും പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസം വന്നിട്ടുണ്ട്. നിബന്ധനകൾ പാലിക്കാതെ സമരം നടത്തലും, മാസ്ക് വലിച്ചെറിയലും ഒക്കെ സ്വീകാര്യമാണ് എന്ന ഒരു തോന്നൽ ചിലരിലെങ്കിലും ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. ആ തോന്നലിന്റെ ഫലമാണ് ഏകദേശം കൈപ്പിടിയിലൊതുങ്ങുമായിരുന്ന ഒരു മഹാമാരി കൈവിട്ടുപോകുമോ എന്ന് നാം ഇന്നനുഭവിക്കുന്ന ആശങ്ക.
ഒരു രാഷ്ട്രത്തിന്റെ, സ്ഥാപനത്തിന്റെ, സമൂഹത്തിന്റെ സംസ്കാരം വലിയൊരളവുവരെ രൂപപ്പെടുത്തുന്നത് രാഷ്ട്രീയമായി ഉയർന്ന സ്ഥാനം പേറുന്നവരാണ്. അവിടെ നടക്കുന്ന സംവാദങ്ങളുടെ ദിശ ശരിയാണ് എന്നുറപ്പുവരുത്തേണ്ടത് ഓരോ രാഷ്ട്രീയപ്രവർത്തകന്റെയും പ്രാഥമികമായ കടമയാണ്.