നമുക്കറിയാവുന്നതു പോലെ ബിജെപി ഒരു വരേണ്യ ഹിന്ദു പാർട്ടിയാണ്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിൽ വിശ്വസിക്കുന്ന ഫാസിസ്റ്റ് സംഘടനയായ രാഷ്ട്രീയ സ്വയം സേവക് സംഘിൻ്റെ രാഷ്ട്രീയ മുന്നണിയാണത്. ഭരണഘടനയുടെ നാലതിരിനുള്ളിൽ നിൽക്കേണ്ടതുകൊണ്ട് ബിജെപി തങ്ങളുടെ ഈ കാഴ്ചപ്പാടിനെ തുറന്നു സ്വീകരിക്കാതെ തന്നെ ഈ കാഴ്ചപ്പാട് യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഹിന്ദു രാഷ്ട്രമെന്നാൽ എന്താണ് അർഥമാക്കുന്നത്? മതനിരപേക്ഷതയെ അട്ടിമറിക്കാനും മുസ്ലിങ്ങളെ രണ്ടാം തരം പൗരമാരാക്കി ഇകഴ്ത്തിക്കാണിക്കാനുമാണ് അവർ ലക്ഷ്യം വയ്ക്കുന്നത് എന്ന കാര്യം സുവ്യക്തമാണ്. പലരും വിശ്വസിക്കുന്നത് ഹിന്ദുരാഷ്ട്രം എന്ന വാക്കിന്റെ അർഥം ഹിന്ദു സ്റ്റേറ്റ് എന്നാണ്. അതായത് ഹിന്ദു സമുദായത്തിന് ഗുണമുണ്ടാകുന്ന ഹിന്ദു രാഷ്ട്രം.
ഇത് തീർച്ചയായും പ്രാഥമികമായ ഒരു മിഥ്യാധാരണയാണ്. വാസ്തവത്തിൽ ഹിന്ദുക്കളയും മുസ്ലിങ്ങളെയും ഒരു പോലെ അടിച്ചമർത്തുന്ന, അവരിൽ നിന്ന് ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്ന, ഇന്ത്യൻ രാഷ്ട്ര ഘടനയുടെ ഫെഡറൽസ്വഭാവം നശിപ്പിക്കുന്ന, മുസ്ലിങ്ങളെക്കാൾ ഏറെ ഹിന്ദുക്കൾ അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിൻ്റെയും ആഭ്യന്തര കോർപറേറ്റ് ദുഷ്പ്രഭുത്വത്തിന്റെയും അഭൂതപൂർവമായ ചൂഷണങ്ങൾക്കിരയാവുന്ന ഒന്നാവും ഈ ഹിന്ദു രാഷ്ട്രം. ചുരുക്കത്തിൽ ഈ ഹിന്ദു രാഷ്ട്രമെന്നത് ഹിന്ദു ആധിപത്യ രാഷ്ട്രമല്ല മറിച്ച് അത് മൂലധന കുത്തകകൾക്ക് ആധിപത്യമുള്ള ഒരു രാജ്യാകും. ഹിന്ദുക്കൾക്ക് മുമ്പത്തെക്കാൾ മെച്ചപ്പെട്ട ഒരവസ്ഥയല്ല ആ സ്റ്റേറ്റിൽ ഉണ്ടാകുക മറിച്ച് മൂലധന കുത്തകൾക്ക് സ്വൈരവിഹാരം ലഭിക്കുന്നതോടെ മുസ്ലിങ്ങൾക്കെന്ന പോലെ ഹിന്ദുക്കൾക്കും അത് ദുരിതമാകും.
എന്നാൽ ദീർഘകാലമായി ശക്തിപ്രാപിക്കുന്നു എന്ന് വാദിക്കപ്പെടുന്ന മൂലധന കുത്തകകൾ എന്തുകൊണ്ടാണ് സമൂഹത്തിലും രാജ്യഘടനയിലും പിടിമുറുക്കുന്നതിനും വേണ്ടി തെരഞ്ഞെടുപ്പുകളിൽ ഹിന്ദു വരേണ്യതയുടെ പിന്തുണയ്ക്കുവേണ്ടി നിലകൊള്ളുന്നതിന്റെ ആവശ്യമെന്താണ്? അതിന്റെ കാരണം കിടക്കുന്നത് ആഗോള മുതലാളിത്തം നേരിടുന്ന പ്രതിസന്ധി ഇന്ത്യയിൽ ഒരുവേള അതിരൂക്ഷമാണെന്ന വസ്തുതയിലാണ്. നിലവിൽ കുത്തകകളുടെ ഭരണത്തിന് കൊടുക്കുന്ന താങ്ങ് അത്ര ബലമുള്ളതല്ല. വളർച്ചയുടെ ഗുണഫലം ജനങ്ങൾക്ക് വലിയ തോതിൽ ലഭിക്കുമെന്ന വാഗ്ദാനം കള്ളമാണെന്ന് വളരെ പണ്ടു തന്നെ ബോധ്യമായ കാര്യമാണ്. മെച്ചപ്പെട്ട ജിഡിപിയിൽനിന്ന് നികുതി നയത്തിലൂടെ വിഭവസമാഹരണം നടതതി പാവപ്പെട്ടവർക്കുവേണ്ടി ചെലവിടാൻ കഴിയുമെന്നായിരുന്ന് പതിനൊന്നാം പദ്ധതിരേഖയിലൂടെ ഗവൺമെന്റ് ആഘോഷമായി നൽകിയ വാഗ്ദാനം പൊള്ളയായിരുന്നു. വാസ്തവത്തിൽ വരുമാനവും സമ്പത്തും തമ്മിലുള്ള അസമത്വം അതിനുശേഷം കുതിച്ചുയരുന്നതാണ് കണ്ടത്. ഈ പ്രതിസന്ധിക്കിടെ തൊഴിലില്ലായ്മ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മഹാമാരി പടരുംമുമ്പേ ഈ സ്ഥിതി രൂക്ഷമായിരുന്നു. ഗ്രാമീണ ഇന്ത്യയിലെ ദുസ്ഥിതി കൂടുതൽ രൂക്ഷമായതോടെ ഉപഭോഗ ചെലവ് സംബന്ധിച്ച നാഷണൽ സാംപിൾ സർവെ സ്ഥിതിവിവരക്കണക്കുകൾ കേന്ദ്രസർക്കാർ ഒരാത്മാർഥതയുമില്ലാതെ ഒളിച്ചുവച്ചു. ഗ്രാമീണ ഇന്ത്യയിലെ പ്രതിശീർഷ ഉപഭോഗച്ചെലിന്റെന നിരക്ക് 2011–-12 മുതൽ 2017–-18 വരെയുള്ള കാലത്ത് ഒമ്പതു ശതമാനം കുറഞ്ഞു എന്നാണ് ഇത് കാണിക്കുന്നത്! ഗുരുതരമായവിധം ജനങ്ങളെ പിഴിഞ്ഞൂറ്റിയെടുക്കുന്നത് മഹാമാരിയുടെ ലാഞ്ഛന പോലും ഇല്ലാത്തകാലത്തുതന്നെ തീവ്രമായിരുന്നു. കോവിഡ് മഹാമാരി വന്നതോടെ കാര്യങ്ങൾ അങ്ങേയറ്റം ദയനീയമായി.
അവിടം കൊണ്ടു തീരുന്നില്ല. സമ്പദ്ഘടനയെ ചൂഴ്ന്നുനിൽക്കുന്ന ഈ പ്രതിസന്ധിക്ക് നവലിബറൽ സംവിധാനത്തിൽ മറുമരുന്നില്ലാത്തതുകൊണ്ട് സ്വാഭാവികമായും ആഗോള ധനമൂലധനം ഈ വസ്തുത അംഗീകരിച്ചു തരില്ല. നവലിബറൽ നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി തീർക്കാൻ അതേ നയങ്ങൾ തന്നെ വീണ്ടും തീവ്രമായി അടിച്ചേൽപ്പിക്കുയാണ്. അതിനുവേണ്ടിയാണ് ട്രേഡ് യൂണിയനുകളെ നിർവീര്യമാക്കലും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കലും പൊതുമേഖലയിലെ ആസ്തികളുടെ സ്വകാര്യവൽക്കരണവും മൂലധന ശക്തികൾക്ക് സർക്കാർ വൻതോതിൽ പണം തന്നെ കൈമാറ്റം ചെയ്തുകൊടുക്കലുമെല്ലാം. ഈ നടപടികൾ അതീവ ശുഷ്കാന്തിയോടെയാണ് മോഡി സർക്കാർ പിന്തുടരുന്നത്.
ഈ നടപടികൾ ആവേശപൂർവം നടപ്പാക്കുന്ന സർക്കാരിന് ശാസ്ത്രത്തെക്കുറിച്ച് വലിയ ധാരണയില്ലെന്ന് മാത്രമല്ല, ധനമൂലധനത്തിന്റെ ആജ്ഞകൾ ചോദ്യംചെയ്യാതെ അതിന് മുതുകു വളച്ചു കൊടുക്കുകയും ചെയ്യുന്നു. ഈ സമ്മർദങ്ങൾക്കും ആജ്ഞ പൊതുജന പിന്തുണ സംഘടിപ്പിച്ചു നൽകാനും സർക്കാരിന് കഴിയുന്നു. അവരുടെ ആവശ്യങ്ങൾ പൂർണതയോടെ നടപ്പാക്കിക്കൊടുക്കുകയാണ് ബിജെപി സർക്കാർ. അർഥശാസ്ത്രത്തെക്കുറിച്ച് സർക്കാരിനുള്ള ജ്ഞാനം ശൂന്യമാണ്. അതുകാണ്ടതന്നെ ധനമൂലധനത്തിന്റെ താളത്തിനൊത്ത് തുള്ളുകയും ധനമൂലധനത്തെ ‘സമ്പത്തുത്പാദകർ’ എന്ന് കാപട്യലേശമില്ലാതെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അതേസമയം ധനമൂലധനത്തിന്റെ ആജ്ഞകളെ ഈ സർക്കാർ പിൻപറ്റുന്നത് ഹിന്ദുത്വത്തെ ഒരു പുകമറയാക്കിക്കൊണ്ടാണ്. ഹിന്ദുത്വം ആരുടെയും വയറു നിറയ്ക്കില്ല. പക്ഷേ ധനമൂലധനത്തിന് വൻതോതിൽ ഇളവു നൽകിയതിൽ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കുന്ന കാര്യത്തിൽ അയോധ്യയിലെ ഒരു ക്ഷേത്രത്തിന്റെ ഭൂമി പൂജ സുപ്രധാനമാണ് താനും.
ഈ വസ്തുതകൾ ശ്രദ്ധിക്കണം. സാർവദേശീയ തൊഴിലാളി വർഗം ഒരു നൂറ്റാണ്ടായി നടത്തിയ സമരങ്ങളെ നിരാകരിച്ചുകൊണ്ട് കഴിഞ്ഞ കുറേ ആഴ്ചകളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തൊഴിലാളികളുടെ തൊഴിൽ സമയം പ്രതിദിനം പന്ത്രണ്ട് മണിക്കൂറാക്കി വർധിപ്പിച്ചിരുന്നു. മാത്രവുമല്ല, വൻകിട പദ്ധതികൾക്കുള്ള പാരിസ്ഥിതികാഘാത നിർണയം അപ്രസക്തമാക്കുകയും ചെയ്തു. 1.45 കോടി രൂപയാണ് മൂലധന ശക്തികൾക്ക് പണമായി കൈമാറിയത്. കൊളോണിയൽ ഭരണകാലത്ത് നൽകിയ വാഗ്ദാനം ലംഘിച്ചുകൊണ്ട് കൽക്കരി പോലുള്ള പ്രകൃതി വിഭവങ്ങൾ വരെ സ്വകാര്യവൽക്കരിക്കുന്ന ഘട്ടമെത്തി. ഇപ്പോൾ ആലോചിക്കുന്നത് റെയിൽവെയുടെ സ്വകാര്യവൽക്കരണമാണ്. മൂലധന ശക്തികൾക്കും ഫിനാൻസിയർമാർക്കും ഇത്രയും മെച്ചപ്പെട്ട ഒരു കാലം ഉണ്ടായിട്ടില്ല. അതേസമയം ആദിവാസികൾ ഉൾപ്പെടെ തൊഴിലെടുക്കുന്ന മനുഷ്യർ ഏതുസമയവും പുറന്തള്ളപ്പെടുന്ന അവസ്ഥയിലാണ്. അഭൂതപൂർവമായ മഹാദാരിദ്ര്യത്തിന്റെ പിടിയിലാണവർ.
നരേന്ദ്ര മോഡി സർക്കാരിന്റെ മുതലാളിത്താനുകൂല നയങ്ങളൊന്നും ഈ പ്രതിസന്ധിയെ മറികടക്കാൻ പ്രാപ്തമല്ലെന്ന് മാത്രമല്ല, ആ നയങ്ങൾ പ്രതിസന്ധി കൂടുതൽ മൂർഛിപ്പിക്കാനേ കാരണമാകൂ. ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള കുറഞ്ഞ ഡിമാന്റ് മൂലമുള്ള പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങൾ ഡിമാൻഡ് കൂടുതൽ ഇടിയാനേ സഹായിക്കൂ. മൂലധന ശക്തികൾക്ക് കോടികൾ കൈമാറുന്നതു മൂലം തൊഴിലാളികൾക്കുമേലുള്ള നികുതി ഭാരം വർധിപ്പിക്കും. ധനമൂലധനം അടിച്ചേൽപ്പിക്കുന്ന അതിരുകൾക്കുള്ളലാണ് ധനകമ്മി തുടരുന്നതെങ്കിൽ വേതനത്തിന്റെ വിതരണം തൊഴിലെടുക്കുന്നവരിൽനിന്ന് ഗണ്യമായി മുതലാളിമാരിലേക്ക് പോകും. ഇത് ഡിമാൻഡിൽ കൂടതൽ ഇടിവുണ്ടാക്കും. കാരണം ഒരു രൂപകൊണ്ട് മുതലാളിമാരുടെ ഉപഭോഗത്തെക്കാൾ കൂടുതലാണ് തൊഴിലാളികളുടെ ഉപഭോഗം. വലിയ നിക്ഷേപങ്ങൾ തേടിപ്പോകുന്നത് ഫലത്തിൽ നിക്ഷേപം കുറയാനാണ് ഇടയാക്കുക. മറ്റുള്ള നടപടികളുടെ കാര്യത്തിലും ഇതുതന്നെ പറയാനാകും. ഫലത്തിൽ ഈ നടപടികളെല്ലാം വേതനത്തിന്റെ വിതരണം തൊഴിലാളിവർഗത്തിൽനിന്ന് മൂലധന ശക്തികൾക്ക് അനുകൂലമായി മാറുന്നതിനാണ് കാരണമാകുന്നതോടെ പ്രതിസന്ധി വീണ്ടും മൂർഛിക്കും.
ചുരുക്കത്തിൽ ഈ കാരണങ്ങൾകൊണ്ടു തന്നെ ജനങ്ങളിൽ കാലങ്ങളായി അമർഷം രൂപപ്പെട്ടുവരുന്നുണ്ട്. കൂടുതൽ കൂടുതൽ അടിമച്ചമർത്തലുകളിലൂടെയാണ് ഈ രോഷത്തെ മറികടക്കാൻ സർക്കാർ ശ്രമിക്കുന്നത്. ഒപ്പം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി രാമക്ഷേത്രത്തിന്റെ നിർമാണം, അതിന്റെ ഉദ്ഘാടനം പോലുള്ളവ സജ്ജമാക്കി വയ്ക്കുകയുംചെയ്യും. ഹിന്ദുത്വത്തിന് മേൽ ഊന്നൽ നൽകുന്നത് ഇത്തരം ശ്രദ്ധതിരിക്കലുകൾക്കുവേണ്ടിയാണ്. തൊഴിലെടുക്കുന്ന മനുഷ്യരെ ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. പ്രത്യേകിച്ചും സർക്കാരിനെതിരെ തൊഴിലാളികൾക്കിടയിൽ പ്രത്യേകിച്ച് ഭൂരിപക്ഷ മതക്കാരിൽ രൂപപ്പെടുന്ന അമർഷം വഴിതിരിച്ചുവിടുന്നതുകൊണ്ടാണ് അധികാരത്തിൽ തുടരാനാവശ്യമായ വോട്ട് ബിജെപിക്ക് ലഭിക്കുന്നത്.
ധനമൂലധനത്തിന് ഊട്ടിവളർത്താൻ ഏറ്റവും സൗകര്യപ്രദമായ പ്രത്യയശാസ്ത്രമാണ് ഹിന്ദു വരേണ്യത. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ധനമൂലധനത്തിന് ഹിന്ദുത്വശക്തികളുമായി സഖ്യം ചേരും. അല്ലെങ്കിൽ അതിന്റെ ആധിപത്യത്തിനും അധികാരാരോഹണത്തിനും അത് ഭീഷണി സൃഷ്ടിക്കും.
ഹിന്ദു വരേണ്യതയും ഹിന്ദുരാഷ്ട്രവുമൊന്നും ഹിന്ദുക്കളുടെ ക്ഷേമത്തിന് ഉതകുന്നതല്ല. അത് തീർച്ചയായും ധനമൂലധനത്തിന്റെ ക്ഷേമത്തിനുവേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ധനമൂലധനം സാധ്യമായ എല്ലാ മാർഗത്തിലൂടെയും ഹിന്ദുത്വശക്തികളെ പിന്തുണയ്ക്കുന്നത്. എന്നാൽ തീർച്ചയായും ഇങ്ങനെയൊരു ചോദ്യമുയർന്നേക്കാം, മുസ്ലിങ്ങൾക്ക് തൊഴിലിലും മറ്റ് ആനകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുണ്ടോ എന്നും വലിയൊരു പങ്ക് ഹിന്ദുക്കൾക്ക് ഈ ഹിന്ദു വരേണ്യതയുടെ ഗുണം ലഭിക്കുന്നില്ലേ എന്നുമുള്ള ചോദ്യം.
പക്ഷെ അപ്പോൾ മറ്റൊരു ചോദ്യം ഉയരുന്നു – മുസ്ലിങ്ങളെ ജോലികളിൽ നിന്നും മറ്റാനുകൂല്യങ്ങളിൽ നിന്നും ഒഴിവാക്കുന്നതുകൊണ്ട് ഹിന്ദുക്കൾക്ക് സ്വാഭാവികമായും അവ കൂടുതലായി ലഭിക്കുമല്ലോ; അപ്പോൾ ഹിന്ദു വരേണ്യതാവാദം കൊണ്ട് ഹിന്ദുക്കൾക്ക് പ്രയോജനം ലഭിക്കില്ല എന്നെങ്ങനെ പറയാൻ സാധിക്കും? നമ്മുടെ വാദത്തിനുള്ള ഈ എതിർവാദം പ്രസക്തമാകുന്നത് ഇരയാക്കപ്പെടുന്ന ന്യൂനപക്ഷം ജോലികളോ, വിദ്യാഭ്യാസസ്ഥാപങ്ങളിലെ സീറ്റുകളോ ഒക്കെ തങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമല്ലാതെ കൂടുതലായി നേടിയെടുക്കുന്ന അവസ്ഥയിലാണ്; ഉദാഹരണത്തിന് പല കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്ത്യൻ വംശജർ ചെയ്തിരുന്നത് പോലെ. എന്നാൽ, ഈ ന്യൂനപക്ഷം പാർശ്വവത്കൃതർകൂടിയാകുന്ന സാഹചര്യങ്ങളിൽ – ഇന്ത്യയിലെ മുസ്ലിങ്ങൾ ജോലിയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ ഹിന്ദുക്കളേക്കാൾ വളരെ പിന്നോക്കം നിൽക്കുന്നവരാണ് – ഇത്തരമൊരു ഇരയാക്കൾകൊണ്ട് ഹിന്ദുക്കൾക്കും യാതൊരു മെച്ചവും ഉണ്ടാവുകയില്ല. ചുരുക്കിപ്പറഞ്ഞാൽ, ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ചായ്വ് ബാധിക്കുന്നത് തൊഴിൽചെയ്തു ജീവിക്കുന്നവരെയാണ് – അത് ഹിന്ദുക്കളായാലും മുസ്ലിങ്ങളായാലും. അത് ഹിന്ദുക്കളെ സഹായിക്കും എന്ന ആശയം ഒരു തെറ്റിധാരണ മാത്രമാണ്. എത്രയും വേഗം ഈ തെറ്റിധാരണ മാറുന്നുവോ, അത്രയും നല്ലത്.